ലഹരി വ്യാപനത്തിന് പിന്നിൽ അബ്കാരി മാഫിയ

ബോധവത്കരണങ്ങൾ ഇത്രയും സജീവമല്ലാത്ത കാലത്ത് സ്വന്തം റിസ്കിൽ ബോധവത്കരണക്ലാസുകൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് അസി.എക്സൈസ് ഇൻസ്പെക്ടറായി വിരമിച്ച ടി വർഗീസ്. ലഹരിവിരുദ്ധബോധവത്കരണത്തെകുറിച്ച്,ലഹരിമാഫിയയെ കുറിച്ച്, നമ്മുടെ കാഴ്ചപ്പാടിൽ വരേണ്ട മാറ്റങ്ങളെ കുറിച്ച് വർഗീസ് സംസാരിക്കുന്നു.

Update: 2022-10-08 12:34 GMT
 ലഹരി കേരളത്തെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്. മുമ്പൊന്നും കേൾക്കാത്ത രീതിയിലുള്ള മാരകമായ സിന്തറ്റിക് ഡ്രഗുകൾ വരെ ഇന്ന് കേരളത്തിൻെറ മുക്കിലും മൂലയിലും സുലഭമായി കിട്ടുന്നു.അത് വാങ്ങാനും വിൽക്കാനും ആളുണ്ടാകുന്നു. ഈ സാമൂഹ്യവിപത്തിനെ മുന്നിൽ കണ്ടാണ് കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള കാമ്പസുകളിലും വിദ്യാലയങ്ങളിലും സർക്കാർ ഈ ഒക്ടോബർ മുതൽ ബോധവത്കരണക്ലാസുകൾ നടത്തുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ഒക്ടോബർ ആറിന് നിർവഹിച്ചു. ബോധവത്കരണങ്ങൾ ഇത്രയും സജീവമല്ലാത്ത കാലത്ത് സ്വന്തം റിസ്കിൽ ബോധവത്കരണക്ലാസുകൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് അസി.എക്സൈസ് ഇൻസ്പെക്ടറായി വിരമിച്ച ടി.വർഗീസ്. മലപ്പുറം സ്വദേശിയായ ഇദ്ദേഹം കേരളത്തിലുടനീളം ജോലി ചെയ്തിട്ടുണ്ട്.ഇതിനോടകം തന്നെ5000 ത്തിലധികം ബോധവത്കരണ ക്ലാസുകൾ അദ്ദേഹം എടുത്തിട്ടുണ്ട്. സർവീസിലിരിക്കെ ബോധവത്കരണ ക്ലാസുമായി ഇറങ്ങിത്തിരിക്കുമ്പോൾ നിങ്ങൾക്ക് ബോധവത്കരണം നടത്താൻ എന്താണ് അവകാശം എന്നുവരെ ചോദ്യങ്ങൾ വർഗീസിനും സഹപ്രവർത്തകർക്കും നേരെ ഉയർന്നിരുന്നു. അന്നുമുതൽ ഇന്നുവരെയുളള ലഹരിവിരുദ്ധബോധവത്കരണത്തെകുറിച്ച്,ലഹരിമാഫിയയെ കുറിച്ച്, നമ്മുടെ കാഴ്ചപ്പാടിൽ വരേണ്ട മാറ്റങ്ങളെ കുറിച്ച് വർഗീസ് സംസാരിക്കുന്നു.


ലഹരിയെകുറിച്ച് ബോധവത്കരണങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. ശരിക്കും ബോധവത്കരണത്തിൻെറ ബാല പാഠങ്ങൾ എവിടെ നിന്നാണ് തുടങ്ങേണ്ടത്...?

ലഹരി ഇതാണ് അതാണ്, അതടിച്ചാൽ ഭയഭങ്കര പ്രശ്നമാണ്,അതിന് ഈ ദോഷമുണ്ട്..എന്നൊക്കെ ദൃശ്യവത്കരിച്ച് ചെയ്ത് ഗംഭീരമാക്കി കാണിക്കുകയാണ് ഇപ്പോൾ നടക്കുന്ന നല്ലൊരു ശതമാനവും ബോധവത്കരണ ക്ലാസുകളിൽ നടക്കുന്നത്. ശരിക്കും ഇതാണോ ബോധവത്കരണം എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഞാൻ പറയുക.അതിനപ്പുറം എന്താണീ സാധനം എന്ന് പരിചയപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ട്. ആ കാര്യത്തിൽ നാം പിന്നോട്ടാണ് എന്നതാണ് വലിയ സത്യം...

എന്തുകൊണ്ടാണ് ലഹരിക്ക് ഇന്നിത്രയും ആവശ്യക്കാരുണ്ടാകുന്നത്?

നമ്മുടെ സ്വാഭാവികമായ മാനസികാവസ്ഥയിലേക്ക് മാറ്റം വരുത്താൻ കഴിയുന്നതും പ്രകൃതിയിൽ നിന്ന് നേരിട്ട് കിട്ടുന്നതോ അല്ലെങ്കിൽ കൃത്രിമമായി നിർമിക്കുന്നതോ ആയ ധാരാളം വസ്തുക്കൾ നമ്മുടെ സാമൂഹിക ചുറ്റുവട്ടത്ത് ഇന്നലെയും ഉണ്ട്, ഇന്നും ഉണ്ട്.അത് പലപ്പോഴും പല ആവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ആരോഗ്യരംഗത്തൊക്കെ ഇതിന് ഒരുപാട് ആവശ്യങ്ങളുണ്ട്.പക്ഷേ,ഇന്നതിൻെറ ഉപയോഗം വഴിമാറി അതൊരു ലാഭക്കൊതിക്ക് വേണ്ടി, അതെല്ലെങ്കിൽ സമൂഹത്തെ കാർന്നുതിന്നുന്ന സാംക്രമികരോഗമായി വ‍ളരുന്ന സാഹചര്യത്തിലേക്ക് എത്തപ്പെട്ടു. ഇന്നലകളിൽ നിന്ന് വ്യത്യസ്തമായി ലഹരിക്ക് അംഗീകാരം നൽകിയിട്ടുള്ള സാമൂഹിക ക്രമം നമ്മുടെ സമൂഹത്തിൽ വന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലഹരി വസ്തുക്കളോടുള്ള വിധേയത്വം കുറഞ്ഞുനിന്ന കാലഘട്ടമുണ്ടായിരുന്നു. പക്ഷേ ഇന്ന് ലഹരി ഉപയോഗിക്കുന്നതിൽ വലിയ കുഴപ്പമില്ല എന്ന പശ്ചാത്തലം ഇവിടെ ഒരുക്കപ്പെട്ടു.അതിെൻറ പരിണിത ഫലമാണ് ആ ലഹരിയിൽ നിന്നും കൂടുതൽ കൂടുതൽ ലഹരി തേടിയുള്ള യാത്രയിലേക്ക് സമൂഹം പോയിക്കൊണ്ടിരിക്കുന്നത്.



നാമിന്ന് സംസാരിക്കുന്നതെല്ലാം മയക്കുമരുന്നും അതുപോലെയുള്ള ലഹരിയെക്കുറിച്ചുമാണ്..പക്ഷേ ഇതിൻെറയെല്ലാം തുടക്കം മദ്യമാണ് എന്ന് നാം മറന്നുപോകുന്നുണ്ടോ..‍?

പല ബോധവത്കരണ ക്ലാസുകളിലും മദ്യത്തെ കുറിച്ച് ഒരുവാക്കും പറയുന്നില്ല.സ്കൂളുകളിലേക്ക് കൊടുത്തിട്ടുള്ള സർക്കുലറിൽ മദ്യത്തെ കുറിച്ചൊന്നും പറയുന്നില്ല. ലഹരിക്കടിമയാകുന്ന കുട്ടി ആദ്യം രുചിച്ച് നോക്കുന്നത് ഏതാണ് എന്ന് നമുക്കറിയാത്തതൊന്നുമല്ല. പക്ഷേ അറിഞ്ഞില്ല എന്ന് നടക്കുകയാണ്.മുമ്പ് മദ്യവും പുകയില ഉൽപ്പന്നങ്ങളും കുറച്ച് മയക്കുമരുന്ന് ഉൽപ്പന്നങ്ങളും കുറച്ച് ഔഷധങ്ങളമായിരുന്നു ലഹരിയായി ഉപയോഗിച്ചിരുന്നത്.


പക്ഷേ, നമ്മുടെ ചുറ്റുവട്ടങ്ങളിൽ മദ്യം എന്നുള്ളതിന് ഒരു സാമൂഹിക അംഗീകാരം ലഭിക്കുകയും അത് നിയന്ത്രണമില്ലാതെ നമ്മുടെ സമൂഹത്തിൽ വിറ്റഴിക്കപ്പെടുകയും അത് ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യം വല്ലാതെ വലുതായി. ആദ്യ ഉപയോഗത്തിൽ നിന്നായിരിക്കും രണ്ടാമത്തെ ഉപയോഗത്തിലേക്ക് പോകുന്നത്. മദ്യമാണ് പലരും ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നത്. അതിൽ നിന്നാണ് അതിലും വീര്യം കൂടിയ ലഹരിയിലേക്ക് ഒട്ടുമിക്ക പേരും കടക്കുന്നത്.അതുകൊണ്ട് തന്നെ മദ്യത്തിന് ഈ അവസ്ഥയിലേക്ക് എത്തിച്ചതിൽ വലിയ പങ്കുണ്ടെന്ന് നിസ്സംശയം പറയാനാകും.

മദ്യത്തെയും മയക്കുമരുന്നുമരുന്നിനെയും പുകയിലെയും ഒക്കെ ലഹരിയായി കാണുകയും ബാലപാഠങ്ങൾ സർക്കാർ അംഗീകൃതമായി വിതരണം ചെയ്യുന്ന മദ്യത്തിൽ നിന്നു തന്നെയാണ് എന്ന് തറപ്പിച്ചു പറയണം.അങ്ങനെ പറയാൻ കഴിയുന്ന സമൂഹം ഇവിടെയുണ്ടാകണം.

ലഹരി ഉപയോഗം കൂടുന്നു എന്ന് പറയുന്നതല്ലാതെ അതിലൊരു ശാസ്ത്രീയമായ ഇടപെടൽ അത്യാവശ്യമല്ലേ ?

തീർച്ചയായും. സമൂഹത്തിൽ ലഹരി വർധിച്ചു എന്നു നാമെല്ലാവരും പറയുന്നുണ്ട്. പക്ഷേ അതിൻെറ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല. ലഹരിയുടെ ആദ്യ ഉപയോഗം എന്താണ് അത് ആരാണ് ഉപയോഗിക്കുന്നത്. ആരാണ് ഉൽപ്പാദിപ്പിക്കുന്നത്, അത്ആരാണ് വിതരണം ചെയ്തത്. അതിൻെറ ഇപ്പോഴത്തെ സാമൂഹ്യപശ്ചാത്തലം എന്താണ്..മാർക്കറ്റ് വില എന്താണ്.ആ വില ആരുടെ കൈകളിലേക്കാണ് എത്തുന്നത്.ഇതൊക്കെ നാം നന്നായി പഠിക്കുകയും അന്വേഷണം നടത്തുകയും വേണം. 50 രൂപയുടെ കഞ്ചാവുചെടി വിത്ത് മണ്ണിലിട്ടാൽ സ്വമേധയാ വളർന്ന് ആറുമാസം കൊണ്ട് അതിനെ 5000 രൂപ വിലയിലേക്ക് എത്തിക്കാൻ കഴിയുന്നുണ്ട്.

അതേപോലെ തന്നെയാണ് മദ്യവും. ഒരു ലിറ്റർ സ്പിരിറ്റിലേക്ക് രണ്ടര ലിറ്റർ വെള്ളം ചേർത്ത് മദ്യമാക്കിമാറ്റിയാൽ അതിൻെറ ഏകദേശ വില 100 രൂപ വരും. അത് ഇന്ന് വിറ്റഴിക്കപ്പെടുന്ന വില ആയിരമാണ്. ഇവിടെയൊരു ലഹരി ഉൽപ്പാദനത്തിൻെറയും വിതരണത്തിൻെറയും ഇടയിൽ നമ്മൾ കാണാതെ പോയ ഒരു വലിയ മാർക്കറ്റ് രൂപപ്പെട്ടിട്ടുണ്ട്. ഈ മാർക്കറ്റ് ആരാണ് നിയന്ത്രിക്കുന്നത്. ആർക്കാണ് ഉടമസ്ഥാവകാശം.. അവിടേക്ക് നമ്മൾ ഇനിയും എത്തിപ്പെട്ടില്ല. നമ്മൾ ചെയ്യുന്നത് പുകമറയാണ്. ഇതിലൊരു ശാസ്ത്രീയമായ ഇടപെടൽ സമൂഹത്തിൻറെ കൂടി ആവശ്യമാണ്. വിവേകപൂർണമായ ഒരു നയം ആവശ്യമാണ്.


നമ്മുടെ ചുറ്റുപാടുകൾ എങ്ങനെയാണ് ഒരാളെ ലഹരിയിലേക്ക് എത്തിക്കുന്നത്...?

ബിയറിലേക്കും വൈനിലേക്കും സ്വാഭാവികമായും ഒഴുകിയെത്തുന്ന തലമുറ അതിനേക്കാൾ കൂടുതൽ ലഹരി തേടുന്ന മദ്യത്തിലേക്കും പിന്നീട് മയക്കുമരുന്നിലേക്കും പോകുന്നതിലേക്ക് അതിശയോക്തിയുടെ ആവശ്യമില്ല.

ഈ കുഞ്ഞുമക്കൾ കാണുന്നത് അവരുടെ സ്കൂളിന് മുന്നിൽ സ്ഥാപിക്കപ്പെട്ട ബാറുകളാണ്. അതിന് ചുറ്റുമുള്ള പരിസരത്ത് കാണുന്നത് ലഹരിയുടെ ദോഷഫലങ്ങളെ കുറിച്ച് പ്രചരിപ്പിച്ച് നടക്കുന്ന സാമൂഹിക ചുറ്റുവട്ടങ്ങളെയാണ്. ഈ ചുറ്റുവട്ടങ്ങളിലുള്ള കുഞ്ഞിനോടാണ് നമ്മൾ ബോധവത്കരണം നടത്താൻ പോകുന്നത്. അത് വാട്ടർടാങ്കിൽ മാലിന്യമുണ്ടെങ്കിൽ അത് ടാപ്പ് മാറ്റി പരിഹരിക്കാവുന്നതിന് തുല്യമാണ്. നമുക്ക് സമഗ്രമായ ഇടപെടൽ വേണം..

ലഹരി വസ്തുക്കളുമായി ഇത്രയാളുകളെ പിടിച്ചു എന്ന് നാം വാർത്തകൾ വായിക്കാറുണ്ട്. അതിനപ്പുറം ആ കേസിൻറെ പിന്നാമ്പുറത്തേക്ക് എത്തിപ്പെടാൻ സാധിക്കുന്നുണ്ടോ..?

ഉത്തരങ്ങളേക്കാൾ പ്രസക്തമായ ചോദ്യങ്ങൾ ഈ ലഹരി വ്യാപനവുമായി ബന്ധപ്പെട്ടുണ്ട്. ഇതൊരു മാഫിയാ സംഘമാണ്, സിൻഡിക്കേറ്റാണ്. കേരളത്തിലേക്ക് എന്നുമുതലാണ് കൂടിയതോതിലുള്ള ലഹരി വ്യാപനം ഉണ്ടായത്...അതും ശ്രദ്ധിക്കപ്പെടണം..

കേരളത്തിൽ പിടിച്ച കേസുകളുടെ പിറകെ പോയാൽ പല കേസുകളുടെയും പ്രതികളെ പിടിച്ചിട്ടുണ്ട് എന്നല്ലാതെ ഇത് എവിടെ നിന്നാണ് പിടിച്ചത്, എവിടെയാണ് ഉൽപാദിപ്പിച്ചത് എന്ന് പറയാൻ ഉത്തരവാദിത്വം...അവിടേക്ക് പോകണം നമ്മുടെ യാത്ര.ആരാണ് വിതരണം നടത്തിയത്. ആരാണ് ഉപയോഗിച്ചത്.. ഇതിൻെറ സാമ്പത്തിക ക്രമം എന്താണ്.ഇതിലൂടെ ഇവർ നേടിയ സമ്പത്ത് എത്രയാണ്. ഇതൊക്കെ കണ്ടെത്തണം.

മദ്യം വിതരണം ചെയ്യാൻ ഇന്ന് ലൈസൻസുണ്ട്. അതിൻെറ അവസാനത്തെ കുപ്പി എടുത്ത് പരിശോധിച്ചാലും അത് എവിടെയാണ് ഉൽപാദിപ്പിച്ചതെന്നും എവിടെയാണ് വിറ്റഴിച്ചതെന്നും കൃത്യമായി കണ്ടെത്താനാകും. പക്ഷേ ഇത് ആരാണ് ഉപയോഗിച്ചത് എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ കഴിയില്ല...എന്തിന് നമ്മൾ ഭയപ്പെടണം.. മദ്യം ആരാണ് വാങ്ങിയത് എന്ന് പറയാൻ കഴിയുന്ന രീതിയിലേക്ക് സംവിധാനങ്ങൾ മാറണം. അതിന് എന്ത് തടസമാണുള്ളത്. പുകയില ഉൽപ്പന്നങ്ങളായ സിഗരറ്റടക്കമുള്ളവയുടെ ഉപയോഗക്രമത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവരാവുന്നതാണ്. അതും പരിശോധിക്കപ്പെടണം.

ലൈസൻസ് ഇല്ലാതാത്ത സാധനങ്ങൾ നിരോധിക്കപ്പെടണം. നാർക്കോട്ടിക് വകുപ്പ് സംവിധാനം ഫലപ്രദമായി നീങ്ങിയാൽ ഒറ്റദിവസം കൊണ്ട് കേരളത്തിലെ മുഴുവൻ ഉപഭോക്താക്കളെ തിരിച്ചറിയാനും വിതരണക്കാരിൽ 80 ശതമാനത്തെയും തിരിച്ചറിയാൻ കഴിയാം. എന്തുകൊണ്ട് നടപടികൾ അങ്ങോട്ട് നീങ്ങുന്നില്ല. നടപടികളിലേക്ക് നീങ്ങുന്നെങ്കിൽ ഈ ലഹരിമാഫിയുടെ ഓരോ കണ്ണികളിലേക്ക് ഇറങ്ങാൻ കഴിയും. അവരെ കണ്ടെത്താനും ശിക്ഷിക്കാനും കഴിയും.

ഇവിടെ ഉയരുന്ന ചോദ്യങ്ങൾക്ക് കണ്ണടച്ചുത്തരം പറഞ്ഞിട്ട് കാര്യമില്ല. കൃത്യമായി ഉത്തരം പറയേണ്ട സമൂഹം ഉയർന്നുവരണം. ഇന്നല്ലെങ്കിൽ നാളെ അങ്ങനെയൊരു സമൂഹത്തെ രൂപപ്പെടുത്താതെ മുന്നോട്ട് പോകാൻ കഴിയില്ല...

ഈ വ്യവസായത്തിൽ വലിയ അഴിമതിയും കൊള്ളയും നടക്കുന്നു. കൊള്ളക്കാരാണ് എന്ന ചിത്രങ്ങൾ കൂടി പുറത്തേക്ക് വരണം. കഞ്ചാവ് ഉൽപാദിപ്പിക്കുന്നത് കേരളത്തിൽ കുറവാണ്.. കാണാപ്പുറങ്ങളിൽ ആരൊക്കയോ ഇതിന് വേണ്ടി പ്രവർത്തിക്കുന്നു. ആ കാണാപ്പുറങ്ങളിലേക്ക് കൂടി എത്തി പ്രവർത്തനങ്ങൾ നടക്കണം. അതേസമയം, ഗ്രാസ് റൂട്ട് തലത്തിൽ ഇടപെടൽ നടക്കണം.


ഓരോ ദിവസവും പുതിയ പേരുകളിലും രൂപത്തിലും എത്തുന്ന ലഹരി തടയാൻ നമ്മുടെ നിയമ സംവിധാനത്തിന് കഴിയില്ലേ?

കഴിഞ്ഞ ഓണക്കാലത്ത് 15000 ത്തിലധം കേസുകൾ ലഹരിയുമായി ബന്ധപ്പെട്ട് പിടിച്ചിട്ടുണ്ട്. അതിൽ എം.ഡി.എം.എയുടെ അളവ് കുറവാണ്. സൂക്ഷ്മായി വിശകലനം നോക്കിയാൽ ഏറ്റവും വലിയ ലഹരി പ്രശ്നം വലിയ ഉൽപാദന ചെലവില്ലാതെ ഉണ്ടാക്കാൻ കഴിയുന്നതും വലിയ ലാഭം ഉണ്ടാക്കാൻ കഴിയുന്ന എം.ഡി.എം.എ പോലുള്ള സിൻറിക് ഡ്രഗുകളാണ്. ഇതിൻറെ ഉൽപാദനത്തെയും വിതരണത്തെയും തടയാൻ സുസജ്ജമായ നിയമസംവിധാനങ്ങളും

ഉദ്യോഗസ്ഥ സംവിധാനങ്ങളുമുള്ള സംസ്ഥാനവും രാജ്യവുമാണ് നമ്മുടേത്. ഓരോ ചതുരശ്രകിലോമീറ്ററും ഓരോ ഉദ്യോഗസ്ഥൻെറ നിയന്ത്രണത്തിലാണ്...അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ടാകണം..ആ അറിവ് പ്രയോജനപ്പെടുത്തണം.എങ്കിലേ ഇതിന് തടയിടാൻ കഴിയൂ..

ഇപ്പോൾ നടക്കുന്ന ലഹരി വിരുദ്ധബോധവത്കരണത്തെ എങ്ങനെയാണ് കാണുന്നത്?

എട്ടുംപൊട്ടുംതിരിയാത്ത കുട്ടിയുടെ മുമ്പിൽ ലഹരിയെ പരിചയപ്പെടുത്തലാകരുത് ലഹരിവിരുദ്ധ ബോധവത്കരണം. പക്ഷേ അതാണിന്ന് നടക്കുന്നത്. കുട്ടിക്ക് ആകെ അറിയാവുന്നത് ബീഡിയും സിസറും ആയിരിക്കും. അവന് പുകയിലയെ പരിചയപ്പെടുത്തുന്നതായി ബോധവത്കരണം മാറുന്നു...വൈകാരികമായി പറയുന്നതല്ല ബോധവത്കരണം. ഇന്ന് നിരവധി യൂട്യൂബ് ചാനലുകളിൽപോലും ലഹരിവിരുദ്ധ ക്ലാസുകളുണ്ട്. അതിൽ പോലും അതിൻെറ പേരും ഉപയോഗ ക്രമവും പറഞ്ഞ് പരിചയപ്പെടുത്തുന്ന രീതിയിലേക്ക് തരം താഴ്ന്നിരിക്കുന്നു ലഹരിവിരുദ്ധബോധവത്കരണം.. അക്കാദമിക് ആയി ഇരിക്കുന്ന ഗ്രൂപ്പിനോട് എംഡി.എം.എ പരിചയപ്പെടുത്തുന്നതിൽ പ്രശ്നമില്ല. പക്ഷേ ഒരു പൊതുസമൂഹത്തിൽ യൂട്യൂബ് ചാനലുകളിലൂടെ ഇത്തരകം കാര്യങ്ങൾ പ്രചരിക്കപ്പെടുമ്പോൾ അതിന് ജിജ്ഞാസ രൂപപ്പെടും. അവിടെ നമ്മൾ എടുത്ത പണിയെല്ലാം വെറുതെയാകും. ബോധവത്കരണത്തിനുമ ഒരു കരിക്കിലും വേണം. പറയേണ്ടവർ ആരാണെന്നും എന്താണ് പറയേണ്ടതെന്നും കൃത്യമായി നിർണയിക്കപ്പെടണം..അത്തരത്തിലുള്ള ഒരു തലത്തിലേക്ക് ബോധവത്കരണത്തെ ഉയർത്തണം.ലഹരിയെ കൃത്യമായി നിർവചിക്കാൻ കഴിയണം..ക്രിയാത്മകമായി ചിന്തിക്കാൻ കഴിയുന്ന സമൂഹത്തെ ഉണ്ടാക്കിയെടുക്കണം.


പുതിയകാലത്തെ ലഹരിക്ക് എന്തുകൊണ്ടാണ് ഇത്രയും ആവശ്യക്കാർ കൂടുന്നത്‍?

ലഹരി വസ്തു ശാരീരിക പ്രവർത്തനങ്ങളിൽ ലഹരി 10 യൂനിറ്റാണെങ്കിൽ പൂർണമായും വലിക്കുമ്പോൾ 100 യൂണിറ്റാകും...ഇതുപോര കുറച്ച് കൂടി കൂടിയ ലഹരി..ആ സമയത്താണ് പുതിയ ലഹരിയെകുറിച്ച് അറിവ് കിട്ടുന്നത്....സ്വാഭാവികമായും അതിൽ നിന്ന് മാറും... അതിനൊക്കെ ഉതകുന്ന തരത്തിലുള്ള സമൂഹം ഇവിടെയുണ്ട്. എന്തും കിട്ടുന്ന കാലമാണിത്. ഒന്നിൽ നിന്ന് ഒന്നിലേക്ക് മാറുന്ന രീതി...ഒരു ഗ്ലാസ് മദ്യം കഴിക്കുന്നത് കൊണ്ടോ ഒരു തവണ പുക വലിക്കുന്നതുകൊണ്ടോ അതിന് അഡിക്ടാവണം എന്നില്ല.എന്നാൽ പുതിയകാലത്തെ സിന്തറ്റിക് ഗ്രഡ്സിൻെറ പ്രധാന ദൂഷ്യഫലമെന്താണെന്ന് വെച്ചാൽ ആദ്യഉപയോഗത്തിൽ നിന്നു തന്നെ അതിന് അഡിക്ടാവും. രണ്ടുമൂന്ന് ഉപയോഗം കൊണ്ട് അയാളതിന് പൂർണമായും അടിമയാകും. അഡിക്ടായ ഒരാൾക്ക് ചികിത്സ ലഭിക്കാത്തിടത്തോളം കാലം അയാൾക്കതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. അവരെ രോഗികളാണ് എന്ന രീതിയിൽ എത്തിച്ചേർന്നിട്ടുണ്ട്. അത്തരത്തിലുള്ള രോഗികൾക്ക് വേണ്ട ചികിത്സ സൗകര്യം വലിയ രീതിയിൽ ഒരുക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഈ പറയുന്ന കണക്കുപ്രകാരം ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അന്നൊരു മദ്യപാനികളെയാണ് ലഹരിവിമുക്ത കേന്ദ്രങ്ങളിൽ കൊണ്ടുപോയിരുന്നത്. ഇന്നതിൽ നിന്ന് വ്യത്യസ്തമായി സിന്തൻറിക് ഗ്രഡ്സിന് അടിമായവരെയാണ് ചികിത്സിക്കേണ്ടത്. അതുകൊണ്ട് ചികിത്സാരീതിയിലും മാറ്റങ്ങൾ വരുത്തേണ്ട പശ്ചാത്തലമാണ് വരേണ്ടത്..

ലഹരി മുക്തമായവരുടെ സേവനം എങ്ങനെ നമുക്ക് പ്രയോജനപ്പെടുത്താം ?

അവരുടെ സേവനവും പ്രയോജനപ്പെടുത്തണം. മദ്യപാനവിമുക്തിനേടിനേടിയവരുടെ ഗ്രൂപ്പ് സജീവമായിട്ടുണ്ട്.. അവരുടെ ജീവിതത്തെ കുറിച്ച് അവർ പങ്കുവെക്കും. അങ്ങനെയുള്ളവരുടെ സേവനം വലിയ ഗുണം ചെയ്യും. അവരെയും നമുക്ക് ഇതിൻെറ ഭാഗമായി നിർദേശിക്കാൻ കഴിയുന്നത് നല്ലതാണ്.

ലഹരി കുറഞ്ഞ മദ്യം എന്ന രീതിയിൽ വലിയ പ്രചാരണമാണ് കേരളത്തിൽ നടക്കുന്നത്. കള്ളിൽ ഏഴുമുതൽ 8.5 ശതമാനം വരെ വീര്യവും നാടൻ മദ്യങ്ങളിലും വിദേശമദ്യലും 35 മുതൽ 42 ശതമാനം വരെയും സ്പിരിറ്റിലാണെങ്കിൽ 99 ശതമാനം-100 ബീറിലാണെങ്കിൽ 7 ശതമാനം. വൈനിലാണെങ്കിൽ 15 ശതമാനം എന്നിങ്ങനെ പോകുന്നു ലഹരിയുടെ അളവിൻെറ കണക്ക്.


ഒരു കുപ്പി ബീർ കഴിക്കുന്നതും ഒരു പെഗ് മദ്യം കഴിക്കുന്നതും തുല്യമാണ്. ഞാൻ ബീർ മാത്രമേ കഴിക്കൂ..പിന്നെ ഞാൻ മദ്യപാനിയാകുന്നതെങ്ങനെ എന്ന് ചിലർ ചോദിക്കാറുണ്ട്. അവരും മദ്യപാനിയാണ്.

എന്തിന് മൂക്ക് പൊടി ഉപയോഗിക്കുന്നവരും നമുക്കിടയിലുണ്ട്. പക്ഷേ അതൊരു പ്രശ്നമാണെന്ന് അവർക്ക് തോന്നുന്നേയില്ല എന്നതാണ് സത്യം. യഥാർഥത്തിൽ അയാളും ലഹരിക്കടിമയാണ്. എല്ലാത്തരത്തിലുള്ള ലഹരിയോടും വിധേയത്വം ഉണ്ടാക്കിയിട്ടുള്ള സാമൂഹ്യഘടന നമ്മുടെ ചുറ്റുവട്ടത്തുണ്ട്. നമുക്ക് എന്ത് ചെയ്യാനാകും..ഒരിക്കൽ ഗാന്ധിജി പറഞ്ഞത് എനിക്കീ രാജ്യത്തിൻെറ പരമാധികാര്യം കിട്ടിയാൽ ആദ്യം നിർത്തുക ഈ രാജ്യത്തെ മദ്യശാലകളാവും എന്നാണ്. സ്വാതന്ത്രത്തിന് മുമ്പാണ് അദ്ദേഹം അത് പറയുന്നത്. അതൊരു കൊള്ളമുതലാണ്. മുതലാളിത്തത്തിൻെറ സൃഷ്ടിയാണ് എന്നതുകൊണ്ടാണ് ഗാന്ധിജി അങ്ങനെ പറയാൻ കാരണം. സമൂഹത്തെ കാർന്നുതിന്നുന്ന സാക്രമിക രോഗവും കൊള്ളയുമാണ് ലഹരി എന്ന് അദ്ദേഹത്തിന് അന്നേ അറിയാമായിരുന്നു. ഇന്ന് നമ്മൾ അത് അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് മാത്രം.

ലഹരി കേരളീയ സമൂഹത്തിലെ കുടുംബസംവിധാനത്തിലുണ്ടാക്കിയ തകർച്ച ഊഹിക്കാവുന്നതിലും അധികമാണ്. ഈ ഒരു പ്രശ്നം തിരിച്ചറിയാതെ പോകുന്നുണ്ടോ?

1000 രൂപ കൂലിപ്പണിക്ക് പോകുന്ന ഒരാൾ അയാളുടെ ഒരു ദിവസത്തെ മദ്യപാനത്തിന് 1000 രൂപയും ചെലവഴിക്കേണ്ടിവരുന്ന പുതിയ സാമൂഹികക്രമാണ് നമുക്കുള്ളത്. അതിൻെറ യഥാർഥ വില 100 രൂപയാണ്. ബാക്കി 900 രൂപ എവിടേക്ക് പോകുന്നു. സിഗരിറ്റിൻെറ യഥാർഥ വില 50 പൈസയിൽ നിർത്താൻ കഴിയും. പക്ഷേ അത് 25 രൂപയിലേക്ക് എത്തുന്ന സാമൂഹികസംവിധാനം എവിടെയാണ്. അതിനെ സാമ്പത്തിവും കുടുംബവുമായി ബന്ധപ്പെടുത്തണം. എന്നിട്ട് ബോധവത്കരണം നടത്തണം. അപ്പോഴാണ് അവർക്ക് ആ കൊള്ളയെ കുറിച്ച് ബോധ്യപ്പെടുക.

ലഹരി ഉപയോഗം മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവെച്ചിട്ടുള്ള കുടുംബവും വ്യക്തികളും നമുക്ക് ചുറ്റിലുമുണ്ട്. ആ സത്യത്തെ കണ്ടില്ലെന്ന് നടിക്കരുത്.അത്തരം സംഭവങ്ങളെ മൂടിവെക്കരുത്. 165 കോടി രൂപയുടെ മദ്യം ഓണക്കാലത്ത് കഴിച്ചെങ്കിൽ 300 കോടിയുടെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ നമ്മൾ ഈ സമൂഹത്തിൽ സൃഷ്ടിച്ചു എന്ന് വിലയിരുത്തണം. വരുന്ന 10 വർഷത്തിനുള്ളിൽ ഈ ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുടെ അളവ് കൂട്ടിയെടുക്കാൻ കഴിയണം.ആ ദിശാബോധത്തിൽ നിന്ന് നമ്മൾ മാറിപ്പോകുന്നു.

എങ്ങനെയാണ് കേരളത്തിൽ സിന്തറ്റിക് ഡ്രഗ്സിെൻറയും മറ്റ് ലഹരിയുടെയും വ്യാപനം വന്നത്?

മദ്യമുതലാളിത്ത സിൻറിക്കേറ്റാണ് ഇതിന് പിന്നിൽ. കേരളത്തെ മദ്യത്തിന് വിധേത്വമുള്ള സംസ്ഥാനമാക്കി മാറ്റേണ്ടത് അവരുടെ ആവശ്യമാണ്... ഇപ്പോൾ നമ്മുടെയെല്ലാം ശ്രദ്ധയും ലഹരിയിലേക്കാണ്. എം.ഡി.എം.എ, കഞ്ചാവ്,മയക്കുമരുന്ന്...അങ്ങനെ അങ്ങനെ..മദ്യത്തിന് പൊതുസമ്മതമുള്ളവനും പ്രശ്നക്കാരനേയല്ല എന്ന ഇമേജ് നമ്മൾ അറിഞ്ഞോ അറിയാതെയോ സൃഷ്ടിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നത് മദ്യലോബിയുടെ ആവശ്യമാണ്. അവരെ പിന്തുണക്കുന്ന സംവിധാനവും ഇവിടെയുണ്ട്...ഇതും കേരളത്തിൽ സംവാദമായി ഉയർന്നുവരണം.. ഇതിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ഫലം ഗുണം ചെയ്യും.



ഇത്രയും അപകടമായ രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടു എന്നത് സത്യമല്ലേ?

അങ്ങനെയൊരു തോന്നൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ ആരാണ്. നമ്മുക്ക് ഇൻറലിജൻസ് സംവിധാനങ്ങളുണ്ട്. ഉദ്യോഗസ്ഥ സംവിധാനങ്ങളുണ്ട്.. അവർക്ക് ഇത് കണ്ടെത്താനാകില്ലേ...

സർക്കാർ ലഹരിക്കെതിരായ ഇപ്പോൾ വിപുലമായ ഒരു ബോധവത്കരണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.. ഇതുകൊണ്ട് മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ...?

ഇപ്പോൾ കേരളത്തിൽ സർക്കാർ നടത്തുന്നത് നല്ല തുടക്കമാണ്. മുമ്പൊന്നും ഇതിനെ ഇത്ര ഗൗരവമായി കണ്ടിരുന്നില്ല. ഈ തുടക്കത്തിൽ നിന്ന് വളരേണ്ട ഒന്നുണ്ട്. അത് ലഹരി സംസ്കാരത്തെ ഇല്ലായ്മ ചെയ്യാനുള്ള ഒരു വളർച്ചയാണ്. അതിന് വേണ്ടുന്ന ഒരു കരിക്കുലം, ഒരു വിദ്യാഭ്യാസം, അതിന് വേണ്ടുന്ന സാമൂഹിക ചുറ്റുവട്ടം ഒരുക്കിക്കൊടുക്കണം.. മദ്യം എന്താണെന്ന് ചോദിച്ചാലോ,മയക്കുമരുന്ന് എന്താണെന്ന് ചോദിച്ചാലോ കൃത്യമായി ഉത്തരം പറയാൻ കഴിയണം...

കേരളത്തിൽ അരിവാങ്ങുന്നതിനേക്കാൾ കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഈ ലഹരിയെ കുറിച്ച് ഒന്നും പറയാതെ നമ്മൾ എവിടെക്കാണ് പോകുന്നത്..വിവേകത്തോടു കൂടി ഈ വിഷയത്തെ കാണാൻ കഴിയുന്ന ഒരു സാമൂഹിക ക്രമം നമ്മൾക്ക് രൂപപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ആ വിവേകം നമ്മൾ കാണിക്കാതെ എന്തെങ്കിലുമൊക്കെ പറയുന്നതിൽ അർഥമില്ല.

ലഹരിയെ തടയിടാൻ സമൂഹത്തിന് നിർവഹിക്കാവുന്ന കാര്യങ്ങളെന്തൊക്കെയാണ്?

എൻെറ വീടിനെ,കുടുംബത്തെ,എന്നെ ലഹരി വിമുക്തമാക്കാൻ കഴിയണം എന്ന ചിന്ത ഓരോരുത്തരിലും ഉണ്ടാകണം. എൻെറ ചുറ്റുപാടുകളെ ലഹരിമുക്തമാക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന നിയമ തടസങ്ങൾ ഇല്ലാതാകണം. എൻെറ പഞ്ചായത്തിൽ ലഹരിയുടെ ഉൽപാദനവും നിയന്ത്രണവും തടയാനുള്ള ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരത്തെ ആരും കവർന്നെടുക്കരുത്. അങ്ങനെ കവർന്നെടുക്കപ്പെടുമ്പോഴും ലഹരിയിൽ നിന്ന് വരുമാനം പ്രതീക്ഷിക്കുന്ന വലിയൊരു കൂട്ടം ഇവിടെയുണ്ട്. ഈ വരുമാനം വേണ്ട എന്നുപറയാൻ ഇച്ഛാശക്തിയുള്ളവരാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കടന്നുവരേണ്ടത്.

ശരിക്കും ആർക്കാണ് ആദ്യം ബോധവത്കരണം നടത്തേണ്ടത്?

മദ്യലോബിയെയും മറ്റ് ലഹരിയെയും പിന്തുണക്കുന്ന സംവിധാനത്തിനാണ് ആദ്യം ബോധവത്കരണം നടത്തേണ്ടത്. അല്ലാതെ എട്ടുംപൊട്ടും തിരിയാത്ത നാലാംക്ലാസിലെ കുട്ടിയെ വിളിച്ചുകൊണ്ട് സിഗരറ്റ് ഇതാണ് ബീഡി ഇതാണ് എന്ന് പറഞ്ഞുകൊടുക്കലല്ല. അക്കാദമികായിട്ടുള്ള നിലവാരം വേണം.

മദ്യവും മയക്കുമരുന്നും കൊടും വിഷമാണ്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത സമൂഹത്തെ അത് സൃഷ്ടിക്കും എന്ന് പറഞ്ഞുകൊടുക്കണം. നിയമനിർമാണത്തിൽ പോരായ്മകളുണ്ടെങ്കിൽ നിയമനിർമാണം നടത്തണം. വിവേകപൂർണമായ മദ്യമയക്കുമരുന്ന് നയം കേരളീയ സമൂഹത്തിൽ അനിവാര്യമായിരിക്കുന്നു. ആ നയമാകട്ടെ ഇത്തരം സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും രൂപപ്പെടേണ്ടതുണ്ട്. മുമ്പുണ്ടായിരുന്ന സാമൂഹികക്രമങ്ങളെ നന്മയിലേക്ക് നയിച്ച പോലെതന്നെ ഇതും നന്മയിലേക്ക് നയിക്കുമെന്നാണ് ശുഭപ്രതീക്ഷ.

മദ്യം നിരോധിക്കണം എന്ന് പറയുന്നില്ല. കടുത്ത മദ്യാപാനിക്ക് എന്തുകൊണ്ടൊരു ഐഡൻറിറ്റി കാർഡ് കൊടുക്കത്തു കൂടാ. ഒരാളുടെ ശരീരത്തിൽ 4-5 ലിറ്റർ രക്തമാണ്. അയാൾക്ക് എത്രമില്ലി മദ്യം ശരീരത്തിൽ പ്രവേശിക്കാം എന്നതിനെ കുറിച്ച് ശാസ്ത്രീയമായ കണക്കുണ്ട്. പിന്നെയാണ് ഒരു കുപ്പിയും രണ്ടുകുപ്പിയും മദ്യം വാങ്ങാൻ അയാൾക്ക് അനുവാദം നൽകുന്നത്..അത് പരിശോധിക്കപ്പെടണം. ആവശ്യങ്ങൾക്ക് മദ്യം കൊടുക്കണം. മദ്യപാന ലൈസൻസ് രൂപപ്പെടണം.. 57 ൽ കറുപ്പ് കടകൾ നിരോധിച്ചപ്പോൾ ലൈസൻസ് കൊടുത്തരീതിയിൽ ഇതും കൊണ്ടുവരണം. കറുപ്പ് സമൂഹത്തിൽ നിന്നും മാഞ്ഞുപോയത് പോലെ ഇതും ഇല്ലാതാകും.

ഭീമമായ സാമ്പത്തിക തകർച്ച, കുടുംബ പ്രശ്നം,അക്രമം,കുറ്റൃത്യം ആത്മഹത്യ.. കേരളം ഇന്ന്കടന്നുപോകുന്ന സാഹചര്യം വളരെ വലുതാണ്.എന്നിട്ടും ലഹരിയുടെ മൂലകാരണത്തിൽ കോടാലി വെക്കാൻ നമുക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. .

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് എന്തുചെയ്യാനാകും ?

സ്കൂൾ കോളജ് വിദ്യാഭ്യാസമാണ് ലഹരിവിരുദ്ധ പ്രവർത്തനത്തിലേക്ക് ഒരു തലമുറയെ നയിക്കാൻ ഏറ്റവും നല്ല സമയം.കുട്ടികളെ ലഹി വിരുദ്ധ പ്രവർത്തനത്തിൻെറപ്രവർത്തകരാക്കി മാറ്റണം. അവരാകണം ക്ലാസ് റൂമിൽ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത്. അവർക്ക് ഗൈഡായി അധ്യാപകൻ മാറിയാൽ മതി. ആ രീതിയിലുള്ള മാറ്റം വരണം.. മദ്യലാഭത്തിൻെറ ഒരു വിഹിതം നമ്മൾ ലഹരി വിരുദ്ധപ്രവർത്തനങ്ങൾക്ക് നീക്കിവെക്കുന്നുണ്ട്. അതിനായി നല്ലൊരു ഫണ്ടുണ്ട്. അത് ഫലപ്രദമായി വിനിയോഗിക്കണം.

ഉത്തരങ്ങളേക്കാൾ പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തുന്ന ഒരു സമൂഹം 10 വർഷത്തിനുള്ളിൽ ഉയർന്നുവരും. ഇന്ന് ഉത്തരം നൽകാത്ത പല ചോദ്യങ്ങൾക്കും അന്ന് ഉത്തരം നൽകേണ്ടിവരും എന്ന് തന്നെയാണ് പ്രതീക്ഷ.

50 രൂപയുള്ള കഞ്ചാവ് 5000 രൂപക്ക് വിക്കുന്നു എന്ന് തിരിച്ചറിയേണ്ട സമൂഹം ഉയർന്നുവരണം.. എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്ന വിദ്യാർഥിക്ക് കിട്ടുന്ന സാമ്പത്തിക ലാഭത്തിൻെറ പ്രചോദനം എന്താണെന്ന് ചിന്തിക്കണം. അതും വലിയ പഠന വിഷയമായി മാറണം.



 






Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ടി. വർഗീസ്

Contributor

Former Excise Officer

By - പി ലിസ്സി

contributor

Similar News