ഗുജറാത്ത് കലാപക്കേസ് പ്രതിയെ ഇന്ത്യയ്ക്ക് കൈമാറി
പൌരന്മാരെ കൈമാറാനുള്ള കരാറില്‍ ഇന്ത്യയും ബ്രിട്ടനും ഒപ്പിട്ട ശേഷം 24 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പൌരനെ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറുന്നത്.
2002 ലെ ഗുജറാത്ത് കലാപക്കേസിലെ പ്രതി സമീര്‍ഭായ് വിനുഭായ് പട്ടേലിനെ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറി. പൌരന്മാരെ കൈമാറാനുള്ള കരാറില്‍ ഇന്ത്യയും ബ്രിട്ടനും ഒപ്പിട്ട ശേഷം 24 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പൌരനെ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറുന്നത്. മറ്റുള്ള കേസുകളിലെ പ്രതികളില്‍ നിന്ന് വ്യത്യസ്തമായി സമീര്‍ഭായ് പട്ടേല്‍ കൈമാറ്റത്തെ എതിര്‍ത്തില്ലെന്നും പൂര്‍ണമനസ്സോടെ കൈമാറ്റ നടപടികളോട് സഹകരിച്ചുവെന്നുമാണ് ബ്രിട്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
1992 സെപ്തംബര്‍ 22 നാണ് ഇന്ത്യയും ബ്രിട്ടനും വ്യക്തികളെ പരസ്പരം കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ ബ്രിട്ടനിലെ മറ്റ് നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതു കൊണ്ട് ഒരു കേസിലെയും പ്രതികളെ ഇതുവരെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബ്രിട്ടനില്‍ കഴിയുന്ന പ്രതികള്‍ കൈമാറ്റത്തെ എതിര്‍ത്ത് അവിടെ കോടതിയെ സമീപിക്കുന്നതിനാലാണ് നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി 2002 ഗുജറാത്ത് കലാപക്കേസുകളില്‍ ഒന്നിലെ പ്രതിയായ സമീര്‍ഭായ് വിനുഭായ് പട്ടേലിനെ കൈമാറാനുള്ള നടപടിക്രമങ്ങള്‍ ഒന്നരമാസത്തിനിടെയാണ് ബ്രിട്ടന്‍ പൂര്‍ത്തീകരിച്ചത്. ആഗസ്ത് 9ന് അറസ്റ്റ് ചെയ്ത പട്ടേലിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ സെപ്തംബര്‍ 22ന് ആഭ്യന്തര സെക്രട്ടറി ആംബര്‍ റുഡ്ഡ് ഒപ്പു വെച്ചു. ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടി ക്രമങ്ങളോട് പട്ടേല്‍ പൂര്‍ണമായി സഹകരിച്ചതിന്റെ കാരണം അജ്ഞാതമാണെന്ന് ബ്രിട്ടനിലെ വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. 2002 മാര്‍ച്ച് ഒന്നിന് ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഓഡ് ഗ്രാമത്തില്‍ 23 പേര്‍ കൊല്ലപ്പെട്ട കലാപക്കേസിലെ പ്രതിയാണ് സമീര്‍ഭായ് വിനുഭായ് പട്ടേല്‍. പട്ടേലിനെ കൊണ്ടുവരുന്നതിനായി ഗുജറാത്ത് പൊലീസ് കഴിഞ്ഞയാഴ്ച തന്നെ ബ്രിട്ടനിലെത്തിയിരുന്നു.