കവിതയുടെ ലോകത്തിലേക്ക് ആസ്വാദകരെ കൊണ്ടുപോയി സച്ചിദാനന്ദന്‍
തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ബൈബിള്‍, ബുദ്ധന്റെ ധര്‍മപദം, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ പുസ്തകങ്ങളാണെന്ന് കവി.
ഭാവനയുടെയും അനുഭവത്തിന്റെയും സംഭാവന കൊണ്ട് ഒന്നുകൂടി പൂര്‍ണമാകുന്ന സൃഷ്ടിയാണ് കവിതയെന്ന് കവി കെ. സച്ചിദാനന്ദന്‍. കേരളാ നിയമസഭാ പുസ്തകോത്സവത്തില്‍ 'കവിത: ഭാഷയും അനുഭവവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കവികള്‍ സമൂഹത്തോട് സംസാരിക്കുന്നു. മരങ്ങളോടും മൃഗങ്ങളോടും പൂക്കളോടും ഒപ്പം തന്നെ മഹാ പ്രപഞ്ചത്തോടും സംസാരിക്കുന്നു. സവിശേഷമായ ഭാഷയിലുള്ള സംഭാഷണത്തെയാണ് കവിതകളെന്ന് വിളിക്കുന്നത്. അതിനെ കൃത്യമായ നിര്‍വചനം സാധ്യമല്ല. നിരൂപകരും സൈദ്ധ്യാന്തികരും അതിന് ധൈര്യപെട്ടിട്ടില്ലെന്നും കവിതയുടെ മാറിമാറി വരുന്ന രൂപങ്ങളാണ് അതിനുകാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ബൈബിള്‍, ബുദ്ധന്റെ ധര്‍മപദം, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ പുസ്തകങ്ങളാണെന്നും ഇവയെല്ലാം പറയുന്നത് ഒരേ ആശയങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാരുണ്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും മനുഷ്യന്‍ ഒന്നിച്ച നില്‍ക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വ്യവസ്ഥകളില്ലാത്ത സ്‌നേഹത്തെക്കുറിച്ചും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തെക്കുറിച്ചുമാണ് ഇവയില്‍ പറയുന്നതെന്നും അതിലെ മനുഷ്യസങ്കല്‍പം കൊണ്ടും നീതിബോധം കൊണ്ടും താന്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.