പെരുവഴിയിലായ ഒരു പാതിരാത്രിയില്‍
ഞാന്‍ ഇറങ്ങി. മാത്യു സാര്‍ ഡോര്‍ വലിച്ചടച്ചു. കറുത്ത പുക വിട്ടുകൊണ്ട് കാര്‍ മുന്നോട്ടാഞ്ഞു. നീണ്ടു നിവര്‍ന്നു കിടക്കുന്ന വിജനമായ റോഡിലൂടെ കാര്‍ അനന്തതയിലേക്ക് അകന്നു പോയി. അതിന്റെ ടെയില്‍ ലൈറ്റിന്റെ ചുവന്ന വെളിച്ചം അകലെ കണ്ണില്‍ നിന്ന് മറയുന്നതിനു മുന്‍പേ അത് ഔട്ട് ഓഫ് ഫോക്കസ് ആയി, കാരണം എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 27
ആലപ്പുഴ ഉദയ സ്റ്റുഡിയോയിലെ ചിത്രീകരണത്തിന് ശേഷം, പുനലൂര്‍, പാലാ എന്നിവിടങ്ങളിലെ ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങും കഴിഞ്ഞു ഞങ്ങള്‍ മദിരാശിയില്‍ തിരിച്ചെത്തി. ചെറുപുഷ്പം ഫിലിംസ് നിര്‍മിച്ച ''അനാവരണം'' സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നുങ്കമ്പാക്കത്തുള്ള ഒരു എഡിറ്റിംഗ് സ്റ്റുഡിയോയില്‍ ആയിരുന്നു നടന്നിരുന്നത്. ഡെവലപ്പ് ചെയ്ത നെഗറ്റീവില്‍ നിന്നും, ഷൂട്ടിംഗ് റിപ്പോര്‍ട്ട് പ്രകാരം, ഓക്കേ ഷോട്ടുകള്‍ തെരഞ്ഞെടുത്തു അവയെ ക്രമത്തില്‍ ആക്കുക എന്നതായിരുന്നു ആദ്യത്തെ ജോലി. ഷൂട്ടിംഗ് റിപ്പോര്‍ട്ട് എഴുതിയത് ഞാന്‍ തന്നെ ആയതു കൊണ്ട് ആ ജോലി ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്. ഫൈനല്‍ എഡിറ്റിംഗ് സമയത്തു മാത്രമേ വിന്‍സെന്റ് മാസ്റ്റര്‍ വരികയുള്ളു. എഡിറ്റര്‍ വെങ്കട്ടരാമന്‍ സാറിന്റെ അസ്സിസ്റ്റന്റും ഞാനും കൂടിയിരുന്നാണ് ഈ ജോലികള്‍ ചെയ്തിരുന്നത്. അസ്സോസിയേറ്റ് ഡയറക്ടര്‍ മേലാറ്റൂര്‍ രവി വര്‍മ്മ, ഈ ഘട്ടത്തില്‍ എല്ലാ ദിവസവും സ്റ്റുഡിയോയില്‍ വരാറില്ല. വന്നാല്‍ തന്നെ അദ്ദേഹം കൂടെക്കൊണ്ടുവരുന്ന ഒരു ഇംഗ്ലീഷ് നോവലും വായിച്ചിരിക്കും. അല്ലെങ്കിലും ഈ ഘട്ടത്തില്‍ അദ്ദേഹത്തിനും വലിയ പണിയൊന്നുമില്ല. പിന്നെ അദ്ദേഹത്തിന് എന്റെ ജോലിയില്‍ വിശ്വാസവും തൃപ്തിയും ഉണ്ടായിരുന്നത് കൊണ്ട്, അദ്ദേഹം ആ ജോലികള്‍ പൂര്‍ണ്ണമായും എന്നെ ഏല്‍പിച്ചു.
സിനിമയിലെ വളരെ സീനിയര്‍ ആയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു മാത്യു സാര്‍. കൂടാതെ വളരെ കണിശക്കാരനും. യൂണിറ്റില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം അദ്ദേഹത്തെ ഭയമായിരുന്നു. എല്ലാ കാര്യങ്ങളും തന്റെ മേല്‍നോട്ടത്തില്‍ തന്നെ നടക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടു തന്നെയാണ് മുന്‍കൂട്ടി അറിയിച്ചതനുസരിച്ചു വര്‍ക്ക് കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ കാറുമായി വന്നത്.
ഞാന്‍ രാവിലെ വളരെ നേരത്തെ തന്നെ സ്റ്റുഡിയോയില്‍ എത്തും. അമിഞ്ചിക്കരയില്‍ നിന്നും രണ്ടു ബസ്സില്‍ കയറിയാണ് ഞാന്‍ നുങ്കമ്പാക്കത് എത്തുക. അന്ന് അമിഞ്ചിക്കര, നഗരത്തിന്റെ പ്രാന്ത പ്രദേശമാണ്. രാത്രി ജോലി കഴിഞ്ഞു, മിക്കവാറും അവസാനത്തെ ബസ്സിലാണ് തിരിച്ചു പോവുക. ഒരു ദിവസം രാത്രി വളരെ വൈകിയാണ് ജോലി തീര്‍ന്നത്. പിറ്റേ ദിവസം റഷ് പ്രിന്റിങ്ങിനായി മുഴുവന്‍ നെഗറ്റീവ് റോളുകളും ലാബില്‍ ഏല്‍പ്പിക്കണമായിരുന്നു. ജോലി മുഴുവന്‍ കഴിഞ്ഞപ്പോള്‍ രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മാത്യു സാര്‍ അപ്പോഴേക്കും കാറുമായി എത്തി. ഈ മാത്യു സാറിനെ കുറിച്ച് രണ്ടു വാക്ക് പറയേണ്ടതുണ്ട്. എല്ലാവരും അദ്ദേഹത്തെ 'മാത്യു സാര്‍' എന്ന് തന്നെയാണ് വിളിക്കുന്നത്. സിനിമയിലെ സീനിയര്‍ നടന്‍മാര്‍ പോലും അദ്ദേഹത്തെ അങ്ങിനെ വിളിക്കുന്നത് കേട്ടിട്ടുണ്ട്. ആരും അദ്ദേഹത്തെ മാത്യു എന്ന് വിളിക്കാറില്ല. സിനിമയിലെ വളരെ സീനിയര്‍ ആയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു അദ്ദേഹം. കൂടാതെ വളരെ കണിശക്കാരനും. യൂണിറ്റില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം അദ്ദേഹത്തെ ഭയമായിരുന്നു. എല്ലാ കാര്യങ്ങളും തന്റെ മേല്‍നോട്ടത്തില്‍ തന്നെ നടക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടു തന്നെയാണ് മുന്‍കൂട്ടി അറിയിച്ചതനുസരിച്ചു വര്‍ക്ക് കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ കാറുമായി വന്നത്. പ്രിന്റ് ചെയ്യാനുള്ള നെഗറ്റീവ് റോളുകള്‍ അന്ന് രാത്രി തന്നെ ലാബില്‍ എത്തിക്കാനായിരുന്നു അദ്ദേഹം കാറുമായി വന്നത്. ഞങ്ങള്‍ ആദ്യം പോയത് ലാബിലേക്ക് ആയിരുന്നു. ഫിലിം റോളുകള്‍ ലാബില്‍ ഏല്‍പിച്ചു രശീത് കൈപ്പറ്റിയ ശേഷം, കോടമ്പാക്കത് തന്നെ താമസിക്കുന്ന എഡിറ്റിംഗ് അസ്സിസ്റ്റന്റുമാരെ ഇറക്കി. അതുകഴിഞ്ഞു, കാര്‍ നുങ്കമ്പാക്കം ഹൈ റോഡില്‍ നിന്ന്, മൗണ്ട് റോഡിലേക്ക് പ്രവേശിക്കാന്‍ തിരിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു?
'' സാര്‍, എനിക്ക് അമിഞ്ചിക്കരയിലേക്കാണ് പോകേണ്ടത്. ഇവിടന്നു ഇടത്തോട്ട് പോകണം''.
'' അമിഞ്ചിക്കരയിലേക്കോ? '' മാത്യു സാര്‍ ദേഷ്യത്തോടെ ചോദിച്ചു.
'' അതെ, ഞാന്‍ അവിടെ അരുണ്‍ ഹോട്ടലില്‍ ആണ് താമസിക്കുന്നത്''
''താന്‍ എവിടെ വേണമെങ്കിലും താമസിച്ചോ. ഈ പാതിരാക്ക് രണ്ടു മൂന്നു മൈല്‍ ചുറ്റി തന്നെ അവിടെകൊണ്ടു വിടാനൊന്നും പറ്റില്ല. താന്‍ ഇവിടെ ഇറങ്ങിക്കോ'' അദ്ദേഹം നിര്‍ദയമായി പറഞ്ഞു.
''സാര്‍ ഈ സമയത്തു വണ്ടിയൊന്നും കിട്ടൂല്ല'' ഞാന്‍ ദയനീയമായി പറഞ്ഞു.
''ഇറങ്ങെടോ '' മാത്യു സാര്‍ അലറി.
ഞാന്‍ ഇറങ്ങി. അദ്ദേഹം ഡോര്‍ വലിച്ചടച്ചു. കറുത്ത പുക വിട്ടുകൊണ്ട് കാര്‍ മുന്നോട്ടാഞ്ഞു. നീണ്ടു നിവര്‍ന്നു കിടക്കുന്ന വിജനമായ റോഡിലൂടെ കാര്‍ അനന്തതയിലേക്ക് അകന്നു പോയി. അതിന്റെ ടെയില്‍ ലൈറ്റിന്റെ ചുവന്ന വെളിച്ചം അകലെ കണ്ണില്‍ നിന്ന് മറയുന്നതിനു മുന്‍പേ അത് ഔട്ട് ഓഫ് ഫോക്കസ് ആയി, കാരണം എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
*******
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, ഈ സംഭവത്തെക്കുറിച്ചു മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ഞാനെഴുതിയ ഒരു ലേഖനം അവസാനിക്കുന്നത് മേല്‍എഴുതിയ വരിയിലാണ്. ദൂരദര്‍ശനില്‍ തുടരെത്തുടരെ എന്റെ കുറെ സീരിയലുകള്‍ വരുകയും ജനപ്രിയം ആവുകയും ചെയ്തതോടെ ഒരു പുതിയ 'സെലിബ്രിറ്റി സ്റ്റാറ്റസ് ' കൈവന്നു. അങ്ങിനെയാണ് മനോരമ ആഴ്ചപ്പതിപ്പിലേക്കു ഒരു അനുഭവ കഥ എഴുതാനുള്ള ക്ഷണം വരുന്നത്. വാരികയുടെ ഒന്നാം പേജില്‍ വരുന്ന ഈ പരമ്പരയില്‍ വിവിധ മേഖലകളിലെ പ്രഗത്ഭര്‍ ആണ് അവരുടെ അനുഭവങ്ങള്‍ കുറിച്ചിരിക്കുന്നത്. എല്ലാവരും എഴുതിയിരിക്കുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും തിളക്കമേറിയ നിമിഷങ്ങളെക്കുറിച്ചാണ്. പി.ടി ഉഷ മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒളമ്പിക് മെഡല്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചു എഴുതിയിരുന്നു. എനിക്കതുവരെ അങ്ങിനെ തിളക്കമുള്ള അനുഭവങ്ങള്‍ ഒന്നുമില്ലാതിരുന്ന കൊണ്ട് ഞാന്‍ ഏറ്റവും വേദനിച്ച, മുകളില്‍ എഴുതിയ അനുഭവമാണ് എഴുതിയത്. ലേഖനത്തിന്റെ അവസാനത്തില്‍ എഴുത്തുകാരന്റെ പൂര്‍ണ്ണ വിലാസവും കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആ ലേഖനത്തോടൊപ്പം എന്റെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു, ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ. ആ ലേഖനം പ്രസിദ്ധീകരിച്ചതിന് ശേഷം, എനിക്ക് കത്തുകളുടെ പ്രവാഹമായിരുന്നു. അന്ന് മൊബൈല്‍ ഫോണും നവമാധ്യമങ്ങളും ഒന്നും പ്രചാരത്തില്‍ ഇല്ലാത്ത കാലമാണ്. പോസ്റ്റുമാന്‍ തന്നെയാണ് പ്രധാന സന്ദേശവാഹകന്‍. ദിവസേന നൂറുകണക്കിന് കത്തുകളുമായാണ് പോസ്റ്റുമാന്‍ വീടിന്റെ പടി കടന്നു വരുന്നത്. മലയാള മനോരമ വാരികയുടെ പ്രചാരം അന്നാണ് ഞാന്‍ മനസ്സിലാക്കിയത്. സ്ത്രീ പുരുഷ ഭേദമന്യേ ആയിരത്തോളം കത്തുകള്‍ എനിക്ക് കിട്ടി. എല്ലാം എന്നോട് അനുഭവവും സഹതാപവും ഐക്യദാര്‍ഢ്യവും ഒക്കെ പ്രഖ്യാപിച്ചുള്ള കത്തുകള്‍. കൂട്ടത്തില്‍ പ്രേമലേഖനങ്ങളുമുണ്ടായിരുന്നു.
***********
ആ സംഭവത്തിന്റെ, അന്നത്തെ ലേഖനത്തില്‍ ഉള്‍പ്പെടുത്താത്ത, തുടര്‍ച്ച ഇങ്ങനെയായിരുന്നു.
പകല്‍ തിരക്കുകൊണ്ടു ശ്വാസം മുട്ടുന്ന മദ്രാസ് നഗരത്തിലെ വീതിയേറിയ റോഡുകള്‍ ഇപ്പോള്‍ തീര്‍ത്തും വിജനമാണ്. ഞാന്‍ നടക്കാന്‍ തുടങ്ങി. കിലോമീറ്ററുകള്‍ താണ്ടാനുണ്ട്. വളരെ അവശനാകുമ്പോള്‍ ഞാന്‍ റോഡരികില്‍ ഇരിക്കും. അല്‍പം കഴിഞ്ഞു വീണ്ടും നടക്കും. ദാഹിച്ചു വലഞെങ്കിലും കുടിക്കാനുള്ള വെള്ളം ഇല്ലായിരുന്നു. വളരെ അവശനായാണ് ഞാന്‍ റൂമില്‍ എത്തിയത്.
രാവിലെ വളരെ വൈകിയാണ് ഞാനുണര്‍ന്നത്. ശരീരമാസകലം വേദനയുണ്ടായിരുന്നു. കുളിച്ചു റെഡി ആയതിനു ശേഷം ഞാന്‍ വിന്‍സെന്റ് മാസ്റ്ററുടെ വീട്ടിലേക്കു പോയി. നെഗറ്റീവ് റോളുകള്‍ സോര്‍ട് ഔട്ട് ചെയ്തു ലാബില്‍ ഏല്‍പ്പിച്ച കാര്യം പറഞ്ഞു. രാവിലെ മറ്റു ചില ജോലികള്‍ ഏല്‍പ്പിക്കാനുണ്ടായിരുന്നത് കൊണ്ട്, നേരത്തെ വരാന്‍ മാഷ് പറഞ്ഞിരുന്നു. പക്ഷെ, ഞാന്‍ വൈകിയാണ് എത്തിയത്.
''സിനിമ രംഗത്ത് punctuality വളരെ പ്രധാനമാണ്. സമയത്തിന് വളരെ വിലയുള്ള ഫീല്‍ഡാണ്''
മാഷ് അല്‍പം നീരസത്തോടെയാണത് പറഞ്ഞത്.
നിവൃത്തിയില്ലാതെ, മടിച്ചു മടിച്ചാണെങ്കിലും ഞാന്‍ ഇന്നലെ രാത്രിയിലെ അനുഭവം പറഞ്ഞു. കേട്ട് കഴിഞ്ഞപ്പോള്‍ മാഷിന്റെ മൂക്ക് കോപം കൊണ്ട് ചുവന്നു. അദ്ദേഹം ഉടനെ അകത്തേക്ക് പോയി. ആരോടോ ഫോണില്‍ സംസാരിക്കുന്നതു കേട്ടു. അല്‍പം കഴിഞ്ഞു മാഷ് പുറത്തേക്കു വന്നു.
അദ്ദേഹം പറഞ്ഞു :
''മറ്റന്നാള്‍ റഷ് പ്രിന്റ് ആയി വരും. ലാബ് തീയേറ്ററില്‍ റഷ് കാണാന്‍ ഞാന്‍ വരും. അത് കഴിഞ്ഞു അന്ന് തന്നെ റഫ് കട്ട് തുടങ്ങണം. റീലീസ് തീയതി തീരുമാനിച്ചു കഴിഞ്ഞതാണ്. ഇനി വിശ്രമമില്ലാത്ത ജോലിയാണ്. അയൂബ് എല്ലാ ജോലികളും അറ്റന്‍ഡ് ചെയ്യണം''
''ശരി സാര്‍'' ഞാന്‍ പറഞ്ഞു.
''ഇനി മുതല്‍ രാവിലെ പിക്ക് അപ്പ് ചെയ്യാന്‍ വണ്ടി വരും. രാത്രി എത്ര വൈകിയാലും ഹോട്ടലില്‍ ഡ്രോപ്പ് ചെയ്യും''
ഞാന്‍ എഴുന്നേറ്റു നിന്ന് കൈ കൂപ്പി. ''ശരി സാര്‍''
എന്റെ കണ്ണുകള്‍ സജലങ്ങളായി.
( തുടരും)