താങ്കള്‍ വലിയ എഴുത്തുകാരനാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് രജനി; നിങ്ങള്‍ വലിയ സൂപ്പര്‍ സ്റ്റാര്‍ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ശ്രീനിവാസനും
മമ്മുട്ടി അഭിനയിച്ച 'കഥ പറയുമ്പോള്‍' എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ആയി. രജനീകാന്തിനെ നായകന്‍ ആക്കിക്കൊണ്ടു ഇത് തമിഴില്‍ പുനര്‍ നിര്‍മിക്കാനായി നിര്‍മാതാക്കള്‍ ശ്രീനിവാസനെ സമീപിച്ചപ്പോഴാണ് ശ്രീനിവാസനും രജനീകാന്തും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നേരില്‍ കാണുന്നത്. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍ : 22
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാം വര്‍ഷാവസാനം അവതരിപ്പിച്ച 'ചാവേര്‍പ്പട' എന്ന നാടകം തികച്ചും ഒരു പ്രൊഫഷണല്‍ നാടകത്തിന്റെ താളമേളങ്ങളോടും ചിട്ടകളോടുമാണ് അവതരിപ്പിക്കപ്പെട്ടത്. അഭിനയ വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കതു നല്ലൊരു അനുഭവം തന്നെ ആയിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായത്തിലെ പ്രഗത്ഭന്മാരൊക്കെ അന്ന് ആ നാടകം കാണാന്‍ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ 'കന്യാകുമാരി' എന്ന സിനിമയ്ക്കായി പുതുമുഖങ്ങളെ തേടി നടന്നിരുന്നത്. അദ്ദേഹവും ഞങ്ങളുടെ നാടകം കാണാന്‍ ഉണ്ടായിരുന്നു. നാടകം കഴിഞ്ഞപ്പോള്‍ എന്നെയും ജെയിംസിനെയും അദ്ദേഹം വന്നു അഭിനന്ദിച്ചു. പിന്നീട് ചില ഗോസിപ്പുകളില്‍ നിന്നും കേട്ടത്, അദ്ദേഹം തന്റെ പുതിയ സിനിമയില്‍ എന്നെയും ജെയിംസിനെയും അഭിനയിപ്പിക്കാന്‍ അനുവാദത്തിനായി ഫിലിം ചേംബര്‍ അധികാരികളെ സമീപിച്ചെന്നും, കോഴ്‌സ് പൂര്‍ത്തിയാവുന്നതിന് മുന്‍പ് അഭിനയിക്കാന്‍ പാടില്ലെന്ന് നിബന്ധന ഉണ്ടെന്നും പറഞ്ഞു അധികാരികള്‍ ആ അവസരം നിഷേധിച്ചെന്നുമാണ്. വാര്‍ത്ത സത്യമാണെങ്കിലും വ്യാജമാണെങ്കിലും, അത് ഞങ്ങളുടെ കഴിവുകള്‍ക്കുള്ള അംഗീകാരമായാണ് ഞാന്‍ അതിനെ കണക്കാക്കിയത്. വാസ്തവത്തില്‍ ആ നാടകത്തില്‍ അഭിനയിച്ച എന്റെ സഹപാഠികള്‍ എല്ലാവരും തന്നെ വളെര മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 'കന്യാകുമാരി' എന്ന സിനിമയില്‍ പിന്നീട് പ്രധാന വേഷം ചെയ്തത് കമലഹാസന്‍, പ്രേം നവാസ്, റീത്താ ഭാദുരി എന്നിവരായിരുന്നു.
മലയാളം ബാച്ചില്‍ ഏഴെട്ടു വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. അവരില്‍ രണ്ടുപേരാണ് പ്രത്യേകം ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ഒന്ന് കറുത്ത് മെലിഞ്ഞു പൊക്കം കുറഞ്ഞ ഒരു പയ്യന്‍. മറ്റേതു, നല്ല പൊക്കവും നല്ല ശരീരവുമുള്ള ഒരു സുമുഖന്‍. ആ കറുത്ത പയ്യന്റെ പേര് ശ്രീനിവാസന്‍. അതെ, പിന്നീട് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി വളര്‍ന്ന നടനും സംവിധായകനുമായ ശ്രീനിവാസന്‍.
നാട്ടില്‍ അപ്പോഴും ഞാന്‍ കൊച്ചിന്‍ വെസ്റ്റ് Rotaract ക്ലബ്ബിന്റെ പ്രസിഡന്റ് ആയിരുന്നു. വെല്ലൂരില്‍ വെച്ച് നടക്കുന്ന Rotary District Youth Leadership awards Seminar ല്‍ പങ്കെടുക്കാന്‍ എന്നെയും സെക്രട്ടറി സലീമിനെയും തെരഞ്ഞെടുത്ത വിവരം നാട്ടില്‍ എത്തിയപ്പോഴാണ് അറിഞ്ഞത്. വെല്ലൂരില്‍ പ്രൗഡമായ ഒരു സദസ്സിനു മുന്‍പില്‍ വെച്ച് leadership award സ്വീകരിക്കാനും ഇംഗ്ലീഷില്‍ സദസ്സിനെ അഭിസംബോധന ചെയ്യാനുള്ള അവസരവും ഉണ്ടായി. രണ്ടു ദിവസത്തെ സെമിനാര്‍ കഴിഞ്ഞ്, നാട്ടില്‍ പോകാതെ നേരിട്ട് മദ്രാസിലേക്കാണ് വന്നത്. അതുകൊണ്ടു അവധിക്കാലത്തും നാട്ടില്‍ അധികം നില്‍ക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം വര്‍ഷത്തിന്റെ ആരംഭം സംഭവബഹുലമായിരുന്നു. ഞങ്ങളുടെ ഒരു മാസത്തെ അവധിക്കാലത്തു തന്നെ പുതിയ ബാച്ചിന്റെ സ്‌ക്രീന്‍ ടെസ്റ്റും, ഇന്റര്‍വ്യൂയും ഒക്കെ കഴിഞ്ഞിരുന്നു. ഞങ്ങളുടെ ക്‌ളാസ്സുകള്‍ തുടങ്ങി അല്‍പ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ എത്തി. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്ന് റാഗിങ്ങ് ഔദ്യോഗികമായി നിരോധിച്ചിട്ടില്ലായിരുന്നു. അഭിനയ വിദ്യാര്‍ഥികള്‍ ആയതു കൊണ്ട്, സഭാകമ്പം മൂലമുണ്ടാകുന്ന ഉള്‍വലിയലുകള്‍ ഒക്കെ മാറിക്കിട്ടാന്‍ അല്‍പം റാഗിങ്ങ് നല്ലതാണു എന്ന അഭിപ്രായക്കാരായിരുന്നു പ്രിന്‍സിപ്പലും അധ്യാപകരും. എങ്കിലും അതിരു കടക്കുകയോ അക്രമത്തിലേക്ക് പോവുകയോ ചെയ്യരുതെന്ന് അവര്‍ താക്കീതു ചെയ്തിരുന്നു.
നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി, പുതിയ ബാച്ചില്‍ ധാരാളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അവരെയെല്ലാം, വലിയ പെര്‍ഫോമന്‍സ് ഹാളില്‍ വിളിച്ചു കൂട്ടി. ശിവാജി (രജനീകാന്ത്) ആയിരുന്നു റാഗിംഗിന് നേതൃത്വം നല്‍കിയത്. മലയാളം ബാച്ചില്‍ ഏഴെട്ടു വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. അവരില്‍ രണ്ടുപേരാണ് പ്രത്യേകം ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ഒന്ന് കറുത്ത് മെലിഞ്ഞു പൊക്കം കുറഞ്ഞ ഒരു പയ്യന്‍. മറ്റേതു, നല്ല പൊക്കവും നല്ല ശരീരവുമുള്ള ഒരു സുമുഖന്‍. ആ കറുത്ത പയ്യന്റെ പേര് ശ്രീനിവാസന്‍. അതെ, പിന്നീട് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി വളര്‍ന്ന നടനും സംവിധായകനുമായ ശ്രീനിവാസന്‍. മറ്റെയാള്‍ 'ദ്വീപ്' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജോസ്. ഞങ്ങള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെക്കൊണ്ട് പാട്ടു പാടിക്കുകയും ഡാന്‍സ് ചെയ്യിക്കുകയും ഒക്കെ ചെയ്തു. ശ്രീനിവാസന്‍ ഞങ്ങള്‍ പറയുന്ന കാര്യങ്ങളെല്ലാം വളരെ അനുസരണയോടെ ചെയ്തു. എന്നാല്‍, ജോസിന് അല്‍പം ധാര്‍ഷ്ട്യം കൂടുതല്‍ ആയിരുന്നു. അത് ഞങ്ങളെ ചൊടിപ്പിച്ചു. ശിവാജി അയാളെക്കൊണ്ട് കൂടുതല്‍ പ്രകടനങ്ങള്‍ ചെയ്യിപ്പിച്ചു മെരുക്കി എടുത്തു.
(കോഴ്‌സ് തീരുന്നതിനു മുന്‍പ് അഭിനയിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ജോസ് ദ്വീപില്‍ അഭിനയിച്ചത് എന്ന വസ്തുതയും ഇവിടെ ഓര്‍ക്കുന്നു. ദ്വീപിന്റെ സംവിധായകന്‍ രാമു കാര്യാട്ടിന്റെ സ്വാധീനമാവാം അതിനു കാരണം. ദ്വീപിന്റെ നിര്‍മാതാവായ എന്‍.പി അബുവിന്റെ 'വിസ' എന്ന സിനിമയില്‍ ഞാന്‍ പിന്നീട് സഹസംവിധായകനായും നടനായും പങ്കെടുത്തു എന്നത് മറ്റൊരു കഥ.)
സൂപ്പര്‍സ്റ്റാറുകളെ പരിഹസിക്കാന്‍, ശ്രീനിവാസന്‍ സ്വയം 'ഉദയനാണു തരാം' എന്ന സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ആവുകയും, മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിനെ സംവിധായകന്‍ ആക്കുകയും ചെയ്തു. അങ്ങിനെ യഥാര്‍ഥ ജീവിതത്തിലെ സൂപ്പര്‍സ്റ്റാറും പ്രതിഭാശാലിയായ തിരക്കഥാകൃത്തും സിനിമയില്‍ പരസ്പരം റോളുകള്‍ കൈമാറി. ബുദ്ധിമാനായ ശ്രീനിവാസന്റെ ഒരു കൗശലം ആയിരുന്നു അത്.
ശ്രീനിവാസനെ കണ്ടപ്പോള്‍, സീനിയേഴ്‌സ് ആയ തെലുങ്ക് വിദ്യാര്‍ഥികള്‍ക്ക് ചിരി അടയ്ക്കാന്‍ കഴിഞ്ഞില്ല. ''സിനിമാ നടന്‍ ആകാന്‍ വന്ന ഇവന്റെ തൊലിക്കട്ടി അപാരം തന്നെ'' അവര്‍ പരിഹസിച്ചു. അവരൊക്കെ ആജാനുബാഹുക്കളും വെളുത്തു തുടുത്ത സുന്ദരന്മാരുമായിരുന്നു. പലരും തെലുങ്ക് സിനിമയിലെ സമ്പന്നരായ നിര്‍മാതാക്കളുടെയും മുതലാളിമാരുടെയും മക്കളായിരുന്നു. പക്ഷെ, വിധി ഓരോരുത്തര്‍ക്കും വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് ദൈവത്തിനു മാത്രമല്ലേ അറിയൂ. ശ്രീനിവാസന്‍ തന്റെ അസാധാരണമായ പ്രതിഭ കൊണ്ട് മലയാള സിനിമയെ കീഴടക്കി. മലയാളത്തില്‍ വിജയം കൈവരിച്ച അദ്ദേഹത്തിന്റെ പല സിനിമകളും, അന്യ ഭാഷകളില്‍ പുനര്‍ നിര്‍മിക്കപ്പെട്ടു. അങ്ങനെ അദ്ദേഹം തിരക്കഥാകൃത്തു, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രശസ്തനായി. അദ്ദേഹത്തെ പരിഹസിച്ച തെലുങ്ക് നടന്മാരില്‍ പലരും ഉദയം ചെയ്യുന്നതിന് മുന്‍പേ അസ്തമിച്ചു. ഞങ്ങളുടെ രണ്ടു വര്‍ഷം ജൂനിയര്‍ ആയ 'ചിരഞ്ജീവി' പിന്നീടു തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ ആയി എന്ന കാര്യം വിസ്മരിക്കുന്നില്ല.
ഞങ്ങളുടെ സഹപാഠികളില്‍ ആദ്യം പ്രശസ്തിയുടെ കൊടുമുടി കയറിയത് രജനീകാന്ത് ആയിരുന്നു. പക്ഷെ, അപ്പോഴും ഞങ്ങളില്‍ പലരും സിനിമയുടെ പാര്‍ശ്വങ്ങളില്‍ അധ്വാനിച്ചു ജീവിക്കുന്നുണ്ടായിരുന്നു. പ്രശസ്തനായ സൂപ്പര്‍ സ്റ്റാറിന്റെയും, കഷ്ടപ്പെടുന്ന സഹപാഠികളുടെയും ജീവിതം പശ്ചാത്തലം ആക്കിക്കൊണ്ടു ശ്രീനിവാസന്‍ രചിച്ച തിരക്കഥയാണ്, മമ്മൂട്ടിയെ നായകനാക്കി 2007 ല്‍ റിലീസ് ചെയ്ത 'കഥ പറയുമ്പോള്‍' എന്ന ചിത്രം. ഈ ചിത്രം സൂപ്പര്‍ ഹിറ്റ് ആയി. രജനീകാന്തിനെ നായകന്‍ ആക്കിക്കൊണ്ടു ഇത് തമിഴില്‍ പുനര്‍ നിര്‍മിക്കാനായി നിര്‍മാതാക്കള്‍ ശ്രീനിവാസനെ സമീപിച്ചപ്പോഴാണ് ശ്രീനിവാസനും രജനീകാന്തും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നേരില്‍ കാണുന്നത്. അന്ന് രജനീകാന്ത് ശ്രീനിവാസനോട് പറഞ്ഞു: ''നിങ്ങള്‍ ഇത്ര വലിയ എഴുത്തുകാരന്‍ ആകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല''. ശ്രീനിവാസന്‍ പ്രതിവചിച്ചു: 'നിങ്ങള്‍ ഇത്ര വലിയ സൂപ്പര്‍ സ്റ്റാര്‍ ആകുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല''.
രജനീകാന്തും ശ്രീനിവാസനും രണ്ടു പ്രതീകങ്ങളാണ്. രണ്ടു പേരും അത്ര സമ്പന്നമല്ലാത്ത കുടുംബ പശ്ചാത്തലത്തില്‍ നിന്നും വന്നവര്‍. രണ്ടു പേരും കറുത്ത നിറമുള്ളവര്‍. ഗ്ലാമറിന്റെ ലോകമായ സിനിമയ്ക്ക് ചേരാത്തവര്‍ എന്ന് സഹപാഠികളും മറ്റുള്ളവരും പരിഹസിച്ചവര്‍. പക്ഷെ, അവര്‍ക്കു തങ്ങളുടെ കഴിവിലുള്ള ആത്മവിശ്വാസവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തുമാണ് കൈമുതലായി ഉണ്ടായിരുന്നത്. അവര്‍ രണ്ടുപേരുമാണ്, ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ രണ്ടു ബാച്ചുകളില്‍ നിന്ന് സിനിമയില്‍ വെന്നിക്കൊടിപാറിച്ചവര്‍.
ശിവാജി (രജനീകാന്ത്) പഠിക്കുന്ന സമയത്തു തന്റെ തൊലിയുടെ നിറത്തെക്കുറിച്ചു അപകര്‍ഷതാ ബോധം ഉള്ള ഒരാളായിരുന്നു എന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ടല്ലോ. കുറെ നാള്‍ ഒന്നിച്ചു താമസിച്ചിരുന്നത് കൊണ്ട് രജനീകാന്തിന്റെ ജീവിത പരിസരവും, അദ്ദേഹത്തിന്റെ പ്രകൃതവും ഒക്കെ എനിക്ക് അടുത്തറിയാന്‍ കഴിഞ്ഞിരുന്നു. ശ്രീനിവാസന് അങ്ങനെ അപകര്‍ഷതാബോധം ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ, അദ്ദേഹം എപ്പോഴും തന്റെ ന്യൂനതകളെയും കുറവുകളേയും ഒക്കെ സ്വയം പരിഹസിച്ചുകൊണ്ടാണ് തന്റെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്നത്. എന്നാല്‍, ബാഹ്യമായ രൂപത്തെക്കാള്‍ അദ്ദേഹം തന്റെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്നത് അസാധാരണ പ്രതിഭ ആയിരുന്നു. അവനവന്റെ കഴിവിലും സൗന്ദര്യത്തിലും പൊങ്ങച്ചം നടിക്കുന്നവരേക്കാള്‍ ജനം ഇഷ്ടപ്പെടുന്നത് സ്വന്തം ന്യൂനതകളെ സ്വയം പരിഹസിക്കുകയും തന്റെ കുറ്റങ്ങളും കുറവുകളും സ്വയം വിമര്‍ശന വിധേയമാക്കുകയും ചെയ്യുന്നവരെയാണ്.
ചാര്‍ലി ചാപ്ലിന്‍ എന്ന വിഖ്യാത നടനെപ്പോലെ, ശ്രീനിവാസനും സ്വന്തം പരിമിതികള്‍ക്കു നേരെയാണ് കാമറ തിരിച്ചു വെച്ചത്. തന്റെ പൊക്കമില്ലായ്മയും, കറുത്ത നിറവും, സൗന്ദര്യക്കുറവും ഒക്കെ ശ്രീനിവാസന്‍ വിറ്റു കാശാക്കി. സൂപ്പര്‍സ്റ്റാറുകളെ പരിഹസിക്കാന്‍, ശ്രീനിവാസന്‍ സ്വയം 'ഉദയനാണു താരം' എന്ന സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ആവുകയും, മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിനെ സംവിധായകന്‍ ആക്കുകയും ചെയ്തു. അങ്ങിനെ യഥാര്‍ഥ ജീവിതത്തിലെ സൂപ്പര്‍സ്റ്റാറും പ്രതിഭാശാലിയായ തിരക്കഥാകൃത്തും സിനിമയില്‍ പരസ്പരം റോളുകള്‍ കൈമാറി. ബുദ്ധിമാനായ ശ്രീനിവാസന്റെ ഒരു കൗശലം ആയിരുന്നു അത്. താരങ്ങളല്ല, പ്രതിഭയുള്ള തിക്കഥകൃത്തുക്കളും സംവിധായകരുമാണ് സിനിമയിലെ യഥാര്‍ഥ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന് ശ്രീനിവാസന്‍ സ്ഥാപിച്ചു.
ശ്രീനിവാസന്റെ കഥയില്‍ രജനീകാന്ത് നായകനായ, 2008 ല്‍ റിലീസ് ആയ 'കുസേലന്‍' എന്ന സിനിമയും സൂപ്പര്‍ ഹിറ്റ് ആയി. ഇതില്‍ ബാര്‍ബറുടെ വേഷം ചെയ്തത് പശുപതി ആണ്. ഇത് തെലുങ്കിലും നിര്‍മിക്കപ്പെട്ടു. അവിടെയും ഹിറ്റ് ആയി. പിന്നെ ഇത് ഷാരൂഖ് ഖാനും ഇര്‍ഫാന്‍ ഖാനും അഭിനേതാക്കളായി ' ബില്ലു ബാര്‍ബര്‍' എന്ന പേരില്‍ ഹിന്ദിയിലും നിര്‍മിക്കപ്പെട്ടു. അവിടെയും അത് സൂപ്പര്ഹിറ്റ് ആയി. അങ്ങിനെ അന്ന് രജനീകാന്ത് (ശിവാജി) റാഗ് ചെയ്തപ്പോള്‍ വിനയാന്വിതനായി അനുസരിച്ച ശ്രീനിവാസന്‍ എന്ന ജൂനിയര്‍ പയ്യന്‍ സൂപ്പര്‍ തിരക്കഥാകൃത്തായി, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനായ സിനിമ 32 വര്ഷങ്ങള്‍ക്കു ശേഷം പിറന്ന് ചരിത്രം കുറിച്ചു.
( തുടരും)