വിഷവായു: ഡല്‍ഹിയില്‍ 'കൃത്രിമ മഴ' പെയ്യിക്കാന്‍ സര്‍ക്കാര്‍; ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം
ഡല്‍ഹി മുഖ്യമന്ത്രിക്കൊപ്പം അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു
ഡല്‍ഹിയിലെ വായുമലിനീകരണം കുറക്കാന്‍ ആകാശത്ത് നിന്ന് വെള്ളം തളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തു. ജനങ്ങളോട് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നടപടികള്‍ കൈക്കൊള്ളുന്നതില്‍ കാലതാമസം വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിനെയും ഡല്‍ഹി സര്‍ക്കാരിനെയും ഹരിത ട്രൈബ്യൂണല്‍ ശാസിച്ചു.
അപകടനിലയെക്കാള്‍ 12 മടങ്ങ് അധികമാണ് ഡല്‍ഹിയിലെ വായു മലിനീകരണം. കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ ഏറ്റവും മോശമായ അന്തരീക്ഷ വായുവാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്. വിമാനം ശുദ്ധീകരിക്കുന്ന വാക്യം ക്ലീനറുകളുടെ സഹായത്തോടെ വായുശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നിര്‍മാണ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പുറത്തിറങ്ങിയുള്ള ജോലികള്‍ പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബദാര്‍പൂര്‍ വൈദ്യുത ഉല്‍പാദന കേന്ദ്രം പത്ത് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനമായി. മലിനീകരണം നിയന്ത്രിക്കുന്നതില്‍ കാലതാമസം വരുത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ശാസിച്ചു. ഹെലികോപ്റ്ററില്‍ വെള്ളം തളിച്ച് പൊടി അടക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. മലിനീകരണം നിയന്ത്രിക്കാന്‍ തയ്യാറാകാത്ത ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളുടെ നിലപാടിനെതിരെയും ട്രൈബ്യൂണല്‍ രംഗത്തെത്തി. പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവെ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ അയല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ക്ക് തീവെക്കുന്നതടക്കം ഡല്‍ഹിയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയുടെ സമീപപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരെയും യോഗത്തിന് ക്ഷണിച്ചത്. മലിനീകരണം നിയന്ത്രിക്കുന്നതിന് കൃത്രിമമഴ അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.