ജാതിവിമോചനം: റഈസ് മുഹമ്മദിന്റെ വേറിട്ടവഴികള്‍

ദലിത് ക്യാമറ എന്ന സമാന്തര മാധ്യമാവിഷ്‌കാരത്തിന്റെയും ജയ് ഭീം എന്ന തൊഴിലാളി സംഘടനയുടെയും സ്ഥാപകനായ റഈസ് മുഹമ്മദുമായി നജ്മ മജീദ് നടത്തുന്ന സംഭാഷണം.

Update: 2024-10-16 06:02 GMT
Advertising

എന്താണ് ദലിത് ക്യാമറ? ആരാണ് ദലിത് ക്യാമറക്ക് പുറകില്‍? ദലിത് ക്യാമറ പ്രതിനിധാനം ചെയ്യുന്നത് ആരെയാണ്? ദലിത് ക്യാമറ ചോദ്യം ചെയ്യുന്നത് എന്തിനെയാണ്? അങ്ങനെ അനേകം ചോദ്യങ്ങളുണ്ട്. അതിനെല്ലമുള്ള ഏറ്റവും പ്രാഥമികമായ ഉത്തരം ഇങ്ങനെയാണ്:

ദലിത്-ആദിവാസി ബഹുജന്‍ വിഭാഗങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും വീക്ഷണകോണില്‍ നിന്നുകൊണ്ട് ഇന്ത്യയിലെ ജീവിതങ്ങള്‍ രേഖപ്പെടുത്തുന്നതിനായി രവിചന്ദ്രന്‍ ബത്രന്‍ എന്ന ചെറുപ്പക്കാരന്‍ 2011 ല്‍ സ്ഥാപിച്ച വാര്‍ത്ത-വെബ്സൈറ്റ് യുട്യൂബ് ചാനലാണ് 'ദലിത് ക്യാമറ'. (രവിചന്ദ്രന്‍ പിന്നീട് റഈസ് മുഹമ്മദ് എന്ന പേര് സ്വീകരിച്ചു)

ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിലെ (EFLU) തന്റെ പഠന കാലത്ത്, അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ഒരു സംഘത്തില്‍നിന്ന് നേരിടേണ്ടിവന്ന ആക്രമണത്തിന് ശേഷമാണ് റഈസ് മുഹമ്മദ് ദലിത് ക്യാമറ എന്ന യൂടൂബ് ചാനല്‍ ആരംഭിക്കുന്നത്. പഠനകാലത്ത് ഇടതുപക്ഷ വിദ്യാര്‍ഥി നേതാവായിരിക്കെ മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കുന്നതില്‍ വിമുഖത കാണിക്കുന്നതിനെ തുടര്‍ന്നാണ് ദലിത് പ്രസ്ഥാനങ്ങള്‍ക്ക് ശബ്ദംനല്‍കാന്‍ താന്‍ ചാനല്‍ ആരംഭിച്ചതെന്ന് റഈസ് മുഹമ്മദ് പറയുന്നുണ്ട്.

2014 ആയപ്പോഴേക്കും ദലിത് ക്യാമറ, നാല് വീഡിയോ ക്യാമറയും 23 അംഗങ്ങളുമായി പ്രവര്‍ത്തനം വിപുലപ്പെട്ടു. തുടക്കത്തില്‍തന്നെ ആന്ധ്രാപ്രദേശില്‍ ദലിത് ക്യാമറ വലിയ ജനശ്രദ്ധ ആകര്‍ഷിച്ചു. സമാന്തരമായി കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും നിരവധി ഫോളോവേഴ്‌സുണ്ടായി. അങ്ങനെ ഇന്ത്യയിലും, എന്നുവേണ്ട ലോകമെമ്പാടും ദലിത് ക്യാമറ സാന്നിധ്യം അറിയിച്ചു.

രാജ്യത്തുതന്നെ ദലിത് വിദ്യാര്‍ഥികളും സമൂഹവും നേരിടുന്ന അരികുവത്കരണവും വെല്ലുവിളികളും പ്രശ്നവത്കരിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ ആദ്യമായി ഒരുക്കിയ സംവിധാനമായി ദലിത് ക്യാമറയെ കാണാനാകും. വാണിജ്യപരമായി ഒട്ടും തന്നെ വില്‍പനക്കോ വിതരണത്തിനോ യോഗ്യമല്ല എന്ന് അലിഖിതമായി അടയാളപ്പെടുത്തിയ, ദലിത് വിഷയങ്ങള്‍ക്ക് അച്ചടി മാധ്യമങ്ങളില്‍ പ്രാധാന്യം ലഭിക്കില്ല എന്ന പരിമിതികളെയാണ് ദലിത് ക്യാമറ മറികടന്നത്.

റഈസ് മുഹമ്മദ് സംസാരിക്കുന്നു:

വിദ്യാര്‍ഥിയായിരിക്കെ തുടക്കമിട്ട വിപ്ലവമാണ് ദലിത് ക്യാമറ. തിരികെ സ്വന്തം സമൂഹത്തിലേക്ക് വരുമ്പോള്‍ എങ്ങനെയാണ് അവരുടെ ജീവിതങ്ങളെ കൂടുതല്‍ അടയാളപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്നത്?

ഞാന്‍ വിദ്യാഭ്യാസം ഉള്ളയാളാണ്. പക്ഷെ, എന്റെ വിദ്യാഭ്യാസം ഒരിക്കലും എന്റെ സ്വത്വം നേരിടേണ്ടി വരുന്ന തൊട്ടുകൂടായ്മയെ മറികടക്കാന്‍ സഹായിച്ചിട്ടില്ല. എത്ര തന്നെ ആണ്ടുകള്‍ പിന്നിട്ടാലും സമൂഹം ജാതിവ്യവസ്ഥയില്‍ തന്നെ കാലുറപ്പിച്ചു നില്‍ക്കുന്നു. അപ്പോഴും എന്റെ സമൂഹം തോട്ടി തൊഴിലാളികളായി അവശേഷിച്ചു. അതൊരു കുലത്തൊഴിലായി അടയാളപ്പെടുത്തി. മറ്റൊരു ജോലിക്കും ലഭിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ നീതി ഞങ്ങള്‍ക്ക് ലഭിച്ചില്ല. അങ്ങനെയാണ് ഞങ്ങളുടെ തൊഴിലാളികളെയെല്ലാം ചേര്‍ത്ത് ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നത്.

സ്വഭാവികമായി അതില്‍ നിയമങ്ങളും നിര്‍ദേശങ്ങളുമുണ്ട്. തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഉള്‍പ്പടെ നിയമ സഹായങ്ങള്‍ വരെയുണ്ട്. പൊതുവെ തോട്ടി തൊഴിലാളികളെ ജനങ്ങള്‍ പകല്‍ ജോലിക്ക് വിളിക്കാറില്ല. അതിന്റെ കാരണം, അത്തരം തൊഴിലിന്റെ അന്തസില്ലായ്മയും അഭിമാനക്കുറവും ഒക്കെയാണ്. എന്നാല്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ഞങ്ങള്‍ പകല്‍ സമയത്ത് മാത്രമാണ് ജോലി ചെയ്യുന്നത്. അത് നിര്‍ബന്ധമാക്കുകയും ചെയ്തു. ഏറ്റവും തുച്ഛമായ വരുമാനമാണ് ആദ്യകാലത്ത് ഞങ്ങളുടെ തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ യൂണിയന്‍ രൂപീകരിച്ചതോടെ 15,000 മുതല്‍ മാസ വേതനം ലഭ്യമാക്കാന്‍ തുടങ്ങി. മാത്രമല്ല, ഈ ജോലിയിലെ അന്തരീക്ഷം ശരീരത്തിന് ഉണ്ടാക്കുന്ന അസുഖങ്ങളും അപകടങ്ങളും പരിഗണിച്ച് ജോലി എളുപ്പമാക്കുന്ന പല യന്ത്രങ്ങളും ഞങ്ങള്‍ ഉപയോഗിക്കുന്നു. 


'ജയ് ഭീം' എന്നാണല്ലോ തൊഴിലാളി സംരംഭത്തിന് നല്‍കിയിരിക്കുന്ന പേര്?

സംരംഭത്തിന്റെ തുടക്കകാലത്ത് അങ്ങനെ ആയിരുന്നില്ല പേര്. പിന്നീടാണ് 'ജയ് ഭീം' എന്ന നാമത്തിലേക്ക് എത്തുന്നത്. ഒരു തോട്ടി തൊഴിലാളി സംരംഭത്തിന് ജയ് ഭീം എന്ന് പേര് നല്‍കിയതിന് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, നീതിക്കും സമത്വത്തിനും നിലകൊണ്ട അംബേദ്കറിനോടുള്ള ബഹുമാനര്‍ഥം ഉപയോഗിക്കുന്ന മുദ്രവാക്യമാണ് 'ജയ് ഭീം'. അതിനേക്കാള്‍ മികച്ച ഒരു പേര് എനിക്ക് കണ്ടെത്താനായില്ല.

വിപണിയില്‍ മനുഷ്യരെല്ലാം സമന്മാരാണ്. എല്ലാവര്‍ക്കും ഒരുപോലെ എല്ലാം ലഭ്യമാകുന്നുണ്ട്. ആര്‍ക്കും, എന്തും എപ്പോഴും വാങ്ങാം. എന്നിരുന്നാലും, എങ്ങനെയാണ് വിപണിയില്‍ ജാതി വിവേചനം നേരിടുന്നത്?

വിപണിയില്‍ മനുഷ്യര്‍ സമന്മാരല്ല. അവിടെയും ജാതി ശ്രേണികളുണ്ട്. ഉദാഹരണമായി, എവിടെയാണ് ഒരു ദലിത് സമൂഹം താമസിക്കുന്നത്; അത് വിപണിയുടെ സമീപത്തല്ല. വിപണിയില്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ എത്തിപ്പെടാന്‍ ആവശ്യാനുസരം യാത്രാസൗകര്യങ്ങള്‍ ഉണ്ടാകാറില്ല. കാരണം, സഞ്ചാരയോഗ്യമായ ഒരിടത്തല്ല ഞങ്ങളുടെ വാസം എന്നതുകൊണ്ടാണത്. സാമ്പത്തികമായും വിദൂരത്താണ് എന്റെ സമൂഹമുള്ളത്. തുച്ഛമായ വേതനം കൈപറ്റുന്ന ഞങ്ങള്‍ എങ്ങനെയാണ് ഒരു വിപണിയെ മറ്റു മനുഷ്യരെ പോലെ സമീപിക്കുന്നത്. അത് അസാധ്യമാണ്.

പൊയ്കയില്‍ അപ്പച്ചന്റെ വരികളില്‍ പറയുന്നുണ്ട്, 'സാഹിത്യത്തില്‍ കണ്ടതില്ല എന്റെ വംശത്തെ പറ്റി ഒന്നും' എന്ന്. സാഹിത്യത്തിലേക്ക് വന്നാല്‍ അവിടെയും ദലിത് സമൂഹം അദൃശ്യമാണ്?

യഥാര്‍ഥ്യമാണത്, സാഹിത്യത്തിലും ദലിത് സമൂഹം അദൃശ്യരാണ്. നേരെത്തെ പറഞ്ഞതുപോലെ ദലിത് സമൂഹത്തെ വഹിക്കുന്ന ഒന്നിനും സമൂഹത്തില്‍ സ്വീകാര്യത ഇല്ല എന്നതാണ് സത്യം. അത് പബ്ലിഷിങ് മേഖലയില്‍ പ്രത്യക്ഷമാണ്. ആരെങ്കിലും അത്തരം വിഷയങ്ങള്‍ അഡ്രസ്സ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ പോലും പ്രശ്നങ്ങളുണ്ട്. മലയാളത്തില്‍ തകഴി ശിവശങ്കരപ്പിള്ള എഴുതിയ 'തോട്ടിയുടെ മകന്‍' എന്ന നോവലില്‍, മറ്റേതൊരു മനുഷ്യനെയും പോലെയുള്ള ഒരു തോട്ടിപ്പണിക്കാരന്റെ, ചുടലൈമുത്തു എന്ന മകന്റെ ജീവിതവും സ്വപ്നങ്ങളുമാണ് പറയുന്നത്.

വലിയ ജീവിതം സ്വപ്നം കണ്ട ചുടലൈമുത്തു അവസാനം പിതാവിന്റെ തൊഴില്‍ പിന്തുടരുന്നു. നോവലിന്റെ ആദ്യ അധ്യായം ഇങ്ങനെ പറയുന്നു - ആ ഭാഗമാണ് നോവലിന്റെ അജണ്ടയായി ഞാന്‍ കരുതുന്നത്: 'എങ്ങനെ ജീവിക്കണം എന്ന് അവന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അവന്‍ കള്ള് കുടിക്കില്ല. മുമ്പ് പലരും അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. പക്ഷേ, അവന്‍ മദ്യപിച്ചിരുന്നില്ല. തോട്ടിപ്പണിക്കാരന് ഒരു മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയില്ലേ?' കഥാപാത്രത്തിന്റെ ആന്തരിക ചിന്തകളും അതുമായി ബന്ധപ്പെട്ട ആശയങ്ങളും നോവലില്‍ വിവരിക്കുന്നു. അതില്‍ ആദ്യം മനുഷ്യന്റെ ഏറ്റവും അനുയോജ്യമായ ജീവിതത്തെ കുറിച്ചാണ്, വ്യക്തിപരമായ വിശുദ്ധിയാണ് മനുഷ്യന്റെ ജോലിയുടെ അന്തസ്സിനെ പുനഃസ്ഥാപിക്കുന്നത് എന്നാണ് പറയുന്നത്. 


രണ്ടാമതായി, സാമ്പത്തിക പിന്നാക്കാവസ്ഥയെ സൂചിപ്പിക്കുന്നു. തോട്ടിപ്പണിക്കാര്‍ക്ക് അര്‍ഹിക്കുന്ന വേതനം ലഭിക്കുന്നില്ല. അവരുടെ അധ്വാനത്തിന്റെ പ്രതിഫലമായി ഭക്ഷണം മാത്രം നല്‍കുന്നു. മാന്യത പുനഃസ്ഥാപിക്കുന്നതില്‍ വ്യക്തിപരമായ വിശുദ്ധിയും, ന്യായമായ പ്രതിഫലത്തിലൂടെ സാമ്പത്തിക അടിമത്തത്തില്‍ നിന്ന് ഉയര്‍ച്ചയും ഉള്‍പ്പെടുന്നു. ഈ രണ്ട് നിര്‍ണായക പോയിന്റുകളെ കേന്ദ്രീകരിച്ചാണ് നോവല്‍ എന്ന് എനിക്ക് തോന്നുന്നു. എന്നാല്‍, അവിടെയും ജാതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒന്നും തന്നെ ഉയരുന്നില്ല.

രവിചന്ദ്രനില്‍ നിന്ന് റഈസ് മുഹമ്മദിലേക്കുള്ള മാറ്റം എളുപ്പമായിരുന്നോ?

അല്ലായിരുന്നു. ഇപ്പോഴും ആ നിലനില്‍പ് എളുപ്പമല്ല. ഇസ്ലാമില്‍ ജാതി ശ്രേണികള്‍ ഇല്ല എന്നുള്ള തിരിച്ചറിവിലാണ് അങ്ങനെയൊരു ഐഡന്റിറ്റിയിലേക്ക് ഞാന്‍ മാറുന്നത്. നിലവില്‍ രണ്ട് പോരാട്ടങ്ങള്‍ക്കാണ് മോദിയുടെ ഭാരതം സാക്ഷ്യം വഹിക്കുന്നത്. അതിലൊന്ന് മുസ്‌ലിമിന്റെ പൗരത്വത്തിനും നീതിക്കും വേണ്ടിയുള്ളതാണ്. രണ്ടാമത് ദലിതരുടെ ആത്മാഭിമാനം എന്ന ഏറ്റവും അടിസ്ഥാനപരമായ ഒന്നിന് വേണ്ടിയുള്ളതാണ്. ദലിതനായ ഒരു മനുഷ്യന്‍ അഭിമുഖീകരിക്കുന്നത്രയും സ്വത്വ പ്രതിസന്ധികളിലൂടെ തന്നെയാണ് ഓരോ മുസ്ലിമും കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ മുസ്ലിമായിരിക്കുക, റഈസ് മുഹമ്മദ് ആയിരിക്കുക എന്നുള്ളത് സമകാലിക ഇന്ത്യയില്‍ വലിയ വെല്ലുവിളി തന്നെയാണ്.

....................

റഈസ് മുഹമ്മദ് എന്ന മനുഷ്യനെ ദലിത് ക്യാമറയുടെ സ്ഥാപകനായിട്ടും, ജയ് ഭീം എന്ന തൊഴിലാളി യൂണിയന്റെ സംഘാടകനായിട്ടും മാത്രം കണ്ടാല്‍ പോരാ. അതിനുമപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു ജീവിതസമരം കൂടിയാണത്.

ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലം തൊട്ടേ അവകാശ നിഷേധത്തിനെതിരെയുള്ള റഈസ് മുഹമ്മദിന്റെ ഇടപെടലുകളില്‍ ചരിത്രപ്രാധാന്യമുള്ള ചില ഏടുകളുണ്ട്. അതിലൊന്നാണ് ബീഫ് ഫെസ്റ്റിവലിന്റേത്. കേരളത്തിലെ ബീഫ് ഫെസ്റ്റിവലുകളുടെ ചരിത്രം പലതും നമുക്ക് പരിചിതമാണ്. എന്നാല്‍, ഇന്ത്യയിലെതന്നെ ബീഫ് ഫെസ്റ്റിവലുകളുടെ തുടക്കത്തിലേക്ക് ചേര്‍ത്തുവെക്കാവുന്ന ഒരു ബീഫ് ഫെസ്റ്റുണ്ട്. അത് തെലങ്കാന മൂവ്മെന്റിനോടൊപ്പം അടയാളപ്പെടുത്തിയതാണ്. തെലങ്കാനയ്ക്കു മുകളില്‍ ഇതര പ്രദേശങ്ങളുടെ സാംസ്‌കാരിക സാമ്പത്തിക കടന്നു കയറ്റത്തിനെതിരെയുള്ള ചെറുത്തുനില്‍പായിരുന്നു 2009ലെ പ്രത്യേക തെലങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള സമരം.

ദലിത് പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ഒസ്മാനിയ സര്‍വകലാശാലയും ഈ സമരങ്ങളുടെ കേന്ദ്രമായി. തെലങ്കാന സംസ്ഥാനവാദത്തിന്റെ അടിസ്ഥാനം ദലിത്, ഒബിസി വിഭാഗങ്ങളില്‍പെട്ടവരായിരുന്നുവെങ്കിലും നേതൃത്വം സവര്‍ണരുടെ കയ്യിലായിരുന്നു. 2012 മാര്‍ച്ച് മാസം തുടക്കത്തില്‍ ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാഗ്വേജസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്ന, അക്കാലത്ത് രവിചന്ദ്രന്‍ ആയിരുന്ന റഈസ് മുഹമ്മദ് യുട്യൂബില്‍ ഒരു വീഡിയോ പോസ്റ്റ് ചെയതു. ഹോസ്റ്റല്‍ മെസ്സില്‍ എന്തുകൊണ്ട് ബീഫ് വിളമ്പുന്നില്ല എന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ ചോദ്യം. അങ്ങനെ 'ബീഫ്' ചര്‍ച്ചയുടെ ഭാഗമായി. ഇത് എബിവിപി വിദ്യാര്‍ഥികളെ ചൊടിപ്പിച്ചു. 2012 ഏപ്രില്‍ 15ന് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിന്റെ മുമ്പില്‍ തെലങ്കാന സമരത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ദലിത്, ഒബിസി വിദ്യാര്‍ഥികള്‍ ഒരു ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. രവിചന്ദ്രന്റെ ചോദ്യത്തോടും തെലങ്കാന സമരത്തോടുമുള്ള വിദ്യാര്‍ഥികളുടെ ഐക്യദാര്‍ഢ്യപ്പെടലായിരിന്നു അന്ന് സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവല്‍.

2024 ആഗസ്റ്റ് ഒന്നിന് സുപ്രീംകോടതി പുപ്പെടുവിച്ച പട്ടികജാതിക്കാരുടെ ഉപവര്‍ഗീകരണം (Sub-Classification of SCs and STs) സംബന്ധിച്ച വിധിയില്‍ റഈസ് മുഹമ്മദിന്റെ '“The Many Omissions of a Concept: Discrimination amongst Scheduled Castes” എന്ന പ്രബന്ധം ഉദ്ധരിക്കുന്നുണ്ട്. ഇന്ത്യയിലെ ജാതിവിമോചന സമരത്തിന്റെ ചരിത്രവഴികഴില്‍ വേറിട്ട ഒരധ്യായവും ദലിത്-ആദിവാസി-ന്യൂനപക്ഷ മുന്നേറ്റങ്ങളുടെ ഉര്‍ജവുമാണ് റഈസ് മുഹമ്മദ് എന്ന പോരാളിയുടേത്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നജ്മ മജീദ്

Writer

Similar News