2018 ഡിസംബറോട് കൂടി ഇന്ത്യ-പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് രാജ്നാഥ് സിംഗ്
അതിര്‍ത്തി നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തും
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2018 ഡിസംബറോടെ അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര നീക്കവും യാത്രാ സംവിധാനങ്ങളും പരിമിതപ്പെടുത്തിയേക്കും.
ഇന്ത്യ-പാക് അതിര്‍ത്തിയിലെ സുരക്ഷക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തി അടക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരും ബിഎസ്എഫ് ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം. 2018 ഡിസംബര്‍ മാസത്തോടെ അതിര്‍ത്തി പൂര്‍ണമായും അടക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അതിര്‍ത്തി രക്ഷസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിന് പിന്തുണനല്‍കണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചരക്ക് സേവന നീക്കവും ട്രെയിന്‍ യാത്രയെയുമടക്കം ഇത് ബാധിക്കും. നിലവില്‍ നാല് ചെക്പോസ്റ്റുകളിലൂടെ നടക്കുന്ന ചരക്ക്-യാത്ര നീക്കങ്ങള്‍ ഒന്നോ രണ്ടോ കേന്ദ്രങ്ങളിലൂടെ മാത്രമായി പരമിതപ്പെടുത്തും. പാകിസ്താനുമായുള്ള അതിര്‍ത്തിയിലെ എല്ലാ പഴുതുകളും അടക്കാനും അത്യാധൂനിക സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തിരുമാനിച്ചിട്ടുണ്ട്. പാകിസ്താനുമായുള്ള 3300 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ 2230 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തിയും ശേഷിച്ചത് നിയന്ത്രണരേഖയുമാണ്.