ഏക സിവില്‍കോഡ്: ഹൈന്ദവേതര മതങ്ങളെ രണ്ടാം തരക്കാരാക്കാനുള്ള ആര്‍.എസ്.എസ് പദ്ധതി - ഡോ. പി.ജെ ജയിംസ്

മണിപ്പൂര്‍ കണ്‍മുന്‍പില്‍ കത്തി എരിയുമ്പോഴും ഏകീകൃത സിവില്‍ നിയമം ആണ് രാജ്യത്തിന്റെ പ്രഥമ ആവശ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ വളരെ കൃത്യമായ ഒരു ദ്രുവീകരണമാണവര്‍ അതുവഴി ലക്ഷ്യം വെക്കുന്നതും. അഭിമുഖം: ഡോ. പി.ജെ ജയിംസ് / മീനു മാത്യു

Update: 2023-08-10 05:50 GMT
Advertising

ഇന്ത്യന്‍ ഭരണഘടനയുടെ നാലാം ഭാഗം ആര്‍ട്ടിക്കിള്‍ നാല്‍പത്തി നാലിലാണ് ഏകീകൃത വ്യക്തി നിയമം അഥവാ, യൂണിഫോം സിവില്‍കോഡിനെ പറ്റി പറയുന്നത്. ഇത്തരം വ്യക്തി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിക്കണമെന്ന് അതില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അതൊരു ആജ്ഞാപനമോ കല്‍പനയോ അല്ല, മറിച്ച് വെറുമൊരു നിര്‍ദേശം മാത്രമാണ്. അതിനാല്‍ തന്നെ കോടതിയില്‍ കേസ് പറഞ്ഞ് സ്ഥാപിച്ചെടുക്കാനും സാധിക്കില്ല. ഭരണഘടന സ്ഥാപിക്കപ്പെട്ട കാലഘട്ടത്തെ മുന്‍ നിര്‍ത്തി വേണം നമ്മള്‍ ഈ നിയമത്തെയും അതിന്റെ സാധ്യതയെയും മനസ്സിലാക്കാന്‍. രണ്ടു കാലഘട്ടത്തിലെയും സ്ഥിതിഗതികള്‍ പ്രഥമ ദൃഷ്ട്യാ തന്നെ വ്യത്യസ്തമാണ്.

1949 ല്‍ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലി ഭരണഘടനയെ അംഗീകരിക്കുമ്പോള്‍ അന്ന് ആര്‍.എസ്.എസ് അതിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ആ ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി കൊണ്ടുവരണം എന്നു വാദിച്ചിരുന്നു. സ്ത്രീകള്‍, താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍, സാധാരണ തൊഴിലാളികള്‍ എന്നിങ്ങനെ ഇവിടുത്തെ മഹാഭൂരിപക്ഷം ജങ്ങള്‍ക്കും യാതൊരു മാനുഷിക പരിഗണനയും കൊടുക്കാതെ സവര്‍ണ കുലര്‍ക്ക് സവിശേഷമായ സ്ഥാനങ്ങള്‍ നല്‍കുന്ന ശ്രേണിബദ്ധമായ ഒരു സംവിധാനം മാത്രമാണ് മനുസ്മൃതി. അതിനുവേണ്ടി അന്ന് വാദിച്ച അതേ ശക്തികളാണ് ഇന്ന് ഈ രാജ്യം ഭരിക്കുന്നത് എന്നത് ഭയപ്പെടുത്തുന്ന വിഷയമാണ്.

എന്താണ് ഇപ്പോള്‍ ഇവിടത്തെ മുസ്‌ലിം വിഭാഗങ്ങളുടെ അവസ്ഥയെന്ന് പരിശോധിക്കണം. മുസ്‌ലിം വിഭാഗത്തെ പ്രത്യേകം ഉന്നംവെച്ചു കൊണ്ടാണ് മോദി സര്‍ക്കാര്‍ പൗരത്വ നിയമം അടിച്ചേല്‍പ്പിക്കുന്നത്. മറ്റൊരു വിഭാഗത്തെയും അതത്ര കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍, ഒരു ഏകീകൃത വ്യക്തി നിയമം പ്രാബല്യത്തില്‍ വന്നാല്‍ അത് എല്ലാ വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്കും തുല്യ അവകാശം ഉറപ്പ് വരുത്തും എന്നത് കേവലം മിഥ്യാ ധാരണയാണ്.

ഏകീകൃത വ്യക്തി നിയമം പ്രാബല്യത്തില്‍ വന്നാല്‍ അത് എല്ലാ വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്കും തുല്യ അവകാശം ഉറപ്പ് വരുത്തും എന്നത് കേവലം മിഥ്യാ ധാരണയാണ്.

നിലവില്‍ ഒരു ഏകീകൃത ക്രിമിനല്‍ നിയമ വ്യവസ്ഥ നമ്മുടെ രാജ്യത്ത് ഉണ്ട്. അതിനാല്‍ തന്നെ പൗരന്മാര്‍ക്ക് എല്ലാവര്‍ക്കും ജാതി-മത-ലിംഗ-സാമ്പത്തിക ഭേദമന്യേ ക്രിമിനല്‍ നിയമങ്ങള്‍ എല്ലാം ഒരു പോലെയാണ്. ആചാരം, രീതികള്‍, കുടുംബ ബന്ധങ്ങള്‍ എന്നിങ്ങനെ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ ആണ് സിവില്‍ നിയമങ്ങള്‍ ബാധകമാവുക. ആദിവാസി വിഭാഗങ്ങള്‍ ധാരാളമായുളള രാജ്യം കൂടിയാണ് നമ്മുടേത്. അവരുടെയും അവരുടെ ആചാര വ്യവസ്ഥകള്‍, വാസസ്ഥലം എന്നിവയുടെയും സംരക്ഷണത്തിനായി ബ്രിട്ടീഷ് ഭരണ കാലഘട്ടം മുതല്‍ക്കേ പ്രത്യേകം നിയമങ്ങളും നിലവിലുണ്ട്. ആദിവാസികള്‍ കാലാകാലങ്ങളായി അധിവസിക്കുന്ന വനഭൂമി മറ്റ് വിഭാഗക്കാര്‍ക്ക് ആര്‍ക്കും കൈമാറ്റം ചെയ്യാന്‍ പാടില്ല എന്നാണ് നിയമം. ഏകീകൃത നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഈ വ്യവസ്ഥിതിക്കും കോട്ടം തട്ടും. അതിനാല്‍ തങ്ങളുടെ ജീവിത രീതിക്ക് മേലുള്ള വെല്ലുവിളി തിരിച്ചറിഞ്ഞ് 30 ആദിവാസി/ഗോത്ര സംഘടനകള്‍ നിലവില്‍ തന്നെ ഏകീകൃത നിയമത്തിന് എതിരായി വന്നിട്ടുണ്ട്.


ഇന്ത്യയിലെ പല നിയമങ്ങളും ഗോത്ര വിഭാഗങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. പോക്‌സോ നിയമങ്ങള്‍ എന്താണെന്ന് പോലും അവര്‍ക്ക് അറിഞ്ഞു കൂടാ. ഏകീകൃത ക്രിമിനല്‍ വ്യവസ്ഥ കൊണ്ടുതന്നെ നിരവധി ആദിവാസി ജനങ്ങള്‍ ജയിലില്‍ കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. കാരണം, അവരുടെ രീതികളനുസരിച്ച് വിവാഹ പ്രായം പൊതുധാരയോ രാജ്യത്തെ എഴുതപ്പെട്ട നിയമമോ പറയും പോലെ അല്ല. അതിനാല്‍ തന്നെ നിരവധി കുട്ടികളുടെ പിതാക്കന്മാര്‍ ഇന്ന് ബലാത്സംഗ കുറ്റത്തിന് അഴിക്കുള്ളില്‍ കഴിയുന്നു.

ഇരുപത്തി രണ്ടാം ലോ കമീഷന്‍ ആണ് ഇപ്പൊള്‍ രാജ്യത്ത് നിലവില്‍ ഉള്ളത്. അത് ഏകീകൃത സിവില്‍ കോഡിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍ എല്ലാവരില്‍ നിന്നും അറിയുന്നതിനായി ഒരു വിജ്ഞാപനവും ഈ അടുത്തിടെ പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുപത്തി ഒന്നാം ലോ കമീഷനും മോദിയുടെ ഭരണകാലത്ത് തന്നെ ഇതേ നീക്കം നടത്തിയിരുന്നു. വിദ്യാഭ്യാസവും ചരിത്രവും വരെ തങ്ങളുടെ ഹിന്ദുത്വ അജണ്ടക്ക് അനുസരിച്ച് മാറ്റി എഴുതിക്കൊണ്ട് ഇരിക്കുന്ന ഒരു ഭരണകൂടമാണ് മോദിയുടെ കീഴില്‍ ഇന്ന് നിലവില്‍ ഉള്ളത്. അവരുടെ നേതൃത്വത്തില്‍ സകല നിയമ സംവിധാനങ്ങളും കോടതികളും കോര്‍പ്പറേറ്റുകളും കൃത്യമായി അതേ അജണ്ട്ക്ക് വേണ്ടി തന്നെ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയില്‍ ഒരു യൂണിഫോം സിവില്‍ കോഡ് നിലനില്‍ക്കുന്ന ഏക സംസ്ഥാനം ഗോവയാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ അവരുടെ എല്ലാ കോളനികളിലേക്കും ഒരു ഏക സിവില്‍കോഡ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗോവയും ഇതില്‍ ഉള്‍പ്പെടുന്നത്. പിന്നീട് ഗോവ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോഴും പോര്‍ച്ചുഗല്‍ നിയമങ്ങള്‍ അവിടെ നില നിന്നു പോകുന്നു.

മണിപ്പൂര്‍ കണ്‍മുന്‍പില്‍ കത്തി എരിയുമ്പോളും എകീകൃത സിവില്‍ നിയമം ആണ് രാജ്യത്തിന്റെ പ്രഥമ ആവശ്യം എന്ന നിലയിലാണ് അവരുടെ വാദം. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ വളരെ കൃത്യമായ ഒരു ദ്രുവീകരണമാണവര്‍ അതുവഴി ലക്ഷ്യം വെക്കുന്നതും. കോര്‍പറേറ്റ് ശക്തികളും കമീഷനുകളും മീഡിയകളും അതിനു ചുക്കാന്‍ പിടിക്കുന്നു. ഏകീകൃത സിവില്‍ നിയമം പ്രാബല്യത്തില്‍ കൊണ്ട് വരിക എന്നത് നമ്മുടെ രാജ്യത്ത് നടക്കേണ്ട ജനാധിപത്യ വത്കരണത്തിന്റെ പ്രശ്‌നമാണ്. ഓരോ സമുദായങ്ങള്‍ക്ക് ഉള്ളിലും അവര്‍ സ്വയം ബോധ്യപ്പെട്ടാണ് നവീകരണങ്ങള്‍ സൃഷ്ടിക്കേണ്ടത്. ഒരു സമുദായത്തിന്റെ നവീകരണം അതിന്റെ ഉള്ളില്‍ നിന്നു തന്നെ കാല കാലങ്ങളില്‍ കൂടിയുള്ള തിരിച്ചറിവില്‍ നിന്നും സംഭവിക്കണം.


വൈവിധ്യങ്ങളാണു നമ്മുടെ രാജ്യത്തിന്റെ കാതല്‍. അത് ഏക ശിലാഖണ്ഡമായ ഒന്നല്ല. പല ആചാര രീതികളും പല വ്യക്തി നിയമങ്ങളും പിന്തുടരുന്ന ഒരു രാജ്യം എന്ന നിലയില്‍ മാറ്റം എന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ അജണ്ടയുടെ പേരില്‍ മുകളില്‍ നിന്നും കെട്ടിയിറക്കേണ്ട ഒന്നല്ല. മറിച്ച് ജനാധിപത്യപരമായ നിരവധി ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞു വരേണ്ടതാണ്. മുസ്‌ലിം സമുദായത്തിനുള്ളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവിടുത്തെ സ്ത്രീകള്‍ തന്നെ പ്രതികരിച്ചു ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തേണ്ട ഒന്നാണ്. ഹിന്ദു സമുദായത്തില്‍ ഇപ്പോഴും പൂജ ചെയ്യാന്‍ താഴ്ന്ന സമുദായത്തില്‍ ഉള്ളവര്‍ക്ക് സാധിക്കില്ല. അതിനൊരു മാറ്റം വേണമെന്ന് അതേ സമുദായത്തില്‍ ഉള്ളവരാണ് ആദ്യം ചിന്തിക്കേണ്ടത്. ഒരു മതവും ഭേദമാണ് എന്ന അഭിപ്രായം എനിക്കില്ല. എല്ലാ മതത്തിലും പ്രശ്‌നങ്ങള്‍ ഉണ്ട്. ഒന്നും പൂര്‍ണ്ണമല്ല. അതൊക്കെയും അതിന്റെ ഉള്ളില്‍ നിന്ന് തന്നെ അഭിസംബോധന ചെയ്യപ്പെടണം.

ഇന്ത്യയില്‍ ഒരു യൂണിഫോം സിവില്‍ കോഡ് നിലനില്‍ക്കുന്ന ഏക സംസ്ഥാനം ഗോവയാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ അവരുടെ എല്ലാ കോളനികളിലേക്കും ഒരു ഏക സിവില്‍കോഡ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗോവയും ഇതില്‍ ഉള്‍പ്പെടുന്നത്. പിന്നീട് ഗോവ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോഴും പോര്‍ച്ചുഗല്‍ നിയമങ്ങള്‍ അവിടെ നില നിന്നു പോകുന്നു. ഇന്ദിരാ ഗാന്ധി ഈ നിയമങ്ങള്‍ ഗോവയില്‍ നിന്നും എടുത്തു കളയാന്‍ പരിശ്രമിച്ചപ്പോള്‍ അന്ന് അതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് അവിടുത്തെ മുസ്‌ലിം-യുവ-സ്ത്രീ സംഘടനകള്‍ ആയിരുന്നു.


ഏകീകൃത സിവില്‍ കോഡ് എന്നത് ഒരു ചരിത്രപരമായ പ്രശ്‌നമാണ്. ചരിത്രപരമായ സാഹചര്യങ്ങള്‍ കൊണ്ടേ അതിനൊരു മാറ്റം സാധ്യമാകൂ. നമ്മുടെ രാഷ്ട്രം ഒരു സെക്കുലര്‍ ഭരണ സമ്പ്രദായത്തില്‍ നില നില്‍ക്കുന്നതാണ്. അത് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതല്ല. എന്നാല്‍, ഇന്ന് ഏതെങ്കിലും ഒരു പ്രത്യേക മതം രാഷ്ട്രത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണുള്ളത്. ഇത് ഒരു ജനാധിപത്യ ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. വളരെയധികം വിവാദങ്ങള്‍ സൃഷ്ടിച്ച പുതിയ പാര്‍ലമെന്റ് സമുച്ചയം ഉദ്ഘാടനം ചെയ്തത് ഹിന്ദുത്വ ആചാര പ്രകരമാണ്. ഒരു പൂര്‍ണ ഹിന്ദുത്വ രാഷ്ട്രയത്തിനുള്ള തറക്കല്ലാണ് ഇതുവഴി ഇവിടെ ഇട്ടുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാല്‍ നിഷേധിക്കുക അസാധ്യം.

നമ്മുടെ നാട്ടില്‍ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത് തന്നെ ജാതി വ്യവസ്ഥയുമായി ബന്ധപ്പെടുത്തിയാണ്. എന്നാല്‍, സംവരണം എന്ന ആശയത്തിന്റെ സ്വഭാവത്തെ തന്നെ അട്ടിമറിച്ചു കൊണ്ടാണ് മുന്നാക്ക ജാതിയില്‍ ഉള്ളവര്‍ക്ക് പത്തു ശതമാനം സംവരണം നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ബ്യൂറോക്രസിയുടെ എഴുപത് ശതമാനത്തില്‍ അധികവും നിയന്ത്രിക്കുന്ന സവര്‍ണ ബ്രാഹ്മണര്‍ക്ക് വീണ്ടും സംവരണം നല്‍കപ്പെടുന്നു. ഭരണഘടനയുടെ വിഭാവനത്തെ പറ്റി പറയുന്ന ആളുകള്‍ തന്നെയാണ് അതേ ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെ നശിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത്.

ആം ആദ്മിയാണ് കഴിഞ്ഞ കുറെ കാലമായി ബി.ജെ.പിക്ക് ഒപ്പം ഏക സിവില്‍കോഡിനെ പിന്തുണക്കൂന്ന മറ്റൊരു പാര്‍ട്ടി. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോള്‍ അതിനെ പിന്തുണച്ചതും ആം ആദ്മിയാണ്.

മണിപ്പൂരില്‍ പകുതിയില്‍ ഏറെയും വരുന്നത് ആര്‍.എസ്.എസിനോട് അനുഭാവം പുലര്‍ത്തുന്ന മെയ്‌തേയ് വിഭാഗങ്ങള്‍ ആണ്. സവര്‍ണരായ അവര്‍ക്ക് അനുകൂലമായ ഒരു കോടതി വിധിയില്‍ നിന്നുമാണ് മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിക്കുന്നത് തന്നെ. കോടതിയെ അതിനു പ്രേരിപ്പിച്ചതാകട്ടെ മണിപ്പൂരും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പിയും. അതിനാല്‍ അത് ഒരു സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് വയലന്‍സ് ആണ്. ഭൂരിപക്ഷ വിഭാഗത്തെ സംരക്ഷിച്ചു കൊണ്ട് വൈവിധ്യങ്ങള്‍ ഉള്ള മറ്റു വിഭാഗങ്ങളെ ചിതറിക്കുകയാണ്. ഗുജറാത്തിലും ഉത്തരാഖണ്ഡിലും നടക്കുന്നതും ഇതേ ദ്രുവീകരണമാണ്. സൈന്യത്തിന് പോലും കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത ഒരു കലാപമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. മര്‍ദിത ജനവിഭാഗങ്ങള്‍ക്ക് എതിരെയുള്ള ഒരു കടന്നാക്രമണം ആയും ഇതിനെ കാണാം. ഇന്ത്യയില്‍ കേവലം 37% മാത്രം വോട്ട് ഷെയര്‍ ഉള്ള ഒരു സംഘടനയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നതും നമ്മള്‍ ഓര്‍ക്കണം.

ആം ആദ്മിയാണ് കഴിഞ്ഞ കുറെ കാലമായി ബി.ജെ.പിക്ക് ഒപ്പം ഏക സിവില്‍കോഡിനെ പിന്തുണക്കൂന്ന മറ്റൊരു പാര്‍ട്ടി. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോള്‍ അതിനെ പിന്തുണച്ചതും ആം ആദ്മിയാണ്. ബി.ജെ.പി ആര്‍.എസ്.എസിന്റെ വെറും രാഷ്ട്രീയ ഉപകരണം മാത്രമാണ്. റോഹിങ്ക്യന്‍ അഭായാര്‍ഥികളോട് അവര്‍ എടുത്ത സമീപനവും സമാനമാണ്. ആര്‍.എസ്.എസിന്റെ പല ഉപകരണങ്ങളില്‍ ചിലത് മാത്രമാണ് ബി.ജെ.പിയും ആം അദ്മിയും. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു 150 പേര്‍ക്കെതിരെയാണ് യു.പി.എ ചുമത്തിയത്. ഇവരൊക്കെ രാഷ്ട്രീയമായി പല ചേരിയാണെങ്കിലും ആശയപരമായി, അടിസ്ഥാനപരമായി പങ്കിടുന്ന ബോധ്യം സമാനമാണ്. സവര്‍ണ സാമ്പത്തിക സംവരണത്തെ സി.പി.എം വരെ പിന്തുണച്ചതാണ്.


ഇതര മതങ്ങളെ എല്ലാം രണ്ടാം തരക്കാരാക്കി ഇന്ത്യയില്‍ ഒരു ഫാസിസ്റ്റു ഭരണം സാധ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ പ്രത്യയ ശാസ്ത്ര അടിസ്ഥാനമാകട്ടെ കോര്‍പററ്റുകളെ സേവിക്കുന്ന മനുസ്മൃതിയും. ഫാസിസത്തിനു എതിരായുള്ള ഒരു പൊതുഅജണ്ട ഇവിടെ ഉണ്ടാവേണ്ടിയിരിക്കുന്നു. അതിനു മറ്റു വിഷയങ്ങളില്‍ ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മാറ്റി വെച്ചുകൊണ്ടുള്ള ഒരു പ്രതിപക്ഷ ഐക്യത്തിന് സാധിക്കും എന്നാണ് പ്രതീക്ഷ.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - മീനു മാത്യു

Media Student

Similar News