IFFK: ഐ.എഫ്.എഫ്.കെയാണ് എന്റെ ഗുരുനാഥന്‍ - സജിന്‍ ബാബു
ഞാന്‍ ആദ്യമായി ഐ.എഫ്.എഫ്.കെയില്‍ സിനിമ കാണുന്നത് ഒളിച്ച് കയറിയാണ്. പിന്നീട് എന്റെ ആദ്യ സിനിമ പ്രദര്‍ശിപ്പിച്ചത് ഞാന്‍ ഒളിച്ച് കയറി സിനിമ കണ്ട അതേ തിയറ്ററില്‍ തന്നെയായിരുന്നു. അതും ഐ.എഫ്.എഫ്.കെയിലെ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ കാറ്റഗറിയില്‍. ചലച്ചിത്രമേളകള്‍ സംവദിക്കുന്നത് എന്ത് എന്ന ചര്‍ച്ചയോട് പ്രതികരിക്കുന്നു. അഭിമുഖം: സജിന്‍ ബാബു / റഹുമത്ത് എസ് | IFFK2022
ഞാന്‍ എന്ന് പറയുന്ന ഫിലിം മേക്കറെ സംബന്ധിച്ചിടത്തോളം എന്റെ ഗുരുനാഥന്‍ ആരെന്ന് ചോദിച്ച് കഴിഞ്ഞാല്‍ ഐ.എഫ്.എഫ്.കെ ആണെന്നാണ് എനിക്ക് പെട്ടന്ന് പറയാന്‍ പറ്റുന്നത്. കാരണം, ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായിട്ട് ഒരു വേള്‍ഡ് സിനിമ കാണുന്നത് ഐ.എഫ്.എഫ്.കെ വേദിയിലാണ്. 2005 ല്‍ ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ആള്‍കൂട്ടം കണ്ട് എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഞാന്‍ കൈരളി-ശ്രീ യുടെ ഫ്രണ്ടില്‍ പോയത്. ഉച്ചവരെ കറങ്ങി നടന്ന്, ഒരു ടാഗ് സംഘടിപ്പിച്ചിട്ടാണ് ഞാന്‍ ആദ്യമായി ലോക സിനിമ കാണുന്നത്. 'ദി റിട്ടേണ്‍ 'എന്ന റഷ്യന്‍ സിനിമ ആയിരുന്നു അത്. ഈ സിനിമ കണ്ടോതോടുകൂടി ഇത്തരം സിനിമകളോടുള്ള താല്‍പര്യം ഉണ്ടായി തുടങ്ങി. കൈരളി, ശ്രീയില്‍ അന്ന് - റിനോവേറ്റ് ചെയ്യുന്നതിന് മുന്‍പ് - താഴെക്കൂടെ ഒരു വഴിയുണ്ടായിരുന്നു. അവിടെ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ സിനിമകള്‍ മാത്രമാണ് ആ വര്‍ഷം പ്രദര്‍ശിപ്പിച്ചത്. അപ്പോള്‍ അത് മാത്രമേ കാണാന്‍ പറ്റൂ. മറ്റു തീയേറ്ററുകളില്‍ പോകാന്‍ പറ്റില്ല. വേറെ പാസ്സ് ഇല്ല. ഈ വഴിയിലൂടെ കയറി നേരത്തെ അവിടെ ഇരിക്കും. കോമ്പറ്റീഷന്‍ സിനിമകള്‍ കാണും. തിരിച്ചിവടെയൊക്കെ കറങ്ങി നടക്കും. ഇതൊക്കെയാണ് എന്റെ ആദ്യത്തെ ഐ.എഫ്.എഫ്.കെ എക്‌സ്പീരിയന്‍സ്.
ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ ഉള്ള സിനിമകളാണ് കണ്ടിരുന്നത്. മൊത്തം പതിനാല് സിനിമകളായിരുന്നു ആ കാറ്റഗറിയില്‍. അതില്‍ രണ്ട് മലയാളം സിനിമയും രണ്ട് ഇന്ത്യന്‍ സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുക. ബാക്കി ലാറ്റിന്‍ അമേരിക്കന്‍ സിനിമകളും, ഏഷ്യ-ആഫ്രിക്കന്‍ സിനിമകളുമായിരുന്നു. അങ്ങനെയാണ് എന്റെ ഫെസ്റ്റിവല്‍ എന്‍ട്രി. അത് കഴിഞ്ഞിട്ട് ഫിലിം സ്‌ക്രീനിങ്ങുകളിലും മറ്റു ഫിലിം ഫെസ്റ്റിവെലുകളിലുമൊക്കെ പോയി സിനിമ കാണും. അങ്ങനെ ഒക്കെയാണ് സിനിമയോട് എനിക്ക് താല്‍പര്യം ജനിക്കുന്നത്. അതിന്റെയൊക്കെ ഫലമാണ് 2014 ല്‍ എന്റെ ആദ്യ സിനിമ 'അണ്‍ടു ദി ഡസ്‌ക്'(അസ്തമയം വരെ) ചെയ്യുന്നത്.
2014 ല്‍ ഞാന്‍ സിനിമ എടുക്കുമ്പോഴും സിനിമയെ പറ്റി വലിയ ധാരണ ഒന്നും ഇല്ല. ഫെസ്റ്റിവലില്‍ കണ്ട സിനിമകള്‍ കണ്ടാണ് ഞാന്‍ സിനിമ എടുക്കുന്നത്. എനിക്കിതിന്റെ മാര്‍ക്കറ്റിങ്ങിനെകുറിച്ചോ പ്രോഗ്രാമുകളെ കുറിച്ചോ ഒരു ധാരണയില്ലായിരുന്നു. അങ്ങനെ ആ സിനിമ ആദ്യം സ്റ്റേറ്റ് അവാര്‍ഡിന് അയച്ചു. ആദ്യം റിജെക്ട് ചെയ്തു. പിന്നെ ഞാന്‍ എന്റെ ഒന്ന് രണ്ട് ഫ്രണ്ട്സ് പറഞ്ഞിട്ട് മുംബൈ ഫിലിം ഫെസ്റ്റിവലിന് അയച്ചു. അവിടെ അത് കോമ്പറ്റീഷന്‍ കാറ്റഗറിയില്‍ എടുത്തു. അത് വലിയൊരു സപ്പോര്‍ട്ട് ആയിരുന്നു. ഇന്ത്യയില്‍ നിന്നും മൊത്തം പത്ത് പടമാണ് എടുത്തത്. അതിലൊന്ന് എന്റെ സിനിമയായിരുന്നു. പിന്നീട് ബാംഗ്ലൂര്‍ ഫെസ്റ്റിവെലിന് അയച്ചിരുന്നു. അതില്‍ ഇന്ത്യന്‍ കോമ്പറ്റീഷന്‍ കാറ്റഗറിയില്‍ വന്നു. ബെസ്റ്റ് ഇന്ത്യന്‍ സിനിമക്കുള്ള അവാര്‍ഡും കിട്ടി.
അവിടെ സെലക്ഷന്‍ കിട്ടിയതിനു ശേഷമാണ് ഇവിടെ ഐ.എഫ്.എഫ്.കെയില്‍ സെലക്ഷന്‍ വരുന്നത്. അപ്പോഴാണ് അറിയുന്നത് രണ്ട് ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ കാറ്റഗറിയില്‍ എടുത്ത മലയാള സിനിമകളില്‍ ഒന്ന് എന്റേതായിരുന്നു എന്ന്. അന്ന് ഐ.എഫ്.എഫ്.കെയില്‍ എന്റെ ആദ്യ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍, ഞാന്‍ ആദ്യമായിട്ട് ഒളിച്ച് കയറി സിനിമ കണ്ട അതേ തിയേറ്ററില്‍ തന്നെയായിരുന്നു. അതും ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ കാറ്റഗറിയില്‍. അതുവരെ ഉണ്ടായിരുന്ന ഒരു വലിയ സ്വപ്നം ഐ.എഫ്.എഫ്.കെ വേദിയില്‍ നിന്ന് ഒരു അവാര്‍ഡ് ലഭിക്കുക എന്നുള്ളതായിരുന്നു. ആ വര്‍ഷം എനിക്ക് രണ്ട് അവാര്‍ഡ് കിട്ടി. അങ്ങനെയാണ് എന്റെ സിനിമാ ലോകം തുടങ്ങിയത്.
ഐ.എഫ്.എഫ്.കെയുമായി എനിക്ക് മറക്കാന്‍ പറ്റാത്ത ബന്ധമാണ് ഉള്ളത്. എനിക്ക് തോന്നുന്നു 2005 ല്‍ വന്നതിന് ശേഷം ഞാന്‍ ഒരു ഐ.എഫ്.എഫ്.കെ പോലും മിസ്സ് ചെയ്തിട്ടില്ല. എവിടെ ആയിരുന്നാലും ഡെലിഗേറ്റ് ആയിട്ടോ, ജൂറി ആയിട്ടോ ഒക്കെ ആണ് വരാറ്. ചലച്ചിത്ര മേഖലയാണ് എന്നെ ഞാന്‍ ആക്കി മാറ്റിയത്.
ഇന്ന് ഐ.എഫ്.എഫ്.കെയില്‍ എനിക്ക് കാര്യമായ വ്യത്യാസമൊന്നും തോന്നിയിട്ടില്ല. കാലക്രമേണേ സ്‌കാനിങ്ങും ടെക്നോളജിക്കല്‍ ആപ്പുമൊക്കെ വന്നു, റിസര്‍വേഷന്‍ വന്നു. അങ്ങനെയൊക്കെ അല്ലാതെ വലിയൊരു മാറ്റം ഉണ്ടായിട്ടില്ല. ഞാന്‍ കാണുന്നത് തൊട്ട് എല്ലാ വര്‍ഷവും പുതിയ പുതിയ സ്റ്റുഡന്റ്‌സും ചലച്ചിത്ര പ്രവര്‍ത്തകരും ഫെസ്റ്റിവലില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അന്ന് ഇത്രയും ജനകീയമായിരുന്നില്ല ഫെസ്റ്റിവല്‍. മീഡിയയും സോഷ്യല്‍ മീഡിയയും ഇപ്പോഴുള്ളത്ര സജീവമല്ലാത്തതു കൊണ്ടാകാം അങ്ങിനെ സംഭവിച്ചത്. പിന്നീട് ഒരുപാട് ആള്‍കൂട്ടം ഉണ്ടായി. ഇപ്പോള്‍ ഇതൊരു ജനകീയ ഫെസ്റ്റിവെല്‍ ആണ്. സിനിമയുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ പ്രധാനപെപ്പട്ട ജനകിയ ഫെസ്റ്റിവലുകളില്‍ ഒന്ന് ഇത് തന്നെയാണ്. ഇന്ത്യയില്‍ എനിക്ക് തോന്നുന്നത് ഏറ്റവും നന്നായിട്ട് സംഘടിപ്പിക്കപ്പെടുന്ന, കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഫെസ്റ്റിവെലും ഇത് തന്നെയാണ്. കല്‍ക്കട്ട ഫെസ്റ്റിവെലുകളെക്കാളും കൂടുതല്‍ ആളുകള്‍ വരുന്നത് ഐ.എഫ്.എഫ്.കെയിലാണ്. അതിന്റെയൊക്കെ പ്രാധനപ്പെട്ട കാരണം നമ്മുടെ ഫിലിം സൊസൈറ്റി മൂവ്‌മെന്റ് ആണ്. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ വളരെ വര്‍ഷങ്ങളായിട്ട് ചലച്ചിത്ര ലേഖയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ പല മുക്കിലും മൂലയിലും ഫിലിം സൊസൈറ്റികള്‍ ഓടിനടന്ന് സിനിമകള്‍ കാണിച്ചു. അതിന്റെ ഫലം തന്നെയാണ് ലോക സിനിമ കാണുന്ന ഒരു ഓഡിയന്‍സിനെ ഇവിടെ സൃഷ്ടിച്ചെടുത്തത്. അതാണ് ഇങ്ങനെയൊരു ഫിലിം ഫെസ്റ്റിവലിലേക്ക് മാറിയത്. ആ മാറ്റമാണ് പിന്നീട് ജനകീയ ഉത്സവമായി മാറുന്നത്.
ഫെസ്റ്റിവെല്‍ വളരുന്നുണ്ട്. പക്ഷേ, ഫെസ്റ്റിവല്‍ കോംപ്ലക്‌സൊ, ഫെസ്റ്റിവലുമായി ബന്ധപ്പെട്ട മാര്‍ക്കറ്റോ ഉണ്ടാകുന്നില്ല. പിന്നെ കാലാ കാലങ്ങളില്‍ മാറിവരുന്ന സര്‍ക്കാരും പുതിയ ചെയര്‍മാനും ഒക്കെ വന്നുകൊണ്ടിരിക്കും. അത്‌കൊണ്ടൊക്കെ ആയിരിക്കും അത്തരം കാര്യങ്ങള്‍ മുന്നോട്ടു പോകാത്തത്. അല്ലാതെ എനിക്ക് വലിയ മാറ്റങ്ങള്‍ ഒന്നും തോന്നിയിട്ടില്ല. കാലം മാറുന്നതിന്റെ ഒരു മാറ്റം എല്ലാ അര്‍ഥത്തിലും ഉണ്ടാകും. തിരുവനന്തപുരത്തെ ഓള്‍മോസ്റ്റ് എല്ലാ തീയേറ്ററുകളിലും ഫെസ്റ്റിവെല്‍ സിനിമ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ തീയേറ്ററുകള്‍ കുറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. നേരത്തെ കുറച്ചു കൂടെ തീയേറ്ററുകള്‍ ഉണ്ടായിരുന്നു. ഇതൊക്കെയാണ് ഒരു മാറ്റം.
സോഷ്യല്‍ മീഡിയ ഒക്കെ ഉണ്ടായത് കൊണ്ട് ഒരുപാട് യൂത്തിനെ മേളയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. നേരത്തെ മീഡിയ സ്‌കൂളിലൊക്കെ ഉള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്റ്റുഡന്റ് പാസ്സ് കൊടുത്തിരുന്നുള്ളു. ഇപ്പൊ കുറച്ചുകൂടി എല്ലാവര്‍ക്കും അക്‌സസ് ചെയ്യാന്‍ പറ്റി. ഇപ്പോള്‍ ഞാന്‍ സിനിമ എടുത്ത പോലെ എത്രയോ ആളുകള്‍ ഐ.എഫ്.എഫ്.കെ കണ്ട് സിനിമ എടുക്കുന്നവരുണ്ട്. നേരത്തെ എന്ന് പറയുമ്പോള്‍ സിനിമ കാണാനുള്ള ഒരു അവസരമില്ലായിരുന്നു. ഫെസ്റ്റിവെലും ഇവിടുത്തെ സിനിമകളും മാേ്രമത കാണാന്‍ പറ്റുമായിരുന്നുള്ളൂ. ഇപ്പോള്‍ ടെലിഗ്രാം വഴിയോ മറ്റ് ആപ്പുകള്‍ വഴിയോ സിനിമകള്‍ അക്‌സസ് ചെയ്യാന്‍ പറ്റും. എന്നിട്ടും ഇവിടെ ആളുകള്‍ വരുന്നത് സെലിബ്രേഷന്‍ കൂടി ആയത് കൊണ്ടാണ്. സിനിമ കാണുന്നതിലുപരി സുഹൃത്തുക്കളെ കാണാന്‍ പറ്റും. കഴിഞ്ഞ വര്‍ഷം കണ്ടവരെ അടുത്ത വര്‍ഷം കാണാന്‍ പറ്റും. ഫിലിം മേക്കഴ്‌സ് തമ്മിലുള്ള ഒരു ഇന്ററാക്ഷന്‍ ഉണ്ടാക്കുന്നുണ്ട്. അത് പോലെ ഫിലിം മേക്കേഴ്‌സും ഓഡിയന്‍സും തമ്മിലുള്ള ഒരു ഇന്ററാക്ഷന്‍ ഉണ്ടാകുന്നുണ്ട്. ഒഫീഷ്യല്‍ ആയിട്ട് വരുന്ന ചിലര്‍ക്ക് ഡിന്നര്‍ പാര്‍ട്ടികള്‍ ഉണ്ട്. അപ്പൊ അവിടെ വെച്ച് എല്ലാവരുമായി കൂടുതല്‍ സംസാരിക്കാന്‍ അവസരം ഉണ്ടാകുന്നുണ്ട്. ഇതെല്ലാം കൂടി ചേര്‍ത്താണ് ഫിലിം ഫെസ്റ്റിവെല്‍ ഉണ്ടാകുന്നത്. സിനിമ കാണുന്നത് മാത്രമല്ല, അതിലുപരി പല ആക്ടിവിറ്റീസും നടക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഞാന്‍ ചെന്നൈയില്‍ വെച്ച് ഒരാളെ കണ്ടു. പരിചയപ്പെട്ടപ്പോള്‍ വെട്രിമാരന്റെ അസിസ്റ്റന്റ് ആണ്. ആ പുള്ളി എല്ലാവര്‍ഷവും ഇവിടെ ഐ.എഫ്.എഫ്.കെക്ക് വരും. അയാള്‍ വിവാഹം കഴിച്ചിരിക്കുന്നത് ഒരു മലയാളിയെ ആണ്. അതെങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, ഫെസ്റ്റിവെലില്‍ ഒരു ദിവസം ക്യൂവില്‍ നിന്ന് ടിക്കറ്റ് കിട്ടിയില്ല. അപ്പോള്‍ ഒരു ഓട്ടോറിക്ഷയില്‍ അവരുമായി ഒരുമിച്ച് വേറെ തിയേറ്ററില്‍ പോയി. അന്ന് അവര്‍ പരിചയപ്പെട്ടതാണ് പിന്നീട് അവരുടെ വിവാഹത്തിലേക്കെത്തുന്നത്. അപ്പോള്‍ അങ്ങനെ പലതും ഇവിടെ നടക്കുന്നുണ്ട്. അതാണ് ഈ ഫെസ്റ്റിവെലിന്റെ ഒരു ബ്യൂട്ടി. ഇവിടന്ന് പ്രണയങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതെല്ലാം കാലത്തിന് നല്ലതാണ്. ഇതൊക്കെയാണ് പുതിയ മാറ്റങ്ങളായിട്ടോ എല്ലാ കാലത്തും നടക്കുന്ന മാറ്റങ്ങളായിട്ടോ പറയാവുന്നത്.
കണ്ടെന്റിനെ അടിസ്ഥാനമാക്കി സിനിമകള്‍ വരുന്നുണ്ട്. അത്തരം സിനിമകള്‍ ഫെസ്റ്റിവെലില്‍ എത്തുന്നത് ജൂറിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും. കണ്ടന്റ് മാത്രമല്ലല്ലോ എല്ലാ മേഖലയും ശരിയാകുമ്പോഴല്ലേ സിനിമ എന്ന് പറയാന്‍ പറ്റുന്നത്. കണ്ടന്റ് മാത്രം പറയുകയും ബോറായിട്ട് ഷൂട്ട് ചെയുകയും ചെയ്യുന്ന സിനിമകള്‍ നല്ല സിനിമകള്‍ ആകത്തില്ല. ആളുകള്‍ പോക്കറ്റില്‍ സിനിമ കൊണ്ടു നടക്കുന്ന കാലമാണ് ഇത്. നെറ്റ്ഫ്‌ളിക്‌സും, ആമസോണും ഒക്കെ നമ്മുടെ പോക്കറ്റിലുണ്ട്. ഈ സമയത്ത് നമ്മള്‍ എല്ലാ കണ്ടന്റും കാണുകയാണ്. സിനിമ കൊള്ളാമെങ്കിലേ അത് ചര്‍ച്ച ചെയ്യപ്പെടുകയുള്ളു. നല്ല സിനിമ ഔട്ട് സ്റ്റാന്‍ഡിങ് ആയിട്ടുള്ള സിനിമ ആകണമെങ്കില്‍ അതിന് ക്രാഫ്റ്റ് വേണം. ഫോമും വേണം, കണ്ടന്റും വേണം. അതില്ലാതെ ഒരു നല്ല സിനിമ ഉണ്ടാകില്ല. ഇന്ത്യയില്‍ ചിലപ്പോള്‍ കണ്ടെന്റിന് വേണ്ടി മാത്രം പ്രൊപ്പഗണ്ട സിനിമകള്‍ ഉണ്ടാക്കുന്നുണ്ട്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രീതിപ്പെടുത്തുന്നതിന് വേണ്ടി സിനിമകള്‍ ഇറക്കുന്നുണ്ട്. അതിനെ ഒക്കെ വലിയ രീതിയില്‍ കൊട്ടിഘോഷിപ്പിക്കപ്പെടുന്നുമുണ്ട്. ആവര്‍ത്തിച്ച് പറയുന്നു, നല്ല പടങ്ങള്‍ ആണെങ്കില്‍ മാത്രമേ അത് ആളുകളിലേക്ക് എത്തുകയുള്ളു. അതിന് കണ്ടന്റ് മാത്രം പോരാ, ക്രാഫ്റ്റും കൂടിവേണം.