അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ക്ക് 41 വയസ്സ്
തെരുവുകളില്‍ ഇന്ത്യയെന്നാല്‍ ഇന്ദിരയല്ല... ഇന്ദിരയെന്നാല്‍ ഇന്ത്യയുമല്ലെന്ന മുദ്രാവാക്യമുയര്‍ന്നു.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇരുള്‍ പരത്തിയ അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ക്ക് 41 വയസ്സ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തോടെ പൌരാവകാശങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ട ദിനങ്ങള്‍ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്.
1975 ജൂണ്‍ 25ന്റെ അര്‍ധരാത്രി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉത്തരവില്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ ഒപ്പുവീണതോടെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ കരിനിഴല്‍ വീഴ്ത്തി ആ പ്രഖ്യാപനം വന്നു.
ഭരണഘടനയിലെ 352-ആം വകുപ്പ് ഉപയോഗിച്ച് ഇന്ദിരാഗാന്ധിക്കെതിരെ ഉയര്‍ന്ന എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. പിന്നീടങ്ങോട്ട് പൌരാവകാശ നിഷേധത്തിന്‍റെ 21 മാസങ്ങള്‍. അധികാരം ഇന്ദിരാഗാന്ധിയുടെ കരങ്ങളില്‍. വ്യക്തികളും സംഘടനകളും
മാധ്യമസ്ഥാപനങ്ങളുംവരെ ഈ ദിനങ്ങളില്‍ നിരീക്ഷണത്തിലായി. ആര്‍.ഇ.സിയിലെ വിദ്യാര്‍ഥി രാജന്‍ തുടങ്ങി പീഡനമുറകള്‍ക്ക് ഇരകളായത് ആയിരങ്ങള്‍.
പൊരുതിനേടിയ സ്വാതന്ത്ര്യത്തെ കശാപ്പുചെയ്യുന്നതിന് മുന്നില്‍ ഇന്ത്യന്‍ യൌവനം കാഴ്ചക്കാരായില്ല. തെരുവുകളില്‍ ഇന്ത്യയെന്നാല്‍ ഇന്ദിരയല്ല... ഇന്ദിരയെന്നാല്‍ ഇന്ത്യയുമല്ലെന്ന മുദ്രാവാക്യമുയര്‍ന്നു. ഒടുവില്‍ 1977 ജനുവരിയില്‍ ഇന്ദിര തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാര്‍ച്ചില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നു. ഇന്ദിരാസര്‍ക്കാറിനോടുള്ള പ്രതിഷേധമെന്നോണം തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി ആദ്യമായി ഇന്ത്യയില്‍ അധികാരത്തിലെത്തി.