ഭരണപക്ഷ ബഹളം; ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു
ശൈത്യകാല സമ്മേളനം നാളെ അവസാനിക്കും
രാഹുല്‍ ഗാന്ധി സഭയില്‍ സംസാരിക്കുന്നതും കിരണ്‍ റിജിജു അഴിമതി ആരോപണം സഭയില്‍ ഉയരുന്നതും സൃഷ്ടിച്ചേക്കാവുന്ന അപകടം ഒഴിവാക്കാനായി ഭരണപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ലോക് സഭ ഇന്നത്തേക്ക് വീണ്ടും പിരിഞ്ഞു. ഭരണകക്ഷി അംഗങ്ങള്‍ സഭ തടസ്സപ്പെടുത്തുന്ന നീക്കം പാര്‍ലമെന്റില്‍ അത്യപൂര്‍വ്വമാണ്. വകുപ്പിനെ കുറിച്ച തര്‍ക്കം ഉപേക്ഷിക്കാന്‍ തയാറാണെന്നും ചര്‍ച്ച ഏത് നിയമപ്രകാരം നടത്തിയാലും സഹകരിക്കാന്‍ തയാറാണെന്നും മുഴുവന്‍ പ്രതിപക്ഷ കക്ഷി അംഗങ്ങളും സ്പീക്കറെ അറിയിച്ചിട്ടും നടപടികള്‍ പുനരാരംഭിക്കുന്നത് ഭരണപക്ഷം തടസ്സപ്പെടുത്തുകയായിരുന്നു.
പ്രധാനമന്ത്രി വ്യക്തിപരമായി അഴിമതി നടത്തിയതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും സംസാരിക്കാന്‍ അനുവദിച്ചാല്‍ അത് ലോക്‌സഭയില്‍ വെക്കുമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് എന്‍.ഡി.എ അംഗങ്ങള്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ രംഗത്തിറങ്ങിയത്. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷമാണ് ചര്‍ച്ച തടസ്സപ്പെടുത്തുന്നതെന്ന നിലപാടായിരുന്നു ഇതുവരെ ഭരണകക്ഷി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് ഇഷ്ടമുള്ള വകുപ്പ് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെയും തൃണമൂല്‍ നേതാവ് സുദീപ് ബാന്ദോപാധ്യായയും വ്യക്തമാക്കിയിട്ടും ചര്‍ച്ച പുനരാരംഭിക്കാന്‍ സ്പീക്കര്‍ക്കു കഴിഞ്ഞില്ല. 193ാം വകുപ്പ് പ്രകാരം നേരഴത്ത ഭര്‍തൃഹരി മഹ്താബ് നല്‍കിയ നോട്ടീസില്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ തയാറാണെന്ന് ബിജു ജനതാദളും അറിയിച്ചു.
പക്ഷെ നോട്ട് അസാധുവാക്കല്‍ ചര്‍ച്ചയേക്കാള്‍ പ്രധാനം അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാടാണെന്നും ആ വിഷയത്തിലാണ് അടിയന്തരമായി ചര്‍ച്ച നടക്കേണ്ടതെന്നുമായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. ഈ വിഷയത്തെ ചൊല്ലി കാലത്തു മുതല്‍ തന്നെ എന്‍.ഡി.എ അംഗങ്ങള്‍ ബഹളം വെക്കുന്നുണ്ടായിരുന്നു. ബഹളത്തിനൊടുവില്‍ സഭ ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കുകയായിരുന്നു. നാളെ സഭയുടെ നടപ്പു സമ്മേളനകാലത്തിന്റെ അവസാന ദിവസമാണ്. ബഹളം തുടര്‍ന്നാല്‍ സഭാ ചരിത്രത്തില്‍ ഏറ്റവുമധികം പൊതുഖജനാവിന് നഷ്ടം വരുത്തിവെച്ച സമ്മേളനകാലം എന്ന അപഖ്യാതി കൂടി ഇത്തവണത്തെ ശൈത്യകാല സമ്മേളനത്തിന്‍േറതായി മാറും.
രാജ്യസഭ കാലത്തു മുതല്‍ പലതവണ ചേര്‍ന്നുവെങ്കിലും ഉച്ചയോടെ നടപടിക്രമങ്ങളിലേക്കു കടക്കാനാവാതെ പിരിയുകയായിരുന്നു. സീറ്റുകളില്‍ നിന്നും എഴുന്നേറ്റ ഭരണകക്ഷി അംഗങ്ങള്‍ അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു ബഹളമുണ്ടാക്കി. കാലത്ത് വിലക്കയറ്റം, നോട്ടുനിരോധം, വരള്‍ച്ച എന്നിവ മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന കെടുതികളുടെ പേരില്‍ കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് നല്‍കിയ നോട്ടീസ് ചര്‍ച്ചക്കെടുക്കാന്‍ ഭരണപക്ഷം അനുവദിച്ചില്ല. നാലു തവണ തടസ്സപ്പെട്ട സഭ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇന്നത്തേക്ക് പിരിഞ്ഞത്.