പട്ടേല്‍ റാലിക്കെതിരെ ലാത്തിചാര്‍ജ്; ഗുജറാത്തില്‍ ഇന്ന് ഹര്‍ത്താല്‍
ഒ.ബി.സി സംവരണം അനുവദിയ്ക്കണമെന്നും ജയിലിലടച്ച നേതാക്കളെ വിട്ടയയ്ക്കണമെന്നുമാവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തിയ റാലി അക്രമാസക്തമായി.
പട്ടേല്‍ സംവരണ പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്തിലെ മെഹ്സാനയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. നാലിടങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം അധികൃതര്‍ വിച്ഛേദിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ദ്രുത കര്‍മ്മ സേനയെയും സിആര്‍പിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് പട്ടേല്‍ സമുദായ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും തുടരുകയാണ്.
പട്ടേല്‍ സമുദായത്തിന് ഒ.ബി.സി സംവരണം അനുവദിയ്ക്കണമെന്നും ജയിലിലടച്ച നേതാക്കളെ വിട്ടയയ്ക്കണമെന്നുമാണ് പട്ടേല്‍ സമുദായത്തിന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഒരു വര്‍ഷമായി തുടരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായിരുന്നു ഇന്നലെ നടന്ന ജയില്‍ നിറക്കലും. കലക്ടറുടെ ഉത്തരവ് ലംഘിച്ച് 5000ളം പേര്‍ മൊഹാലിയില്‍ സംഘടിക്കുകയും റാലി നടത്തുകയും ചെയ്തു. പൊലീസ് റാലി തടഞ്ഞതോടെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു.
പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു എന്നാണ് ജില്ലാ കലക്ടര്‍ ലോചന്‍ സെഹ്റയുടെ പ്രതികരണം. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടത്തിനും എഫ്സിഐ ഗോഡൌണിനും വാഹനങ്ങള്‍ക്കും തീയിട്ടതായും കലക്ടര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മൊബൈല്‍ ഇന്റെര്‍നെറ്റ് സൌകര്യങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികള്‍ സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലുമായി സംസാരിച്ചു. ജനങ്ങള്‍ സമാധാനം കാത്ത് സൂക്ഷിക്കണമെന്നും കിംവദന്ദികളെ പിന്തുടര്‍ന്ന് അക്രമം അഴിച്ചുവിടുന്നത് ശരിയല്ലെന്നും ആനന്ദി പട്ടേല്‍ പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഇന്നലെ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരില്‍ 24 പേര്‍ക്കും പൊലീസ് അടക്കം 4 ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു വര്‍ഷമായി നടത്തുന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ 7 യുവാക്കള്‍ മരിക്കുകയും 40 കോടി രൂപയുടെ നാശ നഷ്ടവുമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
പട്ടേല്‍ സമുദായത്തിന് ഒ.ബി.സി സംവരണം അനുവദിയ്ക്കണമെന്നും ജയിലിലടച്ച നേതാക്കളെ വിട്ടയയ്ക്കണമെന്നുമാവശ്യപ്പെട്ട് സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് എന്ന സംഘടനയുടെ പേരിലാണ് അയ്യായിരത്തോളം സമുദായാംഗങ്ങള്‍ ജയില്‍ നിറയ്ക്കല്‍ സരത്തിനായി മെഹ്സാനയില്‍ ഒത്തു കൂടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ട് പട്ടേല്‍ സമുദായ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.