കേരളത്തിലെ ആദ്യത്തെ യു.എ.പി.എ കേസ്; കുറ്റപത്രം സമര്‍പിക്കാതെ പത്തുവര്‍ഷം
കേരളത്തിലെ ആദ്യത്തെ യുഎപിഎ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗോവിന്ദന്‍കുട്ടി കേസിനാസ്പദമായ കാര്യങ്ങള്‍ വിശദീകരിക്കുന്നു.
മാവോയിസ്റ്റ് നേതാവ് മല്ലരാജറെഢിയെ അറസ്റ്റ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് എറണാകുളം പൊലീസ് എന്നെ കൊണ്ടുപോകാന്‍ ശ്രമിച്ചു. ഞാന്‍ സാധാരണ അറസ്റ്റ് വാറന്റ് ഇല്ലാതെ പൊലീസുകാര്‍ വിളിച്ചാലൊന്നും പോകാറില്ല. സിവില്‍ ഡ്രസ്സിട്ടിട്ട് വന്ന് കൊണ്ടുപോയാല്‍ ആരുടെയോ കൂടെ പോയി എന്നല്ലേ പറയുക. യൂണിഫോമില്‍ വന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറയാമല്ലോ. അന്ന് പോയിരുന്നെങ്കില്‍ എന്നെ ഇപ്പോള്‍ കാണില്ലായിരുന്നു. പൊലീസുകാര്‍ കഴുകന്‍ വന്ന് കുഞ്ഞുങ്ങളെ റാഞ്ചുന്നത് പൊലെ റാഞ്ചിക്കഴിഞ്ഞാല്‍ ആരും അറിയില്ല.
മല്ലരാജറെഢിയുടെ അറസ്റ്റ്
ജനങ്ങള്‍ വന്ന് തടഞ്ഞതുകൊണ്ടാണ് അന്ന് മല്ലരാജ റെഢി രക്ഷപ്പെട്ടതാണ്. ശെന്തല്‍ രാജമൗലിയെ കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്ത്-തട്ടിക്കൊണ്ടുപോയി ആന്ധ്രയില്‍ വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടു. അതുപൊലെ മല്ലരാജറെഢിയുടെ കൂടെ എന്നെയും കൊണ്ടുപോയി തട്ടാനുള്ള ശ്രമം പാളിയതാണ്. പോകാത്തതുകൊണ്ട് ഞാന്‍ അതില്‍നിന്ന് രക്ഷപ്പെട്ടു. സാധാരണ പൊലീസ് വന്നുവിളിച്ചാല്‍ എത്ര വലിയ മഹാനാണെങ്കിലും പോകും.
യു.എ.പി.എ കേസും പീപ്പ്ള്‍സ് മാര്‍ച്ച് നിരോധനവും
2007 ഡിസംബര്‍ 19 ന് എറണാകുളം തൃക്കാക്കര അസി. കമീഷണര്‍ സീതാരാമയ്യരാണ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹപരമായ ലേഖനം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. ഭാര്യയെ ചുട്ടുകരിച്ച ആളാണെന്നും ജീവപര്യന്തം ശിക്ഷ ലഭിച്ചതാണെന്നും ഇയാളെ വെറുതെ വിട്ടാല്‍ രാജ്യത്തിന് അപകടമാണ് എന്നുമാണ് സെഷന്‍ കോര്‍ട്ടില്‍ പൊലീസുകാര്‍ വാദിച്ചത്. എന്റെ ഭാര്യ ഹൈദരാബാദില്‍ ജീവിച്ചിരിപ്പുണ്ട്. ഈ വിവരം മാതൃഭൂമി ആഴ്ചപ്പതിപ്പാണ് പുറത്തുവിട്ടത്. ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്ന് വരുത്തുന്നത് കാക്കിവസ്ത്രത്തിന്റെ കഴിവാണ് കാണിക്കുന്നത്; അധികാരത്തിന്റെ കഴിവ്. ഭാര്യയെ ഉപദ്രവിച്ച് ബ്ലൂഫിലിമെല്ലാം എടുത്ത് കള്ളസാക്ഷി പറയിപ്പിച്ചാണ് അന്ന് ജീവപര്യന്തം ശിക്ഷ കിട്ടിയത്. ഈ വിവരങ്ങളെല്ലാം മാതൃഭൂമിയില്‍ വന്നു.
അന്ന് പീപ്പിള്‍സ് മാര്‍ച്ച് മാസിക നിരോധിച്ചിട്ടില്ല. ആര്‍.എന്‍.എ രജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന മാസികയാണ്. എനിക്ക് ജാമ്യം കിട്ടും എന്ന് വന്നപ്പോഴാണ് കലക്ടര്‍ മുഹമ്മദ് അനീഷ് മാസിക നിരോധിച്ചതായി എന്റെ വീട്ടിനുമുന്നില്‍ നൊട്ടീസ് ഒട്ടിച്ചത്. കാക്കനാടായിരുന്നു മാസിക നടത്തിയിരുന്നത്. മാസിക നിരോധിച്ച വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല. 2008 ഫെബ്രുവരി 24 ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ജാമ്യ വ്യവസ്ഥ പ്രകാരം രണ്ടാഴ്ച കൂടുമ്പോള്‍ ഹാജരാകണമെന്നായിരുന്നു. അങ്ങിനെ നാലുവര്‍ഷം പോയി. എന്നിട്ടും ചാര്‍ജ്ഷീറ്റ് നല്‍കിയില്ല. ഇനി ചാര്‍ജ്ഷീറ്റ് നല്‍കാതെ ഞാന്‍ വരില്ല എന്ന് പറഞ്ഞു. തുടര്‍ന്ന് അത് അവര്‍ അംഗീകരിച്ചു.
പതിനാല് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പിച്ചില്ല.
2017 ല്‍ ഒരു രജിസ്‌ട്രേഡ് കത്ത് അയച്ചു. ഇത്രയും കാലമായിട്ട് ചാര്‍ജ് ഷീറ്റ് നല്‍കിയിട്ടില്ല; അല്ലെങ്കില്‍ കേസ് പിന്‍വലിക്കണം. പിയുസിഎല്ലിന്റെ അഡ്വ. പൗരന്‍ വഴി ഒരു പെറ്റീഷന്‍ നല്‍കി. മുഖ്യമന്ത്രിക്കും പരാതി നല്‍കി. കേസ് പിന്‍വലിക്കണം, സീസ് ചെയ്ത മെറ്റീരിയല്‍സ് തിരിച്ചുതരണം എന്നും ആവശ്യപ്പെട്ടു.
ഇപ്പോള്‍ 14 കൊല്ലമായി. നമ്മളെ രാജ്യദ്രോഹിയാക്കി, കുറ്റംചെയ്ത ആളാക്കി വിടും. നിരപരാധിയാണെന്ന് നമ്മള്‍ തെളിയിക്കേണ്ടി വരും. പ്രൊസിക്യൂഷന്റെ കടമയില്‍നിന്ന് അവര്‍ പിന്‍മാറി വ്യക്തികളുടെ ഉത്തരവാദിത്തമാക്കി മാറ്റി.
മാസിക നിരോധിച്ചതിനെതിരെ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ കൊടുത്തു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജസ്റ്റിസ് ഡൊമനിക് പെറ്റീഷന്‍ നിരാകരിച്ചു. തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രസ്സ് രജിസ്ട്രാര്‍ അപ്‌ലറ്റ് ബോഡിക്ക് പരാതി നല്‍കി. ഞാന്‍ സ്വന്തമായി തന്നെ വാദിച്ചു. കലക്റ്റര്‍ അനീഷ് മാറി ബീന വന്നു. നിയമങ്ങളെയൊക്കെ കുറിച്ച് കൃത്യമായി അറിയാമല്ലോ, താങ്കള്‍ അഡ്വക്കറ്റ് ആണോ എന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ എഞ്ചിനീയറാണെന്നും സത്യത്തിന് നിയമത്തെ പോടിക്കേണ്ടതുണ്ടോ എന്നും ഞാന്‍ അവരോട് പറഞ്ഞു. കലക്റ്ററുടെ നിരോധനം എടുത്ത് കളഞ്ഞ് അപ്‌ലറ്റ് ബോര്‍ഡ് മാസിക വീണ്ടും തുടങ്ങാനുള്ള ഉത്തരവ് കിട്ടി. പീപ്പിള്‍സ് മാര്‍ച്ച് നിരോധിച്ചപ്പോള്‍ പീപ്പിള്‍സ് ട്രൂത്ത് എന്ന മാസിക പ്രൈവറ്റ് സര്‍ക്കുലേഷന്‍ ആയി ഇറക്കിയിരുന്നു. പീപ്പിള്‍സ് മാര്‍ച്ച് നിരോധിക്കാന്‍ കാരണം പറഞ്ഞത്, ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിനു നേരെയുള്ള വധശ്രമത്തിനെ ഉയര്‍ത്തിപ്പിടിച്ച് ലേഖനവും എഡിറ്റോറിയലും എഴുതി, ജാര്‍ഖണ്ഡ് ജെയില്‍ ബ്രേക്കിനെ അനുകൂലിച്ച് ലേഖനെമഴുതി എന്നെക്കെയായിരുന്നു.