തോണി മനുഷ്യരുടെ നിറം മങ്ങിയ ജീവിതങ്ങള്‍

ഹൈദരാബാദിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിലെ കാഴ്ചാനുഭവം

Update: 2023-09-05 09:55 GMT
Advertising

നിറപ്പകിട്ടാര്‍ന്ന കാഴ്ചകളാണ് ഹൈദരാബാദിന്റെ തെരുവോരങ്ങളെ എപ്പോഴും ഉണര്‍ത്തി നിര്‍ത്തുന്നത്. ആധുനിക സൗകര്യങ്ങളും പാരമ്പര്യ നിര്‍മിതികളും ഒരു പോലെ ആ നഗരത്തെ ചുറ്റിക്കിടക്കുന്നുണ്ട്. ചാര്‍ മിനാറും, മക്ക മസ്ജിദും, ഖുതുബ് ഷാ മിനാരവും, സാലാര്‍ ജങ് മ്യൂസിയവും, ഗോല്‍ഖോണ്ട കോട്ടയും, ചൗമഹല്ല കൊട്ടാരവും ഓര്‍മകളുടെ ഒരായിരം ചിത്രങ്ങള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ മലക്കെ തുറന്നിട്ടിരിക്കുകയാണ്. സമ്പന്നമായ നൈസാമിന്റെ കാലഘട്ടത്തിന്റെ ശേഷിപ്പുകളും, ഖുതുബ് ശാഹിയുടെ പൈതൃക നിര്‍മിതികളും തന്നെയാണോ ഹൈദരാബാദ് എന്ന് ഒരുവേള നമുക്കും തോന്നിപ്പോകും. അത്രയും മനോഹരമായി അവര്‍ ആ നഗരത്തെ അണിയിച്ചൊരുക്കിയിട്ടുണ്ട്. പാരമ്പര്യത്തിന്റെ കാഴ്ചകളില്‍ നിന്നും തെല്ലൊന്നു നീങ്ങിയാല്‍ ആധുനിക സൗകര്യങ്ങളാല്‍ സമ്പന്നമായ ഹൈദരാബാദിന്റെ പുതിയ മുഖത്തെയാണ് നമുക്ക് കാണാന്‍ കഴിയുക. നഗരത്തിന്റെ ഒത്ത മധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിയമസഭാ മന്ദിരവും, ബുദ്ധ പ്രതിമയും, ഐടി സിറ്റിയും, അത്യാഡംബരങ്ങള്‍ നിറഞ്ഞ ഹോട്ടലുകളും സ്വാതന്ത്ര്യാനന്തരം ആ നഗരം നേടിയെടുത്ത വളര്‍ച്ചയെ വരച്ചിട്ടത് പോലെയാണുള്ളത്. വയറു നിറക്കാന്‍ പാടുപെടുന്ന സാധാരണക്കാരന്റെ കണ്ണുനീരിന്റെ ഗന്ധവും, പണം കായ്ക്കുന്ന മരങ്ങളെ തേടിപ്പിടിക്കുന്ന പുത്തന്‍ പണക്കാരന്റെ വിയര്‍പ്പിന്റെ ഗന്ധവും ഹൈദരാബാദിയെന്ന സ്വത്വത്തിനുള്ളില്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൈദരാബാദിയാണ് ഞാനെന്ന് സ്വയം അടയാളപ്പെടുത്തുമ്പോഴും രണ്ടുതരം മനുഷ്യരെയാണ് എവിടെയും നിറഞ്ഞുകാണുന്നത്. മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ പിഞ്ചു കുരുന്നുകള്‍ പ്രതീക്ഷയുടെ ഭാണ്ഡങ്ങളുമായി ലാഡ് ബസാറില്‍ തലങ്ങും വിലങ്ങും വിലപേശുന്ന സങ്കടകരമായ കാഴ്ചയാണ് പഴയ ഹൈദരാബാദ് നിറയെ. ആരുടെയൊക്കെയോ താല്‍പര്യത്തിന് വേണ്ടി തിളച്ചു മറിയുന്ന യുവാക്കളും നിറമില്ലാത്ത രാത്രിക്കാഴ്ചയുടെ ഭാഗമാണ്.

നഗരത്തിന്റെ മൊത്തം മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയ നിലയിടങ്ങളും സങ്കടങ്ങളുടെ ഉള്ള് കുത്തിപ്പൊട്ടിച്ച് പുറത്തു കൊണ്ടുവരുന്നുണ്ട്. നിരത്തുകള്‍ മുഴുവന്‍ വൃത്തി ഹീനമായ ഓവുചാലുകളാണ്. കൊതുകും ഈച്ചയും നിറഞ്ഞ കറുത്ത ചീഞ്ഞുനാറിയ വെള്ളത്തിലാണ് കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് കളിക്കുന്നത്. അതിന് കുറുകെ ചെറിയ പലകകഷ്ണം കൊണ്ട് ചെറിയ വീടുകളിലേക്കുള്ള വഴി തിട്ടപ്പെടുത്തിയിരുന്നു.

ഷൊര്‍ണൂരില്‍ നിന്നും തുടങ്ങിയ ട്രെയിന്‍ യാത്ര സിക്കന്ദരാബാദില്‍ അവസാനിക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെയും പേറിയുള്ള സ്വപ്ന പേടകമായായിരുന്നു എനിക്ക് യാത്ര അനുഭവപ്പെട്ടത്. ബെര്‍ത്തുകള്‍ക്ക് അപ്പുറവുമിപ്പുറവും നിരവധി മനുഷ്യര്‍, നിരവധി ഭാഷകള്‍. അവര്‍ക്കാര്‍ക്കും പരസ്പരം പറയുന്നത് മനസ്സിലാക്കാന്‍ പോലും കഴിയുന്നുമില്ല. ട്രെയിനിന്റെ ചൂളം വിളിയോടൊപ്പം അങ്ങിങ്ങായി ഉയര്‍ന്നു കേള്‍ക്കുന്ന മലയാളവും, തെലുങ്കും, തമിഴും, ഹിന്ദിയും, കന്നഡയും വൈവിധ്യങ്ങളുടെ ഒരിന്ത്യയെത്തന്നെ അവിടെ നിര്‍മിച്ചെടുത്തിരിക്കുന്നു. ട്രെയിനിറങ്ങി ഹൈദരബാദിന്റെ ജീവിതത്തില്‍ നിന്നും തിരികെക്കയറുന്നതിന് മുമ്പാണ് 'തോണി മനുഷ്യരെ'ക്കാണാന്‍ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് പോയത്. മനുഷ്യനെന്ന വാക്കിന് ഇത്രയേറെ അര്‍ഥതലങ്ങളുണ്ടെന്ന് പൊറുതികേടനുഭവിക്കാത്ത ജീവിതങ്ങളോട് വിളിച്ചുപറയുകയായിരുന്നു അവിടുത്തെ മനുഷ്യര്‍. ക്യാമ്പിലേക്ക് കയറുമ്പോള്‍ തന്നെ കുറെയേറെ കുരുന്നുകള്‍ ഓടിക്കൂടി കയ്യിലുള്ള മിഠായിപ്പൊതികള്‍ക്ക് വേണ്ടി യുദ്ധം തുടങ്ങിയിരുന്നു. എല്ലാ യുദ്ധങ്ങളും കുറഞ്ഞ ലഭ്യതയുള്ള വസ്തുക്കള്‍ക്ക് മേലുള്ള ആധിപത്യം നേടിയെടുക്കാനുള്ളതാണെന്ന് തടിക്കട്ടിയുള്ള ചരിത്ര പുസ്തകങ്ങളില്‍ കോറിയിട്ടത് എത്ര സത്യമാണ്! മനുഷ്യന്റെ ജന്മം മുതല്‍ക്ക് തന്നെ അത് തുടങ്ങുന്നു എന്നേയുള്ളൂ. മണ്ണ് പുരണ്ട മുഖങ്ങള്‍ ഉള്ളിലൊതുക്കിയ സങ്കടങ്ങളെ വെച്ചുപിടിപ്പിച്ച ചിരികള്‍ക്കൊണ്ട് മറച്ചു വെക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചുറ്റിലുമുള്ള ഓവുചാലുകളും, പൊട്ടിപ്പൊളിഞ്ഞ കൂരകളും, നഗരത്തിന്റെ മൊത്തം മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയ നിലയിടങ്ങളും സങ്കടങ്ങളുടെ ഉള്ള് കുത്തിപ്പൊട്ടിച്ച് പുറത്തു കൊണ്ടുവരുന്നുണ്ട്. നിരത്തുകള്‍ മുഴുവന്‍ വൃത്തി ഹീനമായ ഓവുചാലുകളാണ്. കൊതുകും ഈച്ചയും നിറഞ്ഞ കറുത്ത ചീഞ്ഞുനാറിയ വെള്ളത്തിലാണ് കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് കളിക്കുന്നത്. അതിന് കുറുകെ ചെറിയ പലകകഷ്ണം കൊണ്ട് ചെറിയ വീടുകളിലേക്കുള്ള വഴി തിട്ടപ്പെടുത്തിയിരുന്നു.


പൊളിഞ്ഞ താര്‍പാളികള്‍ കൊണ്ട് മുകള്‍ ഭാഗം മൂടിയെന്നതൊഴിച്ചാല്‍ വീടെന്ന വാക്ക് ആ കെട്ടിടങ്ങള്‍ക്ക് പാകമാണോയെന്നത് സംശയമാണ്. അഴുക്ക് നിറഞ്ഞ ചാലിന്റെ തുടക്കമെവിടെയെന്നോ ഒടുക്കമെവിടെയെന്നോ എന്നത് കണ്ണുകള്‍ക്ക് എത്തിപ്പിടിക്കുക അസാധ്യമാണ്. ക്യാമ്പിന്റെ തുടക്കം മുതല്‍ക്ക് തന്നെ അത് തുടങ്ങുന്നുണ്ട്. വിവരിക്കാനാവുന്നതിനുമപ്പുറമായിരുന്നു അവിടെയുള്ള കാഴ്ചകള്‍. ജനിച്ച മണ്ണിന്റെ പാരമ്പര്യ മഹിമ കാത്ത് സൂക്ഷിക്കുന്നവരായത് കൊണ്ട് തന്നെ റോഹിങ്ക്യകളെ തിരിച്ചറിയാന്‍ എളുപ്പമാണ്. ചിലയിടങ്ങളില്‍ ബംഗ്ല ഭാഷയും, ചുരുക്കം ഇടങ്ങളില്‍ ഉര്‍ദുവും ക്യാമ്പിലാകെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കുട്ടികള്‍ കൂടുതലും ബംഗ്ല തന്നെയാണ് സംസാരിക്കുന്നത്. വിരലിലെണ്ണാവുന്ന യുവാക്കള്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും ഉര്‍ദു കൈവശമുള്ളത്. ബര്‍മയില്‍ നിന്നും ബംഗ്ലാദേശിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും വന്നവരായത് കൊണ്ട് തന്നെ അതില്‍ മിക്കപേരും ബംഗാളി സ്വത്വം കൊണ്ട് നടക്കുന്നുണ്ട് എന്നതാണ് ആശ്ചര്യകരം. പ്രത്യേക തരം കൈലിയും കീറിപ്പറിഞ്ഞ ബനിയനുമാണെന്ന് തോന്നുന്നു അവരുടെ പൊതുവായ വസ്ത്രരീതി. വസ്ത്രത്തിലും കോലത്തിലും അവരുടെ ദയനീയത വിളിച്ചോതുന്നുണ്ട്. തീക്ഷ്ണമായ, ആര്‍ക്കും വേണ്ടാതെ ജീവിതം എണ്ണിത്തീര്‍ക്കേണ്ട മനുഷ്യരൂപങ്ങളുടെ മുന്നില്‍ നിന്ന് ഒന്നുറക്കെ സംസാരിക്കാന്‍ പോലുമാവാതെ, ചിരിക്കാന്‍ മറന്നു പോവുകയായിരുന്നു ഞങ്ങളും. കണ്ണെത്താ ദൂരം വരെ നീണ്ടു കിടക്കുന്ന ടെന്റുകളുടെ നിലക്കാത്ത അതിജീവനത്തിന്റെ പ്രവാഹമായാണവരുടെ വാസസ്ഥലത്തെ തോന്നിയത്.

ഒരു മുറി ടെന്റില്‍ ഒന്നിലധികം കുടുംബങ്ങള്‍ ഇണങ്ങിച്ചേര്‍ന്നു താമസിക്കുന്നത് സങ്കല്‍പിക്കാവുന്നതിലുമപ്പുറമായത് കൊണ്ട് തന്നെ ഓരോ ചിത്രങ്ങളും മനസ്സുടക്കിക്കൊണ്ടേയിരുന്നു. അതുവരെ ആസ്വദിച്ചു കഴിച്ചിരുന്ന ഹൈദരാബാദ് ബിരിയാണിയുടെ രുചി അറിയാതെ എങ്ങോ പോയിരിക്കുന്നു. മനം നിറഞ്ഞു കണ്ട ഹൈദരബാദിന്റെ നിറക്കാഴ്ചകളും അവിടെയുള്ള ഒഴുക്കുചാലുകളില്‍ ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. ചുറ്റിലും, കൂടെയുള്ള കൂട്ടുകാരുടെ കണ്ണുകളിലും ഭീകര നിമിഷങ്ങള്‍ താണ്ടിയുള്ള യാത്രയുടെ ബാക്കിപത്രം നിഴലിച്ചു കാണുന്നുണ്ട്. മാനം മറക്കുകയെന്നത് എങ്ങനെയാണെന്ന് ചിന്തിച്ചു ഒരുവേള ശങ്കിച്ചു നിന്നുപോയി. പക്ഷെ, ജീവിതത്തിന്റെയും മരണത്തിന്റെയുമിടയില്‍ സ്വിറാത് പാലം കുറുകെയിട്ട് കടന്നു വന്നവരായത് കൊണ്ട് തന്നെ ജീവിതം ബാക്കി കിട്ടിയത് തന്നെയാണ് ഭാഗ്യമെന്നത് ആ ശങ്കയെ തച്ചുടച്ചു കളഞ്ഞു. എങ്കിലും, പാതി മറച്ച കൂരയുടെ പിന്‍ഭാഗത്ത് നിന്നും സ്ത്രീകള്‍ ഞങ്ങളുടെ സാഹസികതയോളം പോന്ന യാത്രയെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. ക്യാമ്പിലേക്ക് വന്നപാടെ ആദ്യം കണ്ടത് ഒരു ചെറുപ്പക്കാരനെയായിരുന്നു. കൂടെ അത്യാവശ്യം ഉര്‍ദു വശമുള്ള കൂട്ടുകാരന്‍ കാര്യങ്ങള്‍ തിരക്കി. നഗരത്തിലെ ആക്രി പെറുക്കലാണത്രെ അവരുടെ ഏക ജീവിതമാര്‍ഗം. പുറം നാട്ടുകാരായത് കൊണ്ട് തന്നെ ആരുംതന്നെ തങ്കളെ സ്വീകരിക്കുന്നുമില്ല. ബര്‍മയില്‍ നിന്നും എങ്ങനെ ഇവിടെയെത്തി എന്ന ചോദ്യത്തിന് വികാരനിര്‍ഭരമായ മൗനമായിരുന്നു മറുപടി. ആ മൗനത്തിന് ഭീകരമായ അനുഭവങ്ങളുടെ നനവുണ്ടെന്ന് അയാളുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു. പിന്നീട് അയാളുടെ കണ്ണുകളായിരുന്നു ഞങ്ങളോട് സംസാരിച്ചത്. ആ നീണ്ട കഥയ്ക്ക് അയാളുടെ ജീവനോളം ഭാരമുണ്ടായിരുന്നു!.

ബ്രിട്ടീഷ് അധിനിവേശ കാലത്തും സ്വതന്ത്ര ബര്‍മ പിറന്നപ്പോഴും റോഹിങ്കകളെ ഉന്മൂലനം ചെയ്യാനുള്ള സംഘടിത ശ്രമങ്ങള്‍ ഉണ്ടായി. കൊന്നിട്ടും ആട്ടിപ്പായിച്ചിട്ടും അവര്‍ സമ്പൂര്‍ണമായി തീര്‍ന്നുപോയില്ല. പിന്നീടാണ് വംശഹത്യയിലേക്ക് കടന്നത്. റാഖിന മേഖലയെ ഒന്നാകെ തന്നെ ബുദ്ധ തീവ്രവാദികളും ബര്‍മീസ് ആര്‍മിയും കൂടി കരിച്ചു കളഞ്ഞു. പക്ഷെ, സമ്പന്നമായ റോഹിങ്ക്യകളുടെ സുവര്‍ണ്ണ ചരിത്രത്തെ അംഗീകരിക്കാന്‍ ഭരണകൂടം ഇപ്പോഴും തയ്യാറാകുന്നില്ല. ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവര്‍ എന്നതാണ് സര്‍ക്കാര്‍ വാദം.

കല്ലുകള്‍ക്ക് മുകളില്‍ അങ്ങിങ്ങായി ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ പോസ്റ്ററുകള്‍ കാണുന്നുണ്ട്. അതില്‍ സ്ത്രീകള്‍ക്കെതിരെയുള്ള എന്ത് തരം അക്രമത്തിനും നിയമസഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള നമ്പറുകളുമുണ്ട്. അങ്ങനെയെങ്കിലും അവര്‍ക്കൊരു വേണ്ടപ്പെട്ടവരുണ്ടല്ലോ എന്നായിരുന്നു എനിക്കപ്പോള്‍ തോന്നിയത്. ഭരണകൂടം അവരെ തിരിഞ്ഞു നോക്കാറ് പോലുമില്ല. ഇടക്ക് മരുന്നുകളുമായി വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് അവരുടെ മുന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി എപ്പോഴെങ്കിലും എത്താറുള്ളത്. വിശപ്പിന്റെ ഇരകളായ കുരുന്നുകളെ കാണുമ്പോഴാണ്, തലേന്ന് പഹാടി ശരീഫില്‍ നിന്നും കണ്ട സുന്ദരിയായ ഹൈദരാബാദിന്റെ മറുഭാഗത്തിന് ഇത്രത്തോളം അന്തരമുണ്ടല്ലോ എന്നോര്‍ത്തത്. എന്ത് മനോഹരമായ കാഴ്ചയാണിതെന്ന് പുളകം കൊണ്ട എന്റെ തലേന്നാളത്തെ പുഞ്ചിരിക്കു മേല്‍ ക്രോധം കൊണ്ട് 'എന്ത് മനോഹരം' എന്ന് തിരിച്ചു ചോദിക്കുകയാണ് അവിടുത്തെ കുട്ടികള്‍?. കൂടെ നിന്ന് ഒരു ഫോട്ടോ പിടിച്ചാലോ എന്ന് കരുതിയെങ്കിലും അവരുടെ ദയനീയതയെ മുതലെടുത്ത് ലൈക് വാങ്ങാമല്ലോയെന്ന എന്റെ ചീഞ്ഞളിഞ്ഞ യുക്തിയെത്തന്നെ ഞാന്‍ വല്ലാതെ ശപിച്ചു പോയി.

ബര്‍മയിലെ സര്‍ക്കാര്‍ ഒത്താശയില്‍ നടക്കുന്ന ബുദ്ധ സൈനിക നീക്കത്തില്‍ നിന്നും ജീവനും കൊണ്ടോടിയവരാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന റോഹിങ്ക്യകള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള പാരമ്പര്യം തന്നെ അവര്‍ക്കുണ്ടെങ്കിലും മ്യാന്മര്‍ ഭരണകൂടം അവരെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. അറബ് നാവികരുടെ പിന്മുറക്കാരാണ് ഇവരെന്നാണ് പ്രഭലം. ഈ സമൂഹം വളര്‍ന്ന് ഒരു രാജ്യമായി മാറി. 1700കള്‍ വരെ ഈ രാജവംശം ശക്തമായിരുന്നു. പിന്നീട് ബര്‍മീസ് രാജാവ് അവരെ തകര്‍ത്ത് അധികാരം പിടിച്ചതോടെ റോഹിങ്ക്യകളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി. പിന്നെ ബ്രിട്ടീഷ് അധിനിവേശ കാലത്തും സ്വതന്ത്ര ബര്‍മ പിറന്നപ്പോഴും റോഹിങ്കകളെ ഉന്മൂലനം ചെയ്യാനുള്ള സംഘടിത ശ്രമങ്ങള്‍ ഉണ്ടായി. കൊന്നിട്ടും ആട്ടിപ്പായിച്ചിട്ടും അവര്‍ സമ്പൂര്‍ണമായി തീര്‍ന്നുപോയില്ല. പിന്നീടാണ് വംശഹത്യയിലേക്ക് കടന്നത്. റാഖിന മേഖലയെ ഒന്നാകെ തന്നെ ബുദ്ധ തീവ്രവാദികളും ബര്‍മീസ് ആര്‍മിയും കൂടി കരിച്ചു കളഞ്ഞു. പക്ഷെ, സമ്പന്നമായ റോഹിങ്ക്യകളുടെ സുവര്‍ണ്ണ ചരിത്രത്തെ അംഗീകരിക്കാന്‍ ഭരണകൂടം ഇപ്പോഴും തയ്യാറാകുന്നില്ല. ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവര്‍ എന്നതാണ് സര്‍ക്കാര്‍ വാദം.


1982 ലെ പൗരത്വ നിയമത്തോട് കൂടി ഇവര്‍ക്ക് പൗരത്വം പൂര്‍ണമായും എടുത്ത് കളയപ്പെട്ടു. 40,000 ത്തിന് മുകളിലാണ് ഇന്ത്യയിലേക്ക് കുടിയേറിയ റോഹിങ്ക്യകളുടെ ഔദ്യോഗിക കണക്ക്. 2017ലെ വംശഹത്യാ കാലത്താണ് കൂടുതല്‍ പേരും കടല്‍ കടന്ന് ഇന്ത്യയിലെത്തിയത്. 2012 ന്റെയും 2016ന്റെയും ഇടയില്‍ മാത്രം 14,000 ത്തിലധികം പേരാണ് കുടിയേറിയത്. ഇവരില്‍ അധികപേരും ഡല്‍ഹിയിലും, ഹൈദരബാദിലും മറ്റിടങ്ങളിലുമായി തങ്ങളുടെ അതിജീവനം സാധ്യമാക്കുകയാണ്. ബര്‍മയിലെ അന്തരീക്ഷം തണുക്കുന്നത് വരെ ഇവിടെ കഴിയാന്‍ കനിയണമെന്നാണ് അവരുടെ അപേക്ഷ. പക്ഷെ, ഹിന്ദുത്വ ശക്തികള്‍ നാടുകടത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ടിബറ്റുകാര്‍ക്കും, മറ്റ് കുടിയേറ്റക്കാര്‍ക്കും കൊടുത്ത ആനുകൂല്യം ഇവര്‍ക്കും കൊടുത്തു കൂടെയെന്നാണ് അസദുദീന്‍ ഉവൈസി ചോദിച്ചത്. തീര്‍ത്തും ന്യായമായ ചോദ്യമാണെങ്കിലും ഇന്ത്യക്കാര്‍ക്ക് പോലും മതം പ്രശ്‌നമാകുന്നിടത്ത് മറുനാട്ടുകാരെ ആട്ടിയോടിക്കാന്‍ മുസ്‌ലിം എന്ന ലേബലിനുമപ്പുറം മറ്റെന്താണ് അവര്‍ക്ക് വേണ്ടത്?. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ തോണിയില്‍ തുഴഞ്ഞു കൊണ്ടേയിരിക്കുകയാണവര്‍. എവിടെയും അവര്‍ക്ക് മീതെ ഊരി നില്‍ക്കുന്ന വെറുപ്പിന്റെ വാളുകള്‍ മാത്രമാണുള്ളത്. ജീവിതം നരകത്തേക്കാളും മോശമാണെന്ന് സ്വയം ചിന്തിക്കുന്നുണ്ടാവുമോ ആ പച്ച മനുഷ്യര്‍. ഉണ്ടാവാം, ഇല്ലാതിരിക്കാം. നാല് ദിവസത്തെ യാത്രയവസാനിക്കുമ്പോള്‍ അത് വരെയുള്ള കാഴ്ചകള്‍ തികട്ടിയെടുക്കാന്‍ ഫോണിലെ ഗാലറിയെ ആശ്രയിക്കേണ്ടി വന്നു. കാരണം, മനസ്സ് നിറയെ റോഹിങ്ക്യകളായിരുന്നു. അവരുടെ നിഷ്‌കളങ്കമായ പാതി മുറിഞ്ഞ ചിരികളായിരുന്നു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സിറാജുദ്ദീന്‍ റസാഖ്

Writer

Similar News