രാജ്യത്തെ ടെലിവിഷൻ നിയമങ്ങൾ ജനാധിപത്യവിരുദ്ധം; ഇത് ഭയപ്പെടുത്തുന്ന അന്തരീക്ഷം - എം.ജി രാധാകൃഷണൻ

മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷണൻ സംസാരിക്കുന്നു.

Update: 2022-12-31 11:25 GMT
Click the Play button to listen to article

സംഭാഷണം


എം.ജി രാധാകൃഷ്ണൻ / യു. ഷൈജു

ഭരണഘടനയെ വെല്ലുവിളിക്കുന്നു

ഓരോ ദിവസവും നമ്മുടെ പൗരാവകാശത്തിനും മനുഷ്യാവകാശത്തിനും മേൽ സമ്മർദങ്ങളും ഭീഷണികളും വർധിക്കുകയാണ്. വ്യക്തിയുടെ സ്വകാര്യമായ അവകാശങ്ങൾ ഒരോന്നും ഭീഷണിയിലായി കഴിഞ്ഞു. വസ്ത്രധാരണം മുതൽ ഭക്ഷണ സ്വാതന്ത്ര്യം അടക്കം എല്ലാ കാര്യങ്ങളിലെയും ഭരണകൂട ഇടപെടലുകൾ ആശങ്കയുളവാക്കുകയാണ്. അടിസ്ഥാനപരമായി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. അതു വഴി മാധ്യമ സ്വാതന്ത്ര്യത്തെ വിലങ്ങു വെച്ച് ഭീഷണിപ്പെടുത്തുകയാണ്. ഇത് രാജ്യത്തെ പുതിയ ഭീഷണിയായി വളർന്നു കഴിഞ്ഞു. ഇതിന്റെ ഭാഗമാണ് മീഡിയ വണിന് എതിരായ നടപടി.

രാജ്യത്തിന്റെ അഭിമാനമാണ് ജനാധിപത്യം

ലോകത്തെ തന്നെ അഭിമാനകരമായ ജനാധിപത്യമാണ് ഇന്ത്യയുടേത്. വികസ്വര രാജ്യങ്ങളിൽ ഇന്ത്യയിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലധികമായി തെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് പ്രധാന കാര്യമാണ്. ഇന്ത്യക്ക് ഒപ്പം സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് ഈ തരത്തിലെ ജനാധിപത്യം നടക്കുന്നത്. ഇത് നമ്മുക്ക് അഭിമാനകരമായ കാര്യമാണ്. ഇതു വഴി പല ഭരണകൂടങ്ങളും ഇല്ലാതാകുന്നതിന് കാരണമായത് ജനാധിപത്യം ഉയർത്തുന്ന കരുത്താണ്. എന്നാൽ, ഈ അഭിമാനത്തിനിടയിലെ വൈചിത്ര്യം എന്നത് മാധ്യമ സ്വാതന്ത്രൃത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ് ഇന്ത്യ എന്നതാണ്. ലോകത്തെ 180 രാജ്യങ്ങളിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 142 ആണ്. കഴിഞ്ഞ കുറെ വർഷങ്ങളായാണ് ഈ കാര്യത്തിൽ ഇത്ര താഴോട്ട് ഇന്ത്യ പതിച്ചത്. ഇതിന്റെ കാരണങ്ങൾ ചരിത്രപരമായും രാഷട്രീയമായും പഠനവിധേയമാക്കേണ്ടതാണ്.




 


ഇന്ത്യയിലെ ടിവി സംപ്രേഷണ നിയമങ്ങൾ

മാധ്യമങ്ങളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിന് നിയമങ്ങൾ പരിശോധിച്ചാൽ പത്ര മാധ്യമങ്ങൾക്കായി സുതാര്യമായ നിയമങ്ങൾ ഉള്ളതായി കാണാം. പ്രസ് കൗൺസിൽ പോലെയുള്ള സംവിധാനങ്ങൾ ഇതിനായി കൃത്യമായി പ്രവർത്തിക്കുന്നു. എന്നാൽ, രാജ്യത്തെ ടി വി നിയമങ്ങൾ അത്ര ജനാധിപത്യപരമല്ല എന്ന് പറയേണ്ടി വരും. കേബിൾ നെറ്റ് വർക്ക് റെഗുലേഷൻ നിയമം 1995 ന് കീഴിലാണ് ടിവി സംപ്രേഷണ നിയമങ്ങൾ ഉള്ളത്. ഇത് വഴി ടിവി സംപ്രേഷണത്തിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാൻ ഒരു പറ്റം ഉദ്യോഗസ്ഥരിലൂടെ സർക്കാരിന് അവകാശം നൽകുന്നു. നിയമത്തിന്റെ ഭാഗമായ പ്രോഗ്രാം കോഡ് അനുസരിച്ച് വാർത്താ വിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഏതൊരു ടെലിവിഷൻ സംപ്രേഷണത്തെയും പൊടുന്നനെ അവസാനിപ്പിക്കാം. ടിവിക്ക് മാത്രമായുള്ള ഈ അമിതാധികാരം ഉപയോഗിച്ച് വാർത്താ സംപ്രേഷണങ്ങളെ അടക്കി നിർത്താൻ എപ്പോഴും ശ്രമിക്കുന്നു.

ഭരണകൂടം സ്വേഛാധിപത്യപരമായാൽ

പല ഘട്ടങ്ങളിലും രാജ്യത്ത് മാധ്യമങ്ങൾക്ക് മേൽ വിലങ്ങ് വീണിട്ടുണ്ട്. അതിലേറ്റവും വലിയ കറുത്ത ഏട് അടിയന്തിരാവസ്ഥ കാലത്തെ മാധ്യങ്ങളുടെ മേൽ ഏർപ്പെടുത്തിയ വിലക്കുകളാണ്. അതിലേറ്റവും കുപ്രസിദ്ധമായിരുന്നു മൂന്ന് പത്രമാരണ നിയമങ്ങൾ. അപ്പോഴൊക്കെ അടിയന്തിരാവസ്ഥ പോലുള്ള മറയുണ്ടായിരുന്നു. അടിയന്തിരവസ്ഥ കാലത്തെ മാധ്യമ നിയന്ത്രണങ്ങൾ, രാജ്യം ജനാധിപത്യത്തിലേക്ക് വന്നപ്പോൾ വേഗത്തിൽ പിൻവലിച്ചു. അന്നത്തെ വാർത്താവിതരണ മന്ത്രിയായിരുന്ന എൽ.കെ അദ്വാനി ആയിരുന്നു ഈ നിയന്ത്രണ നിയമങ്ങൾ പിൻവലിച്ചത് എങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ പിൻമുറക്കാരാണ് മാധ്യങ്ങളെ വിലക്കാൻ രംഗത്തുള്ളത്. അതും അടിയന്തിരവസ്ഥക്ക് എതിരെ യുദ്ധം ചെയ്ത പാരമ്പര്യം അവകാശപ്പെടുന്നവർ.




 


ദേശസുരക്ഷ എന്ന കാരണം

മാധ്യമങ്ങളെ മുൻപൊക്കെ നിയന്ത്രിച്ചതിന് തെറ്റായാലും ശരിയായാലും കാരണങ്ങൾ പറയുമായിരുന്നു. അശ്ലീല ദൃശ്യങ്ങൾ, കുട്ടികളെ സംബന്ധിക്കുന്ന സ്വകാര്യ വിവരങ്ങൾ അടക്കം കാഴ്ചകളിലെ പ്രശ്നങ്ങൾ ഉയർത്തിയായിരുന്നു വിലക്കിട്ടിരുന്നതെന്ന് കാണാം. എന്നാൽ, ഇപ്പോഴാണ് ദേശസുരക്ഷ എന്ന കാരണമുയർത്തുന്നത്. പഠാൻ കോട്ടിലെ ഭീകരാക്രമണത്തിന് നേരെ സൈന്യം നടത്തിയ തന്ത്രപരമായ നീക്കങ്ങൾ കാണിച്ചു എന്ന കാരണമുയർത്തിയാണ് 2016ൽ NDTVയുടെ ഹിന്ദി ചാനലിന് ഒരു ദിവസ വിലക്കിന്റെ നോട്ടീസ് നൽകിയത്. വേഗത്തിൽ തന്നെ NDTV സുപ്രീം കോടതിയെ സമീപിച്ചതോടെ വാർത്താവിതരണ മന്ത്രാലയം അവർക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നിയമത്തിന് മുന്നിൽ ഈ കാരണം നിലനിൽക്കില്ല എന്ന തിരിച്ചറിവിലാണ് വിലക്ക് നീക്കിയത്. രാജ്യ തലസ്ഥാനത്ത് നടന്ന വർഗീയ കലാപം റിപ്പോർട്ട് ചെയ്യുകയും അതിൽ ആർ.എസ്.എസിനെയും ഡൽഹി പൊലീസിനെയും കുറ്റപ്പെടുത്തി എന്ന കാരണം പറഞ്ഞാണ് 2020 മാർച്ചിൽ മലയാളത്തിലെ ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയ വണിനെയും വിലക്കാൻ നോട്ടീസ് നൽകിയത്. ഇങ്ങനെ തുടങ്ങിയ നീക്കം ഇപ്പോൾ കാരണം തന്നെ എന്തെന്ന് പറയാതെ സംപ്രേഷണാവകാശം തടയുകയാണ്. ചെയ്ത കുറ്റം എന്തെന്ന് പറയാതെ അമിതാധികാരഭാവത്തോടെ ഭരണകൂടം ഇടപെടുകയാണ്. നാളെ ഏതൊരു സ്ഥാപനത്തിനെതിരെയും കൊണ്ടുവരാൻ കഴിയുന്ന തരത്തിലാണ് ഈ ഭീഷണി.





 


മാധ്യമ പ്രവർത്തനത്തിന്റെ സുരക്ഷ

ആഗോള മാധ്യമ സംഘടനകളുടെ കണക്കുകൾ ഇന്ത്യയിലെ മാധ്യമ പ്രവർത്തനത്തെ സംബധിച്ച് പലതരത്തിലെ ആശങ്കകളാണ് കാണിക്കുന്നത്. അതിൽ പ്രധാനമാണ് മാധ്യമ പ്രവർത്തകരുടെ ജോലിയും ജീവനും ഭീഷണിയുടെ നിഴലിലാണ് എന്നത്. ഓരോ സംഭവങ്ങളും ജനങ്ങിലേക്ക് എത്തിക്കുന്നതിന് സ്വതന്ത്രമായ മാധ്യമ പ്രവർത്തനം അസാധ്യമാണ് എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ഭരണാനുകൂല മാധ്യമങ്ങൾ

മാധ്യമങ്ങൾ നേർക്കുനേരെ പക്ഷം ചേർന്നത് ചരിത്രത്തിൽ നമുക്ക് കാണാം. എന്നാൽ, അപ്പോഴൊക്കെ ഈ സമീപനങ്ങളെ അതാത്കാലത്തെ സമൂഹങ്ങൾ തന്നെ തിരസ്കരിച്ച കാഴ്ചയും കാണാം. രാഷ്ട്രീയ, മത പക്ഷങ്ങളിൽ നിന്ന് വലിയ അധികാര അനുകൂല നിലപാടുകളെ തളളിയിരുന്ന ആ കാലം കഴിഞ്ഞു. ഇന്ന് മാധ്യമങ്ങൾ നഗ്നമായ പക്ഷപാതമാണ് പുലർത്തുന്നത്. രാഷ്ട്രീയ-മത-കോർപറേറ്റ് കൂട്ടുകെട്ടിലൂടെയാണ് ഈ പക്ഷപാതം വളരുന്നത്. അങ്ങനെ സമൂഹം പതുക്കെ പതുക്കെ ഫാഷിസ്റ്റ് വൽകരണത്തിലേക്ക് നീങ്ങുകയാണ്. മാധ്യമങ്ങളുടെ പക്ഷപാത സമീപനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഈ നീക്കത്തിന് ആക്കം കൂട്ടുന്നത്. രാഷ്ട്രീയ-മത-കോർപറേറ്റ് മൂലധനങ്ങളുടെ അവിശുദ്ധ സഖ്യമാണ് ജനാധിപത്യത്തിന്റെ ഈ ഭീഷണിയുടെ അടിസ്ഥാനം.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - യു. ഷൈജു

contributor

Similar News