സിനിമ ലോകം 2.0ക്കായി ഇത്രമേല്‍ കാത്തിരിക്കുന്നത് എന്ത് കൊണ്ട്?

എല്ലാ കളക്ഷന്‍ റെക്കോഡുകളും ഭേദിച്ച് മുന്നേറുമെന്ന് കരുതപ്പെടുന്ന 2.0യെ ഇന്ത്യന്‍ സിനിമയിലെ ഒരു പ്രധാന നാഴിക കല്ലായി കണക്കാക്കാനുള്ള കാരണം പലതാണ്

Update: 2018-11-28 08:19 GMT
Advertising

രജനികാന്ത്, അക്ഷയ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കര്‍ അണിയിച്ചൊരുക്കുന്ന 2.0 നാളെ റിലീസിനൊരുങ്ങുകയാണ്. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന 2.0 വലിയ പ്രതീക്ഷകളാണ് സിനിമ ലോകത്ത് വച്ച് പുലര്‍ത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ ശങ്കറിന്‍റെ യന്തിരന്‍റെ തുടര്‍ച്ചയാണ് 2.0 എന്ന് അറിയാത്തവരായി ആരുമില്ല. എല്ലാ കളക്ഷന്‍ റെക്കോഡുകളും ഭേദിച്ച് മുന്നേറുമെന്ന് കരുതപ്പെടുന്ന 2.0യെ ഇന്ത്യന്‍ സിനിമയിലെ ഒരു പ്രധാന നാഴിക കല്ലായി കണക്കാക്കാനുള്ള കാരണം പലതാണ്. സിനിമയെ ഇത്രമേല്‍ പ്രേക്ഷക ശ്രദ്ധയാകഷിക്കാന്‍ ഇടയാക്കിയ പ്രധാന കാരണങ്ങള്‍ ഇവയൊക്കെയാണ്.

1. രജനികാന്ത് vs അക്ഷയ് കുമാര്‍

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ സിനിമകള്‍ക്ക് പ്രമോഷന്‍ പോലും ആവശ്യമില്ലെന്നിരിക്കെ അത് ഹിന്ദി സൂപ്പര്‍ താരം അക്ഷയ് കുമാറും രജനിയുമായി ഒന്നിക്കുന്നു എന്ന് കൂടിയായാലോ. തമിഴിലെ തന്‍റെ അരങ്ങേറ്റത്തിനൊരുങ്ങുന്ന അക്ഷയ് കുമാര്‍ രജനികാന്തിന്‍റെ വില്ലനായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഡോ. റിച്ചാര്‍ഡ് എന്ന ശാസ്ത്രജ്ഞനായും ക്രോ മാനായും അക്ഷയ് കുമാര്‍ എത്തുമ്പോള്‍ 2010ല്‍ ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച ചിട്ടി എന്ന റോബോട്ടായും ഡോ.വസീഗരനായും രജനിയെത്തുന്നു. ഡോ. റിച്ചാര്‍ഡായി ആദ്യം ഹോളിവുഡ് താരം അര്‍ണ്ണോള്‍ഡ് ഷ്യാസ്നിഗറിനെയാണ് തെരഞ്ഞെടുത്തതെങ്കിലും അവസാനം അക്ഷയ് കുമാറിലേക്ക് എത്തുകയായിരുന്നു.

2. 3D ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ചിത്രം

മുഴുവനായും 3D ഫോര്‍മാറ്റില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമയാണ് 2.0. പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സംവിധായകനാണ് ശങ്കര്‍. ആയതിനാല്‍ കണ്ണിഞ്ചിപ്പിക്കുന്ന ഗ്രാഫിക്സ് കാഴ്ചകള്‍ക്ക് പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മുഴുനീള 3D അനുഭവം പ്രേക്ഷകര്‍ക്ക് പകരുമെന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നത്.

3. ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ഇന്ത്യന്‍ സിനിമ

കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ ചിത്രീകരിച്ച ഇന്ത്യന്‍ സിനിമയാണ് 2.0. 400 കോടി ചെലവില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതാണെങ്കിലും വി.എഫ്.എക്സ് ജോലികള്‍ അധികമുള്ളതിനാല്‍ 540 കോടിയായി ബജറ്റ് ഉയര്‍ന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

4. ഹോളിവുഡ് ലെവല്‍ വി.എഫ്.എക്സ്

ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്‍റെ വി.എഫ്.എക്സ് ചെയ്ത സീന്‍ ഫൂട്ട് സ്റ്റുഡിയോസാണ് 2.0യുടെ ഒരു ഭാഗം ഗ്രാഫിക്സ് ജോലികള്‍ ചെയ്തിട്ടുള്ളത്. ട്രാന്‍സ്ഫോമേഴ്സിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ സി.ജി,എെ ചെയ്ത കെന്നി ബേറ്റ്സും ഇതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങിനെ പരിജയ സമ്പന്നരായ ഹോളിവുഡ് വി.എഫ്.എക്സ് ഡിസൈനിങ് ടീമാണ് സിനിമയുടെ കണ്ണിഞ്ചിപ്പിക്കുന്ന ഗ്രാഫിക്സിന് പിന്നില്‍.

5. പ്രേക്ഷകരിലുണര്‍ത്തിയ ആകാംഷ

2010ല്‍ റിലീസ് ചെയ്ത യന്തിരന്‍ സിനിമ കച്ചവട രംഗത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. യന്തിരന്‍റെ രണ്ടാം ഭാഗം എന്നതും 2.0 ചെയ്യുന്ന പ്രമോഷനുകളും പ്രേക്ഷകര്‍ക്കിടയില്‍ കുറച്ചൊന്നുമല്ല ആവേശമുണര്‍ത്തിയിട്ടുള്ളത്. പ്രമോഷന് വേണ്ടി മാത്രം 100 കോടിക്കടുത്ത് ചിലവഴിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

പ്രതീക്ഷകള്‍ക്ക് വിരാമമിട്ട് 2.0 എന്ന ബ്രഹ്മാണ്ഡ ചിത്രം നാളെ തിയേറ്ററുകള്‍ ഇളക്കി മറിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ അധികമൊന്നും കണ്ട് വരാത്ത സ്കൈ ഫൈ ജോണറില്‍ ഇറങ്ങുന്ന ചിത്രം വലിയൊരു നാഴിക കല്ലാകുമെന്നതില്‍ തര്‍ക്കമില്ല.

Tags:    

Similar News