മാധ്യമങ്ങളെ വിമര്‍ശിച്ച് കാരാട്ട്; പാര്‍ട്ടി ചര്‍ച്ചകള്‍ തെറ്റായി വ്യാഖ്യാനിച്ചു

Update: 2018-04-23 21:05 GMT
മാധ്യമങ്ങളെ വിമര്‍ശിച്ച് കാരാട്ട്; പാര്‍ട്ടി ചര്‍ച്ചകള്‍ തെറ്റായി വ്യാഖ്യാനിച്ചു
Advertising

പാര്‍ട്ടിയുടെ മുഖപത്രമായ പിപ്പീള്‍സ് ഡെമോക്രസിയുടെ എഡിറ്റോറിയലിലാണ് മാധ്യമങ്ങളെ വിമര്‍ശിച്ച് കാരാട്ട് രംഗത്തെത്തിയത്.

രാഷട്രീയപ്രമേയത്തിന്‍റെ കരടിന്‍മേലുള്ള മാധ്യമവാര്‍ത്തകളെ വിമര്‍ശിച്ച് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടിയുടെ മുഖപത്രമായ പിപ്പീള്‍സ് ഡെമോക്രസിയുടെ എഡിറ്റോറിയലിലാണ് മാധ്യമങ്ങളെ വിമര്‍ശിച്ച് കാരാട്ട് രംഗത്തെത്തിയത്. രാഷ്രീയപ്രമേയത്തിന്‍റെ കരടിന്‍മേലുള്ള ചര്‍ച്ച ബംഗാള്‍, കേരള ഘടകങ്ങളുടെ രേഖകളായും വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷമായും മാധ്യമങ്ങള്‍ ചിത്രീകരിച്ചെന്നും ഞായറാഴ്ച്ച പുറത്തിറങ്ങാനിരിക്കുന്ന പീപ്പിള്‍സ് ഡെമോക്രസിയുടെ എഡിറ്റോറിയലില്‍ കാരാട്ട് കുറ്റപ്പെടുത്തുന്നു.

Full View

കേന്ദ്രകമ്മിറ്റിയോഗത്തിന് മുന്‍പ് തന്നെ പാര്‍‍ട്ടിക്കകത്ത് ഭിന്നതയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. സിപിഎമ്മിന്‍റെ പ്രവര്‍ത്തനത്തെ അറിയാതെയോ അല്ലെങ്കില്‍ പാര്‍ട്ടിയെ താറടിക്കാനോ ഉദ്ദേശിച്ചുള്ളതായിരുന്നു പല റിപ്പോര്‍ട്ടുകളുമെന്ന് കാരാട്ടിന്‍റെ ലേഖനം കുറ്റപ്പെടുത്തുന്നു. നിലവിലെ ജനറല്‍ സെക്രട്ടറിയും മുന്‍ ജനറല്‍ സെക്രട്ടറിയും തമ്മിലുള്ള സംഘര്‍ഷമായി പാര്‍ട്ടിയിലെ ചര്‍ച്ചകളെ തെറ്റായി ചിത്രീകരിച്ചു. പാര്‍ട്ടിക്കകത്ത് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്‍റെ ഭാഗമായി നടക്കുന്ന ആശയപരമായ ചര്‍ച്ചകളെ വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷമായും ഭിന്നതയായും ചിത്രീകരിക്കുന്നത് ശരിയല്ല. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ അടവ് നയരൂപീകരണമായി കേന്ദ്രകമ്മിറ്റി യോഗത്തെ ചിലമാധ്യമങ്ങള്‍ ചിത്രീകരിച്ചതും തെറ്റാണ്. സിപിഎമ്മില്‍ ചര്‍ച്ചകളിലൂടെയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും പാര്‍ട്ടികോണ്‍ഗ്രാസാണ് പാര്‍ട്ടിയുടെ അടവ് നയത്തില്‍ തീരുമാനമെടുക്കകയെന്നും കാരാട്ട് എഡിറ്റോറിയലില്‍ പറയുന്നു.

ഏതൊരംഗത്തിനും ചര്‍ച്ചകളില്‍ അഭിപ്രായം രേഖപ്പെടുത്താം. ചിലപ്പോള്‍ വോട്ടിനിട്ടാകും തീരുമാനമെടുക്കകയെന്നും ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമാകുമെന്നും കാരാട്ട് വിശദീകരിക്കുന്നു. സിപിഎമ്മിനകത്ത് പ്രതിസന്ധിയാണെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അച്ചടക്കവും ഉള്‍പാര്‍ട്ടി ജനാധിപത്യവുമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

Tags:    

Similar News