ആദിയുടെ വചനങ്ങള്‍

ക്വിയര്‍ (ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍) വിഷയത്തില്‍ നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ആദിയുടെ സ്വരം വേറിട്ടതാണ്. ആദിയുമായി അജയ് നാരായണന്‍ നടത്തുന്ന സംഭാഷണം.

Update: 2022-09-23 05:39 GMT
Click the Play button to listen to article

ആദിയെ ഒരു കവിയെന്ന നിലയില്‍ ഒതുക്കേണ്ടതല്ല എന്നാണെന്റെ നിരീക്ഷണം. ആദിയുടെ കവിതകളെല്ലാം തന്നെ സമൂഹമനസ്സാക്ഷിയെ പലപ്പോഴും ഞെട്ടിക്കുന്നതും ചിലപ്പോഴെങ്കിലും അത്ഭുതപ്പെടുത്തുകയോ അസ്വസ്ഥതപ്പെടുത്തുകയോ ചെയ്യുന്നുണ്ട്. ഈ ചെറുപ്രായത്തില്‍ തന്നെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോവുകയും സ്വന്തം അസ്തിത്വത്തെ ഉലയില്‍ നീറ്റിയെടുക്കുവാന്‍ അത്തരം തീവ്രമായ അനുഭവങ്ങള്‍ സഹായകമാവുകയും ചെയ്തു എന്നുറക്കെ പറയാം. ആദി ഒരു മനുഷ്യനാണ്, കവിയാണ്, ചിന്തകനാണ്. സമൂഹത്തില്‍ നടമാടുന്ന പലേ അവസ്ഥാന്തരങ്ങളെ ആത്മാര്‍ത്ഥതയോടെ, ഉത്തമബോധ്യത്തോടെ ചോദ്യംചെയ്യുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ് ആദി. കൃത്യമായ ഒരു രാഷ്ട്രീയ ബോധത്തോടെയാണ് ആദി സമൂഹത്തിലെ ഓരോ വ്യക്തിയോടും സംവദിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ ആദി ബി.എഡ് വിദ്യാര്‍ഥിയാണ്. പി.എച്ച്.ഡി. ചെയ്യണമെന്നുണ്ട്. അധ്യാപകനാകാനാണ് താല്‍പര്യം. പുതിയ കുട്ടികളിലാണ് ആദിയുടെ പ്രതീക്ഷ. ക്വിയര്‍ (ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍) വിഷയത്തില്‍ നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ആദിയുടെ സ്വരം വേറിട്ടതാണ്. നമുക്കും കേള്‍ക്കാം ഈ കവിയെ, ചിന്തകനെ, മനുഷ്യനെ.


അജയ് നാരായണന്‍: 'കവിത കുറിക്കാനെനിക്കറിയില്ല, ഇതുമുഴുവന്‍ എന്റെ ആത്മഹത്യാകുറിപ്പുകളാണ്'' എന്ന് വിളിച്ചുപറയുന്ന ആദിയിലെ കവിമനസ്സിനു പിറകേ അംഗീകാരങ്ങള്‍ തേടിയെത്തുന്നുവല്ലോ. എങ്ങനെ കാണുന്നു ഈ അംഗീകാരങ്ങളെയും എഴുത്തുരീതികളെയും?

ആദി: കവിതയ്ക്ക് രൂപപരമായ കുറേയേറെ ശാഠ്യങ്ങളുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാനതിലൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നെ സംബന്ധിച്ച് ഇത് വളരെ വ്യക്തിപരമായ ഒരനുഭവമാണ്. അതേസമയം അതിനൊരു രാഷ്ട്രീയ മൂല്യവുമുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇത്രയും കാലം queer ആയ മനുഷ്യരുടെ അനുഭവങ്ങള്‍ വെളിച്ചം കണ്ടിട്ടില്ല. ഒരു കണ്ണാടിയും ഞങ്ങളെ പ്രതിഫലിപ്പിച്ചിട്ടില്ല. വല്ലാത്ത ഒരു ശൂന്യതയുണ്ട്. ആ ശൂന്യതയിലേക്കാണ് വിജയരാജമല്ലികയെപ്പോലുള്ളവര്‍ കടന്നുവന്നിരിക്കുന്നത്. മല്ലികയുടെയൊക്കെ തുടര്‍ച്ചയിലാണ് ഞാനും എഴുതിത്തുടങ്ങുന്നത്. അംഗീകാരമെന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കുന്നത് ചില ചേര്‍ത്തുപിടിക്കലുകളെയാണ്, ഒരു മനുഷ്യജീവി അര്‍ഹിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പരിഗണനയെയാണ്. എന്റെ എഴുത്തുകള്‍ വായിച്ച്, ക്വിയര്‍ കമ്യൂണിറ്റിയിലെ പലരും 'ഇത് ഞങ്ങളുടെ കൂടി അനുഭവങ്ങളാണ്' എന്നു പറയാറുണ്ട്. ഞങ്ങള്‍ ജീവിച്ച ജീവിതത്തെ ഭാഷയിലൂടെ അടയാളപ്പെടുത്തുക പ്രധാനമാണ്. അത് മാത്രമാണ് എന്റെ മനസ്സിലുള്ളത്.

അജയ് നാരായണന്‍: ആദി പറയുന്നു,'ഞങ്ങള്‍ ജീവിച്ച ജീവിതത്തെ ഭാഷകൊണ്ട് അടയാളപ്പെടുത്തലാണ്' മനസ്സില്‍ ഉള്ളത്. ഈ ശ്രമത്തില്‍ ആരാണ് മാതൃക? എന്താണ് ഏറ്റവും വലിയ വെല്ലുവിളി?

ആദി: പ്രധാനപ്പെട്ട പരിമിതി ഭാഷയുടേതാണ്. എല്ലാ ഭാഷകളും അങ്ങേയറ്റം ജെന്‍ഡേര്‍ഡാണ്. ആണും പെണ്ണും മാത്രമുള്ള ഒരു ഭാഷയാണ് നമ്മുടേതും. ട്രാന്‍സ് ജെന്‍ഡറിന്റെ മലയാളമെന്താകണമെന്ന ചോദ്യം നമ്മള്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഇത് അടിസ്ഥാനപരമായി ഭാഷയുടെ പരിമിതിയാണ്. ആ പരിമിതിയെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുകയെന്നത് പ്രധാനമാണ്. ഈ ഭാഷയെ മൊത്തത്തില്‍ തള്ളിക്കളയുകയൊന്നും സാധ്യമല്ല. പക്ഷേ, ലഭ്യമായ പാട്രിയര്‍ക്കലായ ഈ ഭാഷയെ വളരെ സബ് വേര്‍സീവായ തരത്തില്‍ ഉപയോഗിക്കാനും ഹെറ്ററോനോര്‍മാറ്റിവായ ഒരു സാമൂഹിക ക്രമത്തില്‍ ചില പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കാനും നമുക്ക് പറ്റും. വിജയരാജമല്ലികയിലൊക്കെ ഇതിന്റെ അംശങ്ങളുണ്ട്. പാട്രിയാര്‍ക്കി വളരെയേറെ ആദര്‍ശവത്കരിക്കുന്ന ഒന്നാണല്ലോ മാതൃത്വം. സ്ത്രീകളെ കാലങ്ങളായി വീട്ടകങ്ങളില്‍ തളച്ചിടാന്‍ പാട്രിയാര്‍ക്കി ഫലപ്രദമായി ഉപയോഗിച്ചത് മാതൃത്വത്തെയാണ്. അങ്ങനെയിരിക്കെ, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കേവലം അതിവൈകാരികതയില്‍ പൊതിഞ്ഞ് മനസ്സിലാക്കേണ്ടതല്ല. 'താരാട്ട് പാട്ട്' എന്ന ഫോമിനെ മല്ലിക ഉപയോഗിക്കുന്നത് നോക്കൂ, അവര്‍ ആണും പെണ്ണുമല്ലാത്ത കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് താരാട്ടുപാട്ടെഴുതുന്നത്. ''ആണല്ല,പെണ്ണല്ല കണ്മണി നീ''യെന്നാണ് മല്ലിക എഴുതുന്നത്. ഇത് വളരെ തന്ത്രപരമായ നീക്കമാണ്. ഹെറ്ററോനോര്‍മാറ്റിവായ ഒരു വ്യവസ്ഥയോടുള്ള നിശിതമായ വിമര്‍ശനം ഈ ശ്രമത്തിലുണ്ട്. പുതിയ പദ സൃഷ്ടിയിലേര്‍പ്പെടുക, പഴയ പദങ്ങളെ പുതിയ മട്ടില്‍ ഉപയോഗിക്കുക, ഒരു പദത്തിന്റെ അര്‍ഥത്തെ അപ്പാടെ മറിച്ചിടുക തുടങ്ങി പല തലങ്ങളിലാണ് ഭാഷയിലെ ഈ പുതുക്കല്‍ നടക്കുന്നത്. ക്വിയാറായ ഒരു വ്യക്തി ഭാഷയിലെടുക്കുന്ന എന്തൊരു പണിയ്ക്കും വ്യാകരണ വിരുദ്ധതയുടെ തലമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, നമ്മുടെ ഭാഷയും വ്യാകരണം ജെന്‍ഡേര്‍ഡാണെന്നതാണ്.


മാതൃകകളായി നമുക്ക് വളരെ കുറച്ചുപേരെയുള്ളൂ. മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ എഴുത്തുകാരി വിജയരാജമല്ലികയാണ്. മല്ലികയുടെ എഴുത്തുകള്‍ തുറന്നിടുന്ന ചില സാധ്യതകളുണ്ട്. അത് നല്‍കുന്ന കരുത്ത് വളരെ വലുതാണ്. ഞാന്‍ മുന്നേ സൂചിപ്പിച്ചതു പോലെ, വലിയ ഒരു ശൂന്യതയുമുണ്ട്. ഞങ്ങളുടെ ശബ്ദങ്ങളെ കാലങ്ങളായി ഈ വ്യവസ്ഥ അടിച്ചമര്‍ത്തുകയാണ്. പൊയ്കയില്‍ അപ്പച്ചന്‍ പാടുന്നത് പോലെ, 'കാണുന്നില്ല ഒരക്ഷരവും എന്റെ വംശത്തെപ്പറ്റിയെന്ന അവസ്ഥയാണ്'.

അജയ് നാരായണന്‍: കുടുംബം, സമൂഹം, രാഷ്ട്രീയം തുടങ്ങി എല്ലാ തലങ്ങളിലും ലിംഗത്തിന് രണ്ടു ഭാവങ്ങള്‍ക്കപ്പുറം ഇന്ന് നീതി പടരുന്നുണ്ടല്ലോ. എങ്കിലും, നീണ്ടുകിടക്കുന്ന പാത മുള്ളുകള്‍ നിറഞ്ഞതുമാണ്. ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒരു വസ്തുതയുമുണ്ട്. ലൈംഗിക അരക്ഷിതത്വം അനുഭവിക്കുന്ന ഒരു സമൂഹമാണ് കേരളം എന്ന ഒരു നിരീക്ഷണമാണത്. ആ അവസ്ഥയില്‍ ഒരു വ്യക്തി എളുപ്പത്തില്‍ ഇരയാക്കപ്പെടുന്നു. ഇവിടെ ലിംഗ നീതിയ്ക്കപ്പുറം വ്യക്തി ശാക്തീകരണത്തിനല്ലേ മുന്‍ഗണന വേണ്ടത്?

ആദി: സ്ത്രീവാദത്തിനും anticats മുന്നേറ്റത്തിനുമൊക്കെ എതിരെ വരുന്ന ഒരു വാദമുണ്ട്. നമ്മളൊക്കെ മനുഷ്യരാണ്. മനുഷ്യരെക്കുറിച്ച് സംസാരിക്കൂവെന്ന്. അതേ സ്വഭാവമുള്ള ഒരു ചോദ്യമാണിതെന്ന് തോന്നുന്നു. മനുഷ്യന്‍-വ്യക്തി തുടങ്ങിയവയൊക്കെ ആധുനികത ജന്മം നല്‍കിയ ആശയങ്ങളാണ്. ഈ മനുഷ്യ-വ്യക്തി സങ്കല്‍പ്പത്തിന്റെ കേന്ദ്രത്തില്‍ സിസ്-വെളുത്ത പുരുഷനാണെന്ന വിമര്‍ശനം പല കോണില്‍ നിന്നും ഉയര്‍ന്നിട്ടുമുണ്ട്. കേവലം വ്യക്തി, മനുഷ്യന്‍ എന്ന നിലയില്‍ ഒരു നിലനില്‍പ്പ് നമുക്ക് സാധ്യമാണോ? പലതരം ഐഡന്റിറ്റികളിലാണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാവരും വ്യക്തികളായി പരിഗണിക്കപ്പെട്ടിരുന്നെങ്കില്‍ ലോകം എന്നേ നന്നായേനെ. പക്ഷേ, അങ്ങനെയുണ്ടാവുന്നില്ല. അതുകൊണ്ടാണ് ഇത്തരം ഒച്ചകളുയര്‍ത്തേണ്ടി വരുന്നത്. അന്നേരം, മനുഷ്യരെക്കുറിച്ച് സംസാരിക്കൂവെന്ന് പറയുന്നവര്‍ ഈ മനുഷ്യ/വ്യക്തി സങ്കല്‍പ്പത്തിനകത്തേക്ക് പ്രവേശനമുള്ളവരും വ്യവസ്ഥ അനുവദിച്ചുകൊടുക്കുന്ന സകല പ്രിവിലേജുകളുടെയും ഉപഭോക്താക്കളായി തുടരുന്നവരുമാണ്. ഞങ്ങള്‍ സ്ത്രീകള്‍ക്ക്, ദലിതര്‍ക്ക്, ക്വിയര്‍, ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് ഈയിടം പ്രാപ്യമല്ല. ഞങ്ങളുടെ വിമര്‍ശനം, നിലനില്‍ക്കുന്ന ഈ വ്യക്തി സങ്കല്പത്തോട് കൂടിയുള്ളതാണ്. അതുകൊണ്ട് കേവലം വ്യക്തികള്‍ ശാക്തീകരിക്കപ്പെട്ടത് കൊണ്ട് മാത്രം ഈ വ്യവസ്ഥ തിരുത്തപ്പെടുമെന്ന് കരുതുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.


അജയ് നാരായണന്‍: ആദിയുടെ വാക്കുകള്‍ പലയിടങ്ങളിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയത്തിലും മതത്തിലും sexualtiy യിലും വ്യക്തമായ കാഴ്ചപ്പാടുകളും ഉണ്ടല്ലോ താങ്കള്‍ക്ക്. കവിതകളില്‍ ഇത്തരം വിഷയങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

ആദി: കവിതയെ വളരെ രാഷ്ട്രീയമായ ഊന്നലുകളോടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ എന്നെപ്പറ്റിയാണ്, എന്റെ അനുഭവങ്ങളെയാണ് എഴുതുന്നത്. അതിനെ നിങ്ങള്‍ കവിതയെന്ന് വിളിക്കണമെന്ന നിര്‍ബന്ധബുദ്ധിയൊന്നും എനിക്കില്ല. ഭാഷയില്‍ ഞങ്ങളുടെ അനുഭവങ്ങളെക്കൂടി അടയാളപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ മീതെയാണ് ഞാനെഴുതുന്നത്.

അതില്‍ കവിഞ്ഞ് യാതൊന്നും എന്റെ പരിഗണനയിലില്ല. എന്റെ മനുഷ്യര്‍ക്ക് എന്റെ ഭാഷ മനസ്സിലാകും. ഞാനെന്താണ് പറയുന്നതെന്നും തിരിയും. ഇത്രയുംകാലം ഞങ്ങള്‍ക്ക് നോക്കാന്‍ ഒരു കണ്ണാടി പോലുമുണ്ടായിരുന്നില്ല. എല്ലായിടത്തും ഞങ്ങള്‍ അദൃശ്യരായിരുന്നു. ഞങ്ങളുടെ പ്രണയം ഒരിടത്തുമില്ല. ആ ശൂന്യതയെ നികത്താനാണ് ശ്രമിക്കുന്നത്. എന്റെ എഴുത്തു ജീവിതത്തെയാകെ നിര്‍ണയിക്കുന്നത് ഈ രാഷ്ട്രീയബോധ്യമാണ്.

അജയ് നാരായണന്‍: ഒരു വ്യക്തിയുടെ വളര്‍ച്ച തുടങ്ങുന്നത് വീട്ടിലാണ്. അതിന്റെ അനുരണനം കാണുന്നത് സമൂഹത്തിലുമാണ്. ഈയിടെ ഫെയ്‌സ്ബുക്കില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും ഒരേ യൂണിഫോം ആകാം എന്നതില്‍ താങ്കളുടെ നിലപാട് വായിച്ചു. വിദ്യാഭ്യാസത്തിനു വളരെ വ്യക്തമായ ഒരു സ്ഥാനം ഉണ്ടെന്ന നിലയ്ക്ക്, Gender Neutral Uniform പ്രവര്‍ത്തികമായാല്‍ അതിലൊരു ലിംഗനീതിയില്ലേ, എവിടെയെങ്കിലും ഒന്ന് തുടങ്ങണ്ടേ ആദി?

ആദി: നമ്മള്‍ സംസാരിക്കുന്നത് വളരെയേറെ കാലമായി വലിയ ഇളക്കങ്ങളൊന്നുമില്ലാതെ തുടരുന്ന ഒരു വ്യവസ്ഥയെ കുറിച്ചാണ്. Heteropatriarchy യെ ക്കുറിച്ചാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലൂടെ മാത്രം സാധ്യമാകുന്നതല്ല ജെന്‍ഡര്‍ ജസ്റ്റിസെന്നത്. ഇനിയും ഒരുപാട് ദൂരം നമ്മള്‍ സഞ്ചരിക്കേണ്ടതുണ്ട്. നിലനില്‍ക്കുന്ന കുടുംബഘടനയെ അഴിച്ചുപരിശോധിക്കേണ്ടതുണ്ട്. നമ്മളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജെന്‍ഡറിനെ ഏതുവിധത്തിലാണ് മനസ്സിലാക്കുന്നതെന്ന ചോദ്യം ചോദിക്കേണ്ടതുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിട്ട കുട്ടിയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണോ നമ്മുടെ സംവിധാനമെന്ന ചോദ്യത്തിനുള്ള ഉത്തരവും നമ്മള്‍ അന്വേഷിക്കേണ്ടതുണ്ട്. വളരെ എളുപ്പത്തില്‍ കൈയെത്തിപ്പിടിക്കാവുന്ന ഒന്നിനെ പറ്റിയല്ല നമ്മുടെ സംസാരം. സാമൂഹ്യമാറ്റത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും പ്രയോഗങ്ങള്‍ക്കും സമരമുറകള്‍ക്കുമാണ് നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടത്. ജെന്‍ഡര്‍ ന്യൂട്രല്‍ ചര്‍ച്ചയില്‍ തുടങ്ങി, അവിടെ അവസാനിക്കേണ്ട ചര്‍ച്ചയല്ലത്.


അജയ് നാരായണന്‍: വാദത്തിനുവേണ്ടി ഇതംഗീകരിച്ചാലും ചെറുപ്രായത്തില്‍ തന്നെ ചിന്താരീതിയില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ വരുത്തുന്നതല്ലേ പ്രായോഗികം? Curriculum, പഠനരീതി, അധ്യാപനരീതി ഇവയിലൂടെയും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാമല്ലോ. Gender equality യ്ക്കുവേണ്ടി ആദിയില്‍ നിന്നും ഭാവിയില്‍ ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടത് എന്തൊക്കെയാണ്?

ആദി: നമ്മുടെ ശരീരത്തെപ്പറ്റിയുള്ള ധാരണകളെ വീണ്ടുവിചാരത്തിന് വിധേയമാക്കേണ്ട ഘട്ടമാണിത്. പുതിയ തരത്തിലുള്ള ഗുണപരമായ ചര്‍ച്ചകളുണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസമേഖലയില്‍ മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. സിലബസ് പരിഷ്‌കരണവും മറ്റും അതിന്റെ ഭാഗമാണ്. പക്ഷേ, അതുകൊണ്ടുമാത്രം പരിഹരിക്കപ്പെടുന്ന പ്രശ്‌നങ്ങളല്ലിത്. കുറേയേറെക്കാലം നീണ്ടുനില്‍ക്കുന്ന ഇടപെടലുകളിലൂടെ മാത്രമേ നമുക്ക് ക്വിയര്‍ ഇന്‍ക്ലൂസീവായ ഒരു സമൂഹമായി മാറാന്‍ കഴിയുകയുള്ളൂ.

ചോദ്യത്തിന്റെ അവസാന ഭാഗത്തേക്ക് വരുമ്പോള്‍, എന്നില്‍ നിന്ന് യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് എനിക്ക് പറയാനുള്ളത്. അത്തരം പ്രതീക്ഷകളൊക്കെ വല്ലാത്ത ബാധ്യതയാണ്. വ്യവസ്ഥാവിമര്‍ശനത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തവും ഒരു വ്യക്തിയിലേക്ക് മാത്രമായി വെച്ചുകെട്ടേണ്ടതല്ല. ഇനിയും നമ്മള്‍ രക്ഷകരിലേക്ക് കണ്ണ് തുറിച്ച് നോക്കിയിരുന്നിട്ട് വലിയ കാര്യമൊന്നുമില്ല. ആരും നമ്മെ രക്ഷിക്കാന്‍ പോണില്ല. ഇത് വലിയ ഒരു സമരമാണ്. ഇത്തരം സമരങ്ങളിലേക്ക് സിസ്റ്റം പല മട്ടില്‍ പുറന്തള്ളിയ മനുഷ്യര്‍-നമ്മള്‍, ഒരുമിച്ചിറങ്ങേണ്ടതുണ്ട്. (സിസ്-ഹെറ്ററോ മനുഷ്യരോടാണ്) ഇത് നിങ്ങള്‍ക്ക് പുറത്തുള്ള, നിങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത ഒരു കാര്യമാണെന്ന് തെറ്റിദ്ധരിക്കരുത്.

അതുകൊണ്ട്, വ്യക്തിപരമായ ഇടപെടലുകളല്ല, വളരെയധികം പൊളിറ്റിക്കലി ചാര്‍ജ്ഡായ ഒരു കൂട്ടം മനുഷ്യരുടെ സമരങ്ങളും ചെറുത്തുനില്‍പ്പുകളുമാണ് നമുക്ക് വേണ്ടത്. അതാണ് ഇപ്പോള്‍ കാണുന്ന വിസിബിലിറ്റിയെയും സ്വീകാര്യതയെയും രൂപപ്പെടുത്തിയിട്ടുള്ളത്. കുറേയേറെ പേര്‍ കൊല്ലപ്പെട്ടു. സ്വീറ്റ് മരിയയും ഗൗരിയും ശാലുവും അഞ്ജനയും അനന്യയുമൊക്കെ ഈ പോരാട്ടത്തിന്റെ ഭാഗമാണ്. അവരൊഴുക്കിയ വിയര്‍പ്പിനും ചോരയ്ക്കും മീതെയാണ് ക്വിയര്‍ രാഷ്ട്രീയമുള്ളത്. എയ്ഡ്‌സ് രോഗികളും ലൈംഗികതൊഴിലാളികളും ഈ പോരാട്ടങ്ങളിലുണ്ട്. അരികുകളിലുള്ള മുഴുവന്‍ മനുഷ്യരോടും ഐക്യപ്പെടലിന് സാധ്യതയുള്ള വലിയ അവസരം ഈ മുന്നേറ്റത്തിനുണ്ട്. ഞാനൊക്കെ ഇതിന്റെ ഏറ്റവും അവസാനത്തെ കണ്ണി മാത്രമാണ്. എന്റെ പല തരം പരിമിതികള്‍ക്കുള്ളിലാണ് ഞാന്‍ ഈ വിഷയം സംസാരിക്കുന്നത്, എഴുതുന്നത്. എങ്കിലും ഈ സമരത്തിന്റെ ഭാഗമാകുകയെന്നത് വലിയ കാര്യമായിതന്നെ എനിക്ക് തോന്നുന്നു.


അജയ് നാരായണന്‍: ആദിയുടെ വാക്കുകള്‍ക്ക് പുതിയ ദിശാബോധമുണ്ട്, ആര്‍ജവമുണ്ട്. ആശംസകള്‍. ആദിയുടെ ചിന്തയുടെ തീ പടര്‍ന്ന ഒരു കവിത കൂടി നമുക്ക് വായിക്കാം.


(അ)വിഹിതം

ആദി

സുഭാഷ് പാര്‍ക്കിലെ

മതിലുകളില്‍

പ്രേമത്തെകുറിച്ച്

കവിതയെഴുതുകയാണ്.

തിങ്കളാഴ്ച രാത്രിയാണ്

വലിയ തിരക്കില്ലി-രുട്ടൊഴിച്ച്

ഭാര്യയെയും

മക്കളെയുമുപേക്ഷിച്ചിറങ്ങിപ്പോന്ന

എന്റെ

കാമുകന്റെ-യുടലിന്

മീന്‍വാസനയാണ്.

ഭാര്യ

മുഷിഞ്ഞ നൈറ്റിയില്‍

മീന്‍മുറിക്കുന്നതും

കഴുകിവൃത്തിയാക്കുന്നതും

കറിയാക്കുന്നതും

വെച്ചുവിളമ്പുന്നതു-

മെച്ചിലെടുക്കുന്നതും

അയാളുടെ ചുണ്ടിലുണങ്ങിപ്പിടിച്ചിരിക്കാം.

ഇങ്ങോട്ടുവരുംമുന്നേ,യാ സ്ത്രീയുടെ

കൈകളയാളെ

അത്രയും ദയയോടെ കെട്ടിപ്പിടിച്ചിരുന്നേക്കാം.

അയാളുടെ,

വിരലുകളിലുപ്പു

കൂടിയെന്നുമെരുവില്ലെന്നും

പറഞ്ഞയാള്‍ നീക്കിവെച്ച

മത്തി മുളകിട്ടതിന്റെ രുചി.

അയാളെന്റെ വായിലുമ്മ

വെച്ചതുകൊണ്ട്,

''കറിയിലുപ്പ് പാകമായിരുന്നല്ലോ''ന്നു

ഞാന്‍.

റോഡിലേക്കയാളിറങ്ങും മുന്നേയാ സ്ത്രീ

കരഞ്ഞിരിക്കുമെന്നു

ഞാനുറപ്പിച്ചതതാണ്.

അയാളുടെ

ഇളയകുട്ടി-''യച്ചാ

പാര്‍ക്കിലേക്കെന്നെയും

കൂട്ടുമോന്ന്''

ചിണുങ്ങിയതുമയാള്‍

പല്ലുകടിച്ചതുമെനിക്കറിയാം.

അയാളുടെ,യടിവസ്ത്രങ്ങള്‍ക്കടിയില്‍

കഴിഞ്ഞരാത്രി

അയാളാ സ്ത്രീയിലേക്കിറങ്ങിയതിന്റെ

വടുക്കള്‍.

'എനിക്ക് പെണ്ണിനെയറിയാം''

അയാള്‍ തൂവാലയെടുക്കേ

വീമ്പിളക്കി.

എന്നിട്ടുമയാളിറങ്ങിപ്പോന്ന

വീട്ടിലാ, സ്ത്രീ

വയറമര്‍ത്തിയും

വിരലമര്‍ത്തിയും കരയുന്നു.

അവളിന്നേവരെ

രതിമൂര്‍ച്ചയിലെത്തിയിട്ടില്ലെന്ന-യാളുടെ

ഉടലെന്റെ

ചെവിയില്‍ പറഞ്ഞറിയാം.

അയാള്‍ പാര്‍ക്കിലേക്കിറങ്ങി

മൂന്നു മിനുറ്റിനുള്ളില്‍

ഞാനയാളുടെ

വീട്ടിലേക്കുകേറും

വിശാലമായ

സ്വീകരണമുറിയിലിളയകുട്ടിക്കയാള്‍

വാങ്ങാന്‍

മറന്ന ചോക്ലേറ്റു നല്‍കും.

തീന്‍മേശയിലാ സ്ത്രീയവളുടെ

ജാരനു ചോറും

മുളകിട്ടമീന്‍കറിയും വിളമ്പും.

'എന്തൊരു രുചിയാ''ന്നു

കറിമുക്കിയ വിരലു

ഞാനീമ്പുമ്പോളവള്‍ക്ക്

രതിമൂര്‍ച്ഛയാകും

കുറെ നേരം ഞങ്ങളോരോന്നു

മിണ്ടും

അവളുടെ ചുണ്ടുകളിപ്പോള്‍

ചുംബനങ്ങളെ

കൊതിക്കുന്നില്ല.

രണ്ടാമത്തെ രതിമൂര്‍ച്ഛയിതാണ്

എന്റെ വിരലുകള്‍ക്കിപ്പോളയാളുടെ

ഭാര്യയുടെ മണമാണ്.

മുഷിഞ്ഞ നൈറ്റിയിലവള്‍

മീന്‍മുറിക്കുന്നതും

കഴുകിവൃത്തിയാക്കുന്നതും

കറിയാക്കുന്നതും

വെച്ചുവിളമ്പുന്നതു

മെച്ചിലെടുക്കുന്നതുമെന്റെ

ചുണ്ടിലുമുണങ്ങിപ്പിടിച്ചിരിക്കാം.

അതായത്

ഞാനയാളുടെ

പുതിയ കാമുകനുമയാളുടെ ഭാര്യയുടെ

അവസാനത്തെ

ജാരനുമാകുന്നു.



അജയ് നാരായണന്‍

 

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. അജയ് നാരായണന്‍

Writer

Similar News