ഒന്നരക്കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി കണക്കെടുപ്പിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്
മൂന്ന് തരം നികുതി നിരക്കുകളാണ് കേരളം മുന്നോട്ടുവയ്ക്കുന്നതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്
തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകാതെ ജി എസ് ടി കൌണ്‍സിലിന്റെ ആദ്യ യോഗം സമാപിച്ചു. ചരക്ക് സേവന നികുതി പിരിവില്‍ മാത്രമാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും ധാരണയിലെത്തിയത്. നികുതി നിരക്കുകളില്‍ തീരുമാനമായില്ല. ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നത് എങ്ങനെ എന്നതില്‍ തീരുമാനമായില്ല.
2015-16 അടിസ്ഥാന വര്‍ഷമായി പരിഗണിച്ച് നഷ്ട പരിഹാരം അനുവദിക്കാനാണ് നിലവിലെ തീരുമാനം. 2015-16 മുതല്‍ മുകളിലേക്കുള്ള ആറ് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നികുതി വര്‍ധനവുള്ള മൂന്ന് വര്‍ഷത്തിന്റെ ശരാശരി എന്നതാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം.
2015-16 മുതല്‍ മുകളിലേക്കുള്ള മൂന്ന് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നികുതി വര്‍ധനവുള്ള വര്‍ഷത്തെ ശരാശരി എന്നതാണ് കേന്ദ്ര നിലപാട്. 20 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇത് പത്ത് ലക്ഷമായിരിക്കും.
20 ലക്ഷം മുതല്‍ 50 ലക്ഷം വരെ വിറ്റുവരവുള്ളവരുടെ നികുതി ഒരു ശതമാനമായിരിക്കും. 50 ലക്ഷം മുതല്‍ ഒന്നരകോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളില്‍ നിന്ന് സേവന നികുതി കേന്ദ്രവും ചരക്ക് നികുതി സംസ്ഥാനവും പിരിക്കും. ഒന്നരകോടിക്ക് മുകളിലുള്ളവരില്‍ നിന്ന് കേന്ദ്രവും സംസ്ഥാനവും നികുതി പിരിക്കും.
നികുതി നിരക്ക് സംബന്ധിച്ച തീരുമാനങ്ങളൊന്നും ഇന്നത്തെ യോഗത്തില്‍ ഉണ്ടായില്ല. അതിനായി ഒക്ടോബര്‍ 17,18,19 ദിവസങ്ങളില്‍ വീണ്ടും യോഗം ചേരും, ജിഎസ്ടിക്ക് അന്തിമരൂപം കൈവരാത്തതിനാല്‍ വരാനാരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കേരളം ബില്ല് പരിഗണിക്കില്ല. പുതിയ നികുതി വന്നാല്‍ ഉല്‍പാദന ചിലവ് കുറയുമെന്നതിനാല്‍ ഉല്‍പ്പന്നങ്ങളുടെ വിലയിലും അത് പ്രകടമാകണമെന്ന് കേരളം ആവശ്യപ്പെട്ടു.
മൂന്ന് തരം നികുതി നിരക്കുകളാണ് കേരളം മുന്നോട്ടുവയ്ക്കുന്നതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആവശ്യ വസ്തുക്കള്‍ക്ക് ആറ് ശതമാനവും, ശരാശരി നികുതി ഇരുപത് ശതമാനവും ആഢംബര വസ്തുക്കള്‍ക്ക് ഇരുപത്തിനാല് ശതമാനവും ആക്കണമെന്നാണ് കേരളം ആവശ്യപ്പെടുകയെന്ന് തോമസ് ഐസക് പറഞ്ഞു.