സംസ്ഥാനങ്ങളെ നീറ്റില്‍ നിന്ന് ഒഴിവാക്കാന്‍ നിയമ ഭേദഗതി ബില്‍ ഇന്ന് സഭയില്‍
ഈ വര്‍ഷം മെഡിക്കല്‍, ഡന്റല് പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാനങ്ങളെ ഏകീകൃത പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമ ഭേദഗതി ബില്ലുകള്‍ ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കും.
ഈ വര്‍ഷം മെഡിക്കല്‍, ഡന്റല് പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാനങ്ങളെ ഏകീകൃത പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമ ഭേദഗതി ബില്ലുകള്‍ ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കും. നിലവില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായാണ് ബില്ലുകള്‍ കൊണ്ടുവരുന്നത്. ശത്രുസ്വത്ത് നിയമ ഭേദഗതി ബില്‍ ഇന്നും രാജ്യസഭയുടെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസവും ഇത് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിഗണനയ്ക്ക് എടുത്തിരുന്നില്ല.
നിലവില്‍ മെഡിക്കല്‍, ഡന്റല് പ്രവേശന പരീക്ഷ നടത്തി പ്രവേശന നടപടികള്‍ ആരംഭിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്ത സംസ്ഥാനങ്ങളെ ഈ വര്‍ഷം ഏകീകൃത പൊതു പ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നേരത്തെ ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിനാണ് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരുന്നത്. ഓര്‍ഡിനന്‍സ് കൊണ്ടുവന്നതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും നടപടികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 1956ലെ മെഡിക്കല്‍ കൌണ്‍സില്‍ നിയമവും 1948 ലെ ഡന്റിസ്റ്റ് നിയമവുമാണ് ഇതിനായി ഭേദഗതി ചെയ്യുക. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ രണ്ട് നിയമ ഭേദഗതി ബില്ലുകളും ലോക്സഭയില്‍ അവതരിപ്പിക്കും. പാര്‍ലമെന്ററി കാര്യ സഹമന്ത്രി എസ്.എസ്.അലുവാലിയ ഓര്‍ഡിനന്‍സുകളുടെ പകര്‍പ്പുകള്‍ സഭയില്‍ വെയ്ക്കും.
സര്‍ക്കാര്‍ കോളേജുകളിലേയ്ക്ക് പ്രവേശനത്തിന് ഈ വര്‍ഷം സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷയ്ക്ക് അംഗീകാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സും നിയമ ഭേദഗതികളും. സുപ്രീം കോടതി വിധിയെ ഭാഗികമായി മറികടക്കുന്നതാണ് ഓര്‍ഡിനന്‍സുകള്‍ എന്നതിനാല്‍ ഇക്കഴിഞ്ഞ പതിനാലാം തീയതി സുപ്രീം കോടതി ഈ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും നടപടിയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഫലമായാണ് ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത്.