ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത; കേരളത്തിലും ജാഗ്രതാ നിർദേശം

തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Update: 2024-11-27 04:17 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ തീവ്രമഴ മുന്നറിയിപ്പ്. തമിഴ്നാട്ടിലെ കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തിലേറെ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, രാമനാഥപുരം, നാഗപട്ടണം, കടലൂർ, വില്ലുപുരം, തിരുവള്ളുവർ ജില്ലകളിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അയൽ സംസ്ഥാനമായ പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലെയും കാരയ്ക്കലിലെയും എല്ലാ സർക്കാർ എയ്ഡഡ് സ്‌കൂളുകൾക്കും കോളജുകൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശിവായം അറിയിച്ചു.

ആവശ്യത്തിനു ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഉന്നതതല യോഗത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് എൻഡിആർഎഫിന്റെ 17 ടീമുകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

ചെന്നൈ തീരത്ത് നിന്ന് ഏകദേശം 670 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആഴത്തിലുള്ള ന്യൂനമർദം തമിഴ്‌നാട്ടിലേക്ക് നീങ്ങി ഫെംഗൽ ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരം വഴി തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

മറ്റു ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി ഇടുക്കി, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News