വരക്കാനുള്ള ആശയം രൂപപ്പെടുത്താന്‍ ഉപവാസമിരിന്നു - സുരേഷ് കെ. നായര്‍

ജി 20 ഉച്ചക്കോടിയ്ക്കായി കാശിയിലെത്തുന്ന വിദേശികളെ സ്വാഗതം ചെയ്യാനായി ഒരു മലയാളി ചിത്രകാരന്റെ മ്യൂറല്‍ പെയിന്റിങ് ഒരുങ്ങിയിരിക്കുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിഷ്വല്‍ ആര്‍ട്‌സ് സീനിയര്‍ പ്രൊഫസറായ സുരേഷ് കെ നായരാണ് ചിത്രം ഒരുക്കിയത്. അഭിമുഖം: സുരേഷ് കെ. നായര്‍/സോഫിയ ബിന്ദ്

Update: 2023-05-06 10:04 GMT

കാശി ദര്‍പ്പണ്‍ എന്ന പേരില്‍ ശിവലിംഗത്തിന്റെ 20x30 അടി വിസ്തീര്‍ണ്ണമുള്ള ഒരു മ്യൂറല്‍ പെയിന്റിംഗാണ് വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. ചെര്‍പ്പുളശേരി അടയ്ക്കാപുത്തൂര്‍ സ്വദേശിയായ സുരേഷ് കെ നായര്‍ ആണ് ഈ കലാവിരുതിനു പിന്നില്‍. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിഷ്വല്‍ ആര്‍ട്‌സ് സീനിയര്‍ പ്രൊഫസറാണ് സുരേഷ് കെ നായര്‍.

കേരളത്തിലെ മ്യൂറല്‍ പെയിന്റിംഗ് ടെക്നിക്കും ശൈലിയും ഉപയോഗിച്ച് നിര്‍മിച്ച ശിവലിംഗം തീമിലെ ലോകത്തിലെ ഏറ്റവും വലിയ മ്യൂറല്‍ പെയിന്റിംഗ് ആണ് കാശി ദര്‍പ്പണ്‍. ആളുകള്‍ക്ക് അവരെ തന്നെ പ്രതിഫലിച്ചു കാണാന്‍ കഴിയുന്ന കണ്ണാടി ഉപയോഗമാണ് കാശിദര്‍പ്പണ്‍ന്റെ പ്രത്യേകത. ചുമപ്പ്, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങളില്‍ വരച്ച ഈ ചുമര്‍ചിത്രം വിദേശയാത്രക്കാരുടെ ആകര്‍ഷണ കേന്ദ്രമായി മാറി. ശാന്തി നികേതന്‍ വിദ്യാര്‍ഥിയായിരുന്നു പ്രൊഫ. സുരേഷ് കുമാര്‍ ചിത്രത്തിനുപിന്നിലെ കഥയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.


'ഈ പെയന്റിങിന് പിന്നില്‍ഒരുപാട് കഥയുണ്ട്. 1994ലാണ് ഞാന്‍ ശാന്തിനികേതനിലെത്തുന്നത്. പഠനത്തിന്റെ അവസാനവര്‍ഷം ചുമരില്‍ ഒരു പെയിന്റിങ് ചെയ്യണം. അതിന്റെ ഭാഗമായി എന്റെ ഒരു അധ്യാപകന്‍ നന്ദോത്തുലാല്‍ മുഖര്‍ജി ഒരു ചുമര്‍ തന്നു. വരയ്ക്കാന്‍ ഒരു ആശയം രൂപപ്പെടാത്തതിനാല്‍ കുറച്ചു നാള്‍ ഞാന്‍ ഒന്നും ചെയ്തില്ല. ഒരു വേനലവധിയ്ക്ക് ഇളനീര്‍ വെള്ളം മാത്രം കുടിച്ച് ഒരു മാസം ഞാന്‍ ഉപവാസമെടുത്തു. അതിനിടയില്‍ ചുമരില്‍ വരയ്ക്കാനൊരു ആശയം രൂപപ്പെട്ടുകിട്ടി. ആശയമെന്താണെന്ന് വച്ചാല്‍, ബുദ്ധനെപോലെ ഒരാള്‍ നില്‍ക്കുന്നു. പക്ഷെ, അദ്ദേഹം ബുദ്ധനല്ല. അത് ഞാന്‍ തന്നെയാണ്. ആ ചിത്രത്തിലെ രൂപത്തിന് ഗാന്ധിജിയുടെയും ടാഗോറിന്റെയും, ശ്രീനാരായണ ഗുരുവിന്റെയുമൊക്കെ ഛായ വന്നിരുന്നു. ഇത് പറയാന്‍കാരണം, കേരളത്തില്‍നിന്ന് വന്നൊരാള്‍ചോദിച്ചു, ശ്രീനാരായണ ഗുരുവിന്റെ ഛായയുണ്ടല്ലോ എന്ന്. ഗുജറാത്തില്‍നിന്ന് വന്ന ഒരാള്‍ ചോദിച്ചു ഇത് ഗാന്ധിയെ പോലുണ്ടല്ലോ എന്ന്. നേപ്പാളില്‍ നിന്ന് വന്ന ഒരാള്‍ ചോദിച്ചു ഇത് ശരിക്കും ബുദ്ധനെ പോലുണ്ടെന്ന്, ശാന്തിനികേതനില്‍ വന്ന ഒരാള്‍ പറഞ്ഞു ടാഗോറിനെ പോലെയെന്ന്. അങ്ങനെ പലരീതിയിലുള്ള വ്യാഖ്യാനമായിരുന്നു ചിത്രത്തിന്.


കാശി ദര്‍പ്പണ്‍

ശരിക്കും ചിത്രമെന്താണെന്ന് വച്ചാല്‍ ബുദ്ധനെ പോലെ ഒരാള്‍ നില്‍ക്കുന്നു, അത് കണ്ണാടിയിലാണ് ചെയ്തത്. അന്നത്തെ കാലത്ത് ഒരു പെയിന്റിങ് സോളോ ആയി ചെയ്തിട്ടുണ്ടായിരുന്നു, മെറ്റല്‍പ്ലെയിറ്റിലായിരുന്നു അത്. ശരിക്കും പറഞ്ഞാല്‍ എന്റെ വ്രതത്തിനെ തുടര്‍ന്നുള്ള അനുഭവമായിരുന്നു അത്. അതിനുശേഷം ഞാന്‍ ഒരുപാട് ചിത്രങ്ങള്‍ കണ്ണാടിയുപയോഗിച്ച് ചെയ്തു. ചെര്‍പ്പുളശേരിയിലെ സമാധാനത്തിന്റെ മതിലില്‍ ഞാന്‍ കണ്ണാടി ഉപയോഗിച്ചിട്ടുണ്ട്. ചന്ദ്രനെ, സൂര്യനെയൊക്കെ കണ്ണാടിയില്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെയിരിക്കയാണ് തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരത്തില്‍ ശിവലിംഗത്തിന്റെ ചിത്രം കാണുകയുണ്ടായി. അത് കൊട്ടാരത്തിനുള്ളിലാണ്. ഇപ്പോള്‍ ഞാന്‍ എയര്‍പോട്ടില്‍ വരച്ച അതേ രൂപത്തിലുള്ള ചിത്രമാണത്. ആ ചിത്രം മാതൃകയാക്കി അതില്‍ ശിവലിംഗത്തിന്റെ ലിംഗഭാഗം മാറ്റിയിട്ട് കണ്ണാടി പ്രതിഷ്ഠിക്കുകയുണ്ടായി. അങ്ങനെയാണ് ഈ ചിത്രത്തിന്റെ തുടക്കം. കഴിഞ്ഞ വര്‍ഷം കോട്ടയത്തെ ഒരു ക്യാമ്പില്‍ ഈ കണ്ണാടി വച്ചുള്ള ശിവലിംഗം കാന്‍വാസില്‍ ചെയ്തു. അതെല്ലാവര്‍ക്കും ഇഷ്ടമായി. ഫേസ്ബുക്കില്‍ ഞാന്‍ അത് ഷെയര്‍ ചെയ്തിരുന്നു. അത് വാരണാസി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കണ്ടിട്ടാണ് ഇങ്ങനെയുള്ളൊരു ചുമര്‍ചിത്രം വരയ്ക്കാനുള്ള അവസരമൊരുങ്ങിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിഷ്വല്‍ ആര്‍ട്‌സ് വിഭാഗത്തിലെ കുട്ടികളും ഈ ചിത്രത്തിന്റെ പൂര്‍ത്തീകരണത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്.'


ഇന്ത്യയിലും വിദേശത്തുമായി ഇരുപത്തിയഞ്ചിലധികം പബ്ലിക് ആര്‍ട് പ്രൊജക്ടുകള്‍ സുരേഷ് കെ. നായര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയായ വാഗയില്‍ വിഭജനം ആസ്പദമാക്കി ചെയ്ത ചിത്രം ലോകശ്രദ്ധ നേടിയിരുന്നു. അതുപോലെ ചേര്‍പ്പുളശ്ശേരിയിലെ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ചുറ്റുമതിലില്‍ 700 മീറ്റര്‍ നീളത്തില്‍ ചെയ്ത സമാധാന മതിലും ( Peace of Wall) പ്രശസ്തിയാര്‍ജിച്ച ചുമര്‍ ചിത്രമാണ്. ലോകസമാധാനം, പരിസ്ഥിതി, പഞ്ചഭൂതം എന്നി വിഷയങ്ങള്‍ ആസ്പദമാക്കി ചിത്രം വരച്ചു വരുന്ന സുരേഷിന് അമേരിക്കയില്‍ നിന്നും ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്, കാനഡയില്‍ നിന്നും എലിസബത്ത് ഗ്രാന്‍ഷീല്‍ഡ് ഫൌണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്, കേരള ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ലഭിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷമായി ബാനറസ് ഹിന്ദു സര്‍വകലാശാലയില്‍ സീനിയര്‍ പ്രൊഫസര്‍ ആയി ജോലി ചെയ്യുന്ന സുരേഷ് കെ നായര്‍, കേരളത്തിന്റെ കൈയൊപ്പ് കാശിയില്‍ പതിപ്പിച്ചതിന്റെ നിര്‍വൃതിയിലാണ് .



 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സോഫിയ ബിന്ദ്

Journalist

Similar News