ജനുവരി മുതല്‍ പുതിയ ഫോണുകളില്‍ അപായ ബട്ടന്‍ വരും
അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മുഴുവന്‍ മൊബൈല്‍ ഫോണുകളിലും അപായ (പാനിക്) ബട്ടന്‍ നിര്‍ബന്ധമാക്കും.
അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മുഴുവന്‍ മൊബൈല്‍ ഫോണുകളിലും അപായ (പാനിക്) ബട്ടന്‍ നിര്‍ബന്ധമാക്കും. അടിയന്തരഘട്ടങ്ങളില്‍ ലളിതമായ ഒരൊറ്റ ക്ലിക്കില്‍ കോള്‍ ചെയ്യാന്‍ സഹായിക്കുകയാണ് അപായ ബട്ടന്റെ ധര്‍മം. 2018 ജനുവരിയോടെ മുഴുവന്‍ ഫോണുകളിലും ഇന്‍ബില്‍റ്റായി ജിപിഎസ് നാവിഗേഷന്‍ സംവിധാനവും ഉള്‍പ്പെടുത്തുകയെന്നത് നിര്‍ബന്ധമാക്കുമെന്നും ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
സ്ത്രീസുരക്ഷയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയൊരുക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ മൊബൈലിലെ നിശ്ചിത ബട്ടണ്‍ അമര്‍ത്തിയാല്‍ ഉപയോക്താവിന്റെ വീട്ടിലേക്കോ കൂട്ടുകാരുടെ ഫോണിലേക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സ്ഥലവിവരമടക്കം ജാഗ്രതാസന്ദേശം ലഭിക്കുന്ന രീതിയിലാണ് പാനിക് ബട്ടണ്‍ തയ്യാറാക്കിയിരിക്കുന്നത്. വനിതാശിശുക്ഷേമ മന്ത്രാലയം, ഐ.ടി, വാര്‍ത്താവിതരണ മന്ത്രാലയം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതിയാരംഭിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നിര്‍ഭയ ഫണ്ട് ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഫോണിലെ 5 അല്ലെങ്കില്‍ 9 എന്ന നമ്പറായിരിക്കും എമര്‍ജന്‍സി കോളിനുള്ള ബട്ടന്‍. ഏപ്രില്‍ 22 നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. ജനുവരി ഒന്നു മുതല്‍ ഈ നിബന്ധന പ്രാബല്യത്തില്‍ വരും.