വഴിത്താരകളിലെ അനുഭവങ്ങളുമായി പ്രിയ സഞ്ചാരികള്‍

മണല്‍തിട്ടകള്‍ക്കുള്ളില്‍ അകപ്പെട്ട് മഴകൊണ്ട് മാത്രം മുളച്ചുപൊങ്ങുന്ന ഗാഫ് മരങ്ങളുടെ വിത്തുകള്‍ മുളയ്ക്കുന്ന വിസ്മയങ്ങള്‍ മരുഭൂമിയിലെ യാത്രയില്‍ കാണാന്‍ സാധിച്ചെന്ന് മുസഫര്‍ അഹമ്മദ്

Update: 2023-11-05 18:14 GMT
Advertising

നിയമസഭാ പുസ്തകോത്സവ വേദിയില്‍ യാത്രാനുഭവങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ സഞ്ചാരികള്‍. പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വഴിത്താരകളിലെ യാത്രാനുഭവങ്ങള്‍ എന്ന പാനല്‍ ചര്‍ച്ചയില്‍ അജയന്‍ പനയറ, വി. മുസഫര്‍ അഹമ്മദ്, കെ.എ. ബീന, ഡോ. മിത്ര സതീഷ് എന്നിവര്‍ യാത്രകളെക്കുറിച്ചും സഞ്ചാര സാഹിത്യത്തെക്കുറിച്ചും സംവദിച്ചു. എം.കെ. രാമചന്ദ്രന്‍ മോഡറേറ്ററായി. യാത്രാ വിവരണമല്ല സഞ്ചാര സാഹിത്യമെന്ന് അജയന്‍ പനയറ അഭിപ്രായപ്പെട്ടു.

സഞ്ചാര സാഹിത്യമെന്നത് ഇന്ദ്രിയങ്ങളുടെ കലയാണ്. എല്ലാ സഞ്ചാര സാഹിത്യ കൃതികളും കണ്ണിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ കേവലം കാഴ്ച മാത്രമല്ല ഒരു നോട്ടം കൂടി അതിലുണ്ട്. ആ നോട്ടത്തിലൂടെയാണ് ആ പ്രദേശത്തിന്റെ സംസ്‌കാരത്തെ കാണാന്‍ കഴിയുന്നത്. അതേസമയം സഞ്ചാരികളുടെ വഴികളും പോകുന്ന ദേശങ്ങളും അയാളുടെ വീടായി മാറുന്ന ഒരു നിയോണ്‍ ജിപ്‌സിവല്‍ക്കരണമാണ് പുതിയ സഞ്ചാര സാഹിത്യങ്ങളിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരുഭൂമിലേക്കുള്ള യാത്രാനുഭവങ്ങളാണ് മുസഫര്‍ അഹമ്മദ് പങ്കുവച്ചത്. മണല്‍തിട്ടകള്‍ക്കുള്ളില്‍ അകപ്പെട്ട് മഴകൊണ്ട് മാത്രം മുളച്ചുപൊങ്ങുന്ന ഗാഫ് മരങ്ങളുടെ വിത്തുകള്‍ മുളയ്ക്കുന്ന വിസ്മയങ്ങള്‍ മരുഭൂമിയിലെ യാത്രയില്‍ കാണാന്‍ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്ത് ചെല്ലുമ്പോഴും അവിടത്തെ ആളുകള്‍ നല്‍കുന്ന അറിവുകള്‍ അത്ഭുതപ്പെടുത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ യാത്രകള്‍ ചെയ്ത് തിരിച്ചുവരുമ്പോഴും നമ്മള്‍ മറ്റൊരാളായി മാറുകയാണെന്ന് കെ.എ. ബീന പറഞ്ഞു. നമ്മളെ തന്നെ തിരിച്ചറിയാനാകുന്ന രീതിയിലേക്ക് മാറ്റുന്നതാണ് ഓരോ യാത്രകളും. നമ്മുടെ മനസിലെ കാലുഷ്യങ്ങളെ, പോരായ്മകളെ, വേവലാതികളെയല്ലാം ഇല്ലായ്മ ചെയ്യുകയാണ് യാത്രകള്‍ ചെയ്യുന്നത്. പണ്ടത്തെ കാലത്തിന് വിപരീതമായി ഇന്ന് കൂടുതല്‍ സ്ത്രീകള്‍ യാത്രയുടെ വഴികള്‍ തിരഞ്ഞെടുക്കുന്നത് വളരെ സന്തോഷം നല്‍കുന്നുണ്ടെന്നും ബീന അഭിപ്രായപ്പെട്ടു.

യാത്രകള്‍ അനുഭവങ്ങള്‍ നല്‍കുകയും നമ്മളെ നവീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് ഡോ. മിത്ര സതീഷ് പറഞ്ഞു. 40 വയസിനു ശേഷമാണ് താന്‍ യാത്രകള്‍ ചെയ്തു തുടങ്ങിയത്. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളെയും തരണം ചെയ്യാനും അഭിമുഖീകരിക്കാനും നമുക്ക് ഊര്‍ജം നല്‍കുന്നത് യാത്രകളാണെന്നാണ് തോന്നിയിട്ടുള്ളതെന്ന് മിത്ര പറഞ്ഞു. പെന്‍ഗ്വിന്‍ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച എം.കെ രാമചന്ദ്രന്റെ 'ആദികൈലാസ യാത്ര'യുടെ ഇംഗ്ലീഷ് പരിഭാഷയായ 'എ ട്രിപ്പ് ടു കൈലാസ' യുടെ പ്രകാശനവും വേദിയില്‍ നടന്നു. നിയമസഭാ സെക്രട്ടറി എ.എം. ബഷീറിനു പുസ്തകം നല്‍കി വി. മുസഫര്‍ അഹമ്മദ് പ്രകാശനം നിര്‍വഹിച്ചു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News