മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; മലദ്വാരത്തില്‍ പെട്രോള്‍ കുത്തിവെച്ചു
പെട്രോള്‍ കടത്തിവിട്ടതിനെ തുടര്‍ന്ന് മലാശയവും കുടലും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ തകരാറിലായിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമായ മര്‍ദ്ദനം. പ്രദേശത്തെ സമാജ്‍വാദി പാര്‍ട്ടി നേതാവിന്റെ സഹോദരന്‍ റിസ്‍വാനും സുഹൃത്തുക്കളുമാണ് യുവാക്കളെ മണിക്കൂറുകളോളം മര്‍ദ്ദിച്ച് അവശരാക്കിയത്. റിസ്‍വാന്റെ ഡയറിഫാമില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയി എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. റിസ്‍വാനും സുഹൃത്തുക്കളായ അഖിലും നദീമും ചേര്‍ന്നാണ് യുവാക്കളെ മര്‍ദ്ദിച്ചത്. അയല്‍വാസികളായ നാലു യുവാക്കളെയും ഫാമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. യുവാക്കളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റത്.
മര്‍ദ്ദനത്തിന് ശേഷം യുവാക്കളുടെ മലദ്വാരത്തിലൂടെ പെട്രോള്‍ സിറിഞ്ചുപയോഗിച്ച് കുത്തിവെക്കുകയും ചെയ്തു. 17 കാരനായ സഹീര്‍ ബൈഗ്, 16കാരനായ ഗുല്‍സര്‍, ഫിമോ, ഫിറോസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഫിമോക്കും ഫിറോസിനും 25 വയസ്സാണ് പ്രായം.
റിസ്‍വാന്റെ ബൈക്കിന്റെ ടാങ്കില്‍ നിന്ന് പെട്രോള്‍ എടുത്ത് സിറിഞ്ചുപയോഗിച്ച് നാലുപേരുടെയും മലദ്വാരത്തിലൂടെ പലതവണ കുത്തിവെച്ചു. പലതവണ നാലുപേരും അലറിവിളിച്ചെങ്കിലും വേദനകൊണ്ട് തളര്‍ന്നുവീണപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. പെട്രോള്‍ കടത്തിവിട്ടതിനെ തുടര്‍ന്ന് മലാശയവും കുടലും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ തകരാറിലായിട്ടുണ്ട്. ഇവര്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും കുട്ടികളായ സഹീറിന്റെയും ഗുല്‍സറിന്റെയും നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഫാമിലെ പശുക്കളെ കുത്തിവെയ്ക്കാന്‍ ഉപയോഗിക്കുന്ന വലിയ സിറിഞ്ച് ഉപയോഗിച്ചാണ് പെട്രോള്‍ കുത്തിവെച്ചത്.
സംഭവത്തില്‍ റിസ്‍വാനും അകിലും അറസ്റ്റിലായിട്ടുണ്ട്. നദീം ഒളിവിലാണ്.