കരുതിയിരിക്കുക കോവിഡേതര പകർച്ചവ്യാധികളെ - ഡോ. ടി.എസ് അനീഷ്

"അടുത്ത ആറുമാസത്തിനുള്ളിൽ അടുത്ത തരംഗം പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്"

Update: 2022-09-21 13:10 GMT

ഡോ. ടി.എസ് അനീഷ് /ലിസ്സി

കോവിഡ് മഹാമാരിക്കൊപ്പം ലോകം സഞ്ചരിച്ചത് രണ്ടുവർഷമായിരുന്നു. ആദ്യതരംഗം മുതൽ കഴിഞ്ഞ മൂന്നാം തരംഗം വരെ കോവിഡിനോട് പൊരുതിയും കരുതിയും ലോകജനത ജീവിക്കാൻ പഠിച്ചു. മൂന്നാം തരംഗത്തിന് ശേഷം കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് വന്നിട്ടുള്ളത്. ഡെൻമാർക്ക്, നോർവെ, സ്വീഡൻ പോലുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി. യു.എ.ഇ പോലുള്ള രാജ്യങ്ങൾ മാസ്ക് പോലും ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ജീവിതം സാധാരണ നിലയിലേക്ക് മാറ്റാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. നമ്മുടെ രാജ്യത്തും നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടുണ്ട്. മാസ്ക് നീക്കം ചെയ്തില്ല എന്ന് മാത്രമേയൊള്ളൂ. ബാക്കിയെല്ലാം പഴയരീതിയിലേക്ക് മാറിയിട്ടുണ്ട്. പക്ഷേ മൂന്നാം തരംഗത്തോടെ കോവിഡ് മഹാമാരിക്ക് അന്ത്യമായോ? നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ സമയമായോ? ഇനിയൊരു തരംഗത്തിന് സാധ്യതയുണ്ടോ.. സംസ്ഥാന സർക്കാറിന്റെ കോവിഡ് വിദഗ്ധ സമിതി അംഗവും തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ടി.എസ് അനീഷ് മറുപടി പറയുന്നു.




 

ഇനിയൊരു തരംഗത്തിന്റെ സാധ്യതകൾ എത്രത്തോളമാണ്?അതിനെ എത്രത്തോളം ഭയപ്പെടണം?

ഏതൊരു മഹാമാരി വരുമ്പോഴും അതിനെ തടയാൻ നമ്മൾ ശ്രമിക്കും. അങ്ങനെ വരുമ്പോൾ തരംഗങ്ങളുണ്ടാകും. അതുകൊണ്ട് തന്നെ ഇനിയും തരംഗങ്ങൾ ഉണ്ടാകും. പക്ഷേ ആ തരംഗങ്ങൾ എത്രത്തോളം അപകടമുണ്ടാക്കും എന്നതിനനുസരിച്ചാകും കാര്യങ്ങൾ. ഏത് രോഗം വന്നാലും അത് മാറിക്കഴിഞ്ഞാൽ ശീരത്തിൽ അതിനെതിരെയുള്ള പ്രതിരോധ ശേഷിയുണ്ടാകും. എന്നാൽ, ഇൗ പ്രതിരോധ ശേഷിക്ക് രണ്ടു സ്വഭാവമുണ്ട്. ഒന്നുകിൽ ആ രോഗാണുവിന് ജനിതക വ്യതിയാനം സംഭവിച്ചാൽ അതിനെ നിയന്ത്രിക്കാൻ സഹായിക്കും. അല്ലെങ്കിൽ കൂടുതൽ അപകടരമാക്കാൻ ഇടയാക്കും. ഉദാഹരണത്തിന്, ഡെങ്കിപ്പനി ഒരിക്കൽ വന്നു പോയാൽ ശരീരത്തിലുണ്ടാകുന്ന രോഗപ്രതിരോധ ശേഷി ഡെങ്കിപ്പനിയുടെ മറ്റൊരു വകഭേദം വരുമ്പോൾ അത് അപകടരമാക്കുകയാണ് ചെയ്യുന്നത്. 'ആന്റി ബോഡി മീഡിയേറ്റ് എൻഹാന്റ്' എന്നാണ് ഇതിനെ പറയുന്നത്. കോവിഡിന്റെ തുടക്കത്തിൽ ഭയപ്പെട്ടിരുന്നതും അതായിരുന്നു. രോഗം വന്നുപോയതിനെ തുടർന്നും വാക്സിൻ എടുത്തതിനാലും ഒരുപാട് പേരുടെ ശരീരത്തിൽ രോഗ പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. ഇൗ രോഗപ്രതിരോധ ശേഷി മറ്റൊരു ജനിതകവ്യതിയാനം വന്ന വൈറസിനെ എതിർക്കാൻ പര്യാപ്തമാകുമോ അല്ലെങ്കിൽ അത് കൂടുതൽ ദോഷം ചെയ്യുമോ എന്ന ചോദ്യമായിരുന്നു ആരോഗ്യ പ്രവർത്തകർക്ക് മുന്നിലുണ്ടായിരുന്നത്.




 

പക്ഷേ, ഇതുവരെ ഉണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇൗ രോഗപ്രതിരോധശേഷി പുതിയ രോഗത്തെ തടയാൻ പര്യാപ്തമല്ല, എന്നാൽ, പുതുതായി വരുന്ന രോഗത്തിന്റ അപകടം കുറക്കുകയാണ് ചെയ്യുന്നത് എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തരംഗങ്ങൾ വന്നുപോകുകയും വാക്സിന് എടുക്കുകയും ചെയ്തതിനാൽ ലോകമെമ്പാടുമുള്ള ജനതക്ക് കോവിഡിനെതിരെ കാര്യമായ പ്രതിരോധശേഷി ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയൊരു തരംഗം വന്നാലും അത് അപകടം ഉണ്ടാക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. എന്നാൽ, ഇത്രത്തോളം ജനങ്ങളെ ബാധിച്ചതിനാൽ ലോകത്തെ എവിടെയങ്കിലും വൈറസിന് ജനിതക വ്യതിയാനം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തരംഗങ്ങൾ തീർച്ചയായും ഉണ്ടാകുകയും ചെയ്യും. പക്ഷേ അതൊരു സീസൺ ഫ്ളൂ പോലെ അവസാനിക്കാനാണ് സാധ്യത എന്ന് നമുക്ക് പറയാനാകും. ഇതുവരെ കോവിഡ് ഉണ്ടാക്കിയ അപകടത്തെ പോലെ ഇനിയുള്ള വകഭേദങ്ങൾ ഉണ്ടാക്കില്ല എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ.

അടുത്ത തരംഗം എപ്പോൾ പ്രതീക്ഷിക്കാം?

ഇതുവരെ ഉണ്ടായ കോവിഡ് തരംഗങ്ങളുടെ ഇടവേളകൾ പരിശോധിക്കുകയാണെങ്കിൽ ആറുമുതൽ എട്ടുമാസങ്ങൾക്കുള്ളിലാണ് ഒാരോ തരംഗവും വന്നത്. അതുകൊണ്ട് തന്നെ അടുത്ത ആറുമാസത്തിനുള്ളിൽ അടുത്ത തരംഗം പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. എന്നിരുന്നാലും മനുഷ്യ ജീവിതത്തിനെ സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് ആ തരംഗം മാറില്ല.

നിരവധി യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. അത്തരത്തിലേക്കുള്ള രീതിയിലേക്ക് നമ്മളും പോകാനായിട്ടുണ്ടോ?

യൂറോപ്യൻ രാജ്യങ്ങളുടെ പ്രധാനനേട്ടം വൈററോളജിക്കൽ അനാലിസിനുള്ള ധാരാളം സൗകര്യമുണ്ട് എന്നതാണ്. വൈറസിനെ ഏത് സമയവും കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം അവർക്കുണ്ട്. കൃത്യമായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവർ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നത്. അതും ആരോഗ്യസംവിധാനങ്ങളിൽ ഇപ്പോഴും പരിമിതിയുള്ള, അതേ സമയം ആളുകളുടെ എണ്ണം അത്രമേൽ കൂടുതലും രോഗത്തെ കുറിച്ചുള്ള അവബോധം കുറവുമുള്ള ഇന്ത്യപോലെ ഇത്രയും വിശാലമായ രാജ്യം യൂറോപ്യൻ പാത പിന്തുടരുന്നത് ഗുണകരമാകില്ല. കാരണം ഇന്ത്യയിൽ ഏതെങ്കിലും സംസ്ഥാനത്ത് വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചാൽ അത് രാജ്യം മുഴുവൻ പരന്ന ശേഷമാകും നമ്മൾ തിരിച്ചറിയുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ അങ്ങനെയല്ല, ഏതൊരു ഭാഗത്തും വൈറസിന് സംഭവിക്കുന്ന മാറ്റങ്ങൾ അവർ കൃത്യമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്താനും അവർക്ക് സാധിക്കും. അതുകൊണ്ട് നമ്മൾ കുറച്ചുകൂടി കാലം കരുതൽ എടുക്കേണ്ടി വരും.

മാസ്ക് ധരിക്കുന്നതൊഴിച്ചാൽ ബാക്കി നിയന്ത്രണങ്ങൾ നമ്മളും ഒഴിവാക്കിയിട്ടുണ്ട്. അത് അടുത്ത തരംഗത്തിന് കാരണമാകുമോ?

മാസ്ക് വെച്ചതു കൊണ്ട് രോഗം വരുന്നത് കുറയും എന്നത് സത്യമാണ്. പക്ഷേ, ആളുകൾ ഇടപെടുന്നതിലൂടെയോ മാസ്ക് ഉപയോഗിക്കാതിരുന്നതുകൊണ്ടോ ഇനിയൊരു തരംഗം ഉണ്ടാവില്ല. കാരണം, ഒമിക്രോൺ അത്രയേറെ ആളുകളെ ബാധിച്ചു. ഒരു കൊറോണ വൈറസിന് ചിന്തിക്കാൻ പറ്റുന്നതിനക്കാൾ അപ്പുറം ആളുകളിലേക്ക് എത്തി. ഇനിയുണ്ടാകുന്ന തരംഗം ഉണ്ടാകണമെങ്കിൽ വൈറസിന് ജനികവ്യതിയാനം സംഭവിക്കണം. വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരുന്നത് തുടരുകയാണ്. ഇൗ സാഹചര്യത്തിൽ എവിടെയെങ്കിലും ജനിതക വ്യതിയാനം ഉണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ അപകടസാധ്യത കുറവായിരിക്കും.




 

സ്കൂളുകൾ പഴയ പോലെ തുറന്നുകഴിഞ്ഞു, കുട്ടികൾക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലല്ലേ?

കഴിഞ്ഞ രണ്ടുവർഷത്തിന് ശേഷം സ്കൂളുകൾ പഴയ പോലെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സാധാരണ രീതിയിൽ സ്കൂൾ തുറന്നുകഴിഞ്ഞാൽ എല്ലാ വർഷവും എല്ലാ കുട്ടികൾക്കും അസുഖം വരും. ഈ  വർഷം അസുഖം വന്ന കുട്ടികൾക്ക് അടുത്ത വർഷം അസുഖം വരില്ല. കാരണം കഴിഞ്ഞ വർഷം രോഗം വന്നപ്പോഴുണ്ടായ പ്രതിരോധശേഷി ശരീരത്തിലുണ്ടാകും. എന്നാൽ, പതിവിനും വിപരീതമായി കഴിഞ്ഞ രണ്ടുവർഷം പ്ലേസ്കൂളിൽ പോയി കുട്ടികൾക്ക് കിട്ടേണ്ട അസുഖങ്ങളുണ്ട്. അതൊന്നും ഇൗ കുട്ടികൾക്ക് കിട്ടിയിട്ടില്ല. സമൂഹത്തിൽ വ്യാപകമായി ഇടപഴകേണ്ടി വരുമ്പോൾ നമുക്ക് കിട്ടുന്ന രോഗപ്രതിരോധ ശേഷിയുണ്ട്. കോവിഡിന് ശേഷം രോഗപ്രതിരോധേഷി കുറഞ്ഞ സമൂഹമായി കഴിഞ്ഞു നമ്മൾ. സമൂഹമാണ് രണ്ടുവർഷങ്ങൾക്ക് ശേഷം പുറത്തേക്കിറങ്ങുന്നത്. പ്രത്യേകിച്ച് കുട്ടികൾ. അതുകൊണ്ട് തന്നെ കുട്ടികൾക്കിടയിൽ മറ്റ് പകർച്ച വ്യാധികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വേനൽ അവസാനത്തോടെ പലരീതിയിലുള്ള പകർച്ചവ്യാധികളും എത്തും. കോവിഡിനൊപ്പമുണ്ടാകുന്ന ഈ  പകർച്ചവ്യാധികളെ നേരിടേണ്ടതെങ്ങനെ?

കേരളത്തിന്റെ മിക്ക പകർച്ചവ്യാധികളും വേനൽ അവസാനത്തോടെയാണ് വരുന്നത്. മെയ് പകുതിയോട് കൂടി ഇവ പരക്കുകയും ജൂലായ് മാസത്തോടെ അതിന്റെ ഉച്ചിയിലെത്തുകയും ചെയ്യും. അതാണ് പതിവ്. ഡെങ്കിപോലുള്ള രോഗങ്ങളുടെ അവസ്ഥ ഇതാണ്. എന്നാൽ, എലിപ്പനി താമസിച്ചാണ് വരുന്നത്. നല്ല മഴ ലഭിക്കുന്ന ആഗസ്റ്റ്സെപ്തംബർ മാസത്തിലാണ് അത് കൂടുതലായും കണ്ടുവരുന്നത്.

കോവിഡ് തുടങ്ങി ലോക് ഡൗണും ആളുകളുമായുള്ള പരസ്പര ഇടപെടലും കുറഞ്ഞതിനാൽ കഴിഞ്ഞ ഒന്നുരണ്ട് വർഷം ഇത്തരം പകർച്ചവ്യാധിക്ക് കുറച്ച് കുറവുണ്ടായിരുന്നു. നിയന്ത്രണങ്ങൾ ഒഴിവായി ആളുകൾ പരസ്പരം ഇടപഴകുന്നത് തുടങ്ങിയതനാൽ പഴയപോലെ പകർച്ചവ്യാധികൾ തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. ഇൗ വേനൽ അറിതിയോട് കൂടി അത് പഴയപോലെ ആവാൻ സാധ്യത കൂടുതലാണ്. അതിനോടൊപ്പം എടുത്തു പറയേണ്ടകാര്യം നമ്മുടെ ആരോഗ്യസംവിധാനങ്ങൾ മുഴുവൻ കോവിഡന്റെ പിന്നാലെയാണ്.

നേരത്തെ നമ്മുടെ നാട്ടിലെ ആരോഗ്യപ്രവർത്തകരും പൊതുപ്രവർത്തകരുമെല്ലാം മഴക്ക് മുമ്പ് മാലിന്യസംസ്കരണം, കൊതുക് നിർമാർജനനവുമെല്ലാം കൃത്യമായി ചെയ്യുകയും മുൻകൈ എടുത്തിരുന്നവരാണ്. ഇവരെല്ലാമിപ്പോൾ കോവിഡിന്റെ പിന്നാലെയാണ്. ആ സാഹചര്യത്തിൽ പകർച്ചവ്യാധികളെ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾക്ക് വലിയ ശ്രദ്ധകിട്ടിക്കൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ കോവിഡേതര പകർച്ചവ്യാധികൾ തടയാനും അതിനെതിരെ മുൻകരുതലെടുക്കുന്നതിലും ഇൗ വർഷം കുറച്ചുകൂടി ശ്രദ്ധ നൽകേണ്ടിവരും.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - പി ലിസ്സി

contributor

Similar News