എനിക്ക് എന്റെ ശബ്ദം വേണം -കുമരന്‍ വളവന്‍
രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിവിശേഷമോ, കശ്മീര്‍ പ്രശ്‌നങ്ങളോ തുറന്ന് പറയുന്ന ഏതെങ്കിലും ആവിഷ്‌ക്കാരങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഇല്ലെന്നാണ് എന്റെ പക്ഷം. ഒരാള്‍ക്കും അത്തരമൊരു ആവിഷ്‌ക്കാരം നടത്താനാവില്ല. അങ്ങിനെ ചെയ്യാന്‍ മുതിരുന്നവന്‍ ദേശദ്രോഹിയാകും. പുറംലോകം കാണില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നൊക്കെ പറയാമെന്നേയുള്ളൂ. കുമരന്‍ വളവന്‍ സംസാരിക്കുന്നു.
എല്ലാറ്റിലും ഒരു കണക്കുകൂട്ടലുണ്ട് ഈ മുന്‍ കണക്ക് വാധ്യാര്‍ക്ക്. ഒരുകാലത്ത് ഫ്രഞ്ച് കോളനിയായിരുന്ന കാരൈക്കലില്‍ ജനിച്ച് പിതാവിന്റെ നിര്‍ബന്ധം മൂലം പഠനം ഫ്രാന്‍സിലേക്ക് പറിച്ചു നടപ്പെട്ടപ്പോഴും പിന്നീട് വാധ്യാരായി തീര്‍ന്ന കുമരന്‍ വളവന് കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്നു. നാടക തട്ടിലേക്ക് കാലെടുത്ത് വെച്ചതും അങ്ങിനെ തന്നെ. കണക്കില്‍ (നോണ്‍ കമ്മ്യൂറ്റേറ്റീവ് ജ്യോമെറ്ററി) പി.എച്ച്.ഡി. എടുത്ത് ഫ്രാന്‍സില്‍ നാല് വര്‍ഷം അധ്യാപകനായി ജോലി നോക്കവെ പിതാവിന്റെ കണക്കുകൂട്ടലാണ് കുമരന്‍ തെറ്റിച്ചത്.
മുത്തഛന്‍ തമിഴ്‌നാട്ടിലെ പഴയകാല നാടകരൂപമായിരുന്ന തെരുകൂത്ത് കലാകാരനായിരുന്നു. പിതാവിന് അത് ഇഷ്ടമല്ലായിരുന്നു. എന്നാല്‍, കുമരന്‍ അതില്‍ ആകൃഷ്ടനായി. ആ വഴിയില്‍ പോകാതിരിക്കാനാവണം പിതാവ് കുമരനെ പഠിപ്പിക്കാനായി ഫ്രാന്‍സിലേക്കയച്ചു. എന്നാല്‍, കുമരന്റെ മനസ് നിറയെ നാടകമായിരുന്നു.
പി.എച്ച്.ഡി.ക്ക് തയാറെടുക്കുമ്പോഴും കള്‍ച്ചറല്‍ സെന്ററില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് നാടക സംഘമുണ്ടാക്കാനുള്ള ശ്രമമായിരുന്നു. 1997ല്‍ അദ്ദേഹം ഫ്രാന്‍സില്‍ സ്വന്തം നാടക സംഘമുണ്ടാക്കി. 2001 ല്‍ ഫ്രാന്‍സിലെ തിയറ്റര്‍ ഡ്യൂ സൊലേയ്ല്‍ നടനായി. രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. 2006ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. തൊട്ടടുത്ത വര്‍ഷം ഇന്ത്യനോസ്ട്രം എന്ന നാടക സംഘമുണ്ടാക്കി. ഇതിനകം 22 ഓളം നാടകങ്ങള്‍ സംഘം ചെയ്തു. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധ പശ്ചാത്തലത്തില്‍ തയാറാക്കിയ മൂന്ന് നാടകങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ഒന്നാണ് 'ഫ്‌ളയിങ്ങ് ചാരിയറ്റ് '. ഇതില്‍ ശ്രീലങ്കന്‍ പ്രശ്‌നം വേണ്ട പോലെ അവതരിപ്പിക്കുന്നില്ല എന്ന തമിഴ്‌നാട്ടിലെ നാടക പ്രവര്‍ത്തകര്‍ അടക്കമുള്ള ചിലര്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയാണ് കുമരന്‍ വളവന്‍.
'നമ്മുടെ നാടിന്റെ സ്ഥിതി ആകെ മാറി. സത്യം വിളിച്ചു പറയുന്നവന്‍ നിശബ്ദമാക്കപ്പെടുകയാണ്. എനിക്ക് ഇനിയും സമൂഹവുമായി സംവദിക്കണം. അതിന് എനിക്ക് എന്റെ ശബ്ദം കൂടിയേ കഴിയൂ. അതുകൊണ്ട് എല്ലാം തുറന്നു പറയാനാവില്ല. ചില സൂചനകളിലൂടെ, അല്ലെങ്കില്‍ ഭാഗികമായി മാത്രമേ പറയാനാവൂ. ജീവനില്‍ കൊതിയുണ്ടായിട്ടോ, ഭയന്നിട്ടോ അല്ല. സാഹചര്യങ്ങളെ അങ്ങിനെയാണ് നേരിടേണ്ടത് എന്നാണ് എന്റെ വിലയിരുത്തല്‍.
രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിവിശേഷമോ, കാശ്മീര്‍ പ്രശ്‌നങ്ങളോ തുറന്ന് പറയുന്ന ഏതെങ്കിലും ആവിഷ്‌ക്കാരങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഇല്ലെന്നാണ് എന്റെ പക്ഷം. ഒരാള്‍ക്കും അത്തരമൊരു ആവിഷ്‌ക്കാരം നടത്താനാവില്ല. അങ്ങിനെ ചെയ്യാന്‍ മുതിരുന്നവന്‍ ദേശദ്രോഹിയാകും. പുറംലോകം കാണില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നൊക്കെ പറയാമെന്നേയുള്ളൂ.
എന്നിരിക്കെ, ശ്രീലങ്കയില്‍ ഇന്ത്യന്‍ സൈന്യം (ഇന്ത്യന്‍ പീസ് കീപ്പിങ്ങ് ഫോഴ്‌സ് - IPKF) നടത്തിയ ഓപ്പറേഷനും അന്നത്തെ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധവും പ്രശ്‌നങ്ങളും പ്രമേയമാക്കി എങ്ങിനെ തുറന്ന ആവിഷ്‌ക്കാരം നടത്തും? എന്റെ 'ഫ്‌ളയിങ്ങ് ചാരിയറ്റി'ല്‍ ശ്രീലങ്കന്‍ സംഭവങ്ങളിലേക്ക് സൂചന മാത്രമാണ് നല്‍കുന്നത്. കുറച്ചു കൂടി വ്യക്തമാക്കണമെന്ന അഭിപ്രായക്കാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ - ഇത്രയേ എനിക്ക് പറ്റൂ. ഇന്ത്യന്‍ സാഹചര്യം അതാണ്.
ഫ്രാന്‍സില്‍ നടന്ന നാടകോത്സവത്തിനു വേണ്ടി തയാറാക്കിയതാണ് 'ഫ്‌ളയിങ്ങ് ചാരിയറ്റ്'. ഫ്രഞ്ച് മണ്ണിലാണെങ്കിലും ഇന്ത്യക്കെതിരെ ആവിഷ്‌ക്കാരം നടത്തിയാല്‍ എന്തായിരിക്കും ഗതി? അത് സാധ്യമല്ല'.
(ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധകാലത്ത് ജാഫ്‌നയില്‍ ഒരു ആശുപത്രിയില്‍ തമിഴ് പുലികള്‍ ഒളിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ആശുപത്രി ബോംബിട്ട് നശിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിച്ചു. അവിടെ തമിഴ് പുലികള്‍ ഇല്ലെന്ന് ഡോക്ടര്‍മാരും മറ്റു ജീവനക്കാരും പറഞ്ഞിട്ടും സൈനികാധികാരികള്‍ തീരുമാനം മാറ്റിയില്ല. ബോംബാക്രമണത്തില്‍ രോഗികളും ഡോക്ടര്‍മാരുമടക്കം നിരവധി പേര്‍ മരിച്ചു. ആശുപത്രിയില്‍ ബോംബാക്രമണം നടത്താനുള്ള നിര്‍ദേശം പാലിക്കാന്‍ പൈലറ്റ് ആദ്യം തയാറായിരുന്നില്ല. ആ സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള നാടകമാണ് 'ഫ്‌ളൈയിങ്ങ് ചാരിയറ്റ്'. ജാഫ്‌നയില്‍
ഏകപക്ഷീയ ആക്രമണമാണ് നടത്തിയതെന്നും അതിനെ ഏറ്റുമുട്ടലായി പ്രചരിപ്പിച്ചെന്നും പൈലറ്റ് മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. അജയ് എന്ന പൈലറ്റ് സൈനിക കോടതിയില്‍ വിചാരണ നേരിടുന്നിടത്തു നിന്നാണ് നാടകം വളരുന്നത്.)
'നാടകത്തില്‍ വിചാരണക്കിടെ അജയ് മാപ്പിരക്കുന്നുണ്ട്. ബോംബാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ മനംനൊന്താണ് അജയ് വിചാരണക്കിടെ തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് മാപ്പ് പറയുന്നത്. ഈ രംഗം കണ്ട തമിഴ് കുടംബാംഗങ്ങള്‍ പൊട്ടിക്കരഞ്ഞു. ആ സംഭവത്തില്‍ തെറ്റുപറ്റിയെന്ന വെളിപ്പെടുത്തല്‍ ആദ്യമായാണ് എന്നാണ് അവര്‍ പറഞ്ഞത്. എന്റെ നാടകത്തില്‍ അത്രയെങ്കിലും ചെയ്യാനായത് വലിയ കാര്യമല്ലെ? '
നമ്മള്‍ പലപ്പോഴും സത്യം മറച്ചുവെക്കുന്നു. അല്ലെങ്കില്‍ നുണ പ്രചരിപ്പിക്കുന്നു. അതുമല്ലെങ്കില്‍ അര്‍ധസത്യം പറയുന്നു. അതുവഴി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാവും. അര്‍ധസത്യ പ്രചാരണം ഒരര്‍ഥത്തില്‍ നുണ പ്രചരിപ്പിക്കലാണ്. പുരാണ കഥകളിലും മറ്റും ഇത്തരം സംഭവങ്ങള്‍ കാണാം. ഇത്തരം കഥകള്‍ ഞാന്‍ എന്റെ നാടകത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
നമ്മുടെ ജീവിതത്തില്‍ കഥകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവയെ രൂപകമായി ഉപയോഗിച്ച് നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യം പറയാനാവും. അരികുവത്ക്കരിക്കപ്പെട്ട ജനതയെ പ്രതികരിക്കാന്‍ പ്രാപ്തമാക്കുന്നതിലും ഊര്‍ജസ്വലരാക്കുന്നതിലും കഥകള്‍ക്ക് പങ്കുണ്ട്.
ഉന്നത ജാതിയിലും വര്‍ഗത്തിലും പെട്ടവര്‍ അവരുടെ ചരിത്രവും രാഷ്ട്രീയവുമുണ്ടാക്കുകയാണ്. അധികാരം ഉപയോഗിച്ചാണവര്‍ അത് ചെയ്യുന്നത്. അതിനെതിരെയുള്ള ചിന്തയെ പോലും അടിച്ചമര്‍ത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്.