എടിഎം കൊള്ളസംഘത്തിന്റെ മോഷണരീതി വ്യക്തമാക്കുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടു
രണ്ട് എടിഎമ്മുകളുള്ള സെന്ററുകളായിരുന്നു ഈ സംഘം തട്ടിപ്പിനായി തെരഞ്ഞെടുത്തിരുന്നത്. പ്രായമുള്ളവരും സ്‌ത്രീകളുമായിരുന്നു പ്രധാനമായും ഇവരുടെ തട്ടിപ്പിനിരയായത്.
എടിഎം കൊള്ളക്കെതിരെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഹൈദരാബാദ് പൊലീസ് വീഡിയോ പുറത്തുവിട്ടു. മെയ് 10ന് അറസ്റ്റിലായ അഞ്ചംഗ എടിഎം കൊള്ളസംഘത്തിന്റെ പ്രവര്‍ത്തന രീതി വ്യക്തമാക്കുന്ന വീഡിയോയാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. എങ്ങനെയാണ് എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ വരുന്നവരെ ഇവര്‍ കബളിപ്പിക്കുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു.
രണ്ട് എടിഎമ്മുകളുള്ള സെന്ററുകളായിരുന്നു ഈ സംഘം തട്ടിപ്പിനായി തെരഞ്ഞെടുത്തിരുന്നത്. പ്രായമുള്ളവരും സ്‌ത്രീകളുമായിരുന്നു പ്രധാനമായും ഇവരുടെ തട്ടിപ്പിനിരയായത്. രണ്ട് സംഘാംഗങ്ങള്‍ എടിഎം കൗണ്ടറില്‍ കയറുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഇതില്‍ ഒരാള്‍ ഒരു എടിഎമ്മിന്റെ # ബട്ടന്റെ വിടവില്‍ ചെറിയ ലോഹക്കഷണം തിരുകുന്നു. ഇതോടെ # ബട്ടണ്‍ പ്രവര്‍ത്തിക്കാതാകുന്നു.
പിന്നാലെ വരുന്നവര്‍ക്ക് എടിഎം ഉപയോഗിക്കാനാകില്ല. ഇവര്‍ ശ്രമം തുടരുമ്പോള്‍ സംഘാംഗങ്ങള്‍ സഹായിക്കാനെന്ന വ്യാജന എത്തുന്നു. മെഷീന്‍ ഹാങ്ങാണെന്നും അടുത്ത എടിഎം ഉപയോഗിക്കൂ എന്നും സംഘാംഗം ഉപദേശിക്കുന്നു.
പണമെടുക്കാനുള്ള ശ്രമം തുടരുന്നതിനിടെ ഒരാള്‍ പണമെടുക്കാനെത്തിയ ആളുടെ പിന്‍ നമ്പര്‍ ഹൃദിസ്ഥമാക്കുമ്പോള്‍ മറ്റേ ആള്‍ യഥാര്‍ഥ എടിഎം കാര്‍ഡ് കൈക്കലാക്കി പകരം വ്യാജ കാര്‍ഡ് നല്‍കുന്നു. പണമെടുത്ത് ഉപഭോക്താവ് പോയതിന് പിന്നാലെ യഥാര്‍ഥ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ പണം പിന്‍വലിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നതാണ് രീതി.
ഡല്‍ഹിയിലാണ് ഈ സംഘം ആദ്യമായി ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയത്. ഇവര്‍ പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി തട്ടിപ്പ് വ്യാപിപ്പിക്കുകയായിരുന്നു.