ജാനകിയെ വീഴ്ത്തിയ ജയയെ ഓര്‍മ്മിപ്പിച്ച് പനീര്‍ശെല്‍വം

Update: 2018-04-07 22:28 GMT
Editor : admin | admin : admin
ജാനകിയെ വീഴ്ത്തിയ ജയയെ ഓര്‍മ്മിപ്പിച്ച് പനീര്‍ശെല്‍വം
Advertising

തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിലാദ്യമായി പൊലീസ് സഭക്കകത്ത് കയറി എംഎല്‍എമാരെ ലാത്തിചാര്‍ജ് ചെയ്തു. സംഘര്‍ഷത്തിനിടെ മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം പാസായതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.


ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെ കടന്നുപോകുന്ന അനിശ്ചിതത്വം രാഷ്ട്രീയ നിരീക്ഷകരെയും തമിഴ് ജനതയെയും ഓര്‍മ്മപ്പെടുത്തിന്നത് 29 വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന സമാനമായ ഒരു വിപ്ലവത്തെയാണ്. പാര്‍ട്ടിയുടെ എല്ലാമെല്ലാമായ എംജി രാമചന്ദ്രന്‍റെ മരണ ശേഷം പത്നി ജാനകി രാമചന്ദ്രന് പിന്നിലായിരുന്നു അന്ന് പാര്‍ട്ടിയുടെ 97 എംഎല്‍എമാര്‍. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ പാര്‍ട്ടി സര്‍ക്കാരിനാകട്ടെ കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷങ്ങള്‍ കൂടി ഉണ്ടായിരുന്നു താനും. എംജിആറിന്‍റെ ശവമഞ്ചത്തില്‍ നിന്നും തള്ളിയിടപ്പെട്ട ജയലളിതക്ക് ആകെയുണ്ടായിരുന്ന ആശ്വാസം പാര്‍ട്ടിയിലൊരു വിഭാഗം അവരെ പിന്തുണച്ചിരുന്നുവെന്നത് മാത്രമായിരുന്നു.

97 എംഎല്‍എമാര്‍ പിന്തുണ രേഖാമൂലം അറിയിച്ചതോടെ 1988 ജനുവരി ഏഴിന് ജാനകി രാമചന്ദ്രന്‍ തമിഴ്നാടിന്‍റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. 28നകം അവര്‍ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടിയിരുന്നു. തമിഴ് രാഷ്ട്രീയത്തിലും ജനാധിപത്യ വ്യവസ്ഥയിലും കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ജനുവരി 28ന് നിയമസഭ ഹാളില്‍ അരങ്ങേറിയത്. മുഖ്യമന്ത്രി ജാനകി രാമചന്ദ്രനെ അനുകൂലിക്കുന്ന നിലപാടാണ് സ്പീക്കര്‍ കൈകൊള്ളുന്നതെന്ന ആരോപണം സഭ സമ്മേളിച്ചയുടന്‍ തന്നെ ശക്തമായി. ബഹളത്തിനിടെ ജയലളിതയെ പിന്തുണക്കുന്ന എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. പുറത്തു നിന്നെത്തിയ ഗുണ്ടകളായിരുന്നു ഇതിന് പിന്നില്‍.

തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിലാദ്യമായി പൊലീസ് സഭക്കകത്ത് കയറി എംഎല്‍എമാരെ ലാത്തിചാര്‍ജ് ചെയ്തു. സംഘര്‍ഷത്തിനിടെ മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം പാസായതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി ഗവര്‍ണറെ കണ്ട ജയ ക്യാന്പിലെയും കോണ്‍ഗ്രസിലെയും എംഎല്‍എമാര്‍ സഭയില്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം അദ്ദേഹത്തെ ധരിപ്പിച്ചു. സഭ പിരിച്ചുവിടണമെന്ന ഗവര്‍ണറുടെ ശിപാര്‍ കേന്ദ്രം അംഗീകരിച്ചതോടെ ജയലളിതക്ക് കാര്യങ്ങള്‍ എളുപ്പമായി. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും രണ്ടായി മത്സരിച്ച എഐഎഡിഎംകെയില്‍ കൂടുതല്‍ സീറ്റ് നേടിയത് ജയ ക്യാമ്പായിരുന്നു. എഐഎഡിഎംകെയുടെ എല്ലാമെല്ലാമായി ജയലളിതയുടെ വളര്‍ച്ച തുടങ്ങിയത് അവിടെവച്ചായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം രക്തസാക്ഷി പരിവേഷത്തോടെ ശശികലക്കെതിരെ പോരാട്ടത്തിന് നാന്ദി കുറിച്ച പനീര്‍ശെല്‍വത്തിന് മുന്നിലുള്ള പ്രധാന ഭീഷണി പണം, അധികാരം തുടങ്ങിയ മര്‍മ്മപ്രധാനമായ ഘടകങ്ങളൊന്നും കയ്യിലില്ലെന്നതു തന്നെയാണ്. താനൊരു ചതിയനല്ലെന്നും അമ്മയുടെ നിഴലാണെന്നും ആവര്‍ത്തിക്കുന്ന പനീര്‍ശെല്‍വം പുതിയ നീക്കങ്ങളിലൂടെ തകര്‍ത്തെറിഞ്ഞിട്ടുള്ളത് തനിക്ക് മേല്‍ നാളിതുവരെ ചാര്‍ത്തപ്പെട്ടിട്ടുള്ള നട്ടെല്ലില്ലാത്ത രാഷ്ട്രീയ നേതാവെന്ന അപഖ്യാതിയാണ്.

\മുഖ്യമന്ത്രി പദത്തിലെത്തിയ സമയത്തെല്ലാം ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം എപ്പോഴും സമീപിക്കാവുന്ന ഒരാളായിരുന്നു എന്നത് പനീര്‍ശെല്‍വത്തെ വ്യത്യസ്തനാക്കുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും മാധ്യമങ്ങളോട് സംവദിക്കാനുമൊന്നും മടിക്കാത്ത ഒരു മുഖ്യമന്ത്രിയെ എഐഎഡിഎംകെയുടെ ഭരണനാളുകളില്‍ തമിഴ്നാട് കണ്ടത് ഈ അവസരത്തിലായിരുന്നു. ജയയുടെ സന്തത സഹചാരിയായിരുന്ന ശശികല സഞ്ചരിക്കുന്നത് കൂട്ടുകാരി തെളിച്ച വഴികളിലൂടെയാണ്. പനീര്‍ശെല്‍വത്തിന് അനുകൂലമായി തമിഴ്ജനത സോഷ്യല്‍മീഡിയയില്‍ എത്തിയെങ്കില്‍ ഒരുപക്ഷേ അതിനു കാരണം ഇതു തന്നെയാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മുഖ്യമന്ത്രി പദത്തിലേക്കും എത്താന്‍ ശശികല കാണിച്ച ധൃതിയും അപ്രീതി വളര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News