ടീസ്റ്റയുടെ സബ്റങ് ട്രസ്റ്റിന്റെ വിദേശഫണ്ട് ലൈസന്‍സ് റദ്ദാക്കുന്നു
മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെ സബ്റങ് ട്രസ്റ്റിന്റെ വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെ സബ്റങ് ട്രസ്റ്റിന്റെ വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കുന്നു. വിദേശനസംഭാവന നിയന്ത്രണ നിയമപ്രകാരം ട്രസ്റ്റിന്റെ ലൈസന്‍സ് റദ്ദു ചെയ്യുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഫണ്ട് ഉപയോഗിച്ചെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം സബ്റാങ് ട്രസ്റ്റിന്റെ ലൈസന്‍സ് സര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തിരുന്നു. ആറ് മാസത്തെക്കായിരുന്നു വിലക്ക്. വിദേശസംഭാവനയുടെ 50 ശതമാനത്തിലേറെ ഭരണനിര്‍വഹണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്നാണ് നിയമം. എന്നാല്‍ ട്രസ്റ്റ് 65 ശതമാനം വരെ വിദേശഫണ്ട് അനുമതിയില്ലാതെ ഭരണനിര്‍വ്വഹണത്തിനായി വകമാറി ചെലവഴിച്ചെന്നു കാണിച്ചായിരുന്നു വിലക്ക്.
ട്രസ്റ്റിന്റെ ഫണ്ട് ടീസ്റ്റയുടെയും ഭര്‍ത്താവിന്റെയും നേതൃത്വത്തിലുള്ള സബ്‍റങ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ് എന്ന സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്തെന്നതും വിലക്കിന് കാരണമായിരുന്നു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിന്റെ കാലാവധി മാര്‍ച്ച് 10ന് അവസാനിച്ചതോടെയാണ് പുതിയ വിലക്ക്. ട്രസ്റ്റിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ട്രസ്റ്റിന്റെ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്താനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം.