മിന്നലാക്രമണം; പാക് പത്രത്തിന്റെ വ്യാജ വാര്‍ത്തക്കെതിരെ ഇന്ത്യ
ജര്‍മന്‍ അംബാസഡര്‍ ഡോ. മാര്‍ട്ടിന്‍ നെയുമായി സെപ്റ്റംബര്‍ 29നു നടന്ന കൂടിക്കാഴ്ചയില്‍ മിന്നലാക്രമണം നടന്നിട്ടില്ലെന്ന് ജയശങ്കര്‍ പറഞ്ഞതായാണ് ദ ന്യൂസ് ഇന്റര്‍നാഷണല്‍ പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തത്
മിന്നലാക്രമണം സംബന്ധിച്ച് വ്യാജ വാര്‍ത്ത പുറത്തുവിട്ട പാക് പത്രത്തിനെതിരെ ഇന്ത്യ. മിന്നലാക്രമണം നടന്നിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഡല്‍ഹിയില്‍വച്ച് ജര്‍മന്‍ അംബാസഡറുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞതായുള്ള പാക് മാധ്യമ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി. അടിസ്ഥാന രഹിതവും വ്യാജവുമായ പ്രചാരണാണ് പാക് മാധ്യമങ്ങള്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. സെപ്തംബര്‍ 29ന് നടന്ന മിന്നലാക്രമണത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നടത്തുമ്പോള്‍ ജര്‍മന്‍ അമ്പാസിഡര്‍ മാര്‍ട്ടിന്‍ നെയ് അടക്കമുള്ളവര്‍ ഉണ്ടായിരുന്നെന്നും പിന്നീട് ഈ വിഷയത്തില്‍ വിദേശകാര്യ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെന്നും വികാസ് സ്വരൂപ് പറഞ്ഞു.
ദ ന്യൂസ് ഇന്റര്‍നാഷണല്‍ പാക്കിസ്ഥാനാണ് മിന്നലാക്രമണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉന്നയിച്ചത്. ജര്‍മന്‍ അംബാസഡര്‍ ഡോ. മാര്‍ട്ടിന്‍ നെയുമായി സെപ്റ്റംബര്‍ 29നു നടന്ന കൂടിക്കാഴ്ചയില്‍ മിന്നലാക്രമണം നടന്നിട്ടില്ലെന്ന് ജയശങ്കര്‍ പറഞ്ഞതായാണ് ദ ന്യൂസ് ഇന്റര്‍നാഷണല്‍ പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം സന്ദര്‍ശിച്ച പാക് മന്ത്രി രുക്‌സാന അഫ്‌സലിനോട് ജര്‍മന്‍ അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.