നോട്ട് അസാധുവാക്കല്‍ തീരുമാനം തിരക്കിട്ടെടുത്തത്: റിസര്‍വ് ബാങ്ക് രേഖകള്‍ പുറത്ത്
പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണാതെ തിരക്കിട്ടാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം തിരക്കിട്ടെടുത്തതാണെന്ന് വ്യക്തമാക്കുന്ന റിസര്‍വ് ബാങ്ക് രേഖകള്‍ പുറത്ത്. റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര മന്ത്രിസഭ ചേര്‍ന്ന് നോട്ട് അസാധുവാക്കലിന് അനുമതി നല്‍കി. പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണാതെ തിരക്കിട്ടാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്.
നവംബര്‍ എട്ടിന് ഉച്ചക്ക് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നു. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നു. കേന്ദ്രമന്ത്രിസഭ ചുരുങ്ങിയ സമയം മാത്രം യോഗം ചേര്‍ന്ന് തീരുമാനം അംഗീകരിക്കുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇതെല്ലാം സംഭവിച്ചത്. പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി കഴിയുന്നത് വരെ മന്ത്രിസഭാംഗങ്ങളെ പുറത്തിറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ല. നോട്ട് നിരോധനം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് ഗൌരവമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന സൂചനയാണ് ഇതെല്ലാം നല്‍കുന്നത്.
നോട്ട് നിരോധം തീരുമാനിച്ച റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തത് എട്ട് പേര്‍ പേര്‍ മാത്രം. നിയമ പ്രകാരം 21 അംഗങ്ങള്‍ വേണ്ട ബോര്‍ഡ് ഒഴിവുകള്‍ നികത്താത്തത് മൂലം പകുതിയിലധികം തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ് . നോട്ട് നിരോധ തീരുമാനമെടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ക്വാറം ഉണ്ടായിരുന്നുവെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിവരാവകാശ മറുപടി.
രണ്ടായിരത്തിന്‍റെ നോട്ടുകള്‍ പുറത്തിറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇതിന്‍റെ അച്ചടി നോട്ട് നിരോധന പ്രഖ്യാപനത്തിന്‍റെ മുന്‍പ് തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ അഞ്ഞൂറിന്‍റെ നിരോധം സ്ഥിതി സങ്കീര്‍ണ്ണമാക്കി. പുതിയ നോട്ടുകളുടെ അച്ചടി വൈകിയതോടെ നോട്ട് പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. നോട്ട് നിരോധം പ്രഖ്യാപിച്ച് 46 ദിവസം പിന്നിടുമ്പോഴും പ്രതിസന്ധിക്ക് അയവില്ലാത്തതും വിവരാവകാശ രേഖയിലെ മറുപടിയും മുന്നൊരുക്കം ഇല്ലാതെയായിരുന്നു തീരുമാനമെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ്.