ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ ബില്‍; പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു
ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതി പൊതു ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു.
ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതി പൊതു ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ഭിന്നലിംഗക്കാരില്‍ വലിയൊരു വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിയമ നിര്‍മ്മാണത്തില്‍ എല്ലാ വിഭാഗങ്ങളുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സമിതി തീരുമാനിച്ചത്.
ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്നവരെ പ്രത്യേക വിഭാഗമായി അംഗീകരിക്കാനും അവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ തടയാനുമാണ് ട്രാന്‍സ് ജെന്‍ഡര്‍ പേഴ്സന്‍ ബില്‍ 2016 വ്യവസ്ഥ ചെയ്യുന്നത്. ബില്‍ ലോക്സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാമൂഹ്യ നീതിക്കും ശാക്തീകരണത്തിനുമായുള്ള പാര്‍ലമെന്ററി സമിതിയുടെ പരിഗണനക്കെത്തിയ ബില്ലില്‍ പൊതു ജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി സമിതി ക്ഷണിച്ചു. പുനരധിവാസം, തൊഴില്‍, ശാക്തീകരണം തുടങ്ങിയ മേഖകളിലാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. പുതിയ നിയമം അനുസരിച്ച് ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്നവരാണെന്നതിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ തൊഴിലിടങ്ങളിലോ ആശുപത്രികളിലോ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നത് കുറ്റകരമാണ്. ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരുകളുടെ ബാധ്യതയാണെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 6 ലക്ഷത്തോളം പേരാണ് ഭിന്നലിംഗ വിഭാഗത്തിലുള്ളത്.