ജാതി സെന്‍സസ് നടപ്പാക്കിയ നിതീഷ്‌കുമാറിനെ തന്നെ ആര്‍.എസ്.എസ് തങ്ങളുടെ നിയന്ത്രണത്തിലാക്കി - ഡോ. പി.ജെ ജയിംസ്
ഏത് രഷ്ട്രീയ പാര്‍ട്ടിയെയും അവരുടെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും ദീര്‍ഘിച്ച ചരിത്രമുള്ള, ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയാണ് ആര്‍.എസ്.എസ്. ആ രീതിയിലാണ് ബീഹാറിലൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര-പ്രാണ പ്രതിഷ്ഠാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് ഡോ. പി.ജെ ജയിംസ് സംസാരിക്കുന്നു.
ആര്‍.എസ്.എസ് എങ്ങിനെയാണോ കാര്യങ്ങളെ വിഭാവനം ചെയ്തിട്ടുള്ളത് അതനുസരിച്ചു തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കാരണം, 1925 ല്‍ ആര്‍.എസ്.എസ് രൂപം കൊടുത്തതിന് ശേഷം അത് മുന്നോട്ട് വെച്ചിട്ടുള്ള അതിന്റെ ലക്ഷ്യം ഒരു ഹിന്ദുരാഷ്ട്ര രൂപവത്കരണമാണെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍, ആ ഹിന്ദുരാഷ്ട്ര രൂപീകരണത്തിലേക്കുള്ള പ്രക്രിയയിലെ ഒരു നാഴികക്കല്ലാണ്, ഒരു സുപ്രധാന ചുവട് വെപ്പാണ് - ഒരു പക്ഷെ ഏറ്റവും പ്രധാനപ്പെട്ട ചുവടവെപ്പ് എന്ന് വേണമെങ്കില്‍ പറയാം - രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിലൂടെ ഇപ്പോള്‍ നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്.
1970 കള്‍ വരെ, സംഘ്പരിവാര്‍ 1925 ലക്ഷ്യംവെച്ച് കാര്യങ്ങള്‍ നീക്കുന്ന ഒരു സാഹചര്യം ആയിരുന്നില്ല എന്ന് നമുക്കറിയാം. കാരണം, ഇന്ത്യന്‍ സ്വതന്ത്ര സമര ചരിത്രത്തില്‍ കാര്യമായ ഒരു പങ്കും വഹിക്കാതിരുന്നത് മൂലം ജനങ്ങളില്‍ നിന്ന് അകന്നു പോവുകയും അതുപോലെ തന്നെ ജനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി ഒറ്റപ്പെടുകയും ചെയ്ത ഒരു പ്രസ്ഥനമായിരുന്നു ആര്‍.എസ്.എസ്. 1970 കളിലെ ലോകവ്യാപകമായി രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഇന്ത്യയിലുമുണ്ടായ അതിരൂക്ഷമായ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസ് വീണ്ടും നമ്മുടെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. എല്ലാ ഫാസിസ്റ്റുകളും ഏത് പ്രതികൂല സാഹചര്യത്തെയും ഫലപ്രദമായി ഉപയോഗിക്കുമെന്ന് പറഞ്ഞതുപോലെ, അതിനെ അടിവരയിടുന്ന രൂപത്തില്‍ തന്നെയാണ് എഴുപതുകളിലും സംഭവിച്ചത്. അതിന് ശേഷമാണ് പെട്ടെന്നൊരുമാറ്റം ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതിന്റെ ഭാഗമായാണ് ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ഉപകരണം എന്ന നിലയ്ക്ക് ബി.ജെ.പി രൂപീകരിക്കുന്നത്.
രാമക്ഷേത്ര നിര്‍മാണത്തോടൊപ്പം തന്നെ പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നു. ഇന്ത്യയുടെ അയല്‍പക്കത്തുള്ള മൂന്ന് രാജ്യങ്ങളില്‍ നിന്ന് ആറ് സമുദായത്തില്‍പ്പെട്ട മുസ്‌ലിംകള്‍ ഒഴിച്ചുള്ള ആളുകള്‍ക്ക് പൗരത്വം കൊടുത്തുകൊണ്ട്, മുസ്‌ലിംകളെ തിരഞ്ഞു പിടിച്ച് ഒഴിവാക്കിക്കൊണ്ടുള്ളതാണ് പൗരത്വ ഭേദഗതി നിയമം ലക്ഷ്യംവെക്കുന്നത്.
1989 ല്‍ ഹിമാചല്‍ പ്രദേശിലെ പാലംപൂരില്‍ വെച്ച് അദ്വാനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി, രാമക്ഷേത്ര നിര്‍മാണം മുഖ്യ അജണ്ടയായി ഏറ്റെടുക്കാന്‍ പ്രഖ്യാപനം നടത്തി. അതിന്റെ തുടര്‍ച്ചയായിട്ടാണ് രഥയാത്ര അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതും 1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതും. പിന്നീട് വളരെ പെട്ടെന്ന് ആയിരുന്നു കാര്യങ്ങള്‍ മുന്നോട്ട് പോയത്. രാജ്യമെങ്ങും ഹിന്ദുത്വ ധ്രുവീകരണം ശക്തമാക്കി. മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് സ്ഥാപിച്ചുകൊണ്ടാണ്, അവരെ മുഖ്യശത്രുവായിക്കൊണ്ടാണ് - ഗോള്‍വാക്കറൊക്കെ പറഞ്ഞിട്ടുള്ള മുഖ്യ ശത്രു എന്നുള്ള ആ ഒരു കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ - ബി.ജെ.പി കാര്യങ്ങള്‍ നീക്കിയത്. അതിന്റെയൊക്കെ ഫലമായിട്ടാണ് ശേഷം ഗുജറാത്ത് കലാപമുണ്ടാകുന്നത്. അത്‌പോലെ തന്നെയുള്ള നിരവധി പ്രക്രിയയിലൂടെയാണ് 2014 ല്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.
ബി.ജെ.പി അധികാരത്തില്‍ വന്നതോടു കൂടി അവരുടെ ലക്ഷ്യങ്ങള്‍ കൃത്യമായി നിര്‍വചിച്ചു. ഒന്ന്, അവരുടെ മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യം തന്നെയാണ്; രാമക്ഷേത്ര നിര്‍മാണം. രണ്ട്, ജമ്മുകശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേകപദവി എടുത്ത് കളയല്‍. പിന്നെ, ഏകീകൃത സിവില്‍ നിയമം. ഇത് മൂന്നും കൃത്യമായ ഹിന്ദുത്വ ധ്രുവീകരണത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞത് കൃത്യമായൊരു മുസ്‌ലിം വിരുദ്ധതയുടെ (ഇസ്‌ലാമോഫോബിക്) അടിസ്ഥാനത്തിലാണ്. അതുപോലെ തന്നെയാണ് ഏകീകൃത സിവില്‍ നിയമം. അത് മുസ്‌ലിംകള്‍ക്കെതിരെയായിട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് മതങ്ങള്‍ക്കല്ല മുസ്‌ലിംകള്‍ക്കായിരിക്കും ബാധകമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ എടുത്തുപറഞ്ഞിട്ടുണ്ട്. ആ രീതിയില്‍ ആണ് കാര്യങ്ങള്‍ പിന്നീട് മുന്നോട്ട് നീങ്ങിയത്. ഇതിനിടയിലാണ് പെട്ടെന്ന് തന്നെ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നത്. രാമക്ഷേത്ര നിര്‍മാണത്തോടൊപ്പം തന്നെ പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നു. ഇന്ത്യയുടെ അയല്‍പക്കത്തുള്ള മൂന്ന് രാജ്യങ്ങളില്‍ നിന്ന് ആറ് സമുദായത്തില്‍പ്പെട്ട മുസ്‌ലിംകള്‍ ഒഴിച്ചുള്ള ആളുകള്‍ക്ക് പൗരത്വം കൊടുത്തുകൊണ്ട്, മുസ്‌ലിംകളെ തിരഞ്ഞു പിടിച്ച് ഒഴിവാക്കിക്കൊണ്ടുള്ളതാണ് പൗരത്വ ഭേദഗതി നിയമം ലക്ഷ്യംവെക്കുന്നത്.
ഇന്ത്യയുടെ എല്ലാ സ്ഥൂലവും സൂക്ഷ്മവുമായ മേഖലകളെയും നിയന്ത്രിക്കുന്ന ഇവിടുത്തെ രാഷ്ട്രീയ, സാമ്പത്തിക, ഭരണ, ജുഡീഷ്യറി അടക്കമുള്ള എല്ലാ സംവിധാനങ്ങളും അവരുടെ നിയന്ത്രണത്തിലായി. ചരിത്ര, വിദ്യാഭ്യാസ, ശാസ്ത്ര-ഗവേഷണ മേഖലകളെയെല്ലാം നിയന്ത്രിക്കാന്‍ കഴിയുന്ന, സിവിലിയനും മിലിറ്ററിയും ആയിട്ടുള്ള എല്ലാ ഭരണ സംവിധാനങ്ങളെയും നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക് ആര്‍.എസ്.എസ് മാറി.
രാമക്ഷേത്ര നിര്‍മാണം എന്നത് ഏറ്റവും സുപ്രധാനമായ, കേന്ദ്ര വിഷയമായി വന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാമക്ഷേത്ര നിര്‍മാണവുമായി, രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയും, പ്രസിഡണ്ടും, ആര്‍.എസ.്എസ് നേതാക്കളുമൊക്കെ രാജ്യത്തെ അഭിസംബോധന ചെയ്തത്. രാമക്ഷേത്രം എന്ന് പറയുന്നത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അടിസ്ഥാന ഘടനയെയും സ്വഭാവത്തെയും മാറ്റിയെന്ന് അവര്‍ പറയുന്ന സഹചര്യം നിലവിലുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യാരാജ്യം സെക്കുലര്‍ എന്ന് നമ്മള്‍ പറയുന്ന, മതേതര രാജ്യം എന്ന ആവിഷ്‌കാരത്തില്‍ നിന്നും അത് പൂര്‍ണ്ണമായും മാറിയിരിക്കുന്നു. ഒരു ഹിന്ദുത്വ മതരാഷ്ട്രത്തിലേക്കുള്ള പ്രക്രിയയിലേക്ക് ഏതാണ്ട് പൂര്‍ണ്ണമായി ദിശതിരിച്ചുവിടുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലൊക്കെ തന്നെ - ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ഉപകരണമായ ബി.ജെ.പിയും പ്രധാനമന്ത്രിയും ഉദ്ഘാടനം ചെയ്യുമ്പോഴും - അവിടെയെല്ലാം ചരട്‌നീക്കുന്നത് മോഹന്‍ ഭഗവത് തന്നെയാണ്. അവിടെയെല്ലാം ആര്‍.എസ്.എസിന്റെ തലവന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതാക്കെതന്നെ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ഉപകരണം മാത്രമാണ് ബി.ജെ.പിയെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. ഏത് രഷ്ട്രീയ പാര്‍ട്ടിയെയും അവരുടെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും ദീര്‍ഘിച്ച ചരിത്രമുള്ള, ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയാണ് ആര്‍.എസ്.എസ്. ആ രീതിയിലാണ് ബീഹാറിലൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്രമാത്രം കാപ്പബിലിറ്റിയുള്ള സംഘടനയാണത്. ഇന്ത്യയുടെ എല്ലാ സ്ഥൂലവും സൂക്ഷ്മവുമായ മേഖലകളെയും നിയന്ത്രിക്കുന്ന ഇവിടുത്തെ രാഷ്ട്രീയ, സാമ്പത്തിക, ഭരണ, ജുഡീഷ്യറി അടക്കമുള്ള എല്ലാ സംവിധാനങ്ങളും അവരുടെ നിയന്ത്രണത്തിലായി. ചരിത്ര, വിദ്യാഭ്യാസ, ശാസ്ത്ര-ഗവേഷണ മേഖലകളെയെല്ലാം നിയന്ത്രിക്കാന്‍ കഴിയുന്ന, സിവിലിയനും മിലിറ്ററിയും ആയിട്ടുള്ള എല്ലാ ഭരണ സംവിധാനങ്ങളെയും നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക് ആര്‍.എസ്.എസ് മാറി. 2024 - 2025 ആര്‍.എസ്.എസിന്റെ രൂപവത്കരണത്തിന്റെ 100-ാം വാര്‍ഷികം തികയുകയാണ്. ആ ശതാബ്ദി ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് 2024 ലെ പൊതുതെരഞ്ഞെടുപ്പ് വരുന്നതും.
ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുകൊണ്ട് നിലപാടെടുക്കുന്നതില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഓരോ പാര്‍ട്ടികള്‍ക്കകത്തുള്ള വൈരുധ്യങ്ങളും നിലപാടില്ലായ്മയും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, കോണ്‍ഗ്രസ്സ് രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നില്ല എന്ന് ഔപാചരികമായി പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസ്സിന് അകത്ത് തന്നെയുള്ള പലനേതാക്കന്‍മാരും രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും പിന്തുണക്കുമെന്നും പറഞ്ഞവരുണ്ട്. അതുപോലെ തന്നെ തങ്ങള്‍ എന്നെങ്കിലുമൊരിക്കല്‍ അവിടെ പോകുമെന്ന് പറഞ്ഞവരുമുണ്ട്. കേണ്‍ഗ്രസ്സ് തന്നെ ഇപ്പോള്‍ ഇതില്‍ പങ്കെടുക്കുകയില്ല എന്ന് പറയുന്നത്, ബി.ജെ.പി അതിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്നു എന്നുള്ളതുകൊണ്ടാണ്. അവരാരും തന്നെ ഇത് ഒരു ചരിത്ര സ്മാരകം, ഒരു മുസ്‌ലിം പള്ളി തകര്‍ത്താണ് ക്ഷേത്രം സഥാപിച്ചത് എന്ന് പറഞ്ഞില്ല. സുപ്രീം കോടതിയടക്കം ഇന്ത്യയിലെ ഒരു സംവിധാനത്തിനും ആധികാരികമായി അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ കഴിയാതിരിക്കെ, അങ്ങേയറ്റം ക്രിമിനല്‍ എന്ന് വിളിക്കാവുന്ന ഒരു നീക്കത്തിലൂടെയാണ് പള്ളി തകര്‍ത്ത് അതിന്റെ മുകളില്‍ ക്ഷേത്രം പണിതിരിക്കുന്നത് എന്നത് ഇവര്‍ക്കൊക്കെ അറിഞ്ഞിട്ടുകൂടി അവരുടെ നിലപാടുകളതാണ്.
വിഷയത്തെ ഗൗരവമായ സമീപിക്കുന്ന ഒരു കാഴ്ചപ്പാട്, സമീപനം ഈ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പലരും വളരെ സാങ്കേതികമായ രീതിയില്‍ പങ്കെടുക്കാതിരുന്നു. അത്രയും നല്ലത് തന്നെ. അപ്പോള്‍ പോലും ശങ്കരാചാര്യന്‍മാര്‍ പറഞ്ഞത് ഞങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മോദി ചെയ്യുന്നു എന്നതിന്റെ പേരില്‍ പോകുന്നില്ല എന്നാണ്. അതിനപ്പുറത്തേക്ക് കടന്ന് ദേശീയ ദുരന്തമാണ് നടന്നത് എന്ന് പറയുന്ന അവസ്ഥയിലേക്ക് ഈ പറയുന്ന പാര്‍ട്ടികളൊന്നും തന്നെ മുന്നോട്ട് വരികയുണ്ടായില്ല. എന്നുമാത്രമല്ല, ഇതിനെതിരായിട്ടുള്ള രാഷ്ട്രീയത്തെയും നിലപാടിനെയും തുറന്ന് കാണിച്ചുകൊണ്ടുള്ള ഒരു കടന്നാക്രമണം നടത്താനോ ദേശവ്യാപകമായി കാമ്പയിന്‍ നടത്താനോ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായില്ല.
ഇന്ത്യയിലെ അധികാരവും സമ്പത്തും, ഭരണത്തിലുള്ള പങ്കാളിത്തവും തൊഴിലുമെല്ലാം നിയന്ത്രിക്കുന്നത് ഇവിടുത്തെ സവര്‍ണ്ണ ജാതികളാണ്, ബ്രാഹ്മണീയ-ക്ഷത്രിയ വിഭാഗങ്ങള്‍ ആണ്. ആ ഒരു യാഥാര്‍ഥ്യം ജാതി സെന്‍സസിലൂടെ പുറത്തുവരും. എന്നാല്‍, ജാതി സെന്‍സസ് നടപ്പാക്കിയ ബീഹാറിലെ നിതീഷ്‌കുമാര്‍ തന്നെ ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലായി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ പാര്‍ട്ടികളുടെയൊക്കെ തന്നെ അടിസ്ഥാന ദൗര്‍ബല്യം ഇതാണ്.
വളരെ പാസ്സീവായിരുന്നു അവര്‍; ആക്ടീവല്ല. പാസ്സീവായിട്ടുള്ള നിര്‍ജീവമായ ഒരു സമീപനമാണ് ഈ കാര്യത്തില്‍ എടുത്തത്. ഒന്നുകില്‍ നൂട്രല്‍ എന്ന് പറയാവുന്ന, അല്ലെങ്കില്‍ വളരെ നിര്‍ജ്ജീവമായ ഒരു സമീപനമാണ് അവിടെയെടുത്തത്. ഇതേരീതി തന്നെയാണ് ജാതി സെന്‍സസുമായി ബന്ധപ്പെട്ടും കാണാന്‍ കഴിയുന്നത്. ജാതി സെന്‍സസുമായ ബന്ധപ്പെട്ട വിഷയം ആര്‍.എസ്.എസിന്റെ അടിത്തറ ചോദ്യം ചെയ്യുന്ന വിഷയമാണ്. കാരണം, ഇന്ത്യയിലെ ആര്‍.എസ.്എസിന്റെ പ്രത്യയശാസ്ത്ര അടിത്തറ ബ്രാഹ്മണിക്കല്‍ ആണ്; ബ്രാഹ്മണ്യത്തില്‍ അധിസ്ഥിതമായ ജ്യാതിവ്യവസ്ഥയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യര്‍ക്ക് മനുഷ്യനെന്ന പരിഗണന പോലും കൊടുക്കാത്ത ഒരു കാഴ്ചപ്പാടാണ് മനുസ്മൃതി മുന്നോട്ട് വെക്കുന്നത്. ആ മനുസ്മൃതിയാണ് അവര്‍ ഇന്ത്യയുടെ ഭരണഘടനയായി മാറ്റണമെന്ന് പറയുന്നത്.
അംബേദ്കര്‍ ഭരണഘടന തയ്യാറാക്കുന്ന വേളയില്‍ തന്നെ ഭരണഘടന മനുസ്മൃതിയാക്കണമെന്ന് ആവശ്യപ്പെട്ടവരാണ് സംഘ്പരിവാര്‍. ഇപ്പോള്‍ വീണ്ടും അതിനുള്ള നീക്കങ്ങള്‍ നടത്തികൊണ്ടിരിക്കെ ആ വിഷയത്തെ ശരിയായ രീതിയില്‍ സമീപിക്കുകയും ഇന്ത്യയുടെ ജാതി വ്യവസ്ഥയ്ക്ക് എതിരായിട്ടുള ഒരു കടന്നാക്രമണം ആശയരംഗത്തും പ്രത്യയശാസ്ത്ര രംഗത്തും നടത്താനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊന്നും തന്നെ കഴിയുന്നില്ല. അതിനായി രാജ്യത്തെ മഹാപൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന സാധാരണക്കാരായിട്ടുള്ള പിന്നോക്ക, മര്‍ദിത ജനവിഭാഗങ്ങളെ അണിനിരത്താനും ഈ പാര്‍ട്ടികള്‍ക്കൊന്നും കഴിയുന്നില്ല.
രാമക്ഷേത്ര നിര്‍മാണത്തിന് ശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള പൊതുസാഹചര്യം പൊതുവില്‍ ബി.ജെ.പി പ്രതീക്ഷിച്ചത് പോലെതന്നെ അവര്‍ക്ക് അനുകൂലമായി തീരുകയാണ് ചെയ്തിട്ടുള്ളത്. അതിനെതിരായിട്ടുള്ള പ്രതിഷേധങ്ങള്‍ മുഖ്യധാരാ മണ്ഡലത്തില്‍ നിന്ന് കാര്യമായ് മുന്നോട്ട് പോയിട്ടില്ല എന്ന വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം പോകുന്നത്.
ജാതി സെന്‍സസിന്റെ കാര്യത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയും പറയുന്നത്, അത് ഇവിടുത്തെ സോഷ്യല്‍ ഹാര്‍മണിയെയും സാമൂഹികമായ ഐക്യത്തെയും തകര്‍ക്കുമെന്നാണ്. എന്നാല്‍, ഇന്ത്യയിലെ അധികാരവും സമ്പത്തും, ഭരണത്തിലുള്ള പങ്കാളിത്തവും തൊഴിലുമെല്ലാം നിയന്ത്രിക്കുന്നത് ഇവിടുത്തെ സവര്‍ണ്ണ ജാതികളാണ്, ബ്രാഹ്മണീയ-ക്ഷത്രിയ വിഭാഗങ്ങള്‍ ആണ്. ആ ഒരു യാഥാര്‍ഥ്യം ജാതി സെന്‍സസിലൂടെ പുറത്തുവരും. എന്നാല്‍, ജാതി സെന്‍സസ് നടപ്പാക്കിയ ബീഹാറിലെ നിതീഷ്‌കുമാര്‍ തന്നെ ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലായി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ പാര്‍ട്ടികളുടെയൊക്കെ തന്നെ അടിസ്ഥാന ദൗര്‍ബല്യം ഇതാണ്.
ആര്‍.എസ്.എസ് മുന്നോട്ട് വെക്കുന്ന തീവ്രഹിന്ദുത്വ നിലപാടിനെതിരെ, മൃതുഹിന്ദുത്വ സമീപനം വെച്ചുകൊണ്ട് തങ്ങളുടെ വോട്ട് ബാങ്കുകള്‍ ഉറപ്പാക്കുകയും അധികാരത്തില്‍ പങ്ക് പറ്റുകയും ചെയ്യാമെന്ന ഒരു അജണ്ടക്കപ്പുറം ഒന്നും തന്നെ ഇവര്‍ക്കില്ലാതായിരിക്കുന്നു. ഒരിക്കലും വഴിനടക്കാന്‍ പോലും അവകാശമില്ലാത്ത, മനുഷ്യ പരിഗണനയില്ലാത്ത, മൃഗസമാനമായി പരിഗണിക്കപ്പെടുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെ അവസ്ഥയെ തുറന്നുകാണിച്ച് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്നതിന് പകരം ആര്‍.എസ്.എസിനോടും ബി.ജെ.പിയോടും മത്സരിച്ചു കൊണ്ട് മൃതുഹിന്ദുത്വം പരീക്ഷിക്കുകയാണ് കോണ്‍ഗ്രസ്സ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തെ ശരിയായ രീതിയില്‍ മുന്നോട്ട് വെക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ രാമക്ഷേത്ര നിര്‍മാണത്തിന് ശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള പൊതുസാഹചര്യം പൊതുവില്‍ ബി.ജെ.പി പ്രതീക്ഷിച്ചത് പോലെതന്നെ അവര്‍ക്ക് അനുകൂലമായി തീരുകയാണ് ചെയ്തിട്ടുള്ളത്. അതിനെതിരായിട്ടുള്ള പ്രതിഷേധങ്ങള്‍ മുഖ്യധാരാ മണ്ഡലത്തില്‍ നിന്ന് കാര്യമായ് മുന്നോട്ട് പോയിട്ടില്ല എന്ന വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം പോകുന്നത്.
(തുടരും)