മൂന്ന് പുരുഷന്മാര്‍ക്കൊപ്പം യാത്ര ചെയ്യരുതായിരുന്നു; കൂട്ടബലാത്സംഗ ഇരയ്ക്കെതിരെ ബിജെപി എംപി

Update: 2018-04-15 22:35 GMT
Editor : Sithara
മൂന്ന് പുരുഷന്മാര്‍ക്കൊപ്പം യാത്ര ചെയ്യരുതായിരുന്നു; കൂട്ടബലാത്സംഗ ഇരയ്ക്കെതിരെ ബിജെപി എംപി
Advertising

ഓട്ടോറിക്ഷയില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കുറ്റപ്പെടുത്തി ബിജെപി എംപി കിരണ്‍ ഖേര്‍

ചണ്ഡിഗഡില്‍ ഓട്ടോറിക്ഷയില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കുറ്റപ്പെടുത്തി ബിജെപി എംപി കിരണ്‍ ഖേര്‍. ഓട്ടോയില്‍ മൂന്ന് പുരുഷന്മാര്‍ ഉണ്ടെന്നിരിക്കെ പെണ്‍കുട്ടി അതില്‍ കയറരുതായിരുന്നുവെന്നാണ് കിരണ്‍ ഖേര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ആണ്‍കുട്ടികളെ ബോധവത്കരിക്കണം. അതേസമയം തന്നെ സ്വന്തം സുരക്ഷയെ കുറിച്ച് പെണ്‍കുട്ടികളും ജാഗ്രത പുലര്‍ത്തണം. താന്‍ മുംബൈയില്‍ വെച്ച് ടാക്സിയില്‍ കയറുമ്പോള്‍ വേണ്ടപ്പെട്ട ആരെയെങ്കിലും ടാക്സി നമ്പര്‍ അറിയിക്കാറുണ്ട്. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ സുരക്ഷയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും കിരണ്‍ ഖേര്‍ പറഞ്ഞു.

ചണ്ഡിഗഡില്‍ എന്തുകൊണ്ടാണ് വനിതാ കമ്മീഷന്‍ ഇല്ലാത്തതെന്ന ചോദ്യത്തിന് നഗരത്തില്‍ വനിതാ എംപിയും വനിതാ മേയറും വനിതാ പൊലീസ് സൂപ്രണ്ടും ഉണ്ടെന്നിരിക്കെ എന്തിനാണ് വനിതാ കമ്മീഷന്‍ എന്നായിരുന്നു കിരണ്‍ ഖേറിന്‍റെ ഉത്തരം. എന്തുണ്ടെങ്കിലും സ്ത്രീകള്‍ക്ക് തന്നോട് വന്നുപറയാമെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് 22കാരി ചണ്ഡിഗഡില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. സ്റ്റെനോഗ്രഫി ക്ലാസ്സിന് ശേഷം സെക്ടര്‍ 37ല്‍ നിന്നും താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഈ വഴിയില്‍ ബസ് സര്‍വ്വീസ് കുറവായതിനാല്‍ സാധാരണക്കാര്‍ക്ക് ഓട്ടോകളെ ആശ്രയിക്കാതെ വഴിയില്ല. ഓട്ടോ ഡ്രൈവറും മറ്റ് രണ്ട് യാത്രക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം സെക്ടര്‍ 53ന് സമീപം ഉപേക്ഷിക്കുകയായിരുന്നു. യുവതിയെ അബോധാവസ്ഥയില്‍ കണ്ട വഴിയാത്രക്കാരനാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News