കുട്ടികളുടെ നല്ല ഭാവിക്കായി ചൂരലെടുക്കേണ്ടതാര്?
വിദ്യാഭ്യാസ രീതിയും കാഴ്ചപ്പാടും അധ്യാപകന്റെ റോളും മാറിയത് അറിയാതെയാണ് പഴയ കാലഘട്ടവുമായി പുതിയ വിദ്യാഭ്യാസത്തെ താരതമ്യം ചെയ്യുന്നത്. പഴയ വിദ്യാഭ്യാസ സംവിധാനത്തിന്റെ പോരായ്മകൊണ്ടാണ് പലർക്കും പാതി വഴിയിൽ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നത്. വലിയൊരു വിഭാഗത്തിന് പരാജയത്തിന്റെ മുദ്ര ചാർത്തിക്കൊടുത്ത ആ സംവിധാനത്തിന്റെ ഭാഗമാണ് ചൂരലും. ഭയത്തിന്റേതായ ഒരു അന്തരീക്ഷത്തിൽ നിന്നുകൊണ്ട് അച്ചടക്കം ഉണ്ടാക്കണം എന്ന ചിന്ത പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല


കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നൽകിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്, ആരെങ്കിലും പരാതി നൽകിയാൽ പൊലീസ് വെറുതെ കേസെടുക്കരുത് തുടങ്ങിയ ഹൈക്കോടതി നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ സ്കൂളിൽ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കയ്യിൽ ചെറുചൂരൽ കരുതട്ടെ എന്ന നിരീക്ഷണം കാലോചിതമല്ല.
വിദ്യാഭ്യാസ അവകാശനിയമം നിലനിൽക്കുന്ന ഒരു രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്ന് കൃത്യമായ നിർദ്ദേശങ്ങളില്ലാതെ അധ്യാപകർ ആവേശം കൊള്ളേണ്ടതില്ല. കുട്ടികളുടെ നല്ല ഭാവി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അവരെ സന്തോഷിപ്പിച്ചുകൊണ്ടുമാത്രം നല്ല ഒരു ഭാവി ഉണ്ടാക്കിയെടുക്കാൻ പറ്റില്ല എന്ന തിരിച്ചറിവും പലർക്കും ഉണ്ടായിട്ടുണ്ട്.
വളർത്തുരീതിയിൽ ചെറുതിരുത്തലുകൾ പലരും ആഗ്രഹിക്കുന്നു. അത് അധ്യാപകരിലൂടെ ആകണം എന്ന ആശയത്തിന് പിന്തുണ കൂടി വരുന്നു. സമൂഹത്തിന്റെ പ്രതീക്ഷക്ക് അനുസരിച്ച് അധ്യാപകർക്ക് ഉയരാൻ സാധിക്കുന്നില്ല എന്നോ, സമൂഹം അധ്യാപകരിൽ നിന്ന് ഇതിലും ഏറെ പ്രതീക്ഷിക്കുന്നു എന്നോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടി വരും. ഇന്ന് സമൂഹം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാത്ത രീതിയിൽ കുട്ടികൾ പെരുമാറുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആദ്യം ചെന്നെത്തേണ്ടത് വിദ്യാഭ്യാസത്തിലാണ്.
വിദ്യാഭ്യാസത്തിൽ നിലവിലുള്ള അപാകതകൾ പരിഹരിക്കുന്നതോടൊപ്പം അധ്യാപകരിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാം. അതല്ലാതെ ഒറ്റയടിക്ക് ചൂരൽ കയ്യിൽ വെച്ച് പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇന്നു നാം അഭിമുഖീകരിക്കുന്നത്. വിദ്യാഭ്യാസം എന്നാൽ അധ്യാപകരാണ് എന്ന കാഴ്ചപ്പാടും ശരിയല്ല. രക്ഷിതാക്കളും കുടുംബാംഗങ്ങളും സമൂഹവും കുട്ടികളോടുള്ള പെരുമാറ്റ ശൈലിയിൽ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വരുത്തിയിട്ടുണ്ട്. അവിടങ്ങളിലൊക്കെ മാറ്റിനിർത്തിയ ശിക്ഷാരീതികൾ സ്കൂളിൽ അധ്യാപകർ മാത്രം തുടരണം എന്ന് പറയുന്നതിൽ പൊരുത്തക്കേടുണ്ട്.
വിദ്യാഭ്യാസ രീതിയും കാഴ്ചപ്പാടും അധ്യാപകന്റെ റോളും മാറിയത് അറിയാതെയാണ് പഴയ കാലഘട്ടവുമായി പുതിയ വിദ്യാഭ്യാസത്തെ താരതമ്യം ചെയ്യുന്നത്. പഴയ വിദ്യാഭ്യാസ സംവിധാനത്തിന്റെ പോരായ്മകൊണ്ടാണ് പലർക്കും പാതി വഴിയിൽ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നത്. വലിയൊരു വിഭാഗത്തിന് പരാജയത്തിന്റെ മുദ്ര ചാർത്തിക്കൊടുത്ത ആ സംവിധാനത്തിന്റെ ഭാഗമാണ് ചൂരലും. ഭയത്തിന്റേതായ ഒരു അന്തരീക്ഷത്തിൽ നിന്നുകൊണ്ട് അച്ചടക്കം ഉണ്ടാക്കണം എന്ന ചിന്ത പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.
പഴയകാലത്ത് രക്ഷിതാക്കൾ പിന്തുടർന്ന ശിക്ഷാരീതിയുടെ തുടർച്ചയായാണ് അധ്യാപകർ സ്കൂളിൽ ചൂരൽ ഉപയോഗിച്ചത്. അന്ന് കുടുംബാംഗങ്ങളും അയൽപക്കവും സമൂഹവും കുട്ടിയെ നേർവഴിക്ക് നടത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എല്ലാവരും കയ്യൊഴിഞ്ഞ സ്ഥിതിക്ക് അധ്യാപകർ മാത്രം നിയമത്തിന്റെ പിൻബലമില്ലാത്ത പൊലീസ് ആവേണ്ടതില്ല. വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ബോധമുള്ള, പോക്സോ നിയമത്തിന്റെ ദുരുപയോഗ സാധ്യതയെക്കുറിച്ച് ജാഗ്രതയുള്ള, എന്ത് കിട്ടിയാലും കൊത്തിവലിക്കുന്ന മാധ്യമങ്ങളുടെ ശൈലിയെക്കുറിച്ച് മനസ്സിലാക്കിയ ഒരു അധ്യാപകൻ ഇന്ന് ചൂരൽ എടുക്കാനുള്ള സാധ്യതയില്ല.
വിദ്യാഭ്യാസ സംവിധാനത്തിലെ പോരായ്മകളും അധ്യാപകരിലെ ഗുണനിലവാര തകർച്ചയും വിദ്യാർത്ഥികളിൽ കാണപ്പെടുന്ന അരാജകത്വ പ്രവണതകൾക്ക് കാരണമാകുന്നുണ്ട്. പ്രശ്നങ്ങളുടെ തീവ്രത കൂട്ടാൻ ലഹരിയും, ഒളിഞ്ഞിരുന്ന് ബലപ്രയോഗം നടത്താൽ സാമൂഹിക മാധ്യമങ്ങളും കൂടിയാകുമ്പോൾ ആർക്ക് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. അവിടെ പരസ്പരം കുറ്റപ്പെടുത്തലുകൾ സ്വാഭാവികം. പാഠ്യപദ്ധതി സമയാസമയങ്ങളിൽ പരിഷ്കരിച്ചുകൊണ്ടും അവ പകർന്നു നൽകാൻ ആവശ്യമായ പരിശീലനങ്ങൾ അധ്യാപകർക്ക് നൽകിക്കൊണ്ടും കുട്ടികൾക്കിടയിൽ കൃത്യമായ ഇടപെടലുകൾ നടത്താൻ സാധിക്കും. ഇവിടെ പാഠ്യപദ്ധതി പരിഷ്കരണങ്ങൾ സമയാസമയങ്ങളിൽ നടക്കുന്നില്ല എന്നുള്ളതും അവയ്ക്കനുസൃതമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നില്ല എന്നുള്ളതും യാഥാർത്ഥ്യമാണ്.
കേരളത്തിൽ പതിനായിരക്കണക്കിന് അധ്യാപക തസ്തികകളും അവർക്ക് പരിശീലനം നൽകേണ്ടുന്ന DIET ലക്ചറർമാരുടെ നൂറുകണക്കിന് തസ്തികളും ഒഴിഞ്ഞു കിടക്കുന്നത് ചർച്ചാവിഷയമാക്കേണ്ടതാണ്. മാനസിക പിരിമുറുക്കം ഏറെ അനുഭവിക്കുന്ന ലേറ്റർ അഡോളസെന്റ് സ്റ്റേജിലുള്ള 65 ഓളം കുട്ടികളെ ഒരു ഹയർസെക്കൻഡറി ക്ലാസിൽ ഇരുത്തി പഠിപ്പിക്കുന്നതും പരിശോധിക്കപ്പെടേണ്ടതാണ്. നിരന്തര മൂല്യനിർണയത്തിന്റെ അനുപാതം ഇനിയും വർദ്ധിപ്പിക്കാത്തതും അവ കൃത്യമായി നടപ്പിലാക്കാത്തതും ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്ക് വലിയ രീതിയിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ആരാണ് അധ്യാപകർ എന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട ചോദ്യം? തന്റെ പഠന കാലഘട്ടത്തിൽ വലിയ മികവ് പുലർത്താത്ത ഒരാൾക്ക് പണം കൊടുത്തുകൊണ്ട് അധ്യാപകനാവാനുള്ള പ്രൊഫഷണൽ കോഴ്സിന് സീറ്റ് വാങ്ങിച്ചെടുക്കാനും തുടർന്ന് മിനിമം യോഗ്യത ഉറപ്പാക്കിയതിനു ശേഷം ലക്ഷങ്ങൾ കോഴ കൊടുത്തുകൊണ്ട് അധ്യാപക തസ്തികയിലേക്ക് കയറിപ്പറ്റാനുമുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. കടുത്ത മത്സരങ്ങൾ ഒന്നുമില്ലാതെ പണവും കുടുംബ മഹിമയും രാഷ്ട്രീയ പിൻബലവും ഒക്കെ അധ്യാപക നിയമനത്തിന് മാനദണ്ഡങ്ങൾ ആകുമ്പോൾ, അത്തരം അധ്യാപകർ സംഘടനാ നേതാക്കൾ ആകുമ്പോൾ, അവരിലൂടെ തീരുമാനങ്ങൾ വരുമ്പോൾ വിദ്യാഭ്യാസത്തിനു ഗുണനിലവാരം ഉണ്ടാകും എന്നുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലെ നിഷ്കളങ്കതയെ ചോദ്യം ചെയ്യുന്നില്ല.
പക്ഷേ അവരുടെ കയ്യിലേക്ക് ചൂരൽ കൊടുക്കുന്നതിനെ ഭയക്കുന്നു. കൃത്യമായ ആസൂത്രണവും അതിനനുസരിച്ചുള്ള വിഭവങ്ങളുടെ ലഭ്യതയും ഉറപ്പാക്കിയാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താം. കോടതി വ്യവഹാരത്തിൽ പഴയ ചിട്ടവട്ടങ്ങൾ തുടർന്നോട്ടെ. പഠന പ്രവർത്തനങ്ങൾ ആസ്വാദ്യകരമായി മാറട്ടെ.
(കോഴിക്കോട് ഗവ.കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖകൻ )