'ജാതീയത ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്'

ജാതി വ്യവസ്ഥ, വര്‍ണ്ണ വിവേചനം, ടോക്‌സിക് പാരന്റിങ്, മുസ്‌ലിം വേട്ട എന്നീ വിവിധ അടരുകളിലുള്ള വിഷയങ്ങള്‍ വ്യക്തമായി സംസാരിച്ച സിനിമയാണ് ഹര്‍ഷദിന്റെ കഥയില്‍ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ 'പുഴു' എന്ന സിനിമ. ഉണ്ട എന്ന ചിത്രത്തിലൂടെ നേരത്തെയും സൂക്ഷ്മ രാഷ്ട്രീയം സംസാരിച്ച തിരക്കഥാകൃത്ത് ഹര്‍ഷദ് പുതിയ ചിത്രത്തില്‍ കുറച്ച് കൂടി ഉച്ചത്തില്‍ തന്റെ രാഷ്ട്രീയം പറയുന്നുണ്ട്. പുഴുവിന്റെ പശ്ചാത്തലത്തില്‍ ഹര്‍ഷദ് തന്റെ സിനിമായാത്രകളും നിലപാടുകളും രാഷ്ട്രീയവും മീഡിയവണ്‍ ഓണ്‍ലൈനിനോട് തുറന്നു പറയുന്നു.. തിരക്കഥാകൃത്ത് ഹര്‍ഷദുമായുള്ള അഭിമുഖ സംഭാഷണം.

Update: 2022-12-31 11:29 GMT
Click the Play button to listen to article

മൗസ് കൊണ്ട് മോണിറ്ററില്‍ വരക്കുന്ന ഹര്‍ഷദിനെയാണ് ആദ്യം കണ്ടിരുന്നതെന്നാണ് ഗാനരചയിതാവും എഴുത്തുകാരനുമൊക്കെയായ റഫീക്ക് തിരുവള്ളൂര്‍ (ഉമ്പാച്ചി) മുമ്പ് എഴുതിയിരുന്നു.ഡിസൈനിങില്‍ നിന്നും മറ്റൊരു ക്രിയേറ്റീവ് സ്‌പേസായ സിനിമയിലെത്തിയ ആ യാത്ര എങ്ങനെയായിരുന്നു?

ഗ്രാഫിക്ക് ഡിസൈനറായിട്ടാണ് ഞാന്‍ എന്റെ കരിയര്‍ തുടങ്ങുന്നത്. പതിനേഴ് വയസ്സ് പ്രായം മുതലേ പ്രൊഫഷണലി ഗ്രാഫിക്ക് ഡിസൈനറായി പല സ്ഥലങ്ങളിലും ജോലി ചെയ്യുന്നുണ്ട്. പിന്നീട് മൂന്ന്-നാല് കൊല്ലം മാധ്യമം പത്രത്തില്‍ ലേ ഔട്ട് ആര്‍ട്ടിസ്റ്റായിരുന്നു. എന്റെ ഓര്‍മ പ്രകാരം 1995-96 വരെ അവിടെയാണ് ജോലി ചെയ്തിരുന്നത്. അതിന് ശേഷം ബാംഗ്ലൂരിലും ഡല്‍ഹിയിലും ഗ്രാഫിക്ക് ഡിസൈനറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. 2008 വരെ പല സ്ഥാപനങ്ങളിലായും ഫ്രീലാന്‍സറായും ഇതേ ജോലിയില്‍ തന്നെയായിരുന്നു.

2008ല്‍ ആദ്യത്തെ ഷോര്‍ട്ട് ഫിലിം ചെയ്തു. മിനിമല്‍ ബജറ്റില്‍ കൈയ്യിലുള്ളതും സുഹൃത്തുക്കളുടെതുമായ പൈസ കൊണ്ട് ചെയ്ത ഷോര്‍ട്ട് ഫിലിം ആയിരുന്നു അത്. 'പീസ് പ്രൊസസ്' എന്നായിരുന്നു ആ ഷോര്‍ട്ട് ഫിലിമിന്റെ പേര്. സോഷ്യല്‍ മീഡിയകള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് അന്നത് വളരെ ശ്രദ്ധിക്കപ്പെട്ടു. കുറേ അംഗീകാരങ്ങളൊക്കെ കിട്ടി. ഇവിടെയാണ് ശരിക്കും സിനിമയിലേക്കുള്ള തുടക്കം.

പിന്നീട് അടുത്ത വര്‍ഷങ്ങളിലായി നാല് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു. ഒന്നാമത്തെ ഷോര്‍ട്ട് ഫിലിം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഒരു സിനിമയുടെ ഫുള്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു. ഫുള്‍ സ്‌ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ എന്റെ മനസ്സില്‍ ഞാന്‍ ഫുള്‍ സ്‌ക്രിപ്റ്റാണെന്ന് വിചാരിക്കുന്ന ഒരു സിനിമ - അന്ന് സ്‌ക്രിപ്റ്റിന്റെ ഫോര്‍മാറ്റും പരിപാടികളുമൊന്നും അറിയില്ലായിരുന്നു, ഇന്നും വല്ലാതെ അറിഞ്ഞിട്ടല്ല (ചിരിക്കുന്നു). പക്ഷേ, അന്ന് അങ്ങനെയൊരു 'സ്‌ക്രിപ്റ്റ്' എഴുതി.എന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിം 'പീസ് പ്രൊസസിന്' ഒരുപാട് അംഗീകാരങ്ങള്‍ കിട്ടിയെന്ന് പറഞ്ഞല്ലോ. അന്ന് അത്തരത്തില്‍ പുരസ്‌കാരം നല്‍കിയ ഒരു അവാര്‍ഡ് സമിതിയുടെ ജൂറി, തിരക്കഥാകൃത്ത് ജോണ്‍ പോള്‍ സാറായിരുന്നു. (ഇക്കാര്യം ഞാന്‍ ജോണ്‍ പോള്‍ സാറ് മരിച്ചപ്പോള്‍ എഴുതിയിരുന്നു) അദ്ദേഹം കോഴിക്കോട് വന്നപ്പോള്‍ എന്നെ വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു, ഈ സിനിമ വലിയ രീതിയില്‍ നമുക്ക് സിനിമയാക്കണം, ഞാന്‍ എഴുതിവെച്ച സ്‌ക്രിപ്റ്റുണ്ടെന്നും പറഞ്ഞു. ഞാന്‍ സാറിനോട് എനിക്ക് ഡയറക്ട് ചെയ്യാന്‍ വേണ്ടി എഴുതി തരണമെന്ന ഉദ്ദേശ്യത്തില്‍ പറഞ്ഞു. പിന്നീട് ഒന്നുരണ്ട് കൊല്ലം സാറിന്റെ വീട്ടില്‍തന്നെയായിരുന്നു ഞാന്‍. സാറ് പക്ഷേ എന്നെകൊണ്ട് എഴുതിപ്പിക്കുകയായിരുന്നു. മൂപ്പര് ഏറ്റെടുക്കാതെ എന്റെ എഴുത്തിലെ പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് പറഞ്ഞ്, ഒരു ഗുരുകുല സമ്പ്രദായം പോലെത്തെ രീതിയായിരുന്നു. ഇല്ലാത്ത പൈസ കടം വാങ്ങി എറണാകുളം പോകും, മൂപ്പരെ വീട്ടില്‍ വൈകുന്നേരം വരെ ഇരിക്കും. അങ്ങനെ ഈരണ്ടു ദിവസം ഇടവിട്ട് എറണാകുളം പോവുമായിരുന്നു.


ആ എഴുത്ത് നടന്നുകൊണ്ടിരിക്കെ പരസ്യങ്ങളിലൊക്കെ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ കോഴിക്കോട് വെച്ച് കണ്ടു. അവന്‍ പറഞ്ഞു, അവന് ഏതൊ വലിയ കമ്പനിയുടെ പരസ്യങ്ങല്‍ കിട്ടി, പൈസയൊക്കെ കൈയിലുണ്ടെന്ന്. വലിയ കാമറാമാന്‍മാരെ വെച്ച് ഈ സിനിമ തുടങ്ങണമെന്ന് തീരുമാനിച്ചു. ബിഗ് ബിയും ഡാഡി കൂളും ഒക്കെ ഇറങ്ങിനില്‍ക്കുന്ന സമയമായിരുന്നു (2009 കാലഘട്ടം). സമീര്‍ താഹിര്‍ എന്നയാല്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയം. ബിഗ് ബി ഒക്കെ കണ്ട് സമീര്‍ താഹിറിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ച് സമീര്‍ താഹിറിനെ വിളിച്ചു. അങ്ങനെ കൂടെ പരസ്യ ചിത്രത്തില്‍ ജോലി ചെയ്യാന്‍ അവസരവും കിട്ടി. രണ്ട് ദിവസത്തെ പരസ്യത്തിന്റെ ഷൂട്ടായിരുന്നു. അതിന്റെ ഇടവേളകളില്‍ സമീര്‍ താഹിറിനോട് നേരത്തെ പറഞ്ഞ സിനിമയുടെ സ്‌ക്രിപ്റ്റുണ്ടെന്ന കാര്യം പറഞ്ഞു. (ജോണ്‍ പോള്‍ സാറിന്റെയടുത്ത് പോയി സ്‌ക്രിപ്റ്റ് മിനുക്കി കൊണ്ടിരിക്കുന്ന സമയമാണ്) സമീര്‍ താഹിറുമൊന്നിച്ചുള്ള ഷൂട്ടൊക്കെ തീര്‍ന്നു. പിറ്റേന്ന് എറണാകുളം ബി.ടി.എച്ചിന് പിറകില്‍ ഇരുന്ന് സിനിമയുടെ മുഴുവന്‍ കഥയും പറഞ്ഞു. സമീറിന് കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു. ആ സമയം തന്നെ ഈ സിനിമ സംഭവിക്കാന്‍ വേണ്ടി എന്റെ കോഴിക്കോട്ടെ സൗഹൃദങ്ങള്‍ വെച്ച് കുറച്ച് പൈസ അറേഞ്ച് ചെയ്തിരുന്നു, എല്ലാം റെഡിയാക്കി വെച്ചിരുന്നു. ഒരു പത്ത് മുപ്പത്തഞ്ച് ലക്ഷത്തിനൊക്കെ നടക്കാവുന്ന സിനിമയായിട്ടാണ് അന്നതിനെ കണ്‍സീവ് ചെയ്തത്. ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിട്ടാണ് അന്ന് അത് പ്ലാന്‍ ചെയ്തത്. തിരക്കഥ ഭയങ്കരമായി ഇഷ്ടപ്പെട്ട സമീര്‍, നമ്മള്‍ ഇത് ചെയ്യുന്നുവെന്ന് പറഞ്ഞു. അന്ന് 35,000 രൂപയായിരുന്നു ഒരു ദിവസത്തെ സമീറിന്റെ റെമ്യൂണറേഷന്‍. 'ഇങ്ങള്‍ക്ക് ഒരു ദിവസം തന്നെ 35,000 രൂപയാണ്, ഇങ്ങളെ വെച്ച് ഈ പടം നടക്കില്ലാന്ന്'- സമീറിനോട് ഞാന്‍ പറഞ്ഞു. 'അല്ല പ്രതിഫലത്തിന്റെ കാര്യൊക്കെ ആരാ ചോയ്ച്ചത്, അതൊക്കെ അവിടെ നിക്കട്ടെന്ന്'- സമീറും പറഞ്ഞു. നമ്മളിത് ചെയ്യുമെന്നും പറഞ്ഞു. സത്യമാണോ അല്ലയോ എന്ന് വിശ്വസിക്കാനാവാതെയാണ് അന്ന് വീട്ടില്‍ പോയത്.

 പിറ്റേന്ന് രാവിലെ ഏഴുമണിയായപ്പോഴുണ്ട് സമീര്‍ വിളിക്കുന്നു. നാട്ടിലേക്ക് പോയോന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞപ്പോ, തന്റെ മുപ്പത്തഞ്ച് ലക്ഷത്തിനൊന്നും ഈ സിനിമ ചെയ്യാന്‍ പറ്റൂല, പ്രോപ്പര്‍ പ്രൊഡ്യൂസര്‍ വേണമെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ എറണാകുളത്തേക്ക് കയറി. വൈകുന്നേരം ആയപ്പോഴാണ് എറണാകുളം എത്തിയത്. സമീറിന്റെ കാറില്‍ എന്നെയും കൊണ്ട് ഫോര്‍ട്ട് കൊച്ചി പോയി. ഒരു ഇന്റര്‍നെറ്റ് കഫേയില്‍ ഒരാള്‍ പുറം തിരിഞ്ഞ് ഇരിക്കുന്ന ചിത്രമാണ് എന്റെ ഓര്‍മയില്‍ വരുന്നത്. കാസ്റ്റിങ്ങിന്റെ ഫോട്ടോസ് നോക്കി കൊണ്ടിരിക്കുന്ന ഒരാള്‍. സമീര്‍ ഉടനെ തന്നെ 'അമ്പു'വെന്ന് വിളിച്ചു. ആ അമ്പു അന്‍വര്‍ റഷീദായിരുന്നു. ഞാന്‍ അന്‍വര്‍ റഷീദിനെ ആദ്യമായിട്ട് കാണുകയാണ്. ''ഇതാണ് ഞാന്‍ പറഞ്ഞ ഹര്‍ഷദ്''- എന്ന് സമീര്‍ എന്നെ പരിചയപ്പെടുത്തി. ഇതാണ് ഞാന്‍ പറഞ്ഞ പ്രൊഡ്യൂസര്‍ എന്ന് സമീര്‍ എന്നോടും പറഞ്ഞു. അങ്ങനെ ഞാന്‍ എന്റെ കഥ കൊച്ചി കായലിന്റെ തീരത്ത് വെച്ച് അമ്പുക്കാനോട് പറഞ്ഞു. അമ്പുക്കാക്ക് കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഇത് ഞാന്‍ പ്രൊഡ്യൂസ് ചെയ്യാം, ഹര്‍ഷദ് ബാക്കി എഴുത്തു പ്രൊസസ് പൂര്‍ത്തിയാക്ക് എന്ന് പറഞ്ഞു. അവിടെ ആ ചരിത്രം നിന്നു, ആ സിനിമ പിന്നീട് നടന്നില്ല. അത് ഇപ്പോഴും നടന്നില്ല.


പിന്നെ എങ്ങനെയാണ് ആദ്യ സിനിമ ദായോം പന്ത്രണ്ടും ആവുന്നത്? അതില്‍ എത്തുന്നതെങ്ങനെയാണ്?

പിന്നെയും ഞാന്‍ ഒരുപാട് തിരക്കഥകള്‍ എഴുതി. ഇവരുമായിട്ടൊക്കെ വലിയ സൗഹൃദമായി. ഞാന്‍ എന്ത് എഴുതിക്കഴിഞ്ഞാലും അതിന്റെ ആദ്യത്തെ ഡ്രാഫ്റ്റ് അമ്പുക്കാക്ക് കൊണ്ടു കൊടുക്കും. അമ്പുക്ക ചിലതൊക്കെ വായിച്ചിട്ടുണ്ടാകും ചിലതെല്ലാം വായിച്ചിട്ടുണ്ടാകില്ല. അങ്ങനെ 2012 ഒക്കെയാവുമ്പോ നമ്മുടെ ഫ്രസ്റ്റേഷന്റെ ഒരു പിരിയഡ് എത്തുവല്ലോ. ഒരു സിനിമയും നടക്കുന്നില്ല, അപ്പോഴേക്കും ഞാന്‍ കുറേ എഴുതിയിട്ടുണ്ട്, കുറച്ചൊന്നുമല്ല. എറണാകുളത്ത് വരുമ്പോഴൊക്കെ അമ്പുക്കാനെ പോയി കാണും. ആദ്യം ഞാന്‍ പരിചയപ്പെടുന്നത് സമീര്‍ താഹിറിനെയാണെങ്കിലും അടുപ്പം കൂടുതല്‍ അന്‍വര്‍ റഷീദുമായിട്ടായിരുന്നു. കുറച്ച് കൂടി ബ്രദര്‍ലി ഫീല് തോന്നിയത് അന്‍വര്‍ റഷീദുമായിട്ടായിരുന്നു. അപ്പോള്‍ ആ സമയത്ത് ഞാന്‍ അമ്പുക്കാനോട് പറഞ്ഞു, അമ്പുക്കാ കുറച്ച് നാളായി ഞാന്‍ നടക്കുന്നു, എന്നെയൊന്ന് അസിസ്റ്റന്റാക്കുമോ എന്ന് ചോദിച്ചു. അസിസ്റ്റ് ഒന്നും ആവേണ്ടതില്ലടോ താന്‍, അതിന്റെ കാര്യമില്ലെന്ന് അമ്പുക്കാ മറുപടിയും പറഞ്ഞു. അന്നത്തെ ദിവസവും ഞാന്‍ ഗുരുദക്ഷിണ പോലെ ഒരു പത്ത് അമ്പത് പേജുള്ള ഒരു സ്‌ക്രിപ്റ്റിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് അമ്പുക്കക്ക് വായിക്കാന്‍ കൊടുത്തു. അപ്പോള്‍ എന്താ ഇനി പരിപാടിയെന്ന് അന്‍വര്‍ റഷീദ് ചോദിച്ചു. ഒന്നുല്ല, എവിടെയെങ്കിലും ഒന്ന് കേറണം, പ്രാന്തായി തുടങ്ങീന്ന് പറഞ്ഞു. അതൊന്നുല്ലിടാ, അടുത്ത പടം 'നേരം' എന്നൊരു സിനിമയെടുത്ത പയ്യനാണ്, അവനെ വെച്ച് ഒരു പടം പ്രൊഡ്യൂസ് ചെയ്യുകയാണെന്ന് പറഞ്ഞു. (അതാണ് പിന്നീട് ' പ്രേമം' ആയി നമ്മള്‍ കണ്ടത്) അതൊക്കെ കഴിയട്ടെ, എന്നിട്ട് നമ്മക്ക് നോക്കാമെന്നൊക്കെ പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു, ഞാന്‍ കോഴിക്കോട്ടേക്ക് തിരിച്ചു പോന്നു.


എനിക്ക് ഒരു സിനിമ ചെയ്‌തേ പറ്റൂ എന്നുള്ള അവസ്ഥ വന്നു. അങ്ങനെ ഞാന്‍ ദായോം പന്ത്രണ്ടും എന്നുള്ള പടം ചെയ്തു. അത് നമ്മള്‍ സുഹൃത്തുക്കളൊക്കെ കൂടി ചെയ്ത സിനിമയാണ്. എന്റെ സ്വന്തം പൈസയാണ്. എന്റെ വൈഫിന്റെ സ്വര്‍ണ്ണവും ഗള്‍ഫിലുള്ള രണ്ട് അനുജന്‍മാരുടെ കോണ്‍ട്രിബ്യൂഷനോക്കെ ആയിട്ട് വളരെ ചെറിയ പൈസക്ക് ആദ്യ സിനിമ ചെയ്തു. അന്ന് അന്തരീക്ഷം വ്യത്യാസമാണ്. അന്ന് സാറ്റലൈറ്റില്‍ ചെറിയ ചെറിയ പടങ്ങള്‍ എല്ലാം പോവുന്ന ഒരു കാലം കൂടിയായിരുന്നു. ഞാന്‍ പ്ലാന്‍ ചെയ്യുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴും അങ്ങനെ ഒരു അന്തരീക്ഷമുണ്ടായിരുന്നു. പിന്നെ അത് മാറി. കുറഞ്ഞ പൈസക്ക് ചെയ്ത, ഒരു പ്രൈഫഷണല്‍ ടീമൊന്നും അന്ന് എന്റെ കൂടെയില്ലായിരുന്നു. ഇന്ന് അതില്‍ അസോസിയേറ്റ് ചെയ്ത എല്ലാവരും വലിയ പുള്ളികളായിട്ടുണ്ട് (ചിരിക്കുന്നു). പ്രത്യേകിച്ച് ലുഖ്മാന്‍, വലിയ നടനാണ്. അബു വളയംകുളം, അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടറാണ്. കണ്ണന്‍ പട്ടേരി, ക്യാമറമാനായി മാറി. മുഹ്‌സിന്‍ പരാരി, ഷറഫു, സംവിധായകനും തിരക്കഥാകൃത്തുക്കളുമായി മാറി. പതിനഞ്ച് ദിവസം കൊണ്ടാണ് ദായോം പന്ത്രണ്ടും ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. അബുവായിരുന്നു അതിലെ നായകന്‍.

ദായോം പന്ത്രണ്ടും റിലീസ് ചെയ്യണമെന്ന് ഇമോഷണലി എനിക്ക് ഭയങ്കര താല്‍പര്യമുണ്ടായിരുന്നു. അത് വളരെ വ്യക്തിപരമായ ഒരു താല്‍പര്യമായിരുന്നു. നടക്കില്ലാന്ന് അറിഞ്ഞിട്ടുള്ള ഒരു ഓട്ടവും അതിനായി കുറച്ച് പൈസയും കൂടി ഞാന്‍ ചെലവാക്കി. അന്ന് ശിവകാശിയില്‍ പോയിട്ട് സിക്‌സ് ഷീറ്റ് പോസ്റ്റര്‍ ഒക്കെ അടുപ്പിച്ചു. കേരളത്തില്‍ തിരുവനന്തപുരത്തിന്ന് ഇങ്ങോട്ട് കുറച്ച് പോസ്റ്ററൊക്കെ ഒട്ടിച്ചു. എന്റെ ബാപ്പയേം ഉമ്മയേയും കാണിക്കാനുള്ള ഒരു 'മേക്ക് ബിലീഫ്' പരിപാടിയായിരുന്നു അത്. റാംജിറാവു സ്പീക്കിങ്ങില്‍ മുകേഷ് ചെയ്ത പരിപാടി പോലെ, ഈ പടം റിലീസ് ആകും റിലീസ് ആകുമെന്ന് വിശ്വസിപ്പിക്കുക എന്ന് പറയും പോലെ. ബാപ്പയെയും ഉമ്മയെയും തിയറ്ററില്‍ കൊണ്ടു പോകാനുള്ള ഒരു ആഗ്രഹവുമുണ്ടായിരുന്നു. ബാപ്പക്ക് സുഖമില്ലാതെയായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഒരുപാട് ശ്രമിച്ചു, കുറേ തിയറ്ററുകാരോട് സംസാരിച്ചു. തിയറ്ററ് വാടകക്ക് എടുക്കാനൊക്കെ ശ്രമിച്ചു. അതിനൊക്കെ വലിയ പൈസയാണ്. പ്രോപ്പര്‍ റിലീസ് സാധ്യമല്ലെന്ന് അറിഞ്ഞപ്പോ ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു. ദായോം പന്ത്രണ്ടും ഇന്ന് നിങ്ങള്‍ക്ക് എവിടെയും കാണാന്‍ പറ്റില്ല, എവിടെയുമില്ലത്, എന്റെ അടുത്ത് മാത്രേമേയുള്ളൂ. ആരും കാണണ്ടാന്ന് ഞാനങ്ങ് തീരുമാനിച്ചു. എന്റെ ഒരു ആഗ്രഹം ബാപ്പാനെയും ഉമ്മാനേയും കൂട്ടി തിയറ്ററില്‍ പോയി ആ സിനിമ കാണുകയെന്നുള്ളതായിരുന്നു.

ദായോം പന്ത്രണ്ടും ജീവിതത്തില്‍ വരുത്തിയ മാറ്റം എന്തായിരുന്നു? ആദ്യ സിനിമ കഴിഞ്ഞ് ആറ് വര്‍ഷത്തില്‍ കൂടുതല്‍ എടുത്തല്ലോ അടുത്ത സിനിമയായ 'ഉണ്ട' പുറത്തിറങ്ങാന്‍...?

ദായോം പന്ത്രണ്ടും കഴിഞ്ഞ് വീണ്ടു എറണാകുളത്ത് പോവുമ്പോ, ഒരു സിനിമ പൂര്‍ത്തിയാക്കിയ വ്യക്തിയെന്ന നിലക്ക് എന്നോടുള്ള സമീപനങ്ങളിലൊക്കെ വലിയ വ്യത്യാസം വന്നു. ഒരു സിനിമ പൂര്‍ത്തിയാക്കിയ മനുഷ്യനാണ്. അതിന്റെ റെസ്‌പെക്ട് ഇതുവരെ ഞാന്‍ സഞ്ചരിച്ച പല ഭാഗങ്ങളില്‍ നിന്നും കിട്ടാന്‍ തുടങ്ങി. ദായോം പന്ത്രണ്ടും ബിനാലെയില്‍ കാണിച്ചു, കുറേ ആര്‍ട്ടിക്കിളുകളും ന്യൂസും വന്നു. ദായോം പന്ത്രണ്ടും കഴിഞ്ഞും ഞാന്‍ എഴുത്തുപരിപാടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഇടയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ പരിചയപ്പെട്ടു. അതിന് കാരണം ഡയറക്ടര്‍ ജിജോ ആന്റണിയാണ്. ജിജോ ആന്റണിയെ എനിക്ക് നേരത്തെ അറിയാം. ജോണ്‍ പോള്‍ സാറിന്റെയടുത്ത് പോകുന്ന ആ കാലത്ത് തന്നെ പരിചയമുണ്ട്. മുഹ്‌സിന്‍ പരാരിയാണ് ജിജോയെ എനിക്ക് പരിചയപ്പെടുത്തുന്നത്. ഒരു തിരക്കഥ നല്‍കണമെന്ന ആവശ്യവുമായാണ് മുഹ്‌സിന്‍ ജിജോയെ പരിയപ്പെടുത്തുന്നത്. അങ്ങനെ ജിജോക്ക് രണ്ട് സ്‌ക്രിപ്റ്റ് നല്‍കി. (പൂര്‍ണമായ ഒരു സ്‌ക്രിപ്റ്റല്ല, കഥാഗതിയും കാരക്ടര്‍ ആര്‍ക്ക് എല്ലാം അടങ്ങിയ ഒരു ഡ്രാഫ്റ്റ്). അവനത് സിനിമയാക്കാന്‍ ഒരുപാട് നടന്നു. അത് നടക്കാതിരുന്നപ്പോഴാണ് അവന്‍ 'കൊന്തയും പൂണൂലും' സംവിധാനം ചെയ്യുന്നത്. പിന്നീടും അവന്‍ ആ തിരക്കഥയുമായി ഒരുപാട് നടന്നു. ഒന്നും ശരിയായില്ല. പിന്നീട് ജിജോ ഡാര്‍വിന്റെ പരിണാമം ചെയ്തു. അപ്പോഴും എന്റെ സ്‌ക്രിപ്റ്റ് അവന്റെ കൈയിലുണ്ട്. അങ്ങിനെയിരിക്കെ, ലിജോ പെല്ലിശ്ശേരി ഡബിള്‍ ബാരല്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്തിരിക്കുന്ന സമയമാണ്, ജിജോ വഴി ലിജോയോട് ഈ തിരക്കഥ അവതരിപ്പിച്ചു. തിരക്കഥ ഇഷ്ടപ്പെട്ട ലിജോ സിനിമയാക്കാന്‍ നല്‍കാമോയെന്ന് ചോദിച്ചു. തീര്‍ച്ചയായും തരാമെന്ന് ഉറപ്പുപറഞ്ഞു. പിന്നീട് ആ സ്‌ക്രിപ്റ്റിന്‍മേല്‍ ഞാനും ലിജോയും കുറേ നാള്‍ ജോലി ചെയ്‌തെങ്കിലും അത് സിനിമയായില്ല. ആ തിരക്കഥ സിനിമയാക്കാന്‍ പറ്റാത്തതില്‍ ലിജോക്കും വലിയ സങ്കടമായി. അപ്പോള്‍ ലിജോ മറ്റൊരു സ്‌ക്രിപ്റ്റ് ഐഡിയ എന്നോട് പങ്കുവെച്ചു. അതും തിരക്കഥയാക്കിയെങ്കിലും സിനിമയായി കാണാന്‍ കഴിഞ്ഞില്ല.

ഇതിനിടയില്‍ ആദ്യം അന്‍വര്‍ റഷീദിനോട് സംസാരിച്ച സ്‌ക്രിപ്റ്റ് അവിടെ നിന്നും മാറി സമീര്‍ താഹിറില്‍ എത്തിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഷൂട്ടിനിടയില്‍ കോഴിക്കോടിരിക്കെയാണ് സമീര്‍ താഹിര്‍ ആ സ്‌ക്രിപ്റ്റ് ഡയറക്ട് ചെയ്യാന്‍ തരാമോയെന്ന് ചോദിക്കുന്നത്. കൊടുത്തു. 'പ്രേമം' റിലീസാവുന്നതിന്റെ ഒരാഴ്ച മുമ്പ് സമീര്‍ താഹിറിനെ വീണ്ടും കണ്ടു. അന്ന് പക്ഷേ, സമീര്‍ താഹിര്‍ ആ സ്‌ക്രിപ്റ്റ് സിനിമ ആക്കാനുള്ള എക്‌സൈറ്റ്‌മെന്റില്‍ അല്ലായിരുന്നു. അങ്ങനെ ആ തിരക്കഥ വീണ്ടും അന്‍വര്‍ റഷീദില്‍ തന്നെ എത്തി. ലിസി ഹോസ്പിറ്റലിന് അടുത്തുള്ള അന്‍വര്‍ റഷീദിന്റെ ഓഫീസില്‍ ചെന്ന എനിക്ക് എന്റെ ജീവിതത്തിലെ ആദ്യ അഡ്വാന്‍സ് കിട്ടി. ഇനി ഈ സ്‌ക്രിപ്റ്റ് ആര്‍ക്കും കൊടുക്കേണ്ട, ഇത് ഞാന്‍ ചെയ്‌തോളാം എന്ന് അന്‍വര്‍ റഷീദ് പറഞ്ഞു. അവിടെ നിന്നും അന്‍വര്‍ റഷീദിന്റെ കൂടെ ഒരുമിച്ചു ചെലവന്നൂര്‍ റോഡിലുള്ള ഫ്‌ലാറ്റിലാണ് താമസം. അതിന്റെ ഇടയില്‍ ലിജോക്ക് വേണ്ടിയുള്ള എഴുത്തും കൂടെ തന്നെ നടക്കുന്നുണ്ട്. ഒരേ സമയം രണ്ട് വലിയ സംവിധായകര്‍ക്ക് വേണ്ടിയുള്ള എഴുത്തുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ആ സമയത്ത് ഞാന്‍ എഴുതിയ മറ്റൊരു സ്‌ക്രിപ്റ്റ് (മുമ്പ് അമ്പുക്കക്ക് വായിക്കാന്‍ കൊടുത്ത സ്‌ക്രിപ്റ്റുകളില്‍ ഒന്നാണ്) ലിജോ ജോസ് പെല്ലിശ്ശേരിക്ക് മുന്നില്‍ അവതരിപ്പിച്ചു. വേറെ ഏതെങ്കിലും സ്‌ക്രിപ്റ്റ് കൈയ്യിലുണ്ടോയെന്ന് ലിജോ എന്നോട് ചോദിച്ച സമയത്താണ് ഈ കഥ പറയുന്നത്. ലിജോ അവതരിപ്പിച്ചാല്‍ ഈ സിനിമ നന്നാകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായും ലിജോയോട് പറഞ്ഞു. കഥ കേട്ട ലിജോ ഭയങ്കരമായി എക്‌സൈറ്റഡായി. കഥ അന്‍വര്‍ റഷീദിനോട് നേരത്തെ പറഞ്ഞതാണെന്നും പറഞ്ഞു. പിന്നീട് ഇരുവരും സംസാരിച്ച് ആ സ്‌ക്രിപ്റ്റ് ലിജോ എടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ആ കഥയുമായി നിരവധി താരങ്ങളുടെ അടുത്ത് പോയെങ്കിലും സിനിമ മാത്രം സംഭവിച്ചില്ല.


കുറച്ച് നാള്‍ കഴിഞ്ഞ് അന്‍വര്‍ റഷീദ് ഈ സ്‌ക്രിപ്റ്റിനെ കുറിച്ച് അന്വേഷിച്ചു. സ്‌ക്രിപ്റ്റ് ഓപ്പണ്‍ ആണെന്ന് പറഞ്ഞതോടെ കഥയുമായി മമ്മൂട്ടിയെ കാണാന്‍ പോകാമെന്ന് അന്‍വര്‍ റഷീദ് പറഞ്ഞു. അങ്ങനെ അന്‍വര്‍ റഷീദുമൊന്നിച്ച് മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടിലെത്തി. അവിടെ വെച്ചാണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. മമ്മൂക്കയോട് ആദ്യം പറയുന്ന സ്‌ക്രിപ്റ്റാണ് അത്. ആ കഥ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. ആ കഥയും കൂടെ മറ്റു രണ്ട് തിരക്കഥകളും പാരലലി എഴുതികൊണ്ടിരിക്കുന്ന സമയത്താണ് ഖാലിദ് റഹ്മാന്‍ ഭൂജാതനാകുന്നത്! (ചിരിക്കുന്നു). ഖാലിദ് റഹ്മാന്‍ അമ്പുക്ക വഴിയാണ് വരുന്നത്. അന്‍വര്‍ റഷീദ് തന്നെയായിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. 'ഉണ്ട'യുടെ ആദ്യത്തെ പ്രൊഡ്യൂസര്‍ അമ്പുക്ക ആയിരുന്നു. പിന്നെ അതിന്റെ പരിപാടികളിലായി. 2016ലാണ് ഇത് നടക്കുന്നത്. ആ കൊല്ലം നമ്മള് മറക്കില്ല, നോട്ട് നിരോധിച്ച കൊല്ലമാണ്. ചില ചരിത്രപരമായ ദിവസങ്ങള്‍ ഞാന്‍ മറക്കില്ല. നോട്ട് നിരോധിച്ചതിന്റെ അടുത്തയാഴ്ചയോടെ ഇനീഷ്യല്‍ ഡ്രാഫ്റ്റ് എഴുതിയിട്ടുണ്ട്. പിന്നീട് ബസ്തറില്‍ പോകുന്നുണ്ട്, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു. എന്റെ ഒരു പടം കോണ്‍ക്രീറ്റ് പരുവത്തില്‍ സംഭവിക്കുന്നത് ഉണ്ടയിലാണ്.


ജോണ്‍ പോളുമായിട്ടുള്ള ഓര്‍മകള്‍ പറയാമോ? ആദ്യ സിനിമയിലെ താരങ്ങളെ തെരഞ്ഞെടുത്തത് ജോണ്‍ പോളായിരുന്നല്ലോ?

പീസ് പ്രൊസസിന് ശേഷമായിരുന്നുവല്ലോ ജോണ്‍ പോള്‍ സാറുമായിട്ടുള്ള പരിചയം. അതിന് ശേഷം കോഴിക്കോട് അളകാപുരിയില്‍ വരുമ്പോഴെല്ലാം കാണും, സംസാരിക്കും. അദ്ദേഹവുമായി ഒരു പിതാവുമായുള്ള ആത്മബന്ധം പോലെയാണ്. ഉണ്ട ഇറങ്ങിയ സമയത്തും വിളിച്ചിരുന്നു.

സിനിമയിലെ ആദ്യത്തെ എന്റെ കണക്ഷനാണ്. അദ്ദേഹവുമായി ഒരു സങ്കടമുള്ള ഓര്‍cയുണ്ട്. സിനിമാ ആലോചനകളുമായി ഒരുപാട് കാലമായി, ഒന്നും നടപടിയാവുന്നില്ല. ഒരുപാട് എഴുത്തുകള്‍ നടക്കുന്നുണ്ട്. ഒന്നും സംഭവിക്കുന്നില്ല. നേരത്തെ പറഞ്ഞ അന്‍വര്‍ റഷീദിന്റെ ഫ്‌ലാറ്റിലേക്ക് മാറുന്നതിന് തൊട്ടുമുന്നേയുള്ള ഏതൊ ഒരു ഘട്ടത്തില്‍ എന്റെ നിഷ്‌കളങ്കത കൊണ്ട് ഞാന്‍ ജോണ്‍ പോള്‍ സാറിനോട് ചോദിച്ചു. എന്തൊക്കെയോ ചോദിക്കുന്ന കൂട്ടത്തില്‍ ഒരു അബദ്ധം അദ്ദേഹത്തോട് ചോദിച്ചു.

'സാറേ പല സിനിമാക്കാരുടെയും കഥകള്‍ കേള്‍ക്കുമ്പോഴും അവര്‍ക്കെല്ലാവര്‍ക്കും ഒരു ഗോഡ് ഫാദറുണ്ടാകും. സിനിമയിലേക്ക് ചവിട്ടുപടി കിട്ടുന്ന ഒരാള്‍. ഒരുപാട് മഹാന്മാരുടെ കൂടെ സിനിമയെടുത്ത സാറിനെ പരിചയപ്പെട്ട് ഇത്ര കാലമായിട്ടും സാറേ എനിക്ക് ഒരു എന്‍ട്രി കിട്ടുന്നില്ലല്ലോ?'

അങ്ങനെ ചോദിക്കാന്‍ പാടില്ലായിരുന്നു ഞാന്‍. അതിന് മൂപ്പര് പറഞ്ഞ മറുപടിയുണ്ട്.

'ശരിയാണ് മോനേ പറഞ്ഞത്. പക്ഷേ, ഭാഗ്യദോഷത്തിന് താന്‍ പരിചയപ്പെട്ടത് ജോണ്‍ പോളിനെയായി പോയി!'

എനിക്ക് പിന്നീട് ഭയങ്കര സങ്കടം വന്നു, ചോദിക്കേണ്ടിയിരുന്നില്ലായെന്ന് തോന്നിപോയി.


പുഴുവിനെ കുറിച്ച് ചോദിക്കാം, പുഴുവിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ നടന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചിരുന്നോ? ടോക്‌സിക് പാരന്റിങും പീഡോഫീലിയയും ഒക്കെയായിരുന്നു ചര്‍ച്ച. സിനിമ ഇറങ്ങിയപ്പോള്‍ ചര്‍ച്ച മുഴുവന്‍ ജാതീയതയിലേക്ക് മാറി. പ്രേക്ഷകര്‍ക്ക് സര്‍പ്രൈസിങ്ങായി പോയോ പുഴുവിന്റെ തീം?

ഫസ്റ്റ് ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രം ബോധ്യമായ പോലെയായിരുന്നല്ലോ സംസാരങ്ങള്‍ എല്ലാം. ടോക്‌സിക് പാരന്റിങ് ആണെന്നും കുട്ടിയുടെ കൈയൊക്കെ പിടിക്കുന്നത് കണ്ടിട്ട് ഇന്റര്‍പ്രറ്റ് ചെയ്തിട്ട് പീഡോഫീലിയ ആണെന്ന കണ്ടുപിടുത്തങ്ങളൊക്കെ വന്നു. പല സ്ഥലത്തും മമ്മൂട്ടി ഗേ കഥാപാത്രം ആണെന്നും വന്നു. എന്നു വെച്ചാല്‍ നെഗറ്റീവ് എന്ന് പറഞ്ഞാല്‍ എന്തൊക്കെയാവാം എന്നുള്ളതിന്റെ ഓരോരുത്തരുടെ ഭാവനകളാണ് വരുന്നത്. നെഗറ്റീവ് ആണെന്ന് നേരത്തെ ഉറപ്പിച്ചതാണല്ലോ. അതിന് ശേഷം ഈ മൂന്നോ നാലോ കാറ്റഗറികളിലാണ് ചര്‍ച്ചകള്‍ മൊത്തം നടന്നത്. അടിമുടി ജാതീയത നിലനില്‍ക്കുന്ന ഇന്ത്യയില്‍ (ജാതീയതയാണല്ലോ ഇവിടുത്തെ ബേസിക് സ്ട്രക്ചര്‍) നെഗറ്റിവിറ്റി എന്ന് പറയുന്നത് ജാതി ബോധമാണ് എന്നത് ഭാവനയില്‍ പോലും ആരിലും വന്നില്ല. അത് സിനിമ ഇറങ്ങിയപ്പോഴാണ് മനസ്സിലായത്. ആരുടെയും ഇമേജിനേഷനില്‍ പോലും നെഗറ്റീവ് എന്നാല്‍ ജാതി ബോധമാണെന്ന് വന്നിട്ടില്ല. ഞാന്‍ കണ്ടിട്ടില്ല, ഏറ്റവും കുറഞ്ഞത്.


ചെയ്ത രണ്ട് സിനിമകളുടെയും കഥാതന്തു 'ഭയമാണ്', ഈ ഒരൊറ്റ പോയിന്റ് കേന്ദ്രീകരിച്ച് കഥ പറയുന്നതിന് പിന്നില്‍ ഒരു കാരണമുണ്ടാകില്ലേ?

പലതരം ഭയങ്ങളെ കുറിച്ചാണ് എന്റെ സിനിമകളിലൂടെ പറയുന്നത്. ഞാന്‍ ചെയ്ത ഷോര്‍ട്ട് ഫിലിമുകളില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാ ഷോര്‍ട്ട് ഫിലിമുകള്‍ക്കും സിനിമകള്‍ക്കും എല്ലാം ഒരൊറ്റ ത്രഡാണ്. ആദ്യ ഷോര്‍ട്ട് ഫിലിം 'പീസ് പ്രൊസസ്' ഒരു തരം ഭയമാണ്. 'യെല്ലോ ഗ്ലാസും' 'ലാണ്ട്യ'യും ഭയമാണ്. സിനിമകളായി പുറത്തിറങ്ങിയ 'ഉണ്ട'യും 'പുഴു'വും ഭയമാണ് സംസാരിക്കുന്നത്. ആരുടെ ഭയം, എങ്ങനെയുള്ള ഭയം, ഏതിലൂടെയൊക്കെ പോകുന്നുവെന്നുള്ളത് ഓരോ സിനിമയിലും വ്യത്യസ്തമാകും.

ജാതിയെ മറകളില്ലാതെ പ്രമേയപരമായി നേരിട്ട് ആക്രമിച്ച ആദ്യത്തെ ചിത്രമായിരിക്കും ഒരുപക്ഷേ പുഴു, എന്തുകൊണ്ടായിരിക്കും മലയാളത്തില്‍ ഇത്തരത്തില്‍ ഒരു സിനിമ വരാന്‍ താമസിച്ചത്?

അങ്ങനെയൊരു അവകാശവാദത്തിന് ഞാന്‍ തയ്യാറല്ല. മറ്റുള്ളവര്‍ എന്തുകൊണ്ട് എടുത്തില്ലായെന്ന് എനിക്ക് അറിയില്ല. അതില്‍ ജഡ്ജ്‌മെന്റ് പറയാന്‍ നമ്മള്‍ ആളല്ലല്ലോ. എല്ലാത്തിലും ഒരു പൊളിറ്റിക്‌സുണ്ട്. ഒരാള്‍ ഒരു കാര്യം പറയുന്നതിലും പറയാത്തതിലും അവഗണിക്കുന്നതിലുമൊക്കെ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ ജീവിയാണ് മനുഷ്യന്‍. അതല്ലായെന്നൊക്കെ പറയുന്നത് ശുദ്ധ കള്ളത്തരമാണ്. ആ പറച്ചില്‍ പോലും ഒരു രാഷ്ട്രീയമാണ്.

പിന്നെ പല ഘടകങ്ങള്‍ കൊണ്ടും സിനിമ സംഭവിക്കാതിരിക്കാം. ഞാന്‍ പറഞ്ഞ എന്റെ സിനിമായാത്രയില്‍ പല സിനിമകളും സംഭവിക്കാതിരുന്നത് രാഷ്ട്രീയകാരണങ്ങളാലായിരുന്നില്ല. അതെനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും. ഞാന്‍ പേര് പറഞ്ഞ സംവിധായകരായാലും പേര് പറയാത്ത സംവിധായകരായാലും നടന്മാരായാലും അവരാരും രാഷ്ട്രീയമായ പ്രശ്‌നങ്ങളുണ്ടെന്ന കാരണം പറഞ്ഞ് സിനിമ ചെയ്യാതിരുന്നിട്ടില്ല. അതിന് ടെക്‌നിക്കലായതും കൊമേഴ്‌സ്യല്‍ ആയതുമായ കാരണങ്ങള്‍ കാണാം. കൊമേഴ്‌സ്യല്‍ ആണ് അതില്‍ പ്രധാനം. മുടക്കുമുതല്‍ തിരിച്ചുകിട്ടുന്ന രൂപത്തിലേക്ക് പ്രൊജക്ട് ആക്കാന്‍ പറ്റാതിരുന്നതാണ് അത് നടക്കാതിരിക്കാനുള്ള കാരണങ്ങള്‍. മുടക്കുമുതല്‍ ആണല്ലോ പ്രശ്‌നം എന്ന് വിചാരിച്ചാണ് ഞാന്‍ എന്റെ വൈഫിന്റെ പൊന്ന് വിറ്റിട്ട് സിനിമയുണ്ടാക്കിയത്. എന്നിട്ട് ഞാന്‍ ആഗ്രഹിച്ച ഒരു സിനിമ ചെയ്തു. അന്ന് ഒ.ടി.ടിയൊന്നുമില്ലല്ലോ. ഇന്നായിരുന്നെങ്കില്‍ എനിക്ക് കുറച്ചുകൂടി സാധ്യതകള്‍ കിട്ടുമായിരുന്നു. അപ്പോള്‍ ഞാന്‍ അവിടെ തോറ്റുപോയി. എനിക്ക് ദായോം പന്ത്രണ്ടും ചെയ്ത് ഹാര്‍ഡ് ഡിസ്‌കില്‍ ആക്കാനേ കഴിഞ്ഞിട്ടുള്ളൂ. എന്റെ ദായോം പന്ത്രണ്ടുമായിട്ടുള്ള അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് അതാണ്- ഒരു ഹാര്‍ഡ് ഡിസ്‌കിന്റെ ഫോട്ടോയാണ്. ഞാന്‍ അന്ന് നിര്‍ത്തിയതാണ്.

ശക്തമായ മുസ്‌ലിം പ്രശ്‌നവും പുഴു സംസാരിക്കുന്നുണ്ട്. മലയാള സിനിമക്ക് അത്ര പരിചിതമല്ലാത്ത രൂപത്തിലാണ് ഇവ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഇത്തരം വിഷയം സംസാരിക്കാനുള്ള 'അനുഭവ പരിസര'മൊന്നും ഇത്ര കാലമായിട്ടും മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നില്ലേ?

ഇത് അനുഭവത്തിന്റെ കുറവൊന്നുമല്ല, മുഹ്‌സിന്‍ പരാരി-സകരിയ കൂട്ടുകെട്ടിന്റെ സിനിമകള്‍ പുറത്തിറങ്ങിയ സമയത്ത് ഈ വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ സമയത്ത് നമ്മുടെ സൗഹൃദത്തില്‍ ഉണ്ടായിരുന്ന ഒരു ചര്‍ച്ചയില്‍, അനുഭവത്തിന്റെ അപര്യാപ്തത ആയിരിക്കാം എന്നതില്‍ എത്തിയപ്പോള്‍ -അത് ഭയങ്കര കോമഡിയായിരുന്നു. മുസ്‌ലിംകള്‍ എന്ന് പറയുമ്പോള്‍ നമ്മളെ മനസ്സില്‍ ആദ്യ വരുന്നത് മലബാറാണല്ലോ (മലബാറില്‍ മാത്രമല്ല മുസ്‌ലിംകളുള്ളത് എന്നത് വേറെ കാര്യം) മലബാറില്‍ നിന്നും എത്ര പ്രഗത്ഭരായ സംവിധായകരും എഴുത്തുകാരും വന്നു. ഇവര്‍ക്ക് മുസ്‌ലിം അയല്‍വാസികള്‍, സുഹൃത്തുക്കള്‍, മുസ്‌ലിം ജനജീവിതം, മുസ്‌ലിം കള്‍ച്ചര്‍, അവരുടെ ഫുഡ് ഹാബിറ്റ്, വിശ്വാസം, ആഘോഷങ്ങള്‍, ഇതൊന്നും പരിചയമില്ലാത്തത് കൊണ്ടാണോ? അല്ലല്ലോ. ഈ ചോദ്യത്തിനുള്ള ഉത്തരം ഇതിനകത്തുണ്ട്. Unknown ആയ കാരണങ്ങളാലാണ്. അത് എന്താണെന്ന് ഞാനല്ല പറയേണ്ടത്.

ഇത്രയും വലിയ കമ്മ്യൂണിറ്റി ഇവിടെയുണ്ട്, അവര് പൊട്ടന്‍ഷ്യല്‍ ഫിലിം ലൗവേഴ്‌സ് ആണ്, കസ്റ്റമേഴ്‌സ് ആണ്. പക്ഷേ, അവരുടെ ജീവിതം സിനിമയില്‍ എത്തുന്നതെങ്ങനെയാണ്, ഏത് രൂപത്തിലാണ് എന്നതിലാണ് കാര്യം. പിന്നെ മുസ്‌ലിം ജീവിതം അങ്ങനെ സിനിമയില്‍ വരാതിരുന്നതിനേക്കാള്‍ അത് വന്നതിലെ കാരണമാണ്...(ഞാന്‍ കുറച്ചു കൂടി പോസിറ്റീവായിട്ടാണ് ആലോചിക്കുന്നത്) മുസ്‌ലിംകള്‍ മാത്രമല്ല, ദലിത് പ്രതിനിധാനവും അത്തരം ഡിസ്‌കോഴ്‌സുകളും ഒക്കെ വരുന്നത് മണ്ഡലിന് ശേഷമാണ്. അതിന് ശേഷം ഉണ്ടായ മാറ്റങ്ങള്‍. കേന്ദ്ര സര്‍വകലാശാലകളിലെ ദലിത് പ്രാതിനിധ്യങ്ങള്‍, അവരൊക്കെ പഠിച്ചുവരുന്നത്, Knowledge ല്‍ ഈ പറയുന്ന Ooppressed Community വര്‍ഷങ്ങളായി ഉണ്ടാക്കിയെടുത്ത ഒരു പൊസിഷനുണ്ട്. അത് ഒരു സ്ഥലത്ത് മാത്രമായിട്ട് നില്‍ക്കില്ലല്ലോ. അത് പല ഭാഗങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ടേയിരിക്കുമല്ലോ. അതിന്റെ ഒരു റിഫ്‌ളക്ഷന്‍ ആയിരിക്കാം ഇത്തരം സിനിമകള്‍, തമിഴിലാണെങ്കിലും മറാത്തിയിലാണെങ്കിലും വരുന്നതെന്നാണ് എന്റെ ഒരു നിഗമനം. ഞാന്‍ മനസ്സിലാക്കുന്നത് അങ്ങനെയാണ്.

ഉണ്ടയിലെ പൊളിറ്റിക്‌സ് എല്ലാം സട്ടില്‍ ആയിരുന്നു. പുഴുവില്‍ എത്തുമ്പോള്‍ വിഷയം ഒന്നുകൂടി ലൗഡ് ആണ്. അടിമുടി ജാതീയതക്കെതിരെയും മുസ്‌ലിം വിഷയം അഡ്രസ് ചെയ്തുമുള്ള ആഖ്യാനമാണ്. ഉണ്ടക്ക് ശേഷം ഇനി ഉറക്കെ പറയാം എന്ന് തീരുമാനിച്ചതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ?

ഉണ്ട കഴിഞ്ഞപ്പോള്‍ അതിന്റെ ചര്‍ച്ചകളും റിസപ്ഷനും നോക്കുമല്ലോ. അതില്‍ രണ്ട് തരം പ്രതികരണങ്ങളാണ് വന്നത്. ഒന്ന് മമ്മൂട്ടി എന്ന നടനെ കുറച്ച് കാലം മുമ്പ് വരെ കാണാത്ത ഗെറ്റ് അപ്പില്‍ കണ്ടതിലെ ആഹ്‌ളാദമൊക്കെയാണ് കേരള പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്. മമ്മൂട്ടി പണ്ടും അത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഉണ്ട ഇറങ്ങുന്നതിനും കുറച്ച് കാലം മുമ്പ് വരെ അത്തരത്തിലൊരു വേഷത്തില്‍ മമ്മൂട്ടിയെ കണ്ടിരുന്നില്ല. അതിന്റെ ഒരു സുഖം ഉണ്ടയുടെ റിസപ്ഷന് പിന്നിലുണ്ടായിരുന്നു. രണ്ടാമത് കേരളം ആഘോഷിച്ചത് ലുഖ്മാന്റെ കാരക്ടറിന്റെ റെപ്രസന്റേഷനും അതിന്റെ വേദനകളുമാണ്. അതൊന്നുമല്ലായിരുന്നു ഞാന്‍ ഉദ്ദ്യേശിച്ചിരുന്നത്. നമ്മള് ഉദ്ദേശിച്ച രൂപത്തില്‍ തന്നെ ജനങ്ങള്‍ സ്വീകരിക്കണമെന്ന് വാശിപിടിക്കാനും പറ്റില്ല. ഭയങ്കര സട്ടിലായിട്ടാണ് ഉണ്ടയില്‍ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചത്. നമ്മള് വലിയ ഒരു ജനസമൂഹത്തിന്റെ chaso ന്റെ ഇടയില്‍ നിന്നിട്ടാണ് ഇത് പറയുന്നത്. എനിക്ക് എ ന്റെ ശബ്ദത്തിന്റെ വോള്യം കുട്ടണമെന്ന് തോന്നി, ഇത് കേള്‍ക്കുന്നില്ലായെന്ന് തോന്നി. എന്റെയൊരു സംശയമാണിത്, ശരിയാകാം, തെറ്റാകാം. അങ്ങനെയാണ് പുഴുവില്‍ ഞാന്‍ ശബ്ദം കൂട്ടിവെച്ചത്. എനിക്ക് ഇപ്പോഴും അത് കേള്‍ക്കുന്നില്ലായെന്ന് തോന്നുകയാണ്.


അപ്പോള്‍ അടുത്ത സിനിമയില്‍ ഇനിയും വോള്യം കൂടാന്‍ സാധ്യതയുണ്ട്, അല്ലേ?

അറിയില്ല, പുഴു ഇറങ്ങിയതല്ലേയുള്ളൂ. ഞാന്‍ എല്ലാ തരം വിമര്‍ശനങ്ങളും കാണുന്നുണ്ട്. വിമര്‍ശനങ്ങള്‍ വരണം. വിമര്‍ശനങ്ങള്‍ വരുമ്പോഴാണ് വിജയിക്കുക. എനിക്ക് ഏറ്റവും പേടി വിമര്‍ശിക്കുന്നവരേക്കാള്‍ കൂടുതല്‍ അഭിനന്ദിക്കുന്നവരെയാണ്. മാല്‍ക്കം എക്‌സിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്-If you have no critics, you likely have no success. പക്ഷേ, അങ്ങനെ തന്നെ പറയണോ വേണ്ടയോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. 2014ല്‍ നടക്കുന്ന കഥയാണ് ഉണ്ട. 2014ന് ശേഷമുള്ള ഇന്ത്യയെ കുറിച്ചല്ലല്ലോ അതില്‍ പറയുന്നത്. 2014ന് ശേഷം 2022ല്‍ പുഴു ഇറങ്ങുമ്പോള്‍ ഇത്ര വോള്യം പോരായെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അത്ര മാത്രം ബഹളം കൂടി. 2014ന് ശേഷം നമ്മള് കാണുന്ന ബഹളമുണ്ടല്ലോ. അത് ബഹളത്തിന്റെ തുടക്കമായിരുന്നു, (2019ലാണ് ഉണ്ട ഇറങ്ങുന്നത്). 2016ല്‍ വലിയ നോട്ട് നിരോധനമുണ്ടായി അതിന്റെ പ്രതികരണങ്ങള്‍ നമ്മള്‍ കണ്ടു. ഇത്രേയുള്ളൂ, ഒരു നൂറ് പേരൊക്കെ ക്യൂവില്‍ നിന്ന് മരിച്ച് കഴിഞ്ഞാലും ഇവിടെയൊരു ചുക്കും വരാന്‍ പോകില്ലെന്ന് തെളിഞ്ഞു. മതവിഭാഗങ്ങള്‍ക്കെതിരാണെങ്കിലും പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെയാണെങ്കിലും oppression ന്റെ ലെവല് കൂടി, ഇപ്പോള്‍ കേരളത്തിലും അങ്ങനെ പറയാമെന്നായി. ഒരു പ്രശ്‌നവുമില്ല, എന്തും പറയാം. ഒരു ജനവിഭാഗത്തിനെതിരെ പച്ചക്ക് എന്തും പറയാം, പൈപ്പ് വെള്ളത്തില്‍ വന്ധ്യംകരണ മരുന്ന് കലക്കി കൊടുക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിടാം, മുസ്ലിംകളെ ഹോളോകോസ്റ്റ് ചെയ്യണം എന്ന് പറയാം,

മുസ്‌ലിം ചായപ്പീടികക്കാരന്‍ ചായയില്‍ വന്ധ്യംകരണത്തിനുള്ള തുള്ളിമരുന്ന് ഇടുന്നുണ്ടെന്ന് മൈക്ക് കെട്ടിപ്പറയാം, കടയില്‍ കയറി ഇവിടെ ഹലാല്‍ അല്ലാത്ത ബീഫ് ഇല്ലേയെന്ന് ചോദിച്ച് ബഹളം വെക്കാം, ഒന്നും ഒരു പ്രശ്‌നവുമില്ല ഇവിടെ. chaos കൂടി. അതിനനുസരിച്ച് നമ്മള്‍ പറയുന്നത് കേള്‍ക്കണമെങ്കില്‍ വോള്യം കൂട്ടണം. വോള്യം കൂട്ടി പറഞ്ഞാലേ കേള്‍ക്കൂ, അല്ലെങ്കില്‍ കേള്‍ക്കില്ല. ഇതാണ് എന്റെ ഫിലോസഫി. വോള്യം എന്നത് ഒരു മെറ്റഫെറായിട്ടാണ് പറയുന്നത്. പറയുന്ന രീതികള്‍ ഒക്കെ മാറ്റണമെന്നാണ് അത് കൊണ്ട് ഉദ്ദ്യേശിക്കുന്നത്.


വ്യക്തിപരമായി അറിഞ്ഞ/നേരിട്ട അനുഭവങ്ങള്‍ തിരക്കഥാ എഴുത്തുവേളയില്‍ സ്വാധീനിക്കാറുണ്ടോ?

എന്റെ വീട്ടിലെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും നേരിട്ട അനുഭവമാണോ പേഴ്‌സണല്‍ എന്ന് പറയുന്നത്. ഇതിപ്പോള്‍ ഒരു ഫാസിസ്റ്റ് സ്റ്റേറ്റാണ്, ജനാധിപത്യ ഫാസിസ്റ്റ് സ്റ്റേറ്റ്. ഇവിടെ അഭിപ്രായ സ്വാതന്ത്രൃത്തിനടക്കം എല്ലാ വിധ അട്രോസിറ്റികളും വലിഞ്ഞുമുറുക്കലുമുണ്ട്. ഇത് പേഴ്‌സണലാണോ? ഇത് എന്റെ വീടിന്റെ അടുക്കളയില്‍ കയറുന്നത് വരെയാണോ പേഴ്‌സണല്‍.

എന്നെ ബാധിച്ച അനുഭവിച്ച കാര്യങ്ങളാണ് തിരക്കഥയില്‍ വരുന്നത്. അത് നിങ്ങള്‍ പറഞ്ഞ സോ കോള്‍ഡ് പേഴ്‌സണല്‍ ആയിക്കൊള്ളണമെന്നില്ല. വ്യക്തിപരമായി ബാധിക്കുക എന്ന് പറയുന്നത് ഒരുപാട് അടരുകളുള്ള ഒരു സംഗതിയാണ്. അതാണ് ഞാന്‍ നോട്ട് നിരോധനത്തിന്റെ ഉദാഹരണം പറഞ്ഞത്. നോട്ട് നിരോധനം പരാജയമായിരുന്നെന്ന് മൂന്നോ നാലോ കൊല്ലം കഴിഞ്ഞപ്പോള്‍ ഇവിടെ പ്രഖ്യാപിച്ചല്ലോ. ഒരുപാട് പേര്‍ മരിച്ചില്ലേ, ഒരുപാട് പേരുടെ സാമ്പത്തിക, കുടില്‍ വ്യവസായങ്ങള്‍ തകര്‍ന്നില്ലേ. എത്ര പേരുടെ ജീവിതവും വരുമാനമാര്‍ഗവും തകര്‍ന്നു! എന്റെ ജീവിതവും എന്റെ കച്ചവടും മുട്ടിയിട്ടില്ല എന്നത് കൊണ്ട് എന്നെ അത് ബാധിക്കണ്ടേ? നമ്മളെ ഇവിടുത്തെ മെയിന്‍ സ്ട്രീം മീഡിയ അത് ഒരു കൊള്ളക്കാരുടെയും കള്ളക്കടത്തുകാരുടെയും മാത്രം പ്രശ്‌നമായിട്ടല്ലേ പറഞ്ഞിട്ടുള്ളത്. അവരെയാണോ അത് യഥാര്‍ഥത്തില്‍ ബാധിച്ചത്. ഇതൊക്കെ പേഴ്‌സണലാണോ.

ബീഫ് കൈവശം വെച്ചു എന്ന് ആരോപിച്ച് ഒരു അഖ്‌ലാഖിനെ അടിച്ചു കൊല്ലുമ്പോള്‍ ഇന്ത്യയിലെ എല്ലാ മനുഷ്യന്മാര്‍ക്കും സത്യത്തില്‍ വേദനയാകണം. നോട്ട് നിരോധനം എല്ലാവരെയും ബാധിച്ചിട്ടുണ്ടല്ലോ. പക്ഷേ, എന്തായിരുന്നു അന്ന് അതിന്റെ മറുവാദം, അത് മുസ്‌ലിംകളെ പൂട്ടാന്‍ വേണ്ടിയായിരുന്നു എന്നല്ലേ. കുറച്ച് കഴിഞ്ഞപ്പോള്‍ മനസ്സിലായില്ലേ അത് മുസ്‌ലിംകളെ മാത്രമല്ല പൂട്ടിയതെന്ന്. എന്നിട്ടും എന്തായിരുന്നു ഇവിടുത്തെ പ്രതികരണങ്ങളുടെ അവസ്ഥ?

അത് ഇപ്പോഴും എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടോ?

ഓരോ പൗരനെയും അത് ബാധിച്ചിട്ടുണ്ട്. പക്ഷേ, എല്ലാവരും മിണ്ടാതിരുന്നു. ഒന്നും ഇവിടെ സംഭവിച്ചില്ല. ഇതൊന്നും ബാധിക്കാത്ത ഒരു മനുഷ്യ ജീവി ഇവിടെയില്ല. ഈ ഒരു വിഷയം മാത്രമല്ല, എന്തും.

പുഴുവിലെ കേന്ദ്ര കഥാപാത്രത്തിന് പേരില്ല, ഉയര്‍ന്ന ജാതി ശ്രേണിയില്‍ നിന്നുള്ളയാളാണെന്ന് സൂചനകളില്‍ നിന്നും വ്യക്തമാണ്. കഥാപാത്രത്തിന് പിന്നിലെ തെരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു?

നായകനെ വിളിക്കുന്നതെല്ലാം വിളിപ്പേരാണ്. ഒരൊറ്റ പേരില്‍ ഒതുക്കാന്‍ പറ്റുന്നതായിരുന്നില്ല ആ കാരക്ടറും അതിന് നല്‍കിയ സ്വഭാവങ്ങളും അയാളിലെ ജാതിബോധവും. ജാതീയത, ജാതി ബോധം എന്നത് ബ്രാഹ്മണരുടേയോ അതുപോലുള്ള സോകോള്‍ഡ് അപ്പര്‍കാസ്റ്റുകാരുടേയോ മാത്രം പ്രശ്‌നമല്ല. ഏതെങ്കിലും തരത്തില്‍ ഇത് മനസ്സിലാവണമെങ്കില്‍ ഇത് അങ്ങനെത്തന്നെ പറയണം. അല്ലെങ്കില്‍ ഒന്നും മനസ്സിലാകില്ല. കേരളത്തില്‍ ജാതി കൊല എന്ന് പേരിട്ടത് രണ്ട് കൊലപാതകങ്ങളാണ് (കെവിന്‍, ആതിര കേസുകള്‍), അതിന് മുമ്പ് പേരിടല്‍ കര്‍മം നടന്നില്ലായെന്നേയുള്ളൂ, പല കൊലപാതകങ്ങളും നടന്നിട്ടുണ്ടാകും. ആതിരയുടെ കേസിലൊന്നും ബ്രാഹ്മണനല്ല കൊന്നത്. ജാതിബോധം എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ അസമത്വമാണ്, അനീതിയാണ്, ഏറ്റവും വലിയ Oppression ആണ്, അതൊരു ഇന്ത്യന്‍ യാഥാര്‍L്യമാണ്. അത് തന്നെയാണ് നമ്മുടെ വിഷയം. അധികാരം കൈയാളുന്നവനൊക്ക അതില്‍ വരും. തട്ടുതട്ടുകളായിട്ട് അത് മാറിമാറി വരും. ഈ ജാതി ബോധം മാറിയും മറിഞ്ഞും ഇന്ത്യയിലെ എല്ലാ കമ്മ്യൂണിറ്റിയിലുമുണ്ട്. അതില്‍ മുസ്‌ലിംകള്‍ അപവാദമൊന്നുമല്ല. ജാതീയത എന്നത് ഇവിടെയുള്ള ഒരു അവസ്ഥയാണ്. ഇന്ത്യയിലുള്ള എല്ലാ കമ്മ്യൂണിറ്റിയിലും ഇതിന്റെ റിഫ്‌ളക്ഷന്‍സ് ഏറിയും കുറഞ്ഞുമുണ്ട്. അതൊരു സത്യമാണ്. അങ്ങനെ അധികാര സ്ഥാനത്തുള്ള ഒരാളുടെ പ്രവൃത്തി കാരണം ബാധിക്കപ്പെട്ട, ജീവിതം തകര്‍ന്ന ഒരു ചെറുപ്പക്കാരന്റെ പ്രതികാരമായാണ് പുഴു എന്ന സിനിമ തീരുന്നത്.

പുഴുവിന്റെ തിരക്കഥക്ക് പിന്നില്‍ മൂന്ന് പേരാണുളളത്. തിരക്കഥാ രചനയില്‍ ഒരാള്‍ ഒറ്റക്കും മൂന്ന് പേര്‍ ഒരുമിച്ചും ജോലി ചെയ്യുമ്പോഴുള്ള അനുഭവമെങ്ങനെയായിരുന്നു? അത് ഫൈനല്‍ ഔട്ട്പുട്ടില്‍ വലിയ വ്യത്യാസം വരുത്താറുണ്ടോ?

നല്ല മാറ്റം അനുഭവപ്പെട്ടിരുന്നു. പുഴുവിന്റെ തിരക്കഥ എന്റേതായ രീതിയില്‍ പല തവണ പല തരത്തില്‍ മാറ്റിയെഴുതിയിട്ടുണ്ട്. എന്റെ ലാപ്‌ടോപ്പില്‍ ഈ പ്രൊജക്റ്റിന്റെ ഫോള്‍ഡറിന് താഴെ വേറെയും ഫോള്‍ഡറുകളുണ്ട്. 'ഉണ്ട' ഷൂട്ട് ചെയ്തത് പതിനൊന്നാമത്തെ ഡ്രാഫ്റ്റാണ്. ഇത് അങ്ങനെയല്ല, ഇന്ന് ഇന്‍ഡസ്ട്രിയിലുള്ള പല സംവിധായകര്‍ക്ക് മുന്നിലും പോയി അവര്‍ക്കൊപ്പം ഇരുന്നും സ്‌ക്രിപ്റ്റ് മാറ്റികൊണ്ടിരുന്നു. ആ സംവിധായകരുടെ പേരിലാണ് ഫോള്‍ഡറുകള്‍ എന്റെ ലാപ്‌ടോപ്പിലുള്ളത്. അതിലെ അവസാനത്തെ ഫോള്‍ഡറാണ് രത്തീന. അതിലാണ് ഷറഫുവും സുഹാസും കൂടെ ചേരുന്നത്. ഇത് ആന്റിഹീറോയിലൂടെ കഥ പറയുകയാണല്ലോ, അപ്പോള്‍ അതില്‍ കുറച്ചു കൂടി സൂക്ഷ്മത വേണമെന്നും എനിക്കുണ്ടായിരുന്നു. 120 സീനുകളുണ്ട് പടത്തില്‍. അതില്‍ 108 സീനും മമ്മൂക്കയുടെ സീനുകളാണ്. ഇദ്ദേഹത്തിന്റെ കഥ മാത്രമേ നമ്മള്‍ പറയുന്നുള്ളൂ. ആ കഥ പറയാന്‍ വേണ്ടിയിട്ട് ഇദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ കണ്ടുമുട്ടുന്നതോ ഇടപഴകുന്നതോ ഇറങ്ങിപ്പോകുന്നതോ ആയിട്ടുള്ള കഥാപാത്രങ്ങളാണ് ബാക്കിയെല്ലാവരും. അങ്ങനെയൊരു രീതിയിലേക്ക് മാറ്റുമ്പോള്‍ ഒരുപാട് റിസ്‌കുണ്ട് തിരക്കഥയില്‍. അതില്‍ പൂര്‍ണമായും വിജയിച്ചുവെന്ന് ഞങ്ങള്‍ പറയുന്നില്ല. കഴിയുന്നത്ര പരമാവധി ഞങ്ങള്‍ മൂന്നുപേരും ശ്രമിച്ചു. റിലീസിന് ശേഷം ഇനിയും നന്നാക്കാമായിരുന്നുവെന്നും തോന്നിയിട്ടുണ്ട്. പക്ഷേ, ഇത് ഇങ്ങനെയെങ്കിലും ആയത് സുഹാസും ഷറഫുവും കൂടിയപ്പോഴാണ്. ഇവര്‍ക്ക് ഞാന്‍ പറയുന്നതും പറയാത്തതുമൊക്കെ മനസ്സിലാകും. എനിക്ക് അവര് പറയുന്നതും പറയാത്തതും മനസ്സിലാകും. അത്രയും അടുപ്പം ഞങ്ങള്‍ തമ്മിലുണ്ട്. അങ്ങനെ മനസ്സിലാക്കുന്നവരുണ്ടെങ്കില്‍ നല്ലതാണ്, പ്രൊഡക്ടീവാകും.


'ഹാഗര്‍' അടുത്ത് തന്നെ പ്രതീക്ഷിക്കാമോ? അടുത്ത പ്രൊജക്ടുകള്‍ ഏതൊക്കെയാണ്? വാരിയംകുന്നന്‍ സിനിമയുടെ ഭാവിയെന്താകും?

വാരിയംകുന്നന്‍ സിനിമ വേറെ താരങ്ങളിലൂടെയും സംവിധായകനിലൂടെയും നടക്കും.

നേരത്തെ പ്രഖ്യാപിച്ച ഹാഗര്‍ പുറത്തിറങ്ങാന്‍ കുറച്ച് കൂടി വൈകും. ഒന്നിലധികം പ്രൊജക്ടുകള്‍ വരാനിരിക്കുന്നുണ്ട്. ഒന്നും പ്രഖ്യാപിക്കാന്‍ പറ്റുന്ന രൂപത്തിലായിട്ടില്ല.


16.05.2012 മീഡിയവണ്‍ ഷെല്‍ഫ്‌

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഇജാസുല്‍ ഹഖ്

contributor

Similar News