യുദ്ധവും സര്‍ജറിയും

ലോകചരിത്രത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ യുദ്ധങ്ങളിലൊന്നായ ഒന്നാം ലോകമഹായുദ്ധത്തില്‍ മുഖവും അതിന് ചുറ്റുമുള്ള അവയവങ്ങളുടെ മുറിവുകളായിരുന്നു ഏറ്റവുമധികം കണ്ടത്. | DavelhaMedicina - ഭാഗം: 23

Update: 2023-09-10 14:53 GMT
Advertising

സര്‍വനാശകാരിയായ യുദ്ധവും മരണത്തിന്റെ പടുകുഴിയില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്ന ചികിത്സയും തമ്മില്‍ എന്തു ബന്ധം എന്ന് ആരും അത്ഭുതപ്പെട്ടേക്കും. എന്നാല്‍, യുദ്ധകാലത്താണ് ചികിത്സാരീതികള്‍ ഏറ്റവും പുരോഗമിച്ചത് എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. സര്‍ജറി എന്നൊരു വിഭാഗം തന്നെ യുദ്ധകാല ചികിത്സകളില്‍ നിന്നും ഉരുത്തരിഞ്ഞു വന്നതാണ്. ജീവനും മരണവും തമ്മില്‍ ഒരു നൂലിനേക്കാള്‍ നേരിയ വിടവ് മാത്രം ഉള്ളപ്പോള്‍ ചികിത്സകന്‍ ധൈര്യപൂര്‍bം തനിക്ക് പൂര്‍ണ്ണവിശ്വാസമില്ലാത്ത ചികിത്സാരീതികള്‍ പോലും പരീക്ഷിച്ചു രോഗിയെ രക്ഷപ്പെടുത്താനായി ശ്രമിക്കും. ഇങ്ങനെ അയാള്‍ വിജയിയാകുന്ന രീതികള്‍ മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ സ്ഥാനം പിടിക്കുകയാണ് പതിവ്.

മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ തന്നെ അക്രമങ്ങളും കൊലപാതകങ്ങളും കൊണ്ട്് പരസ്പരം കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കല്ലും മൃഗങ്ങളുടെ അസ്ഥിയും മറ്റും ഉപയോഗിച്ച് ഉണ്ടാക്കിയിരുന്ന ആയുധങ്ങളാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. മുറിവുകള്‍ മൂലം ധാരാളം പേര്‍ മരിച്ചെങ്കിലും അധികം പേരും രക്ഷപ്പെട്ടിരുന്നു. ഓരോ ഗോത്രത്തിലെയും മുഖ്യവൈദ്യന്മാര്‍ ദുര്‍ഭൂതങ്ങളുടെ സഹായത്തോടെ രോഗികളെ ചികിത്സിച്ചിരുന്നു. ഒടിവുകള്‍ കളിമണ്ണുകൊണ്ട് കൊണ്ട് പൊതിഞ്ഞു വച്ചു അവര്‍ അത് ഉണങ്ങാനായി കാത്തിരുന്നു. മുറിവുകള്‍ മൃഗക്കൊഴുപ്പ് പുരട്ടി മൃഗത്തോല് കൊണ്ടു പൊതിഞ്ഞു കെട്ടിവെച്ചു.

വളരെ പുരാതന കാലം മുതല്‍ അംഗവിഛേദം ഒരു ശിക്ഷയായോ ആചാരങ്ങളുടെ ഭാഗമായോ നടത്തി വന്നു. പിന്നീട് വന്ന സെല്‍ഷ്യസ് ആണ് മുറിക്കുന്ന ഭാഗത്തെ എല്ല് അല്‍പം നീളം കുറച്ച് മുറിക്കുകയും തൊലിയുടെ നീളം കൂട്ടി നിലനിര്‍ത്തുകയും ചെയ്യുന്ന രീതി കൊണ്ട് വന്നത്. ഈ തൊലി കൊണ്ട് മുറിവ് മൂടി തുന്നിക്കെട്ടാന്‍ സാധിച്ചു.

ബി.സി 1550ല്‍ എഴുതിയ ഈബേര്‍സ് പാപ്പിറസില്‍ 48 തരം മുറിവുകളെ പറ്റിയും ഒടിവുകളെപ്പറ്റിയും വിവരിക്കുന്നു. ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ വെള്ള, മൃഗക്കൊഴുപ്പ്, തേന്‍ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചുള്ള ചികിത്സകളെപ്പറ്റി ഇതില്‍ പറയുന്നുണ്ട്. പഞ്ചസാരയുടെ അംശം വളരെയധികം ഉള്ള തേന്‍ പുരട്ടിയാല്‍ അവിടെ അണുക്കള്‍ വളരില്ല എന്നും അത് വെള്ളം വലിച്ചെടുത്തു ആ ഭാഗത്തെ നീര് വീക്കം കുറയ്ക്കും എന്നും അവര്‍ അനുഭവങ്ങളിലൂടെ മനസ്സിലാക്കി. ചെമ്പിന്റെ പലതരം ലവണങ്ങളും മുറിവില്‍ നിന്ന് വെള്ളം വലിച്ചെടുക്കാനായി ഉപയോഗിച്ചു. പുതിയ പച്ച മാംസത്തിന്റെ കഷണം രക്തസ്രാവം ശമിപ്പിക്കാനായി ഉപയോഗിച്ചിരുന്നു. അതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ ആയിരിക്കണം ഇതിന് കാരണം. വില്ലോമരത്തിന്റെ ഇല നീര്‍വീഴ്ച്ച (inflammation) കുറയ്ക്കാനായി ഉപയോഗിച്ചിരുന്നു. ഈ ഇലകളില്‍ അടങ്ങിയിരുന്ന സാലിസിലിക് ആസിഡ് ആസ്പിരിന്‍ ഗുളികയിലെ പ്രധാന ചേരുവ ആണ്.

ഏകദേശം ബി.സി ആയിരാമാണ്ടിലെ ഒരു മമ്മിയില്‍ കണ്ടെത്തിയ തടി കൊണ്ടുണ്ടാക്കിയ തള്ളവിരല്‍ ആണ് ഏറ്റവും പഴയ കൃത്രിമ അയവം (prosthetic). ഒരാളിന്റെ കയ്യോ കാലോ മുറിച്ച മാറ്റുന്നത് രക്ത സഞ്ചാരത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന ഗ്രാംഗ്രീന്‍ കൊണ്ട് മാത്രമാകണമെന്നായിരുന്നു ഹിപ്പോക്രാറ്റസിന്റെ അഭിപ്രായം. ഈ കാലത്തു രക്തസ്രാവം അവസാനിപ്പിക്കുവാന്‍ വേണ്ട തുന്നലിനായി പരുത്തിനൂലോ കുതിരയുടെ രോമമോ ഉപയോഗിച്ചിരുന്നു.

എന്‍സൈക്ലോപീഡിസ്റ്റ് ആയി ജോലിചെയ്തിരുന്നത് മൂലം സെല്‍ഷ്യസ് (Celsus BC25-AD50) രോഗചികിത്സയുടെ കാര്യത്തിലും മറ്റും വലിയൊരു പണ്ഡിതനായിരുന്നു. കുറേക്കാലം അദ്ദേഹം സര്‍ജന്‍ ആയി പ്രാക്ടീസ് ചെയ്തിരുന്നു. ഇന്നത്തെ അളവുകോല്‍ വച്ചു നോക്കിയാല്‍ വളരെ താഴ്ന്ന നിലവാരത്തിലുള്ള ഉപകരണങ്ങളും സംവിധാനങ്ങളും പയോഗിച്ച് ഈ സര്‍ജന്‍ അംഗവിച്ഛേദം (amputation) ചെയ്തിരുന്നു. വളരെ പുരാതന കാലം മുതല്‍ അംഗവിഛേദം ഒരു ശിക്ഷയായോ ആചാരങ്ങളുടെ ഭാഗമായോ നടത്തി വന്നു. പിന്നീട് വന്ന സെല്‍ഷ്യസ് ആണ് മുറിക്കുന്ന ഭാഗത്തെ എല്ല് അല്‍പം നീളം കുറച്ച് മുറിക്കുകയും തൊലിയുടെ നീളം കൂട്ടി നിലനിര്‍ത്തുകയും ചെയ്യുന്ന രീതി കൊണ്ട് വന്നത്. ഈ തൊലി കൊണ്ട് മുറിവ് മൂടി തുന്നിക്കെട്ടാന്‍ സാധിച്ചു. ഇരുണ്ട കാലത്തിന്റെ അവസാനത്തോടെ ഇത്തരം കാര്യങ്ങളെല്ലാം അവസാനിക്കുകയും ഇവയെ സംബന്ധിച്ച രേഖകള്‍ കണ്ടെടുക്കാന്‍ കഴിയാതാകുകയും ചെയ്തു. മുറിച്ച ഭാഗം വിനാഗിരിയില്‍ മുക്കിയ തുണികൊണ്ട് പൊതിഞ്ഞു വയ്ക്കുന്ന രീതി ഒരു പരിധിവരെ മുറിവ് പഴുക്കാനുള്ള സാധ്യത കുറച്ചു.

അണുക്കെളെപ്പറ്റി അറിവില്ലാതിരുന്നെങ്കിലും ആ കാലത്ത് മുറിവ് വൃത്തിയായി സൂക്ഷിക്കണം എന്നുള്ളതിനെ പറ്റി അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു, ഇത് മുറിവു നന്നായി ഉണങ്ങുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. മുറിവുകള്‍ കഴുകാനായി അദ്ദേഹം വൈന്‍ ആണ് ഉപയോഗിച്ചത്. ഇതിലുള്ള ആള്‍ക്കഹോളിന്റെ അംശം തീര്‍ച്ചയായും അണുനാശിനി ആയി പ്രവര്‍ത്തിച്ചിട്ടുണ്ടാവണം. മുറിവുകള്‍ വൃത്തിയാക്കാന്‍ ടര്‍പെന്റൈനും അദ്ദേഹം ഉപയോഗിച്ചിരുന്നു.

ഈ ചികിത്സകള്‍ എല്ലാം അനസ്‌തേഷ്യ ഇല്ലാതെയാണ് നടന്നിരുന്നത്. ശസ്ത്രക്രിയയുടെ സമയത്ത് രോഗിയുടെ സുഹൃത്തുക്കളും ബന്ധുക്കളും അയാളെ പിടിച്ചമര്‍ത്തി വയ്ക്കും; ഓപ്പിയം പോലെയുള്ള മരുന്നുകള്‍ വേദനസംഹാരിയായി അവര്‍ ഉപയോഗിച്ചിരുന്നു.

റോമാക്കാരുടെ പടയോട്ടകാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ ഇരുമ്പു കൊണ്ടു നിര്‍മിച്ചവയായിരുന്നു. വളരെ മൂര്‍ച്ചയുള്ള കത്തി, കുന്തം, കഠാര, വാള്‍ എന്നിവയായിരുന്നു പ്രധാനപ്പെട്ടവ; ശരീരത്തില്‍ കയറിയ അമ്പ് കൂടുതല്‍ വേദനയും കേടും കൂടാതെ വലിച്ചെടുക്കുന്നതിനായി റോമന്‍ സര്‍ജനായ സെല്‍ഷ്യസ് ഒരു ഉപകരണം കണ്ടുപിടിച്ചു-ഡൈക്ലിയന്‍ സൈഫിസ്‌കസ് എന്നാണ് ഇതിന്റെ പേര്. ഇത് ഉപയോഗിച്ച് അധികവേദനയും മുറിവും ഇടാതെ പോര്‍മുന പുറത്തേക്ക് എടുക്കാന്‍ സാധിക്കും. വെളുത്ത മാന്‍ഡ്രേക് (white mandrake) എന്ന ഒരു ചെടി തിളപ്പിച്ചുണ്ടാക്കിയ കഷായം ബോധം കെടുത്താനായി കുടിക്കാനായി നല്‍കിയിരുന്നു.

ഗ്ലാഡിയേറ്റര്‍മാരെ ചികിത്സിക്കുന്ന ഡോക്ടറായിരുന്ന മദ്ധ്യകാലത്തെ പ്രസിദ്ധ ഡോക്ടറായിരുന്നല്ലോ ഗേലന്‍. അദ്ദേഹം രേഖപ്പെടുത്തിയ ചികത്സാരീതികളാണ് പല സര്‍ജന്‍മാരും പിന്നീട് വളരെക്കാലത്തേക്ക് രോഗചികിത്സക്കായി ഉപയോഗിച്ചത്. ഗേലന്‍ വലിയ മുറിവുകളെ കമ്പിളി നൂല് ഉപയോഗിച്ച് തുന്നി ഉറപ്പിച്ചിരുന്നു. അണുക്കെളെപ്പറ്റി അറിവില്ലാതിരുന്നെങ്കിലും ആ കാലത്ത് മുറിവ് വൃത്തിയായി സൂക്ഷിക്കണം എന്നുള്ളതിനെ പറ്റി അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു, ഇത് മുറിവു നന്നായി ഉണങ്ങുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. മുറിവുകള്‍ കഴുകാനായി അദ്ദേഹം വൈന്‍ ആണ് ഉപയോഗിച്ചത്. ഇതിലുള്ള ആള്‍ക്കഹോളിന്റെ അംശം തീര്‍ച്ചയായും അണുനാശിനി ആയി പ്രവര്‍ത്തിച്ചിട്ടുണ്ടാവണം. മുറിവുകള്‍ വൃത്തിയാക്കാന്‍ ടര്‍പെന്റൈനും അദ്ദേഹം ഉപയോഗിച്ചിരുന്നു.

മുറിവ് മൂലം വയറ് കീറി കുടല്‍ പുറത്ത് ചാടുന്ന അവസരത്തില്‍ അല്‍പം വെള്ളവും എണ്ണയും കലര്‍ന്ന മിശ്രിതം പുരട്ടി കുടല്‍ ഉണങ്ങിപ്പോകാതെ സൂക്ഷിച്ച ശേഷം എല്ലാം കൂടി അകത്താക്കി തുന്നിക്കെട്ടും. എന്നിട്ടും 126 രോഗികള്‍ ഇത്തരം ചികിത്സ കൊണ്ട് രക്ഷപ്പെട്ടതായി മദ്ധ്യകാലത്തെ രേഖകള്‍ പറയുന്നു. പില്‍ക്കാലത്ത് തോക്കുകളും പീരങ്കികളും ഉപയോഗിച്ചുള്ള യുദ്ധങ്ങളുടെ കാലം വന്നപ്പോള്‍ ചികിത്സ കുറേകൂടി കഠിനമായി. മുറിവിന് ചുറ്റുമുള്ള കരിഞ്ഞ മാംസം മുറിച്ചു കളഞ്ഞു വൃത്തിയാക്കിയ ശേഷം മരുന്ന് വെച്ച് കെട്ടുകയായിരുന്നു പതിവ്. പക്ഷേ, ഇത്തരം വൃത്തിയാക്കല്‍ രക്തസ്രാവത്തിന് ഇടയാക്കി. ആധുനിക ശസ്ത്രക്രിയയുടെ സമയത്ത് രക്തം നഷ്ടമാവുന്നത് തടയാനായി രക്തക്കുഴലുകള്‍ കരിച്ചു കളയുകയോ നൂല്‍ ഉപയോഗിച്ച് കെട്ടി അടക്കുകയോ ചെയ്തു വരുന്നു.

ഇക്കാലത്ത് തന്നെയാണ് കത്തോലിക്കാമതം ഏതെങ്കിലും തരത്തില്‍ രക്തസ്രാവമുണ്ടാക്കുന്ന എല്ലാതരം ചികിത്സയും നിരോധിച്ചത് (AD 1100-1250). ഫലത്തില്‍ ഇത് അംഗവിച്ഛേദനത്തിന് എതിരെ ഉത്തരവ് പുറപ്പെടുവിച്ചത് പോലെയായിത്തീര്‍ന്നു. അങ്ങനെ ഡോക്ടര്‍മാരുടെ ഇടയില്‍ ഇത് ചെയ്യുന്നവര്‍ ഇല്ലാതായി. ഇതിന് ശേഷമാണ് ബാര്‍ബര്‍ സര്‍ജന്മാര്‍ ഉണ്ടാക്കുന്നത്. അംഗവിച്ഛേദം നടത്തുന്നതിനുള്ള ഗാംഗ്രീന്‍ തുടങ്ങിയ കാരണങ്ങള്‍ അക്കാലത്തും ഉണ്ടായിരുന്നു. പരിശീലനം ലഭിച്ചവരുടെ അഭാവത്തില്‍ ബാര്‍ബര്‍ സര്‍ജന്‍ന്മാര്‍ ഈ പ്രവര്‍ത്തി ഏറ്റെടുത്തു. ഫലത്തില്‍ രോഗികള്‍ അനാവശ്യമായി വേദന അനുഭവിക്കുകയും മരിക്കുകയും ചെയ്തു. രോഗചികിത്സയെ സംബന്ധിച്ച് ഇത് ഒരു ഇരുണ്ട കാലമായിരുന്നു.

1440ല്‍ അംഗ വിച്ഛേദനത്തിനായി ഒരു യന്ത്രം കണ്ടുപിടിക്കപ്പെട്ടു. ഗില്ലറ്റിനോട് സാമ്യമുള്ള ഈ യന്ത്രം ഇത് അതിവേഗത്തില്‍ ചെയ്യാന്‍ സഹായിച്ചു. അങ്ങനെ രോഗിയുടെ വേദന അല്‍പമെങ്കിലും കുറക്കാനായി. പിന്നാലെ വന്ന അച്ചടി യന്ത്രത്തിന്റെ കണ്ടുപിടിത്തം മറ്റൊരു അനുഗ്രഹമായി ഭവിച്ചു. എ.ഡി 1450-1700 വരെയുള്ള നവോത്ഥാന (Renaissance) കാലത്താണ് ഇത് സംഭവിച്ചത്. അങ്ങനെ സെല്‍ഷ്യസ് രചിച്ച അംഗവിച്ഛേദത്തെപ്പറ്റിയുള്ള കൃതി ധാരാളമായി അച്ചടിക്കുകയും യൂറോപ്പില്‍ മുഴുവന്‍ ഇത് പ്രചാരത്തില്‍ ആകുകയും ചെയ്തു. തന്മൂലം എണ്ണമറ്റ ജീവിതങ്ങള്‍, മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. 1452ല്‍ കാലിലെ അംഗവിഛേദം മുട്ടിന് താഴെ മാത്രമേ ചെയ്യാന്‍ പാടുള്ളുവെന്ന രീതി പൊതുവേ നിലവില്‍ വന്നു.

അനസ്‌തേഷ്യ ഇല്ലാതെ ശസ്ത്രക്രീയ ചെയ്യുന്നതു മൂലം വേദന കൊണ്ടു രോഗി പലപ്പോഴും ബോധരഹിതന്‍ ആവുകയോ മരിക്കുകയോ ചെയ്തിരുന്നു. മുട്ടിന് മുകളില്‍ ഉള്ള ആദ്യത്തെ അംഗവിച്ഛേദം പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് മിലിറ്ററി സര്‍ജന്‍ ആംബ്രോസ് പരെ (Ambroise pare) എന്ന പ്രസിദ്ധ സര്‍ജനാണ് ചെയ്തത്. അദ്ദേഹം ഫാദര്‍ ഒഫ് മോഡേണ്‍ ആമ്പുട്ടേഷന്‍ എന്നറിയപ്പെടുന്നു. ഇദ്ദേഹമാണ് ഫാന്റം പെയിന്‍ (Phantom pain ) എന്നത് യഥാര്‍ഥ്യം ആണെന്നു ആദ്യമായി പറഞ്ഞത്. നഷ്ടപ്പെട്ട അവയവത്തിന്റെ സ്ഥാനത്ത് അനുഭവപ്പെടുന്ന കഠിനമായ വേദനയെയാണ്'Phantom pain' എന്ന് വിളിയ്ക്കുന്നത്. അംഗവിച്ഛേദത്തിന് ശേഷമുള്ള അധികമായ രക്തസ്രാവം നിയന്ത്രിക്കാനായി അക്കാലീ വരെ സാധാരണമായി ഉപയോഗിച്ചിരുന്ന തിളച്ച എണ്ണയുടെ ഉപയോഗം ഇദ്ദേഹം നിര്‍ത്തലാക്കി. യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന ചില ദിനങ്ങളില്‍ ഇത്തരം 200 ശസ്ത്രക്രിയകള്‍ വരെ ചെയ്തിരുന്നുവത്രേ! രോഗിയെ മയക്കാതെ ഇത്തരം വലിയ സര്‍ജറികള്‍ പോലും ചെയ്തിരുന്നത് വേദന അനുഭവിക്കുന്ന സമയം കുറയ്ക്കാന്‍ സാധിച്ചു. ഏറ്റവും വേഗതയില്‍ അംഗവിച്ഛേദം ചെയ്യാന്‍ കഴിയുന്ന ആളായിരുന്നു ഏറ്റവും മിടുക്കന്‍. ഇദ്ദേഹത്തിന് ഒരു അംഗവിച്ഛേദനത്തിന് രണ്ട് മിനിറ്റ് മാത്രം മതിയായിരുന്നുവത്രേ! പക്ഷേ, മൃതമായ ഭാഗം മുറിച്ച് മാറ്റിയശേഷം പിന്നീട് രക്തസ്രാവം നിര്‍ത്തുക, തൊലി തുന്നിച്ചേര്‍ത്ത മുറിവ് അടക്കുക എന്നിവ അദ്ദേഹത്തിന്റെ സഹായികളാണ് ചെയ്തിരുന്നത്.


അംബ്രോസ് പരെ

താന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ അത്യുല്‍ക്കടമായ താല്‍പ്പര്യവും, വേദനിക്കുന്നവരോടുള്ള മനസ്സലിവും കഠിനാദ്ധ്വാനവും മൂലം മഹത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ട്, ചികിത്സയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട നാമമാണ് അംബ്രോസ് പരെയുടേത്. ബാര്‍ബര്‍ സര്‍ജന്മാരുടെ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തിന് ഔപചാരികമായ സ്‌കൂള്‍ വിദ്യാഭ്യാസമോ ഗ്രീക്കോ ലാറ്റിനോ അറിയുമായിരുന്നില്ല. ഇതുമൂലം യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ അവസരം ലഭിക്കാത്തതു കൊണ്ട് ബാര്‍ബര്‍ സര്‍ജന്‍ ആയി ജോലി ആരംഭിച്ച അദ്ദേഹം ആര്‍മി സര്‍ജനായി ജോലി ചെയ്യുമ്പോഴാണ് തിളച്ച എണ്ണ ഉപയോഗിച്ചു മുറിവുകള്‍ കരിക്കുന്ന രീതി അവസാനിപ്പിച്ചത്. അത്യധികം വേദനാജനകമായ ഇതൊഴിവാക്കിയുള്ള ചികിത്സ അദ്ദേഹത്തെ പട്ടാളക്കാരുടെ ആരാധ്യപുരുഷനാക്കി. രക്തസ്രാവം തടയാനായി തുന്നല്‍, ഫോസെപ്‌സ് തുടങ്ങിയവ ആദ്യം ഉപയോഗിച്ചത് ഇദ്ദേഹമാണ്. മൂച്ചിറിയുടെ ശസ്ത്രക്രീയ, ഗര്‍ഭപാത്രത്തിനുള്ളില്‍ കുട്ടിയുടെ സ്ഥാനം മാറ്റുന്നതിനുള്ള പോടാലിക് വേര്‍ഷന്‍ (Podalic version), കൃത്രിമ അവയവങ്ങള്‍, പോര്‍സിലൈന്‍ കൊണ്ടുണ്ടാക്കിയ കൃത്രിമക്കണ്ണ് എന്നിവ ചികിത്സാരംഗത്ത് ആദ്യമായി വ്യാപകമായി ഉപയോഗിച്ചത് ഇദ്ദേഹമാണ്. പില്‍ക്കാലത്ത് ഭരണത്തിലിരുന്ന അഞ്ച് രാജാക്കന്മാരുടെ സര്‍ജന്‍ ആയും അദ്ദേഹം സേവനം അനുഷ്ടിച്ചു. അദ്ദേഹത്തിന്റെ യുദ്ധകാല ചികിത്സാനുഭവങ്ങള്‍, ആയിരം പേജുകള്‍ ഉള്ള മഹത്തായ ഗ്രന്ഥമാണ്. പരെയുടെ ശവകുടീരത്തില്‍ എഴുതി വച്ചിരിക്കുന്ന 'I treated him and god healed him' എന്ന വാക്യം മഹാനായ ഈ ചികിത്സകനെപ്പറ്റി ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്.

കാലിലും കയ്യിലും ഉണ്ടാകുന്ന വലിയ മുറിവുകള്‍ക്കെല്ലാം അക്കാലത്തെ ചികിത്സ അംഗവിച്ഛേദം (Amputation) ആയിരുന്നു. ഇതിന് പ്രതിവിധിയായി ഇംഗ്ലീഷ് പരേ എന്നറിയപ്പെട്ട ഡോ. ജോര്‍ജ് ജെയിംസ് ഗത്രി (Dr.George James Guthrie) പുതിയ ചില ചികിത്സാരീതികള്‍ പരീക്ഷിച്ചു. നെപ്പോളിയന്റെ പടയോട്ട കാലത്ത് ബ്രീട്ടിഷ് ജനറലായ ലോര്‍ഡ് വില്ലിംഗ്ടണിന്റെ കീഴില്‍ യുദ്ധമുഖത്ത് സര്‍ജനായായിരുന്നു അദ്ദേഹം സേവനം അനുഷ്ടിച്ചത്. മുറിച്ചു കളയേണ്ട ഭാഗം യുദ്ധരംഗത്ത് വച്ച് തന്നെ മുറിച്ച് മാറ്റിയിരുന്നു. മുഴുവന്‍ അംഗവും മുറിച്ച് കളയുന്നതിന് പകരം മുറിവേറ്റ സന്ധിയും അതിന് ചുററുമുള്ള അംഗങ്ങളും മുറിച്ച് മാറ്റി ബാക്കിയുള്ള ഭാഗം തുന്നിച്ചേര്‍ക്കുന്ന രീതിയായിരുന്നു ഇത്. അമേരിക്കന്‍ സിവില്‍ വാറിന്റെ കാലത്ത് ഇത്തരത്തില്‍ ചികില്‍സിക്കപ്പെട്ട ഒരു രോഗിയെ താഴെ ചിത്രത്തില്‍ കാണാം.


ഇന്നത്തെ കാലത്ത് ഇത് വളരെ പ്രകൃതമെന്ന് തോന്നുമെങ്കിലും അല്‍പമെങ്കിലും ഉപയോഗിക്കാവുന്ന അദ്ദേഹത്തിന്റെ ഇടത് കൈ ഇത്തരത്തില്‍ സംരക്ഷിക്കപ്പെട്ടത് രോഗിക്ക് ആശ്വാസകരമായിരുന്നു.

അമേരിക്കയിലെ ഗെറ്റിസ്ബര്‍ഗ് യുദ്ധകാലത്ത് സൈന്യത്തില്‍ ഉണ്ടായിരുന്ന 11000 ഡോക്ടര്‍മാരില്‍ 500 പേര്‍ മാത്രമായിരുന്നു ശരിയായ പരിശീലനം ലഭിച്ചവര്‍, ബാക്കിയുള്ളവര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളോ പുതിയതായി പഠനം പൂര്‍ത്തിയാക്കിയവരോ ആയിരുന്നു. കൈകാലുകളില്‍ ഉണ്ടാകുന്ന വലിയ ചതവിനും മുറിവിനും ഉള്ള ചികിത്സ ആ ഭാഗം മുറിച്ചുമാറ്റുക മാത്രമായിരുന്നു. ഇത്തരത്തില്‍ മുറിച്ചുമാറ്റപ്പെട്ട കൈകാലുകള്‍ യുദ്ധരംഗത്ത് അവിടവിടെ കൂട്ടിയിട്ടിരിക്കുന്നത് കാണാമായിരുന്നുവത്രേ!

പിന്നീടാണ് ആണ് ഈ രോഗികളെ മയക്കാനായി ക്ലോറോഫോമും ഇതറും കലര്‍ന്ന മിശ്രിതം ഉപയോഗിച്ചു തുടങ്ങിയത്. സമയം ഒരു പ്രധാനപ്പെട്ട കാര്യമാണെന്നും ഏറ്റവും ചുരുങ്ങിയ സമയത്തിനിടയില്‍ രോഗിയെ സര്‍ജന്റെ സമീപം എത്തിക്കുന്നതാണ് പ്രധാനം എന്ന് കണ്ടെത്തിയതും സേനയില്‍ അതിന് വേണ്ട പ്രത്യേക വിഭാഗങ്ങള്‍ ഒരുക്കുന്നതും അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിലെ ഗറ്റീസ് ബര്‍ഗ് യുദ്ധകാലത്താണ്. ഇതേത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ മുറിവേറ്റയാളിന് ചികിത്സ ലഭിക്കുമെന്ന നില വന്നു. കുറഞ്ഞ ഉപാധികള്‍ ലഭ്യമായ അവസരത്തില്‍ ഏറ്റവും കുടുതല്‍ അതിജീവന സാധ്യയുള്ളയാളിനെ ആശുപത്രിയിലേക്ക് മാറ്റുന്ന ട്രിയാജ് (Triage) എന്ന രീതി ആരംഭിച്ചത് ഇക്കാലത്താണ്. 1865 ലാണ് രോഗാണുക്കളെ നിര്‍മാര്‍ജനം ചെയ്യാനായി ഡോ. ലിസ്റ്റര്‍ (Dr.Lister) കാര്‍ബോളിക് ആസിഡ് ഉപയോഗിച്ച് തുടങ്ങിയത്.

ലോകചരിത്രത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ യുദ്ധങ്ങളിലൊന്നായ ഒന്നാം ലോകമഹായുദ്ധത്തില്‍ മുഖവും അതിന് ചുറ്റുമുള്ള അവയവങ്ങളുടെ മുറിവുകളായിരുന്നു ഏറ്റവുമധികം കണ്ടത്. ഡോ. ഹാരോള്‍ഡ് ഗില്‍സ് (Dr.Harold gilles) മുഖാവയവങ്ങള്‍ പുനര്‍നിര്‍മ്മിച്ചെടുക്കുന്ന രീതികള്‍ ഈ കാലത്താണ് ആവിഷ്‌കരിച്ചത്. ഇതോടെ വൈദ്യശാസ്ത്രത്തില്‍ പ്ലാസ്റ്റിക് സര്‍ജറി എന്ന ഒരു പുതിയ ശാഖ പെട്ടെന്ന് വളര്‍ന്ന് പന്തലിച്ചു. പിന്നീട് കണ്ടുപിടിക്കപ്പെട്ട എക്‌സ്‌റേയും ആന്റിബയോട്ടിക്കുകളും അനസ്തീഷ്യ ഉള്‍പ്പെടെയുള്ള മറ്റു ആധുനിക ചികിത്സാരീതികളും സര്‍ജറിയില്‍ അത്ഭുകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു.

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

Similar News