കാവേരി ജലം തമിഴ്‍നാടിനു വിട്ടുകൊടുക്കേണ്ടെന്ന് കര്‍ണാടക സര്‍വകക്ഷിയോഗം
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
തമിഴ്നാടിന് വെള്ളം വിട്ടു കൊടുക്കാനുള്ള സുപ്രീം കോടതിയുടെ രണ്ടാമത്തെ വിധിയും നടപ്പാക്കേണ്ടതില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനിച്ചു. കാവേരി നദീ ജല തര്‍ക്കത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക വീണ്ടും ഹര്‍ജി നല്‍കി. കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണ്ണാടക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി ദേവഗൌഡ സത്യഗ്രഹം നടത്തി.
കാവേരിനദിയില്‍ നിന്ന് സെക്കന്‍ഡില്‍ 6000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടു കൊടുക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കേണ്ടതില്ലെന്ന കര്‍ണാടകയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി പ്രതികരിച്ചിരുന്നു. നീതിന്യായ വ്യവസ്ഥയെ കര്‍ണാടക വെല്ലുവിളിക്കുകയാണെന്ന് വിലയിരുത്തിയ കോടതി, വിധി നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ നടപ്പാക്കാന്‍ അറിയാമെന്നും ഉത്തരവില്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ 6 വരെ വെള്ളം വിട്ടു കൊടുക്കാന്‍ വീണ്ടും കോടതി ഉത്തരവിട്ടു. നാലു ദിവസത്തിനകം കാവേരി ജലമാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ ഉത്തരവുകള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് കര്‍ണാടക വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
നിലവില്‍ വെള്ളം വിട്ടുകൊടുക്കാവുന്ന സാഹചര്യമല്ല ഉള്ളതെന്ന് ഹര്‍ജിയില്‍ കര്‍ണാടക ചൂണ്ടിക്കാട്ടി. മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദേശത്തോടും വിയോജിപ്പാണുള്ളതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് സുപ്രീം കോടതിയുടെ രണ്ടാമത്തെ ഉത്തരവും നടപ്പാക്കേണ്ടതില്ലെന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം.
തമിഴ്നാട്ടിന് വെള്ളം വിട്ടു കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തെ സര്‍വകക്ഷി യോഗത്തില്‍ ബിജെപിയും ജെഡിഎസും പിന്തുണച്ചു. ആവശ്യത്തിന് വെള്ളമില്ലാതെ കര്‍ണ്ണാടകം ബുദ്ധിമുട്ടുമ്പോള്‍ തമിഴ്‍നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് കര്‍ണ്ണാടകക്കുള്ള മരണ വാറണ്ടാണെന്നും സത്യഗ്രഹം ആരംഭിച്ച മുന്‍ പ്രധാനമന്ത്രി ദേവഗൌഡ പറഞ്ഞു.