തമിഴ്, മലയാള സാഹിത്യങ്ങള്‍ക്കുള്ളത് ഒരേ സംസ്‌കാരം
തമിഴ്, മലയാള സാഹിത്യങ്ങള്‍ക്കുള്ളത് ഒരേ ഭൂതകാലമാണെന്ന് തമിഴ് സാഹിത്യകാരന്‍ മാലന്‍ നാരായണന്‍
തമിഴ്, മലയാള സാഹിത്യത്തിലെ പരസ്പര സ്വാധീനം ചര്‍ച്ച ചെയ്ത് കെ.എല്‍.ഐ.ബി.എഫ്. ടോക്. തമിഴ് ആന്‍ഡ് മലയാളം ഫിക്ഷന്‍: ബേഡ്‌സ് ഓഫ് എ ഫെതര്‍ എന്ന വിഷയത്തില്‍ തമിഴ് സാഹിത്യകാരന്‍ മാലന്‍ നാരായണനും മലയാള കഥാകൃത്തായ കെ.പി. രാമനുണ്ണിയും അഭിപ്രായങ്ങള്‍ പങ്കുവച്ചു.
തമിഴ്, മലയാള സാഹിത്യങ്ങള്‍ക്കുള്ളത് ഒരേ ഭൂതകാലമാണെന്ന് തമിഴ് സാഹിത്യകാരന്‍ മാലന്‍ നാരായണന്‍ പറഞ്ഞു. ഇന്ത്യ രാഷ്ട്രീയപരമായോ ഭൂമിശാസ്ത്രപരമായോ ഒന്നുമല്ല ഒന്നിച്ചു നില്‍ക്കുന്നതെന്നും സംസ്‌കാരത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒ. ചന്തു മേനോന്റെ ഇന്ദുലേഖയുടേയും സുബ്രഹ്മണ്യ ഭാരതിയുടെ ആറിലൊരു പങ്കിന്റേയും കഥാതന്തു ഒന്നാണെന്ന് മാലന്‍ നാരായണന്‍ പറഞ്ഞു. സി.വി. രാമന്റെ മാര്‍ത്താണ്ഡവര്‍മ്മ ഇന്ത്യയിലെ തന്നെ ചരിത്ര നോവലായി ആദ്യം പുറത്തിറങ്ങിയപ്പോള്‍ ചോള രാജാക്കന്മാരെക്കുറിച്ച് തമിഴില്‍ വി.വി എസ് അയ്യര്‍ ഒരു കഥ എഴുതുകയുണ്ടായി. ഒരേ വിഷയത്തില്‍ അധികരിച്ചുള്ള നിരവധി കഥാസൃഷ്ടികളാണ് മലയാളത്തിലും തമിഴിലും ഒരേസമയം ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ മാത്രമാണ് നിയമസഭയില്‍ ഇത്തരത്തിലൊരു പുസ്തകോത്സവം കാണാന്‍ കഴിഞ്ഞതെന്നും മാലന്‍ നാരായണന്‍ പറഞ്ഞു.
തമിഴുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ഭാഷയാണ് മലയാളമെന്ന് കെ.പി രാമനുണ്ണി പറഞ്ഞു. എന്നാല്‍, തമിഴ് സമൂഹം ഇപ്പോഴും നിലനിര്‍ത്തിക്കൊണ്ടുപ്പോകുന്ന മാതൃഭാഷയോടുള്ള സ്‌നേഹം മലയാളികള്‍ ഇപ്പോള്‍ പിന്തുടരുന്നില്ല എന്നത് യാഥാര്‍ഥ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂഖണ്ഡങ്ങള്‍ പിന്നിട്ടു പോയാലും തമിഴ് വംശജര്‍ തങ്ങളുടെ ഭാഷയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു. എന്നാല്‍, ആ ആര്‍ജവം ഭൂരിപക്ഷം മലയാളികള്‍ക്കും ഉണ്ടാകാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.