ദയാശങ്കറിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 50 ലക്ഷം പാരിതോഷികം നല്‍കുമെന്ന് ബിഎസ്‍പി നേതാവ്
ബിജെപി നേതാവ് ദയാശങ്കര്‍ സിങ്ങിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് വന്‍ തുക പ്രതിഫലമായി നല്‍കുമെന്ന് ചണ്ഡിഗഢിലെ ബിഎസ്‍പി നേതാവ് ജന്നത്ത് ജഹാന്‍.
ബിജെപി നേതാവ് ദയാശങ്കര്‍ സിങ്ങിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് വന്‍ തുക പ്രതിഫലമായി നല്‍കുമെന്ന് ചണ്ഡിഗഢിലെ ബിഎസ്‍പി നേതാവ് ജന്നത്ത് ജഹാന്‍. പാര്‍ട്ടി അധ്യക്ഷ മായാവതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ദയാശങ്കര്‍ സിങ്ങിന്റെ നാവു പിഴുതെടുത്താല്‍ 50 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നാണ് ജന്നത്ത് പ്രതികരിച്ചത്.
മായാവതിയെ ലൈംഗികതൊഴിലാളിയോട് താരതമ്യപ്പെടുത്തിയ ദയാശങ്കര്‍ സിങ്ങിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരും അനുയായികളും ലക്നോവിലും ഡല്‍ഹിയിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അപകീര്‍ത്തി പരാമര്‍ശം നടത്തിയ സിങ്ങിനെ അറസ്റ്റു ചെയ്യണമെന്നും ബിഎസ്‍പി ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ അപമാനിക്കല്‍, സാമുദായിക ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ദയാശങ്കറിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ സിങ്ങിനെ പിടികൂടുന്നതിനായി പൊലീസ് നടത്തിയ തെരച്ചിലില്‍ അദ്ദേഹത്തെ കണ്ടെത്താനായില്ല. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സിങ് ഒളിവില്‍ പോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബാലിലയിലുള്ള വസതിയിലും പൊലീസ് തെരച്ചില്‍ നടത്തി. ഖോരക്പൂര്‍, ലക്നോ, അസംഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് സിങ്ങിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. വിവാദപ്രസ്താവനയെ തുടര്‍ന്ന് ബിജെപി ദയാശങ്കറിനെ പാര്‍ട്ടി പദവികളില്‍ നിന്നും ആറ് വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു.