പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ തുടങ്ങും
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു സഭകളെയും പ്രക്ഷുബ്ദമാക്കും. സമ്മേളനത്തിന് മുന്നോടിയായി ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
ഫെബ്രുവരി 23ന് ആരംഭിച്ച് മാര്‍ച്ച് 16ന് താല്‍ക്കാലികമായി നിര്‍ത്തിയ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടമാണ് നാളെ ആരംഭിക്കുന്നത്. ചരക്കു സേവന നികുതി ബില്ലും ദേശീയ ജലപാതാ ബില്ലും അടക്കമുള്ള സുപ്രധാന ബില്ലുകള്‍ ഈ ഘട്ടത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എസ്.എസ്.അലുവാലിയയുടെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി സമിതി ഭൂമി ഏറ്റെടുക്കല്‍ നിയമം സംബന്ധിച്ച റിപ്പോര്‍ട്ട് മെയ് ആദ്യത്തോടെ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം സംയുക്തമായി രംഗത്ത് വന്നാല്‍ ഇരു സഭകളും പ്രക്ഷുബ്ധമാവും. ഇതോടൊപ്പം രാജ്യം നേരിടുന്ന രൂക്ഷമായ വരള്‍ച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സുരേഷ് ഗോപിയടക്കം പുതുതായി രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെയും ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലാത്ത തെരഞ്ഞടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഈ സമ്മേളനത്തില്‍ ഉണ്ടാവും.