പൂനാ ഹൗസ്

പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പാസ്സായി വരുന്ന മലയാളികളുടെ ആശ്രയ കേന്ദ്രമായിരുന്നു കോടമ്പാക്കത്തുള്ള പി.എ ബക്കറിന്റെ വീട്. അടൂര്‍ ഭാസിയുടെ വീടിനു തൊട്ട് അടുത്തുള്ള, ബക്കറിന്റെ വീട് 'പൂനാ ഹൗസ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജോണ്‍ എബ്രഹാം, കെ.ജി ജോര്‍ജ്, രാമചന്ദ്ര ബാബു, പ്രഭാകരന്‍ സര്‍ തുടങ്ങി നിരവധി പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ക്കു അദ്ദേഹം അഭയം നല്‍കി. ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍ : 21

Update: 2024-10-16 06:19 GMT
Advertising

പി.എ ബക്കര്‍ എന്ന സംവിധായകനെ ഞാന്‍ പരിചയപ്പെടുന്നത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠന കാലത്താണ്. (അന്ന് അദ്ദേഹം സംവിധായകന്‍ ആയിട്ടില്ല) പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത 'ഓളവും തീരവും' എന്ന സിനിമയുടെ നിര്‍മാതാവ് എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തനായത്. പിന്നീട് സുധീറിനെയും ഉഷ നന്ദിനിയെയും പ്രധാന വേഷങ്ങളില്‍ അഭിനയിപ്പിച്ചു കൊണ്ട് അദ്ദേഹം, 'കബനി നദി ചുവന്നപ്പോള്‍' എന്ന സിനിമ 16 എം.എം, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരണം തുടങ്ങി. എന്നാല്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിന്ന് പോയി. പിന്നെ സിനിമാ സ്വപ്നങ്ങളും മനസ്സില്‍ അടക്കി, നിരാശനായി കഴിഞ്ഞു കൂടുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ പ്രഭാകരന്‍ സാറിനെ കാണാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്നപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ടത്.

കേരളത്തില്‍ നിന്ന് വരുന്ന സാഹിത്യകാരന്മാരും കലാകാരന്മാരും മദിരാശിയില്‍ എത്തിയാല്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെട്ടിയും പ്രമാണവുമായി നേരെ വരുന്നത് പൂനാ ഹൗസിലേക്കാണ്.

എന്നും നല്ല സിനിമകളെ സ്‌നേഹിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. ലോക ക്ലാസിക് സിനിമകളുടെ ശില്‍പികളായ ബെര്‍ഗ്മാന്‍, ഗൊദാര്‍ഥ്, ഫെല്ലിനി, കുറസോവ തുടങ്ങിയവരുടെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം. പ്രാഥമിക വിദ്യാഭാസം മാത്രം ഉണ്ടായിരുന്നത് കൊണ്ട്, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇന്ത്യയിലെ ദേശീയ ചലച്ചിത്രോത്സവം, (അന്ന് അതിന്റെ പേര് 'ഫിലിമോത്സവ്' എന്നായിരുന്നു) ഇന്ത്യയില്‍ എവിടെ നടന്നാലും അദ്ദേഹം അവിടെ സ്ഥിരം സാന്നിധ്യം ആയിരുന്നു. രാമു കാര്യാട്ടിന്റെ സിനിമകളില്‍ പ്രൊഡക്ഷന്‍ മാനേജര്‍ ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. 'ചെമ്മീന്‍' ഉള്‍പ്പടെയുള്ള പല ബിഗ് ബജറ്റ് സിനിമകളുടെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാരോട് അദ്ദേഹത്തിന് വലിയ സ്‌നേഹവും ബഹുമാനവും ആയിരുന്നു. പൂനയില്‍ നിന്നും സിനിമയില്‍ ഡിപ്ലോമയുമായി കോടമ്പാക്കത് എത്തുന്നവര്‍ക്ക് താങ്ങും തണലുമായി എന്നും ബക്കര്‍ ഉണ്ടായിരുന്നു. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പാസ്സായി വരുന്ന മലയാളികളുടെ ആശ്രയ കേന്ദ്രമായിരുന്നു കോടമ്പാക്കത്തുള്ള അദ്ദേഹത്തിന്റെ വീട്. അടൂര്‍ ഭാസിയുടെ വീടിനു തൊട്ട് അടുത്തുള്ള, ബക്കറിന്റെ വീട് 'പൂനാ ഹൌസ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജോണ്‍ എബ്രഹാം, കെ.ജി ജോര്‍ജ്, രാമചന്ദ്ര ബാബു, പ്രഭാകരന്‍ സര്‍ തുടങ്ങി നിരവധി പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ക്കു അദ്ദേഹം അഭയം നല്‍കി. എല്ലാവരുടെയും ആദ്യ അവസരങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാലം പൂനാ ഹൗസില്‍ ആയിരുന്നു. അങ്ങിനെ പൂനാ strugglers, അവരുടെ ആദ്യ അവസരങ്ങള്‍ കണ്ടെത്തുന്നത് വരെ പൂനാ ഹൗസില്‍ കഴിച്ചു കൂട്ടുകയും, അവസരം ലഭിക്കുമ്പോള്‍ ചിറകു മുളച്ച പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ കൂടുവിട്ടു പറന്നു പോവുകയും ചെയ്യുമായിരുന്നു. ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് ബക്കര്‍ മറ്റൊരു താവളം കണ്ടെത്തി പൂനാ ഹൌസ് പ്രഭാകരന്‍ സിറിനെ ഏല്‍പിച്ചു അവിടന്ന് താമസം മാറുകയും ചെയ്തു. അപ്പോഴേക്കും അവിടത്തെ അന്തേവാസികള്‍ എല്ലാവരും സിനിമയില്‍ കാലുറപ്പിച്ചു തുടങ്ങിയിരുന്നതു കൊണ്ട് പൂനാ ഹൗസ് വിട്ടു പോയിരുന്നു. അങ്ങിനെ പൂനാ ഹൗസ് പൂര്‍ണ്ണമായും പ്രഭാകരന്‍ സാറിന്റെ അധീനതയില്‍ ആയി.


പ്രഭാകരന്‍ സാറും പി.എ ബക്കറും

ബക്കര്‍ തത്കാലം അവിടന്ന് താമസം മാറിയെങ്കിലും, കോടമ്പാക്കത്തെ സിനിമാക്കാരുടെ അഭയ കേന്ദ്രം എന്ന പൂനാ ഹൗസിന്റെ ഖ്യാതി കേരളം മുഴുവന്‍ വ്യാപിച്ചിരുന്നു. അതുകൊണ്ടു അപ്പോഴും കേരളത്തില്‍ നിന്ന് വരുന്ന സാഹിത്യകാരന്മാരും കലാകാരന്മാരും മദിരാശിയില്‍ എത്തിയാല്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെട്ടിയും പ്രമാണവുമായി നേരെ വരുന്നത് പൂനാ ഹൗസിലേക്കാണ്. പ്രഭാകരന്‍ സാര്‍ ബാച്ചിലര്‍ ആയിരുന്നത് കൊണ്ട് അവിടെ തീറ്റയും കുടിയുമായി സ്വസ്ഥമായി താമസിക്കാന്‍ ഒരു തടസ്സവും ഉണ്ടായിരുന്നില്ല.

ഒരു ദിവസം പ്രഭാകരന്‍ സര്‍ ഞങ്ങള്‍ മലയാളി വിദ്യാര്‍ഥികളെ, പൂനാ ഹൗസിലേക്ക് ഭക്ഷണത്തിനു ക്ഷണിച്ചു. പല താമസ സ്ഥലങ്ങളില്‍ നിന്ന് വരുന്നത് കൊണ്ട് എല്ലാവരും ഒന്നിച്ചല്ല എത്തിയത്. ആദ്യം എത്തിയത് ഞാനാണ്. അവിടെ അപ്പോള്‍ ഒരു അതിഥി ഉണ്ടായിരുന്നു. പ്രഭാകരന്‍ സാര്‍ പരിചയപ്പെടുത്തി. 'ഇതാണ് വി.കെ.എന്‍' ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരന്‍. ഇംഗ്ലീഷിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഹാസ്യ സാഹിത്യകാരന്‍. P.G.Wodehouse നെപ്പോലെ മലയാളത്തില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരനായിരുന്നു വി.കെ.എന്‍. രണ്ടുപേരുടേയും ശൈലികളില്‍ വളരെ സാമ്യം ഉള്ളതായി എനിക്ക് തോന്നിയിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ 'പയ്യന്‍ കഥകള്‍', 'ഡല്‍ഹി ഡേയ്‌സ്', 'സര്‍ ചാത്തുവിന്റെ റൂളിംഗ്'. തുടങ്ങി നിരവധി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. കൂടാതെ പത്രങ്ങളില്‍ വരുന്ന അദ്ദേഹത്തിന്റെ കോളങ്ങളും സ്ഥിരമായി വായിക്കാറുണ്ട്. അദ്ദേഹത്തെ നേരില്‍ കാണാനും പരിചയപ്പെടാനും കഴിയുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏതായാലും അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി. ഏറെ നേരം അദ്ദേഹത്തോടൊപ്പം സംസാരിച്ചു. അദ്ദേഹവും P.G.Wodehouse എന്ന ഇംഗ്ലീഷ് സാഹിത്യകാരന്റെ ആരാധകന്‍ ആണെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. അപ്പോഴേക്കും എന്റെ സുഹൃത്തുക്കളും എത്തി. പ്രഭാകരന്‍ സാറിന്റെ പാചകക്കാരന്‍ തയാറാക്കിയ വിഭവ സമൃദ്ധമായ ഊണും കഴിച്ചിട്ടാണ് ഞങ്ങള്‍ അവിടന്ന് പിരിഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം വയറും മനസ്സും നിറഞ്ഞ അനുഭവം ആയിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വീണ്ടും കാണാന്‍ അവസരം ഉണ്ടാവട്ടെ എന്ന് വി.കെ.എന്‍ ആശംസിച്ചുവെങ്കിലും പിന്നീടൊരിക്കലും അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല.

'ചാവേര്‍പ്പട' എന്ന നാടകം ചരിത്രത്തിലെ രണ്ടു കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന നാടകമായിരുന്നു. മാമാങ്കത്തിലെ ചാവേറുകളെയും, എഴുപതുകളില്‍ സജീവമായിരുന്ന നക്‌സല്‍ബാരി പ്രസ്ഥാനത്തിലെ വിപ്ലവകാരികളെയും ചരിത്രത്തിലെ സമാനതകളിലൂടെ കോര്‍ത്തിണക്കുകയായിരുന്നു അസീസ്.

ഞങ്ങളുടെ കോഴ്‌സിന്റെ ഒന്നാം വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസമേ ബാക്കിയുള്ളു. ഒന്നാം വര്‍ഷത്തിന്റെ അവസാനത്തില്‍ ഞങ്ങള്‍ നാടകങ്ങളും രണ്ടാം വര്‍ഷത്തിന്റെ അവസാനത്തില്‍ ഡിപ്ലോമാ ഫിലിമും ചെയ്യണം. മലയാളി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രഭാകരന്‍ സര്‍ തെരഞ്ഞെടുത്ത നാടകം പി.എം.എ അസീസിന്റെ 'ചാവേര്‍പ്പട' എന്ന നാടകം ആയിരുന്നു. അസീസ്, 1966 ല്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പാസ്സായ, പ്രഭാകരന്‍ സാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ സഹപാഠി ആയിരുന്നു. അദ്ദേഹം മൂന്നു സിനിമകള്‍ സംവിധാനം ചയ്തു. അവള്‍ (1967 ), മാന്‍പേട (1971 ), ഞാവല്‍ പഴങ്ങള്‍ (1976 ). കച്ചവട സിനിമയുടെ വഴികളില്‍ നിന്നും മാറി സഞ്ചരിച്ചവയായിരുന്നു മൂന്നു സിനിമകളും. ഇവയില്‍ മാന്‍പേട എന്ന സിനിമയില്‍, പിന്നീട് രവീന്ദ്രന്‍ എന്ന പേരില്‍ പ്രശസ്തനായ സംഗീത സംവിധായകന്‍, കുളത്തൂപ്പുഴ രവിയും അഭിനയിച്ചിട്ടുണ്ട്. 'ചാവേര്‍പ്പട' എന്ന നാടകം ചരിത്രത്തിലെ രണ്ടു കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന നാടകമായിരുന്നു. മാമാങ്കത്തിലെ ചാവേറുകളെയും, എഴുപതുകളില്‍ സജീവമായിരുന്ന നക്‌സല്‍ബാരി പ്രസ്ഥാനത്തിലെ വിപ്ലവകാരികളെയും ചരിത്രത്തിലെ സമാനതകളിലൂടെ കോര്‍ത്തിണക്കുകയായിരുന്നു അസീസ്. 


പി.എം.എ അസീസ്

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയ പരിശീലനം പ്രധാനമായും റഷ്യന്‍ നാടകകൃത്തായ കോണ്‍സ്റ്റാന്റിന്‍ സ്റ്റാനിസ്ലാവ്‌സ്‌കിയുടെ സ്റ്റാനിസ്ലാവ്‌സ്‌കി സിസ്റ്റത്തെ ആധാരമാക്കി ആയിരുന്നെങ്കിലും ഈ നാടകത്തില്‍ ഞങ്ങള്‍ വിഖ്യാത ജര്‍മന്‍ നാടകകൃത്തും അഭിനയ പരിശീലകനുമായ ബെട്രോള്‍ട് ബ്രെക്തിന്റെ ' Theory of Alienation' എന്ന സമ്പ്രദായവും പരീക്ഷിച്ചു. പ്രേക്ഷകര്‍ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ച്, അതില്‍ ലയിച്ചിരിക്കുമ്പോള്‍, ആ empathy (തന്മയീഭാവശക്തി) ക്ക് ഭംഗം വരുത്തിക്കൊണ്ട്, പ്രേക്ഷകരുമായി സംസാരിക്കുന്ന സൂത്രധാരന്റെ വേഷമായിരുന്നു എനിക്ക്. വര്‍ഷാവസാനത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ ഞങ്ങള്‍ നാടകം അവതരിപ്പിച്ചു. നാടകം വന്‍ വിജയമായിരുന്നു.

അങ്ങിനെ സംഭവബഹുലമായ, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാം വര്‍ഷം പൂര്‍ത്തിയായി. ഞാന്‍ എന്നെ തന്നെ കണ്ടെത്തിയ വര്‍ഷം ആയിരുന്നു അത്. അറിവിലും, കഴിവിലും, ഭാവനയിലും, സര്‍ഗ്ഗ വ്യവഹാരങ്ങളിലും ഞാന്‍ പുതിയ ഉയരങ്ങള്‍ തേടിപ്പിടിച്ച വര്‍ഷംകൂടി ആയിരുന്നു അത്. ആ സമയത്തു ഞാന്‍ കൂടുതലും വായിച്ചത്, വിദേശ കോണ്‍സുലേറ്റ് ലൈബ്രറികളില്‍ നിന്നുള്ള സിനിമ സംബന്ധിയായ ഗ്രന്ഥങ്ങള്‍ ആയിരുന്നു. അന്ന് ഈ പുസ്തകങ്ങളില്‍ ഉണ്ടായിരുന്ന ഒരു ന്യൂനത, വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസ്സിലാക്കിയത്. ഫോട്ടോഗ്രാഫിയുടെ കണ്ടുപിടുത്തത്തിന് വഴി തെളിയിച്ച ഇബ്‌നു ഹൈതം എന്ന മുസ്‌ലിം ശാസ്ത്രജ്ഞന്റെ പേര് എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഇന്നത്തെ ഇറാഖിലെ ഭൂപ്രദേശത്തില്‍ ജനിച്ച അദ്ദേഹം, ഗണിത ശാസ്ത്രം, ജ്യോതിശാസ്തം, ഭൗതിക ശാസ്ത്രം എന്നിവയില്‍ പ്രാവീണ്യം നേടിയ ശാസ്ത്രജ്ഞന്‍ ആയിരുന്നു. 


ഫോട്ടോഗ്രഫിയുടെയും സിനിമയുടെയും കണ്ടു പിടുത്തത്തിനു നിദാനമായ 'പ്രകാശ-ദൃശ്യ' ശാസ്ത്രത്തില്‍ നിരവധി സംഭാവനകള്‍ നല്‍കിയ ആളായിരുന്നു ഇബ്‌നു ഹൈതം. 1040 ല്‍ ഈജിപ്തില്‍ വെച്ച് ചരമമടഞ്ഞ അദ്ദേഹത്തിന്റെ മഹത്തായ സ0ഭാവനകള്‍ അടങ്ങിയ ഗ്രന്ഥങ്ങള്‍, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തോടെ 1492 ല്‍, മറ്റു ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ മഹാശേഖരങ്ങളോടൊപ്പം, സ്‌പെയിനിലെ കൊര്‍ദോവയിലും ഗ്രാനഡയിലും തീയിട്ടു നശിപ്പിച്ചു കൊണ്ട് അത് വരെയുള്ള ഇസ്‌ലാമിക വിജ്ഞാന പാരമ്പര്യത്തിന്റെ അടിവേരുകള്‍ പാശ്ചാത്യര്‍ അറുത്തു കളഞ്ഞു. ഇസ്‌ലാമിക സംസ്‌കാരത്തെയും, സാഹിത്യത്തെയും, ശാസ്ത്രത്തെയും തമസ്‌കരിക്കുക ആയിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍, ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ അവശേഷിച്ച വിജ്ഞാനത്തിന്റെ പകര്‍പ്പുകളിലൂടെ, ആ മഹത്തായ പാരമ്പര്യം ഇന്നും ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു.

( തുടരും)


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആദം അയ്യൂബ്

contributor

Similar News