കൈരളിയില്‍ ആയതിനാലാണ് 'പ്രവാസലോകം' വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്തത് - പി.ടി കുഞ്ഞുമുഹമ്മദ്

അഭിമുഖം: പി.ടി കുഞ്ഞുമുഹമ്മദ് / നസ്‌വിന്‍ ബഷീര്‍

Update: 2024-02-29 14:19 GMT
Advertising

മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ സംവിധായകനും നിര്‍മാതാവും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് പി.ടി കുഞ്ഞുമുഹമ്മദ്. മാധ്യമ പ്രവര്‍ത്തകന്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തെ കുറി്ചും സിനിമ സങ്കല്‍പത്തെ കുറിച്ചും സംസാരിക്കുന്നു.

താങ്കളെ സിനിമയിലേക്ക് എത്തിച്ചത് കെ.ആര്‍ മോഹനനുമായിട്ടുള്ള ബന്ധമാണ് എന്ന് കേട്ടിട്ടുണ്ട്? അതല്ലാതെ മറ്റെന്തെങ്കിലും പ്രേരണകള്‍ ഉണ്ടായിട്ടുണ്ടോ?

എന്ന് പറയാന്‍ പറ്റില്ല. സിനിമയില്‍ പണ്ടും താല്‍പര്യമുള്ള ആളായിരുന്നു. പഠിക്കുന്ന കാലത്ത് കെ.ആര്‍ മോഹനന്‍ എന്റെ സീനിയര്‍ ആയിരുന്നു. പിന്നീട് അദ്ദേഹം പൂന എയര്‍പോര്‍ട്ടില്‍ പോയി. ഞാന്‍ ഗള്‍ഫിലേക്കും പോയി. അന്ന് എനിക്ക് ഗള്‍ഫില്‍ പോവാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നു, അതുകൊണ്ടാണ് പോയത്. ആ കാലഘട്ടത്തിലുള്ള ബന്ധമാണ് സിനിമയില്‍ എത്തിച്ചത്. ഗള്‍ഫിലുള്ളപ്പോള്‍ തന്നെ ഞാന്‍ മൂന്ന് പടം പ്രൊഡ്യൂസ് ചെയ്തിരുന്നു. ഗള്‍ഫില്‍നിന്ന് തിരിച്ചു വന്നതിനു ശേഷമാണ് സംവിധാനത്തിലേക്ക് കടന്നത്.

എന്തുകൊണ്ട്് സിനിമയില്‍ സംവിധാനം തന്നെ തിരഞ്ഞെടുത്തു?

എനിക്ക് എന്തെങ്കിലും പറയണം, വ്യത്യസ്തമായിട്ട് പറയണം എന്നുള്ളതുകൊണ്ടാണ് സംവിധാനം തെരഞ്ഞെടുത്ത്. മറ്റുള്ളവര്‍ പറയുന്നത് പറയാന്‍ എനിക്കിഷ്ടമല്ല. മറ്റുള്ളവര്‍ കാണിക്കുന്നത് കാണിക്കാനും ഇഷ്ടമല്ല. ഞാന്‍ കാണിക്കുന്നത് ആരും ശ്രദ്ധിക്കാത്ത കാര്യങ്ങളാണ്. എന്നാല്‍, ആരും ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്; അത് വേറെ വിഷയം. അന്ന് ആരും ശ്രദ്ധിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അധികം അംഗീകരിക്കപ്പെടാതെ പോയത്. അതിന്റെ ബുദ്ധിമുട്ട് എനിക്ക് ഉണ്ടായി.

പലരുടെയും ശ്രദ്ധ അത്ര എത്താത്ത വിഷയങ്ങളിലാണല്ലോ താങ്കള്‍ സിനിമ എടുത്തിട്ടുള്ളത്. അങ്ങനെ എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ ഉണ്ടോ ഈ വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍?

നിങ്ങള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ, അത് ആരും കാണാത്ത വിഷയമാണ്. ആരും ശ്രദ്ധിക്കാത്ത സമുദായങ്ങള്‍ ഇവിടെയുണ്ട്. അവരുടെ വിഷയങ്ങളെ കുറിച്ച് ആരും പറയില്ല. ആരും പറയാന്‍ ധൈര്യം കാണിക്കില്ല. ആ ധൈര്യം ഞാന്‍ കാട്ടി എന്നുള്ളതാണ്. ഏതോ ബ്രിട്ടീഷുകാര്‍ വരച്ചു കാണിച്ച മെയില്‍ ശബ്ദം ബാസ് ഇട്ട് പറയലാണ് മറ്റുള്ളവര്‍ കാണിച്ചത്. അത്തരം കഥാപാത്രങ്ങളെയാണ് മുസ്ലിം - മാപ്പിള കഥാപാത്രങ്ങളായി കാണിച്ചിരുന്നത്. ആ മാപ്പിള അല്ല യഥര്‍ഥ മാപ്പിള എന്ന് എനിക്കറിയാം. കാരണം, ഞാന്‍ അതില്‍ ജീവിച്ച ആളാണ്.

മുസ്‌ലിം ജീവിതങ്ങളുടെ വ്യത്യസ്ത അവസ്ഥകളാണ് താങ്കള്‍ സിനിമയില്‍ കൊണ്ടുവരുന്നത്. ആ അര്‍ഥത്തില്‍ 'വിശ്വാസപൂര്‍വ്വം മന്‍സൂര്‍' എന്ന സിനിമ ഏറ്റവും ആനുകാലികമായ രാഷ്ട്രീയം പറയുന്നുണ്ട്. മലയാളി സമൂഹം ആ സിനിമയെ വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടുണ്ടോ?

ആ സിനിമയില്‍ പറയുന്ന സാമൂഹിക-രാഷ്ട്രീയ അവസ്ഥ പിന്നീട് വന്നതാണ്. അങ്ങിനെ ഒരവസ്ഥ ഇന്ത്യയില്‍ ഉണ്ടാവാനുള്ള സാധ്യത ഇവിടെയുണ്ട് എന്നറിയാമായിരുന്നു. അങ്ങനത്തെ ഒരു ഇന്ത്യ ഇവിടെ നിലനിന്നു പോകുന്നുണ്ട്. മന്‍സൂര്‍ എന്ന് പറഞ്ഞ ആള്‍ക്ക് പോലും അപകടം വരാം. ഓരോ ആര്‍ട്ടിസ്റ്റിന്റെ ഉള്ളിലും ഒരോ ആശയം ഉണ്ടായിരിക്കും. അത് നിങ്ങള്‍ക്കും ഉണ്ടാവും എനിക്കും ഉണ്ടാവും. കര്‍മം ചെയ്യുമ്പോള്‍ അതില്‍ നമ്മള്‍ നന്മ ആലോചിക്കണം. പുതിയ പുതിയ കാര്യങ്ങള്‍ അറിയണം. അത് മനുഷ്യനുള്ള സിദ്ധിയാണ്. ആ സിദ്ധിക്ക് വേരിയേഷന്‍സ് ഉണ്ട്.  


പുതിയ പ്രൊജക്റ്റുകള്‍ ഏതെങ്കിലും ചെയ്യുന്നുണ്ടോ?

ഞാനിപ്പോള്‍ രണ്ടുമൂന്നു സിനിമ എഴുതിയിട്ടുണ്ട്. ഒരെണ്ണം എഴുതാന്‍ മനസ്സിലുണ്ട്. അത് പ്രൊഡ്യൂസ് ചെയ്യാനുള്ള ആളുകള്‍ വരുന്നില്ല

ഒരു വിഷയം എടുക്കുമ്പോള്‍ എന്തൊക്കെയാണ് മനസ്സിലേക്ക് വരുന്നത്?

ഞാന്‍ എം.എല്‍.എ ആയിരുന്നു. എം.എല്‍.എ ആയിട്ട് പോകുമ്പോള്‍ പല ആളുകളെയും സമൂഹങ്ങളെയും കാണേണ്ടിവരും. അപ്പോള്‍ അവര്‍ നേരിടുന്ന പല വിഷയങ്ങളും മുന്നില്‍വരും. അതില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച സമൂഹമാണ് വേട്ടുവ സമുദായം. ആ വിഷയം എന്റെ ഉള്ളിലുണ്ട്. അവരെ ഇപ്പോഴും നമ്മള്‍ അംഗീകരിക്കുന്നില്ല. ഹിന്ദുക്കളായാലും മുസ്‌ലിംകളായാലും അവരെ അംഗീകരിക്കുന്നില്ല. അത്തരം ആളുകളുടെ ഒരു അവസ്ഥ ഉണ്ടാവും. അങ്ങിനത്തെ അംഗീകരിക്കപ്പെടാതെ ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥ ഞാന്‍ കണ്ടിട്ടുണ്ട്.

കഥാപാത്രങ്ങളെ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്. അതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടോ?

അത് ആ സമയത്ത് നമുക്ക് തോന്നും. പരദേശിയില്‍ മോഹന്‍ലാലിനെയാണ് വലിയകത്ത് മൂസ ആയിട്ട് കാസ്റ്റ് ചെയ്തത്. സിനിമയില്‍ മോഹന്‍ലാല്‍ കംപ്ലീറ്റ് മാറി. ഇപ്പോള്‍ കാണുന്ന മോഹന്‍ലാലേ അല്ല. അഞ്ച് മണിക്കൂര്‍ മേക്കപ്പ് ചെയ്യണം ആ കഥാപാത്രം ആവണമെങ്കില്‍.

രാഷ്ട്രീയത്തിലേക്ക് എങ്ങനെയാണ് എത്തപ്പെട്ടത്?

രാഷ്ട്രീയമില്ലാത്ത ആരുമുണ്ടാവില്ല. പഠിക്കുമ്പോള്‍ നമുക്കൊക്കെ രാഷ്ട്രീയം ഉണ്ടാവാലോ. അന്നേ എനിക്ക് രാഷ്ട്രീയമുണ്ട്. ഗള്‍ഫില്‍ ഉള്ളപ്പോഴും രാഷ്ട്രീയ ജീവിതമുണ്ട്.

കൈരളി ചാനലിന്റെ പ്രവര്‍ത്തനവുമായി പി.ടി എങ്ങനെയാണ് ബന്ധം ഉണ്ടായത്?

കൈരളി തുടങ്ങിയതില്‍ ഒരാള്‍ ഞാനാണ്. അതിന്റെ ആദ്യകാല പൈസ പിരിക്കാന്‍ പോയതിലും അതിന്റെ തലപ്പത്തും ഞാന്‍ ഉണ്ടായിരുന്നു. കൈരളിയില്‍ ഞാനൊരു പ്രോഗ്രാം ചെയ്യുന്നുണ്ട്; പ്രവാസലോകം. എല്ലാ ദിവസവും വ്യാഴം 11:30ന് കൈരളി ന്യൂസില്‍ ഉണ്ടാവും. 20 കൊല്ലമായി തുടങ്ങിയിട്ട്. ഞാന്‍ തന്നെ ആങ്കര്‍ ചെയ്യുന്ന പ്രോഗ്രാം ആണത്. വിദേശത്ത് കാണാതായ ആളുകളെ അന്വേഷിച്ച് കണ്ടെത്തി കൊടുക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളില്‍ പ്രചരിക്കുന്ന ടെലിവിഷന്‍ പരിപാടികളില്‍ ലോകത്തിലെ തന്നെ വലിയ പരിപാടിയാണത്. കൈരളിയില്‍ ആയതുകൊണ്ടാണ് അത് ചര്‍ച്ച ചെയ്യപ്പെടാത്തത് എന്ന് എനിക്കറിയാം. 


കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച്?

പ്രവാസി ക്ഷേമ ബോര്‍ഡ് 3000-3500 രൂപ പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. പുതിയ സ്ട്രീംസ് കൊണ്ടുവന്നു. വീട് വെക്കാനുള്ള സഹായങ്ങളും കൊണ്ടുവന്നു. 


പി.ടി കുഞ്ഞുമുഹമ്മദ്, നസ്‌വിന്‍ ബഷീര്‍

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നസ്‌വിന്‍ ബഷീര്‍

Media Person

Similar News