രജ്ദീപ് സര്‍ദേശായിയെ ഭീകരനാക്കി ഒഡീഷ പത്രം; മാപ്പ് പറഞ്ഞ് തലയൂരി
ഉറാന്‍ സൈനിക ക്യാമ്പില്‍ കടന്നെന്ന് സംശയിക്കപ്പെടുന്ന ഭീകരന്റെ ഛായാചിത്രമെന്ന പേരില്‍ കൊടുത്ത ചിത്രമാണ് ഒഡിയ പത്രം സമ്പദിന് നാണക്കേടായത്
വ്യാജ ഭീകരന്റെ സന്ദേശത്തെത്തുടര്‍ന്ന് തിരുത്തും മാപ്പുമായാണ് ഒരു ഒഡീഷ പത്രം ഇന്ന് പുറത്തിറങ്ങിയത്. ഭീകരന്‍ ചില്ലറക്കാരനല്ലാത്തത് കൊണ്ടാണ് തിരുത്തിന് പകരം മാപ്പ് കൂടി പത്രത്തിന് മുന്‍ പേജില്‍ നല്‍കേണ്ടി വന്നത്. ഉറാന്‍ സൈനിക ക്യാമ്പില്‍ കടന്നെന്ന് സംശയിക്കപ്പെടുന്ന ഭീകരന്റെ ഛായാചിത്രമെന്ന പേരില്‍ കൊടുത്ത ചിത്രമാണ് ഒഡിയ പത്രം സമ്പദിന് നാണക്കേടായത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിയെയാണ് പത്രം ഭീകരനാക്കിയത്. ഭീകരന്‍റെ വിളിയെത്തിയപ്പോഴാണ് പത്രാധിപന്‍ പോലും വിവരം അറിയുന്നത്. താന്‍ ഭീകരനായ വിവരം രാജ് ദീപ് തന്നെയാണ് ട്വിറ്ററിലൂടെ മാലോകരെ അറിയിച്ചത്.
പരിഭ്രമിച്ചെത്തിയ പത്രാധിപര്‍ അപ്പോള്‍ തന്നെ മാപ്പപേക്ഷയുമായി രജ്ദീപിന്റെ ട്വീറ്റിന് താഴെയെത്തി. മാപ്പപേക്ഷ സ്വീകരിച്ച രജ്ദീപ് ഈ മാപ്പുപറച്ചില്‍ അടുത്ത ദിവസത്തെ പത്രത്തിലെ മുന്‍ പേജില്‍ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് തിരിച്ച് ട്വീറ്റ് ചെയ്തു.
തങ്ങള്‍ ചെയ്ത തെറ്റിന്റെ ഗൌരവം ഉള്‍ക്കൊണ്ട ഒഡിയ പത്രം അടുത്ത ദിവസം മുന്‍പേജില്‍ തന്നെ രജ്ദീപിന്റെ വ്യക്തമായ ചിത്രസഹിതം മാപ്പ് പറഞ്ഞുളള വാര്‍ത്തയും നല്‍കി. അങ്ങനെ വന്‍ വിവാദങ്ങളിലേക്കെത്താവുന്ന ബ്രേക്കിങ് വാര്‍ത്തക്ക് ശുഭപര്യവസാനമായി.