ആരുമായും തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് മായാവതി

Update: 2017-06-29 08:38 GMT
Editor : Sithara
ആരുമായും തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് മായാവതി
Advertising

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ മൂന്നില്‍ ഒന്നുപോലും പാലിച്ചില്ലെന്ന് മായാവതി

ഒരു പാര്‍ട്ടിയുമായും തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഉള്‍പ്പോര് തീര്‍ന്നെന്ന സമാജ്‌വാദി പാര്‍ട്ടിയുടെ അവകാശവാദം ജനം വിശ്വസിക്കില്ല. പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ മൂന്നില്‍ ഒന്നുപോലും പാലിച്ചില്ലെന്നും മായാവതി ലഖ്നൌവില്‍ പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിയും ബിജെപിയും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതിനു പിന്നാലെയാണ് ഇരു പാര്‍ട്ടികളെയും രൂക്ഷമായി വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ രംഗത്തെത്തിയത്. സമാജ്‌വാദി പാര്‍ട്ടിക്കകത്ത് കാര്യങ്ങള്‍ ഒട്ടും ഭദ്രമല്ലെന്ന സന്ദേശം ലഖ്‌നൗവിലെ രജതജൂബിലി യോഗം തന്നെ പുറത്തു വിട്ടിരുന്നു. അഖിലേഷും ശിവ്പാലും തമ്മില്‍ വേദിയില്‍ ഒളിയമ്പെയ്യുകയും അഖിലേഷിനു വേണ്ടി സംസാരിച്ച ജാവേദ് ആബിദി എന്ന എംഎല്‍എയെ ശിവ്പാല്‍ ഉന്തിമാറ്റുകയും ചെയ്തു. സമാജ്‌വാദിയിലെ മുസ്‌ലിം വോട്ടുബാങ്ക് കടുത്ത ആശയക്കുഴപ്പത്തിലേക്ക് നീങ്ങുന്നതാണ് ഇപ്പോഴത്തെ ചിത്രം. ഈ സാഹചര്യത്തിലാണ് മായാവതി സമാജ്‌വാദി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

ആരുമായും സഖ്യത്തിന് തയാറല്ലെന്ന് മായാവതി പറയുമ്പോള്‍ എല്ലാവരുമായും സഖ്യത്തിന് തയാറാണെന്ന നിലപാടായിരുന്നു രജതജൂബിലി സമ്മേളന വേദിയില്‍ സമാജ്‌വാദി നല്‍കാന്‍ ശ്രമിച്ചത്. എങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ ആരും എത്തിയില്ല. സമാജ്‌വാദിയിലെ കുഴപ്പങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് ലാലുവും ശരദ് യാദവും ദേവഗൗഡയുമൊക്കെ പറയുമ്പോഴും അഖിലേഷ് പക്ഷത്തിന്റെ നിലപാടിനെയാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നതെന്നാണ് സൂചന.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News