പരീക്ഷയില്‍ തോല്‍പ്പിച്ചതിന്റെ കാരണം തേടിയ എട്ടാം ക്ലാസുകാരനെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസുമായി സ്‍കൂള്‍

Update: 2017-05-03 05:43 GMT
Editor : admin
പരീക്ഷയില്‍ തോല്‍പ്പിച്ചതിന്റെ കാരണം തേടിയ എട്ടാം ക്ലാസുകാരനെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസുമായി സ്‍കൂള്‍
Advertising

സര്‍ക്കാരിന്റെ ചട്ടങ്ങള്‍ മറികടന്ന് പരീക്ഷയില്‍ തോല്‍പ്പിച്ചതിനെ ചോദ്യം ചെയ്ത എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസുമായി സ്‍കൂള്‍ അധികൃതര്‍

സര്‍ക്കാരിന്റെ ചട്ടങ്ങള്‍ മറികടന്ന് പരീക്ഷയില്‍ തോല്‍പ്പിച്ചതിനെ ചോദ്യം ചെയ്ത എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസുമായി സ്‍കൂള്‍ അധികൃതര്‍. ആഗ്രയിലെ സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഷെഹ്സാനെതിരെയാണ് ഈ വിചിത്ര നടപടി. ഷെഹ്സാനും പിതാവ് സാഗിര്‍ അഹമ്മദിനും സ്‍കൂള്‍ അധികൃതര്‍ നോട്ടീസ് അയച്ചു.

മകനെ എട്ടാം ക്ലാസില്‍ തോല്‍പ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിക്കും പിതാവിനുമെതിരെ സ്‍കൂള്‍ മാനനഷ്ടക്കേസുമായി മുന്നോട്ടുവന്നത്. സ്‍കൂളിന്റെ തീരുമാനം ചോദ്യം ചെയ്തതിലൂടെ സ്‍കൂളിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എട്ടാം ക്ലാസ് വരെ ഒരു കുട്ടിയെയും തോല്‍പിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് സ്‌കൂള്‍ അധികൃതരുടെ നടപടി. ഷെഹ്സാന് പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് വെളിപ്പെടുത്താനും സ്‍കൂള്‍ അധികൃതര്‍ തയാറായില്ല. പലവട്ടം ഇക്കാര്യം അവശ്യപ്പെട്ടെങ്കിലും സ്‍കൂള്‍ അധികൃതരില്‍ നിന്നു അനുകൂല നടപടിയുണ്ടായില്ല. ഇതോടെയാണ് മാര്‍ക്ക് ഷീറ്റ് ആവശ്യപ്പെട്ട് സ്‍കൂളിന് ഷെഹ്സാന്റെ പിതാവ് നോട്ടീസ് അയച്ചത്.സാഗിര്‍ അഹമ്മദ് വിദ്യാഭ്യാസ വകുപ്പിനെയും സമീപിച്ചിരുന്നു.

തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാളില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഷെഹ്സാന് സ്‌കൂള്‍ മാനേജ്‌മെന്റ് നോട്ടീസ് അയച്ചത്. ഷെഹ്സാന്‍ നിരുപാധികം മാപ്പ് പറയുക അല്ലെങ്കില്‍ 15 ദിവസത്തിനുള്ളില്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കുക എന്നതാണ് സ്‌കൂളിന്റെ നോട്ടീസില്‍ പറയുന്നത്. ഷെഹ്സാനെ സ്‍കൂളില്‍ നിന്നു ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സാഗിര്‍ പറഞ്ഞു. ആഗ്രയിലെ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടും തന്റെ മകന്റെ മാര്‍ക്ക് വെളിപ്പെടുത്താന്‍ സ്‍കൂള്‍ അധികൃതര്‍ തയാറായില്ലെന്നും സാഗിര്‍ പറഞ്ഞു. തന്നോട് വലിയ തുക സംഭാവനയായി ചോദിച്ചെന്നും ഇത് കൊടുക്കാത്തതിന്റെ പകപോക്കലാണ് നടക്കുന്നതെന്നും സാഗിര്‍ വെളിപ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News