മുന്നില്‍ നടന്ന പെണ്ണിന് പിന്നില്‍ അണിനിരന്ന പെണ്ണുങ്ങള്‍
സ്ത്രീശാക്തീകരണം ലക്ഷ്യം വെച്ച് ഒരുകൂട്ടം വനിതകള്‍ തുടങ്ങിയ കൂട്ടായ്മയാണ് വി വണ്‍ (WeOne). തൊഴില്‍ കണ്ടെത്തി സ്വയം പര്യാപ്തരാകുന്നതോടൊപ്പം അശരണരെ സഹായിക്കാനും അവശര്‍ക്ക് തണലാകാനും ചുറ്റുമുള്ളവരെ കൈപിടിച്ചുയര്‍ത്താനും ഈ കൂട്ടായ്മ ലക്ഷ്യം വെക്കുന്നു. സമൂഹത്തിനുതകുന്ന തലമുറയെ വാര്‍ത്തെടുക്കാന്‍ മുന്നിട്ടിറങ്ങിയ കൂട്ടായ്മയുടെ സ്ഥാപക സമീഹ അലി വിശേഷങ്ങള്‍ പങ്കുവെക്കുന്നു. | അഭിമുഖം: സമീഹ അലി/ഫസീല നൂറുദ്ദീന്‍
പ്രചോദനമായത് തൊഴില്‍രഹിതരായ സ്ത്രീകള്‍
2014-15 കാലഘട്ടത്തില്‍ നാട്ടിലെ സ്‌കൂളില്‍ (പാലക്കാട് ജില്ലയിലെ പടിഞാറങ്ങാടി, അന്‍സാര്‍ സ്‌കൂള്‍) മക്കള്‍ പഠിക്കുന്ന സമയത്ത് പി.ടി.എ അംഗമായാണ് ഞാന്‍ പൊതുരംഗത്തേക്ക് വരുന്നത്. അന്നാണ് രക്ഷിതാക്കള്‍ക്കു വേണ്ടി, പ്രത്യേകിച്ച് അമ്മമാര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടാകുന്നത്. മിക്ക സ്ത്രീകളും വിവാഹത്തിനു ശേഷം എല്ലാ സ്വപ്നങ്ങളും കുടുംബത്തിന് വേണ്ടി മാറ്റിവെക്കുന്നവരാണ്. ചിത്രം വരക്കാനും എഴുതാനും പാടാനും പ്രസംഗിക്കാനും കഴിവുള്ള പെണ്‍കുട്ടികള്‍ അതെല്ലാം ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് മാറുന്നു, കുടുംബിനിയുടെ ഉത്തരവാദിത്തങ്ങളിലേക്ക് മാത്രം ഒതുങ്ങിക്കൂടുന്നു. അതു കണ്ടപ്പോഴാണ് അവരുടെ കഴിവുകള്‍ പൊടി തട്ടിയെടുക്കാനും, പൊതു രംഗത്തേക്ക് എത്തിക്കാനും ഒരു വേദി ആവശ്യമുണ്ടെന്ന് തോന്നിയത്. അതിനു വേണ്ടി പ്രയത്‌നിച്ചു. കുറച്ചു കൂട്ടുകാരെ കൂട്ടി പ്രവര്‍ത്തിച്ചു. WeOne എന്ന ഈ കൂട്ടായ്മ ഉണ്ടായത് 2019 ലാണ്. അതിനു മുന്‍പ് തന്നെ ചെറുതായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഒരു കുടുംബസംഗമം സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത നൂറോളം സ്ത്രീകളുടെ സ്വപ്നങ്ങള്‍ ഞാന്‍ എഴുതിവാങ്ങി. ഭൂരിഭാഗം ആളുകളുടെയും ആഗ്രഹം ഒരു തൊഴില്‍, അതിലൂടെ വരുമാനം വേണം, സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയണം എന്നതായിരുന്നു. ആ സ്വപ്നം ഞാന്‍ ഏറ്റെടുത്തു. അതിനുവേണ്ടി എന്ത് ചെയ്യാന്‍ പറ്റും എന്ന അന്വേഷണമാണ് ഈ കൂട്ടായ്മയുടെ പിറവിക്ക് കാരണമായത്.
ഏകോപനം സാധ്യമാകുന്നത് അംഗങ്ങളുടെ സമാനമനസ്സ്
പ്രരാംഭഘട്ടത്തില്‍, ഏകദേശം ഒരേ മനസ്സോടെ ചിന്തിക്കുന്ന ചില കൂട്ടുകാരും കുടുംബാംഗങ്ങളുമായിരുന്നു ഈ ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ടത്. പിന്നീട് അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും കേട്ടറിഞ്ഞു വന്നുതുടങ്ങി. ഇപ്പോള്‍ നൂറോളം അംഗങ്ങള്‍ ഈ ഗ്രൂപ്പിലുണ്ട്. ജീവിതത്തില്‍ സ്വയം രേഖപ്പെടുത്തണം, അവരുടേതായ എന്തെങ്കിലും ഫാമിലിക്ക് വേണ്ടി ചെയ്യണം, സാധ്യമാകുന്ന നന്മകള്‍ സമൂഹത്തിനു നല്‍കണം എന്നിങ്ങനെ ലക്ഷ്യമുള്ള ആളുകളാണ് കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഇതില്‍ അംഗങ്ങളാകുന്നത്. അധ്യാപകര്‍, വീട്ടമ്മമാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യവഹരിക്കുന്നവര്‍ ഈ കൂട്ടത്തിലുണ്ട്. അവര്‍ക്കെല്ലാം സഹജീവികളോട് കരുണ കാണിക്കാനുള്ള ഒരു മനസ്സ് ഉണ്ട്. കൂടെയുള്ളവരും നന്നാവണം എന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. അതാണ് ഇതിന്റെ ഏകോപനത്തിന് സഹായമാകുന്നതും.
പ്രവര്‍ത്തനങ്ങള്‍
തുടക്കക്കാലത്ത്, പല ഗ്രൂപ്പിലായി ചിതറിക്കെടുക്കുന്ന ആളുകളായിരുന്നു. എന്തെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുമുണ്ടെങ്കില്‍ സമാനചിന്താഗതിക്കാരായ അംഗങ്ങളോട് ബന്ധപ്പെടുകയായിരുന്നു പതിവ്. പിന്നീട് ഒരൊറ്റ ഗ്രൂപ്പിനു കീഴില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി സുഗമമാവുകയും കൂടുതല്‍ പേരിലേക്ക് സഹായമെത്തിക്കാന്‍ കഴിയുകയും ചെയ്യുന്നുണ്ട്. ഓരോരുത്തരും തന്നാല്‍ കഴിയുന്നതും, അവരുടെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ശേഖരിച്ചും സ്വരുക്കൂട്ടിയും അര്‍ഹരായവരിലേക്ക് എത്തിക്കുകയാണ്. കൂടാതെ അംഗങ്ങള്‍ക്ക് വേണ്ടി നിശ്ചിതസംഖ്യ വെച്ച് ഒരു ചിട്ടിയും നടത്തുന്നുണ്ട്.
രൂപീകരണസമയത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാത്രം ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്നും WeOne ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് എന്നത് വളരെ സന്തോഷം തരുന്ന ഒന്നാണ്. ഇനി ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം, WeOne വരുമാനമുള്ള ഒരു സ്ഥാപനമായി വളരണമെന്നും അതിന് കീഴില്‍ കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നുമാണ്.
വര്‍ഷം അഞ്ച് കഴിയുമ്പോള്‍
അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഓഫീസ് തുടങ്ങാനായി എന്നത് വലിയ നേട്ടമായി കരുതുന്നു. പുതിയ ഓഫീസ് വരുന്നതിനു മുന്‍പ്, കൂടിയിരുന്ന് ചര്‍ച്ച ചെയ്യാനും തീരുമാനങ്ങളെടുക്കാനും ഞങ്ങള്‍ക്കൊരു നിശ്ചിത സ്ഥലമുണ്ടായിരുന്നില്ല. ആരുടെയെങ്കിലും വീടുകളായിരുന്നു മിക്കപ്പോഴും ആശ്രയിച്ചിരുന്നത്. അംഗങ്ങള്‍ സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന ഭക്ഷ്യവസ്തുക്കളും കരകൗശല വസ്തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും പ്രദര്‍ശിപ്പിക്കാനും വിപണനം നടത്താനും ഇതുപോലൊരു സ്ഥലം അനിവാര്യമായിരുന്നു. അങ്ങനെയാണ് സ്വന്തമായി ഒരു ഓഫീസ് എന്ന ചിന്തയിലേക്കെത്തുന്നത്. അതിനു വേണ്ടി എല്ലാവരും കൈകോര്‍ത്തപ്പോള്‍ അത് സാധ്യമായി. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രവര്‍ത്തനസമയം. ഡ്യൂട്ടി ഓരോരുത്തരും സ്വന്തമായി ഏറ്റെടുക്കുകയാണ്.
വിപണനമേള
ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ വിപണനമേള ശ്രദ്ധേയമായി. സ്വയം നിര്‍മിച്ചെടുത്ത വിവിധ തരം പലഹാരങ്ങള്‍, വ്യത്യസ്ത അച്ചാറുകള്‍, കേക്കുകള്‍, പുഡ്ഡിങ്ങുകള്‍, സോപ്പുകള്‍ തുടങ്ങി വസ്ത്രവിപണനം, ആഭരണ പ്രദര്‍ശനം മുതലായവ മേളയിലുണ്ടായിരുന്നു.
പ്രവര്‍ത്തനരീതി
പുതിയ ഓഫീസിന്റെ കീഴില്‍ ഒരു തയ്യല്‍പരിശീലന കേന്ദ്രം വരുന്നുണ്ട്. കൂടെ ബേക്കിങ് ക്ലാസ്സും റെസിന്‍ ആര്‍ട്ട് വര്‍ക്ക്ഷോപ്പും നടത്താന്‍ ഉദ്ദേശമുണ്ട്. മാനസികമായ പിരിമുറുക്കം കുറക്കാന്‍ സ്ത്രീകളെ സഹായിക്കുന്നതിന് ഒരു കൗണ്‍സിലിംഗ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായുള്ള യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ഫാഷന്‍ ഡിസൈനേഴ്‌സ്, റെന്റല്‍ ജുവല്‍സ് തുടങ്ങി ഒരു മണവാട്ടിയെ അണിയിച്ചൊരുക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഇതിന് കീഴിലുണ്ട്.
കൊച്ചുകൂട്ടായ്മയുടെ വലിയ ലക്ഷ്യം
രൂപീകരണസമയത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്നും ഞങ്ങള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് എന്നത് വളരെ സന്തോഷം തരുന്ന ഒന്നാണ്. സമൂഹത്തില്‍ സ്ത്രീക്ക് ചെയ്യാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സമൂഹം വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് അത്യന്താപേക്ഷിതമാണ്. ഓരോ കുഞ്ഞിന്റെയും ആദ്യഗുരുവായ അമ്മയില്‍ നിന്നാണല്ലോ അവന്‍ ലോകത്തെ അറിഞ്ഞുതുടങ്ങുന്നത്. അമ്മയുടെ മടിത്തട്ടിലിരിക്കുന്ന കൊച്ചുകുഞ്ഞ് നല്ല രീതിയില്‍ വളര്‍ന്നുവന്നാല്‍ മാത്രമേ ഭാവിസുരക്ഷിതമാവൂ. സംസ്‌കാരമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സ്ത്രീകള്‍ക്ക് പിന്തുണ കിട്ടിയേ തീരൂ. അത് പകര്‍ന്നുകൊടുക്കുക എന്നതാണ് പ്രധാനലക്ഷ്യം. ആ വഴിയില്‍ തന്നെയാണ് ഇപ്പോള്‍ കൂട്ടായ്മ ഉള്ളത്.
അംഗങ്ങള്‍ക്കിടയില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവരുണ്ട്. അവരുടെ തുടര്‍പഠനത്തിന് പ്രേരിപ്പിക്കുകയും മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. അതുപോലെ സ്ത്രീകള്‍ക്ക് അത്യാവശ്യമായ ഡ്രൈവിംഗ് പരിശീലനം, മോട്ടിവേഷന്‍ ക്ലാസ്സുകള്‍ തുടങ്ങിയവയും ഇതിനു കീഴിലുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഓരോ സ്ത്രീകളെയും രംഗത്തേക്ക് കൊണ്ടുവരാനും പരസ്പരം കൈത്താങ്ങാവാനും സമൂഹത്തിനു മുതല്‍ക്കൂട്ടാവാനും കഴിയുമെന്ന പ്രത്യാശയുണ്ട്.