കോണ്‍ക്ലേവ് നടത്തിയിട്ടൊന്നും കാര്യമില്ല; രഞ്ജിത്തിന്റെ സിനിമകള്‍ സ്ത്രീവിരുദ്ധം - അഡ്വ. കുക്കു ദേവകി

വര്‍ണവിവേചനത്തിനെതിരെ ശബ്ദിക്കുന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ കുക്കു ദേവകിയുമായി ജെയ്‌സി തോമസ് നടത്തിയ അഭിമുഖം.

Update: 2024-08-28 13:43 GMT
Advertising

കറുപ്പിനെ വലിയ തെറ്റായി കാണുന്ന സമൂഹത്തിനു മുന്നില്‍ കറുപ്പ് ആഘോഷമാക്കിയവള്‍, കറുപ്പിനെതിരെ മുഖം തിരിക്കുന്ന വ്യവസ്ഥിതിയോട് നിരന്തരം കലഹിക്കുന്നവള്‍. അഭിഭാഷകയും ആക്ടിവിസ്റ്റും മോഡലുമായ കുക്കു ദേവകി എന്ന തൃശൂര്‍ക്കാരി അടിമുടി പോരാട്ടമാണ്. ആധുനിക ലോകത്തും കറുപ്പ് മാറ്റിനിര്‍ത്തലുകള്‍ക്ക് വിധേയമാകുന്നയിടത്താണ് കുക്കുവിന്റെ ജീവിതത്തെ ആധാരമാക്കി ഐ.ജി മിനി സംവിധാനം ചെയ്ത 'കറുപ്പഴകി' എന്ന ഡോക്യുമെന്ററി ശ്രദ്ധ നേടുന്നത്. സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യവുമായി കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ നിര്‍മിച്ച 'ഡിവോഴ്‌സ്' സിനിമയുടെ സംവിധായികയാണ് ഐ.ജി മിനി. 'കറുപ്പഴകി' ഡോകുമെന്ററിയെ കുറിച്ച് കുക്കു ദേവകി സംസാരിക്കുന്നു.

കറുപ്പഴകിയുടെ രാഷ്ട്രീയം?

മിനിയിലൂടെയാണ് ഈ ഡോക്യുമെന്ററി പിറന്നത്. വര്‍ഷങ്ങളായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് മിനി. ഒരുപാട് നാടകങ്ങള്‍ ചെയ്തിട്ടുണ്ട്, നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. മിനിയാണ് എന്നെ തെരഞ്ഞെടുത്തത്. കറുപ്പഴകിയെ സംബന്ധിച്ചിടത്തോളം രണ്ട് സ്ത്രീകള്‍ ഒരുമിച്ചുള്ള വര്‍ക്ക് കൂടിയാണത്. മിനി ആ പ്രോജക്ടിനു വേണ്ടി എടുത്ത എഫര്‍ട്ട് ഭീകരമാണ്. ഫോട്ടോഗ്രാഫര്‍ പ്രശാന്ത് ബാലചന്ദ്രനെടുത്ത ചിത്രങ്ങളും ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നെപ്പൊലാരാള്‍ എങ്ങനെയാണ് മോള്‍ഡ് ചെയ്ത് വന്നത്, രാഷ്ട്രീയം ഇതൊക്കെയാണ് കറുപ്പഴകി എന്ന ഡോക്യുമെന്ററിയിലുള്ളത്.

പ്രീഡ്രിക്ക് പഠിക്കുന്ന കാലത്ത് കോളജില്‍ പരിപാടികളൊക്കെ ഉണ്ടാകാറുണ്ട്. കാസറ്റിന്റെ കാലമല്ലേ. അന്ന് വീഡിയോസും മറ്റും പിടിക്കാറുണ്ട്. പലപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വീഡിയോഗ്രാഫര്‍മാര്‍ നമ്മുടെ അടുത്തെത്തുമ്പോള്‍ നമ്മളെ പിടിക്കാതെ പോകും. അങ്ങനെ നിരവധി അനുഭവങ്ങള്‍. അവിടെ നിന്നാണ് ഒരു ഫുള്‍ ക്യാമറ എന്നെ മാത്രം ഫോക്കസ് ചെയ്യുന്ന തലത്തിലേക്ക് എത്തിയത്. അതിലേക്ക് എത്താന്‍ ഒരുപാട് സഞ്ചരിക്കേണ്ടി വന്നു. അതു തന്നെയാണ് കറുപ്പഴകി പങ്കുവയ്ക്കുന്ന രാഷ്ട്രീയം.

ഒന്ന് ആലോചിച്ചുനോക്കൂ, ഇത്ര കാലായിട്ട് സ്‌ക്രീനില്‍ എത്രമാത്രം കറുത്ത ശരീരങ്ങള്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോ നമ്മള്‍ ഇനി രാഷ്ട്രീയം പറയലല്ല, അത് പ്രാക്ടിക്കലായി ചെയ്യുകയാണ്. കുറെക്കാലങ്ങളോളം പറഞ്ഞു. ആദ്യത്തെ നടി പി.കെ റോസിക്കുണ്ടായ അനുഭവം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു ജനത ഒന്നടങ്കം പുറത്താക്കപ്പെട്ട സംഭവമാണ്. അതുപോലെ തന്നെ സിനിമയില്‍ കറുത്ത നിറത്തിലുള്ള ഒരു ക്യാരക്ടര്‍ വരുമ്പോള്‍ വെളുത്ത ഒരാളെ കറുപ്പടിച്ചു അവതരിപ്പിക്കും. രാച്ചിയമ്മ എന്ന സിനിമയുടെ സമയത്ത് ഇത് ചര്‍ച്ചയായതാണ്. അവിടം തൊട്ടാണ് ഇതിന്റെ ഭീകരതയെക്കുറിച്ച് മനസിലാക്കാന്‍ തുടങ്ങിയത്. കുറെക്കാലങ്ങളോളം ഇതെക്കുറിച്ച് പറയാനുള്ള ഒരു സ്‌പേസ് നമുക്കുണ്ടായിരുന്നില്ല. സിനിമ എന്നാല്‍ എത്തിപ്പെടാന്‍ പറ്റാത്ത ഒരു മേഖലയാണെന്നാണ് കറുത്ത ശരീരമുള്ള ഭൂരിഭാഗം പേരുടെയും വിശ്വാസം.

അങ്ങനെയിരിക്കുമ്പോഴാണ് എന്റെ ഒരു ഫോട്ടോ വരുന്നത്. കറുത്തവര്‍ക്കും ഫോട്ടോഷൂട്ടിന്റെ ഭാഗമാകാമെന്ന് ചിലരെങ്കിലും അപ്പോള്‍ കരുതി. പറയാനായിട്ട് ഒരിടമോ ഒന്നുമുണ്ടായിരുന്നില്ല. കുറെ കുട്ടികള്‍ എന്നെ വിളിച്ചു. ചേച്ചീ. ഞങ്ങള്‍ക്കും ഫോട്ടോഷൂട്ടുകള്‍ ചെയ്യണമെന്ന് പറഞ്ഞു.

ഞാനൊക്കെ പ്രീഡ്രിഗ്രിക്ക് പഠിക്കുന്ന കാലത്ത് കോളജില്‍ പരിപാടികളൊക്കെ ഉണ്ടാകാറുണ്ട്. കാസറ്റിന്റെ കാലമല്ലേ. അന്ന് വീഡിയോസും മറ്റും പിടിക്കാറുണ്ട്. പലപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വീഡിയോഗ്രാഫര്‍മാര്‍ നമ്മുടെ അടുത്തെത്തുമ്പോള്‍ നമ്മളെ പിടിക്കാതെ പോകും. അങ്ങനെ നിരവധി അനുഭവങ്ങള്‍. അവിടെ നിന്നാണ് ഒരു ഫുള്‍ ക്യാമറ എന്നെ മാത്രം ഫോക്കസ് ചെയ്യുന്ന തലത്തിലേക്ക് എത്തിയത്. അതിലേക്ക് എത്താന്‍ ഒരുപാട് സഞ്ചരിക്കേണ്ടി വന്നു. അതു തന്നെയാണ് കറുപ്പഴകി പങ്കുവയ്ക്കുന്ന രാഷ്ട്രീയം. 


| 'കറുപ്പഴകി' യുടെ പോസ്റ്റര്‍

ഈയിടെയുണ്ടായ ഒരു സംഭവത്തക്കെുറിച്ചു പറയാം. മഞ്ഞച്ചുരിദാറും അതിന് യോജിക്കുന്ന മഞ്ഞ മാലയുമിട്ട് പെട്രോളടിക്കാന്‍ പമ്പിലെത്തിയതായിരുന്നു ഞാന്‍. അപ്പോള്‍ കാറില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ എന്നെ നോക്കിയിരുന്നു ചിരിക്കുകയാണ്. മകന്റെ സ്‌കൂളില്‍ ചെന്നപ്പോഴും സമാന അനുഭവമുണ്ടായി. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എന്തിനാണിത്ര നോക്കാന്‍. അതൊരു കറുത്ത ശരീരം കൂടിയാകുമ്പോള്‍ തുറിച്ചുനോട്ടം കൂടും.

സിനിമയിലാണെങ്കില്‍ കറുത്ത ആളുകളെ കള്ളനും കാട്ടാളനുമാക്കും ഏറ്റവും മോശം വേഷം കൊടുക്കും. കുറച്ചു തടിച്ച സ്ത്രീകളെ താടകയാക്കും. കറുത്ത നിറംന്നല്ല ആളുകള്‍ പറയുന്നത്, ഇരുണ്ട നിറമെന്നാണ്. പുറം വെളുപ്പും അകം കറുപ്പുമെന്നൊക്കെ ആളുകള്‍ പറയാറുണ്ട്. എന്തിനാണ് അങ്ങനെ പറയുന്നത്. കറുപ്പിനെ ഏതൊക്കെ തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന് ചോദിക്കാറുണ്ട്. എന്തിനാണ് കാക്ക കുളിച്ചിട്ട് കൊക്കാകുന്നത്. കാക്ക കാക്കയായിട്ട് ഇരുന്നാല്‍ പോരെ. നമ്മുടെ പുരാണങ്ങള്‍ തന്നെ നോക്കിയാല്‍ മതി, ഏറ്റവും മോശം ക്യാരക്ടറുകള്‍ എല്ലാം കറുത്തവരാണ്. 


| എറണാകുളം ഇടപ്പള്ളിയില്‍ നടന്ന 'കറുപ്പഴകി'യുടെ പ്രദര്‍ശന ശേഷം സംവിധായിക മിനി ഐ.ജി, എഴുത്തുകാരി വി.കെ ഷാഹിന, നടി ജോളി ചിറയത്ത് എന്നിവരോടൊപ്പം കുക്കു ദേവകി.

വിദേശരാജ്യങ്ങളിലെ ഫോട്ടോഷൂട്ടുകള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എത്ര മനോഹരമായിട്ടാണ് കറുത്തവരെ പ്ലേസ് ചെയ്യുന്നത്. കറുത്ത സുന്ദരികളായിട്ടുള്ള സ്ത്രീകളാണ് അവരുടെ മോഡലുകള്‍. എന്ത് രസാണ് ആ ഫോട്ടോഷൂട്ടുകള്‍. ഏറ്റവും അധികം മാര്‍ക്കറ്റുള്ളത് കറുത്ത മോഡലുകള്‍ക്കാണ്. എന്നാല്‍, ഇവിടുത്തെ സ്ഥിതി നോക്കൂ. കറുത്തവര്‍ മോഡലുകളാകുന്നതിനെ വളരെ മോശമായിട്ടാണ് കാണുന്നത്. പല കല്യാണങ്ങളും മുടങ്ങുന്നത് കറുപ്പിന്റെ പേരിലായിരിക്കും. എന്നിട്ട് ശുദ്ധജാതകം, ചൊവ്വാദോഷം എന്നൊക്കെ ഓരോ കാരണങ്ങള്‍ പറയും. ശരിക്കും കറുപ്പായിരിക്കും പ്രശ്‌നം. ഞാന്‍ താമസിക്കുന്നത് നാട്ടിന്‍പുറത്താണ്. അവിടെ അമ്മമാരൊക്കെ കറുത്ത പെണ്‍മക്കളെ മഞ്ഞള്‍ തേച്ച് വെളുപ്പിക്കാന്‍ നോക്കും. എന്തിനാണ് അങ്ങനെ ചെയ്യുന്നത്. വെളുത്തിട്ട് പാറാ... ന്നൊക്കെ കേട്ടിട്ടില്ലേ. ഈ ചിന്താഗതിയെയൊക്കെ മറികടക്കേണ്ടത് അത്യാവശ്യമാണ്. നമ്മളീ നിറത്തിലാണ് ഇവിടെ ജനിച്ചു വീണത്. ഈ നിറമെന്ന് പറയന്നത് ഏറ്റവും മനോഹരമാണെന്നും ആരാണ് ഇത്തരത്തിലൊരു പൊതുബോധമുണ്ടാക്കിയത് അത് തെറ്റാണെന്നും ഫോട്ടോകളിലൂടെയും സ്‌ക്രീനിലൂടെയും പഠിപ്പിക്കുക എന്നുള്ളതാണ്.

സാധാരണക്കാര്‍ക്ക് അതു പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു വക്കീലാണ്, ആക്ടിവിസ്റ്റാണ്. ഇതിനുള്ളില്‍ പെട്ടുപോയ മറ്റു മനുഷ്യരെക്കുറിച്ചോര്‍ത്താണ് എനിക്ക് സങ്കടം. അവര്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന അവസ്ഥ വേദനാജനകമാണ്. എത്ര പെണ്‍കുട്ടികള്‍, എത്ര സ്ത്രീകള്‍. പുരുഷന്‍മാരെക്കുറിച്ച് ഞാന്‍ പറയാത്തത് അവരുടെ ലോകം വിശാലമാണ് എന്നുള്ളതുകൊണ്ടാണ്. സിനിമയിലൊക്കെയാണെങ്കില്‍ കറുത്ത നടന്‍മാര്‍ ഇഷ്ടം പോലെ വരുന്നുണ്ട്. അവര്‍ അംഗീകരിക്കപ്പെടുന്നുണ്ട്. വെളുത്ത പെണ്‍കുട്ടി ജനിച്ചാല്‍ രക്ഷപ്പെട്ടു എന്ന ചിന്താഗതിയുള്ളവരുണ്ട്. കാരണം, ഒരു സമൂഹത്തെ അങ്ങനെ മോള്‍ഡ് ചെയ്ത് വച്ചിരിക്കുകയാണ്. അതിലേക്കാണ് എന്നെപ്പോലുള്ളവര്‍ ഇടിച്ചുകയറി വരുന്നത്. എന്നിട്ടും കുലുങ്ങുന്നില്ല, കുലുക്കിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങളുണ്ടായേ പറ്റൂ. എന്നെപ്പോലൊരാള്‍ക്ക് ഇങ്ങനെയൊരു സ്‌പേസ് കിട്ടി. പക്ഷെ, ഇതുപോലും കിട്ടാത്ത നിരവധി പേരുണ്ട്.

പാണ്ടിച്ചി, ചാത്തന്‍ കളറ്..

കേന്ദ്രസര്‍ക്കാരുദ്യോഗസ്ഥരായിരുന്നു എന്റെ മാതാപിതാക്കള്‍. ഞങ്ങള്‍ മൂന്നു മക്കളാണ്. മൂവരും കറുത്തവര്‍. പെണ്‍മക്കള്‍ കറുത്തു പോയാല്‍ എന്തു ചെയ്യും എന്നൊരു ആശങ്ക എന്റെ മാതാപിതാക്കള്‍ക്ക് പുറത്തുനിന്നുള്ളവര്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍, അവരുടെ വായന കൊണ്ടും സാംസ്‌കാരികമായ ഔന്നത്യം കൊണ്ടും അവരത് മറികടന്നു. പക്ഷെ, അവര്‍ക്ക് ആശങ്കകളുണ്ടായിട്ടുണ്ട്. പഠനകാലത്തും കടുത്ത നിറങ്ങളാണ് ഞാനുപയോഗിച്ചിരുന്നത്. പൂവണ്ടി മറഞ്ഞതു പോലെ തലയില്‍ പൂ വയ്ക്കും. കോളജിലൊക്കെ പോകുമ്പോള്‍ കുട്ടികള്‍ കളിയാക്കും. പാണ്ടിച്ചി, ചാത്തന്‍ കളറ് .. പരിഹാസങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഞാന്‍ വഴക്കുണ്ടാക്കുമ്പോള്‍ നിനക്ക് കോംപ്ലക്‌സാണോ എന്ന് അവര്‍ തിരിച്ചു ചോദിക്കും. പക്ഷെ, ഇതിനെയെല്ലാം മറികടക്കണം എന്നാണ് മാതാപിതാക്കള്‍ എന്നോട് പറയാറുള്ളത്.

നന്നായി നൃത്തം ചെയ്യുമായിരുന്നിട്ടും ഡാന്‍സിനൊക്കെ കുട്ടികളെ തെരഞ്ഞെടുക്കുമ്പോള്‍ അധ്യാപകര്‍ എന്നെ മാറ്റിനിര്‍ത്തും. ഉയരമില്ല എന്ന കാരണമാണ് അവരെന്നോട് പറയുന്നത്. പക്ഷെ, കറുത്തത് കൊണ്ടാണെന്ന് എനിക്കറിയാം. പണ്ടു മുതലെ പ്രതികരിക്കുന്നയാളാണ് ഞാന്‍. ഇതിനെയെല്ലാം ചോദ്യം ചെയ്യും. അപ്പോള്‍ കോംപ്ലക്‌സാണോ എന്നായിരിക്കും മറുചോദ്യം. എന്തിനാണ് കോംപ്ലക്‌സ്. നന്നായി സംസാരിക്കുന്ന, നന്നായി ഇടപെടുന്നയാളായതുകൊണ്ടാണ് പ്രതികരിക്കാനുള്ള ഒരു ആര്‍ജവം എനിക്ക് കിട്ടിയത്. എല്ലാവര്‍ക്കും അവരുടേതായ കഴിവുകളും പ്രത്യേകതകളുമുണ്ട്. സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആളുകളെക്കാള്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ്. അവരോടൊപ്പം ചേരുക, അവര്‍ക്കൊപ്പം നില്‍ക്കുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. ഇനിവരുന്ന തലമുറയിലെങ്കിലും ഈ മാറ്റിനിര്‍ത്തലുകള്‍ ഉണ്ടാകരുത്. അവരുടെ കഴിവുകള്‍ കൊണ്ട് ഒരു സ്‌പേസ് ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കണം. 


എന്റെ വീടാണ് എന്നെ ഇങ്ങനെയാക്കിയത്. ഒന്നിലും പിന്നോട്ടു വലിച്ചില്ല, നീ അതു ചെയ്‌തോ എന്നു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ഫാന്‍സി ആഭരണങ്ങളൊക്കെ ധരിക്കുമ്പോള്‍ ബന്ധുക്കള്‍ കളിയാക്കുമായിരുന്നു. അതവളുടെ ഇഷ്ടമല്ലേ എന്ന് പറഞ്ഞ് അമ്മ അത് അവഗണിക്കും. പുസ്തകങ്ങളല്ലാതെ അച്ഛന്‍ ഞങ്ങള്‍ക്കൊന്നും വാങ്ങിത്തന്നിട്ടില്ല. കുട്ടിക്കാലത്ത് തന്നെ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. അച്ഛനും അമ്മയും വായിക്കുമ്പോള്‍ സ്വഭാവികമായി നമ്മളും വായിച്ചുപോകും. അന്നത്തെ കാലത്ത് മൊബൈലൊന്നുമുണ്ടായിരുന്നില്ലല്ലോ. വായന തന്നെ വായന. അത്തരമൊരു ചുറ്റുപാടില്‍ വളര്‍ന്നുവന്ന ആളായതുകൊണ്ട് പരിഹാസങ്ങളെയും മാറ്റിനിര്‍ത്തലുകളെയും മറികടക്കാന്‍ സാധിച്ചു. ഇങ്ങനയൊരു വീട്ടില്‍ നിന്നും വന്നിട്ട് എനിക്ക് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ വേറെയാര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്നൊരു ചോദ്യമുണ്ടാകില്ലേ?

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്നു ചോദിക്കുന്നയാളാണ് കുറ്റകൃത്യത്തിലേക്ക് നയിക്കുന്നത്. കണ്‍സെന്റ് കിട്ടിയെന്ന് പറയുന്നത് വളരെ മാനിപ്പുലേറ്റഡാണ്. നമ്മള്‍ ഭയങ്കര സംഭവാണെന്ന് കരുതുന്ന ആണത്ത പ്രിവിലേജ് അല്ല, എല്ലാവരും ഈക്വലായി ജീവിക്കുന്ന സമത്വസുന്ദരമായി ജീവിക്കേണ്ട ഒരു സൊസൈറ്റിയാണ് വേണ്ടതെന്ന് മനസിലാക്കാതെ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. അല്ലാതെ കോണ്‍ക്ലേവ് നടത്തിയതുകൊണ്ടൊന്നും ഒരു കാര്യമില്ല.

നൃത്തവും സമരമാര്‍ഗം

നൃത്തം എനിക്കൊരു പാഷനാണ്. സത്യഭാമയുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ ഞാന്‍ കോടതിയിലായിരുന്നു. സത്യഭാമയുടെ വീടിനു മുന്നില്‍ ഡാന്‍സ് കളിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്ന് സുഹൃത്തുക്കള്‍ വിളിച്ചു. പക്ഷെ, അന്നെന്തോ തിരക്കുണ്ടായിരുന്നു. തൃശൂര് നിന്നേ പറ്റൂ. എന്നിട്ടും തൃശൂര്‍ കലക്ട്രേറ്റിനു മുന്നില്‍ ചെരിപ്പൊക്കെയിട്ടു ഡാന്‍സ് കളിച്ചു. ചെരിപ്പിട്ടു നൃത്തം ചെയ്യാമോ എന്നൊക്കെ കുറെ പേര്‍ എന്നോട് ചോദിച്ചു. പക്ഷെ, ഇത്തരക്കാരോട് ഇങ്ങനെയാണ് പ്രതികരിക്കേണ്ടത്. മൂന്നു വയസു മുതല്‍ ഞാന്‍ നൃത്തം പഠിക്കുന്നുണ്ട്. രാജി ടീച്ചറാണ് എന്റെ ഗുരു. ഒരിക്കല്‍ ട്രൗസറൊക്കെയിട്ടും ഡാന്‍സ് കളിച്ചിരുന്നു. അത് വലിയ ചര്‍ച്ചയായി. നമ്മുടെ നൃത്തം കൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കുമോ അത് ചെയ്യണം. നൃത്തം എല്ലാവരെയും രസിപ്പിക്കുന്നതായിരിക്കണം. അല്ലാതെ അതിന് നിറമോ മറ്റൊന്നു അളവുകോലല്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് - ബോധവത്കരണം വേണം

രഞ്ജിത്തിന്റെ സിനിമകള്‍ തന്നെ എത്രയധികം സ്ത്രീവിരുദ്ധത നിറഞ്ഞതാണ്. അത്തരത്തിലൊരാളാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തുണ്ടായിരുന്നത്. പക്ഷെ, അയാളില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ എപ്പോഴെങ്കിലും പുറത്തേക്ക് ചാടുമെന്ന് അറിയാമായിരുന്നു. 15 കൊല്ലം കഴിഞ്ഞിട്ടും ആ നടിയുടെ മനസില്‍ നിന്നും അന്നുണ്ടായ മോശം അനുഭവം ഓര്‍ത്തിരിക്കുന്നുണ്ടെങ്കില്‍ അവരെത്രെ മാത്രം ട്രോമ അനുഭവിച്ചിരുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അതൊരിക്കലും മറക്കില്ല. മരണം വരെ ആ ട്രോമ നമ്മെ പിന്തുടരും. ഇതിനെക്കാള്‍ ഭീകരമായ സംഭവങ്ങള്‍ സിനിമാമേഖലയില്‍ ഉണ്ടായിട്ടുണ്ടാകും. പലരും ചിത്രത്തിലേ വരാതെ മരിച്ചുപോയിട്ടുണ്ടാകും. ജീവിച്ചിരിക്കുന്നുണ്ടാകാം. ജീവച്ഛവങ്ങളായിട്ടുണ്ടാകാം.

നമ്മുടതേ് ഒരു പാട്രിയാക്കല്‍ സൊസൈറ്റിയാണ്. സ്ത്രീകളെക്കൊണ്ടു തന്നെ പറയിപ്പിക്കുകയാണ്. ഞങ്ങള്‍ക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല, ആരും വാതിലില്‍ മുട്ടിയിട്ടില്ല എന്നൊക്കെ.

ഇപ്പോള്‍ വിവാഹത്തിന്റെ കാര്യമെടുത്താല്‍ ഒരു സ്ത്രീ ഭര്‍ത്താവിന്റെ അടി കിട്ടി മരിക്കാറായ വിധത്തിലാണ് എന്റെയടുത്ത് വന്നത്. ഭര്‍ത്താക്കന്‍മാരാകുമ്പോള്‍ ഒരടിയൊക്കെ അടിക്കുമല്ലോ എന്നാണ് അവളെന്നോട് പറഞ്ഞത്. ഒരു ദിവസം ഭര്‍ത്താവ് അവളെ അടിച്ചു റോഡിലേക്കിട്ടു. ഒരു ദിവസം റോഡില്‍ കഴിഞ്ഞിട്ടാണ് എന്റെയടുത്തേക്ക് വരുന്നത്. നടിയാകട്ടെ, വീട്ടമ്മയാകട്ടെ നമ്മള്‍ പെണ്‍കുട്ടികളെ പഠിപ്പിച്ചുവച്ചിരിക്കുന്നത് ഇങ്ങനെയാണ്. എന്നിട്ട് കുറെക്കാലം കഴിയുമ്പോള്‍ ചോദിക്കും എന്താ, അന്നേ പ്രതികരിക്കാത്തതെന്ന്. അങ്ങനെ ഉടനടി പ്രതികരിക്കാനുള്ള എന്തെങ്കിലും നമ്മള്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ടോ? ഒരാള്‍ അഭിനയമോഹവുമായി സിനിമയിലെത്തുന്നത് അഭിനയിക്കാനാണ്, അല്ലാതെ മറ്റൊരാളുടെ കൂടെ കിടക്കാനല്ല. ജോലിക്കെടുക്കാന്‍ പറ്റില്ലെങ്കില്‍ പറ്റില്ല എന്നു തന്നെ പറയണം. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്നു ചോദിക്കുന്നയാളാണ് കുറ്റകൃത്യത്തിലേക്ക് നയിക്കുന്നത്. കണ്‍സെന്റ് കിട്ടിയെന്ന് പറയുന്നത് വളരെ മാനിപ്പുലേറ്റഡാണ്. നമ്മള്‍ ഭയങ്കര സംഭവാണെന്ന് കരുതുന്ന ആണത്ത പ്രിവിലേജ് അല്ല, എല്ലാവരും ഈക്വലായി ജീവിക്കുന്ന സമത്വസുന്ദരമായി ജീവിക്കേണ്ട ഒരു സൊസൈറ്റിയാണ് വേണ്ടതെന്ന് മനസിലാക്കാതെ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. അല്ലാതെ കോണ്‍ക്ലേവ് നടത്തിയതുകൊണ്ടൊന്നും ഒരു കാര്യമില്ല.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ജെയ്സി തോമസ്

contributor

Similar News